Articles

ഹെബ്രായ ലേഖന പഠനം അധ്യായം 10 (19-38 വാക്യങ്ങൾ )

Date Added : 14-06-2023

 

ഹെബ്രായ ലേഖന പഠനം   അധ്യായം 10  (19-38 വാക്യങ്ങൾ )

 

ക്രിസ്തു തൻ്റെ  ദേഹം എന്ന തിരശ്ശീല ചിന്തി തുറന്ന ജീവനുള്ള പുതുവഴി

 

വാക്യം  19 അതുകൊണ്ട് സഹോദരന്മാരേ, യേശുവിൻ്റെ രക്തത്താൽ നാം ധൈര്യത്തോടെ അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കേണ്ടതിനായി

ഒൻപതാം അധ്യായത്തിൽ വിവരിച്ചിരുന്നു പോലെ , പാപങ്ങൾ നീക്കപ്പെടാതെ ഇരുന്നാൽ അതിവിശുദ്ധ സ്ഥലത്തേക്കുള്ള വഴി അത് വരെ തുറക്കപ്പെടുത്തിരുന്നില്ല. വിശുദ്ധ സ്ഥലത്തെയും, അതി വിശുദ്ധ സ്ഥലത്തെയും വിഭജിച്ചു തിരശീല നിലനിന്നിരുന്ന കട്ടിയുള്ള തിരശീല  ദൈവസന്നിധിപ്രവേശിക്കാൻ കഴിയാത്തതുകൊണ്ട്; പൂർണ്ണസമാധാനത്തിൽ  ദൈവത്തെ ആരാധിക്കാൻ മനുഷ്യന് കഴിയാതെ ഇരുന്ന് കാലഘട്ടത്തെ സൂചിപ്പിക്കുന്നു.

യേശുക്രിസ്തുവിൻ്റെ ക്രൂശിൽ മരിച്ചപ്പോൾ  ആ കാലഘട്ടത്തെ അവസാനിപ്പിച്ചുകൊണ്ടു  മനുഷ്യകുലത്തെ വിശുദ്ധ സ്ഥല തേക്ക്‌  പ്രവേശിക്കുന്നതിലും ദൈവസാന്നിദ്ധ്യത്തിൽ വസിക്കുന്നതിനും  തടസ്സപ്പെടുത്തിയിരുന്ന  ദേവാലയ തിരശീല  രണ്ടായി ചിന്തപ്പെട്ടു.

 20 യേശു തൻ്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു വേണ്ടി ജീവനുള്ള പുതുവഴി തുറക്കുകയും ചെയ്തു.

ലേഖകൻ ഇവിടെ പറയുന്നതു യേശുക്രിസ്തുവിൻ്റെ ദേഹം എന്ന തിരശീലയെക്കുറിച്ചാണ്. ദൈവസാന്നിധ്യത്തിലേക്കുള്ള വഴി തടസ്സപെടുത്തിയിരുന്ന ദേവാലയ  തിരശീല ചിന്തുവാൻ , യേശുക്രിസ്തുവിന്റെ ദേഹം എന്ന തിരശീല ചിന്തേണ്ടത് അഥവാ  തൻ്റെ ശരീര യാഗം നടക്കേണ്ടത്  ആവശ്യമായിരുന്നു 

ക്രൂശിൽ  യേശുവിൻ്റെ ശരീരം എന്ന തിരശീലയും ചിന്തപ്പെട്ടു,  അങ്ങനെ യേശു തൻ്റെ  ദേഹം എന്ന  തിരശ്ശീലയിലൂടെ. തന്നിലൂടെ പിതാവായ ദൈവത്തെ സമീപിക്കുന്നതിനുള്ള ജീവനുള്ള പുതുവഴിയും  തുറന്നു.

ഈ രണ്ടു സംഭവങ്ങളും ദൈവം പഴയ നിയമ സംവിധാനത്തെ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയും,ക്രിസ്തുവിൻ്റെ ദേഹം എന്ന  തിരശ്ശീലയിലൂടെ ദൈവ സാന്നിധ്യത്തിലേക്കുള്ള പുതിയതും ജീവനുള്ളതുമായ വഴി തുടങ്ങുകയും ചെയ്തു എന്നതിനെ കാണിക്കുന്നു.

ഇവിടെ ക്രിസ്തു തുറന്ന വഴിയേക്കുറിച്ചു പറയുന്ന വിശേഷണം 'ജീവനുള്ള പുതുവഴി" എന്നാണ്.

ജീവനുള്ള വഴി ( Living Way )  വിശേഷിപ്പിക്കുവാനുള്ള  കാരണം ഒന്നാമതായി ദൈവത്തിൻ്റെ  ജീവനാൽ വീണ്ടും ജനിച്ചവർ , ദൈവീക  ജീവനിൽ നിറഞ്ഞു യാത്ര ചെയ്യേണ്ട വഴിയാണ് .ആദ്യമായി ഈ വഴിയിൽ കൂടി യാത്ര ചെയ്തത് ക്രിസ്തുവാണു. 

അതിനാൽ ആണ് ക്രിസ്തുവിൻ്റെ ജീവിതത്തെ പത്രോസ് വിവരിക്കുമ്പോൾ " നീ ജീവന്റെ വഴികളെ  എനിക്ക് വെളിപ്പെടുത്തി; നിന്റെ സാന്നിദ്ധ്യംകൊണ്ട് എന്നെ സന്തോഷ പൂർണ്ണനാക്കും’ എന്ന് പറയുതുന്നതു (പ്രവൃത്തികൾ 2: 28)    

അടുത്തതായി ഇതിനെ പുതിയ വഴി ( New Way )  വിശേഷിപ്പിക്കുവാൻ കാരണം ഈ മാർഗ്ഗത്തിൽ കൂടി അന്ന് വരെ ഒരുവനും ( ക്രിസ്തു ഒഴികെ ) യാത്ര ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു.

എന്നാൽ ക്രിസ്തു നമ്മുടെ ശരീരത്തിൽ ഈ ഭൂമിയിൽ വരികയും നമുക്ക് മുന്നോടിയായി ഈ വഴിയിൽ കൂടി ഓടുകയും ക്രൂശിൽ ആ ഓട്ടം പൂർത്തീകരിച്ചു കൊണ്ട് തൻ്റെ ശരീരം എന്ന തിരശീല ചിന്തുകയും ചെയ്തു. അതോടെ താൻ മാത്രം യാത്ര ചെയ്ത ആ ജീവനുള്ള പുതു വഴി മനുഷ്യവർഗ്ഗത്തിനു വേണ്ടി തുറക്കപ്പെട്ടു. 

ക്രിസ്തു ക്രൂശിൽ ഈ വഴി തുറന്നതിനാൽ , ഇന്ന് ഒരുവൻ  മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്കു തിരിയുമ്പോൾ, പുതിയ ഉടമ്പടിയിൽ പ്രവേശിക്കുമ്പോൾ, അവൻ്റെ  ഹൃദയത്തിനു മുൻപിലെ തിരശീലയും  ചിന്തപ്പെടുന്നു . അഥവാ  പാപഹൃദയം നീക്കപ്പെടും, ഹൃദയത്തിൻ്റെ അഗ്രചർമ്മം പരിശ്ചേദന ചെയ്യപ്പെടും ( റോമൻ 6 :6, കൊലൊസ്സ്യർ 2:11  )

അങ്ങനെ  നാം  പുതിയ ഉടമ്പടിയിലേക്കു, പിതാവായ ദൈവവുമായുള്ള ആത്മാവിൽ ഉള്ള ബന്ധത്തിലേക്ക്, സ്നേഹ കൂട്ടായ്മയി ലേക്ക് ആദിയിൽ എന്നത് പോലെ  പ്രവേശിക്കുകയും, ദൈവാത്മാവിനാൽ നടത്തപ്പെട്ടു കൊണ്ട് ഈ വഴിയിലൂടെ യാത്ര ചെയ്യുവാൻ തുടങ്ങുകയും ചെയ്യുന്നു.

2 കൊരിന്ത്യർ 3: 16 എന്നാൽ, ഒരുവൻ കർത്താവിലേക്ക് തിരിയുമ്പോൾ തിരശീല നീങ്ങിപ്പോകുന്നു. കർത്താവ് ആത്മാവാകുന്നു; കർത്താവിൻ്റെ ആത്മാവുള്ളേടത്ത് സ്വാതന്ത്ര്യം ഉണ്ട്

ഈ ജീവനുള്ള പുതുവഴിയിൽ നാം ഓടേണ്ടത്, നമുക്ക് മുൻപായി ഈ വഴിയിലൂടെ ഓട്ടം ഓടി പൂർത്തീകരിച്ച, ഈ വഴി തുറന്നു തന്ന  ക്രിസ്തുവിൽ കണ്ണുകൾ ഉറപ്പിച്ചുകൊണ്ടാണ്. കാരണം ക്രിസ്തുവാണ് നമ്മുടെ  വിശ്വാസത്തിന്റെ കാരണക്കാരനും, പൂർത്തി വരുത്തുന്നവനും (എബ്രാ. 12:2)  

വാക്യം  21 കൂടാതെ ദൈവ ഭവനത്തിൽ നമുക്ക് ഒരു മഹാപുരോഹിതനേയും ലഭിച്ചിരിക്കുന്നതിനാൽ

ക്രിസ്തു തൻ്റെ ശരീര യാഗമായ  മരണത്തിലൂടെ ജീവനുള്ള പുതുവഴി നമുക്കായി തുറന്നു എന്ന് മാത്രമല്ല; ഈ വഴിയിൽ കൂടി നാം യാത്ര ചെയ്യുമ്പോൾ വീഴ്ചകൾ പറ്റിയാൽ സഹായത്തിനായി ഉയർത്തെഴുനേറ്റ ക്രിസ്തു പിതാവിന്റെ വലതു ഭാഗത്തു  ഇപ്പോൾ നമുക്ക് വേണ്ടി  മഹാപുരോഹിതനായി  പക്ഷവാദം ചെയ്‌യുന്നു.

വാക്യം  22 നാം ദുർമ്മനസ്സാക്ഷി നീങ്ങിയവരായി തളിച്ചു ശുദ്ധീകരിച്ച ഹൃദയത്തോടെയും ശുദ്ധവെള്ളത്താൽ കഴുകപ്പെട്ട ശരീരത്തോടെയും വിശ്വാസത്തിൻ്റെ പൂർണ്ണനിശ്ചയം പൂണ്ട് പരമാർത്ഥ ഹൃദയത്തോടെ അടുത്തു ചെല്ലുക

യേശുക്രിസ്തുവിൻ്റെ രക്തത്താൽ നമ്മുടെ പാപങ്ങൾ കഴുകപ്പെട്ടു , നമ്മുടെ ഹൃദയം ശുദ്ധീകരിക്കപ്പെട്ടു. അങ്ങനെയുള്ളവർ ജലസ്നാനത്തിൽ കൂടി തങ്ങളുടെ ശരീരം ശുദ്ധവെള്ളത്താൽ കഴുകേണ്ടതുണ്ട് , അത്  നമ്മുടെ ശരീരത്തിലെ അഴുക്കു കളയുവാനുള്ളതല്ല പകരം നമ്മുടെ ദുർമനഃസാക്ഷി നീങ്ങുവാനും ശുദ്ധമനസാക്ഷിക്കുള്ള ദൈവത്തോടുള്ള അപേക്ഷയുമാണ്.

അങ്ങനെയുള്ളവർക്ക് വിശ്വാസത്തിൻ്റെ പൂർണ്ണ പൂർണ്ണനിശ്ചയത്തിൽ പരമാർത്ഥ ഹൃദയത്തോടെ, അതിപരിശുദ്ധ സ്ഥലത്തു ദൈവസന്നിധിയിൽ പ്രവേശിക്കുവാനും  ജീവനുള്ള പുതുവഴിയിൽ യാത്ര ചെയ്യുവാനും കഴിയും.

 

ആത്മീകവളർച്ചക്കുള്ള പ്രോത്സാഹനം 

 

23 പ്രത്യാശയുടെ ഉറപ്പ് നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ. 24സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിക്കുവാൻ അന്യോന്യം പ്രോൽസാഹിപ്പിക്കുവാൻ ശ്രദ്ധിക്കുക.

ക്രിസ്തുവിൻ്റെ രക്തത്താൽ പാപങ്ങൾ നീക്കപ്പെട്ട ദൈവമക്കൾ തുടർന്ന് പ്രത്യാശയുടെ ഉറപ്പിൽ നിലനിൽക്കുകയും  ആത്മീകമായി വളരുകയും ചെയ്യേണ്ടതുണ്ട് അവർ സ്നേഹത്തിലും സൽപ്രവർത്തികളിലും വർധിച്ചു വരികയും അതിനായി അന്യോന്യം പ്രോൽസാഹിപ്പിക്കുകായും ചെയ്യണം  

25 ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ട്, കർത്താവിന്റെ നാൾ സമീപിക്കുന്നു എന്നു കാണും തോറും അത് അധികമധികമായി ചെയ്യേണ്ടതാകുന്നു.

രക്ഷിക്കപ്പെട്ട ഒരു ദൈവപൈതലിന്റെ ആത്മീക വളർച്ച ദൈവസഭയുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. അല്ലാതെയുള്ള ആത്മീക വളർച്ച ഒരിക്കലും സാധ്യമല്ല. ഒരു വീണ്ടും ജനിച്ച ദൈവമകന്‍ തീര്‍ച്ചയായും ദൈവവചനപ്രകാരമുള്ള ഒരു പ്രാദേശിക സഭയുമായുള്ള ബന്ധത്തില്‍ വരേണം.കാരണം തലയുമായുള്ള അഭേദ്യ ബന്ധത്തില്‍, ഒരു ശരീരത്തിന്‍റെ ഭാഗമായി മാത്രമേ ഒരു അവയവത്തിനു നിലനില്‍പ്പും, വളര്‍ച്ചയും ഉള്ളൂ.

ദൈവസഭയുമായി ബന്ധമില്ലാത്ത, കൂട്ടായ്മ ഇല്ലാത്ത ഒറ്റയാൻ വിശ്വാസികൾ, പിന്മാറ്റത്തിലേക്കു പോകുവാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.  അതിനാൽ തന്നെ സഭായോഗങ്ങളെ ഉപേക്ഷിക്കുന്നത്തിനു എതിരെ ലേഖകൻശക്തമായ  മുന്നറിയിപ്പ് നൽകുന്നു.

സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ട് ആത്മീകമായി വളരണം എന്നും കർത്താവിൻ്റെ  നാൾ സമീപിക്കുന്നു എന്നു കാണും തോറും അത് അധികമധികമായി ചെയ്യേണ്ടതാകുന്നു എന്നും ലേഖകൻ ഓർമ്മിപ്പിക്കുന്നു. നാം അങ്ങനെ ചെയ്തില്ലെങ്കിൽ സംഭവിക്കാൻ സാധ്യതയുള്ള പിന്മാറ്റത്തെക്കുറിച്ചു ലേഖകൻ തുടർന്ന് മുന്നറിയിപ്പ് നല്കുന്നു.

 

പിന്മാറ്റത്തെ കുറിച്ചുള്ള മുന്നറിയിപ്പ് വീണ്ടും

  

വാക്യം  26 സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപം ചെയ്താൽ പാപപരിഹാരത്തിന് വേണ്ടി ഇനി ഒരു യാഗവും അവശേഷിക്കുന്നില്ല.

ഒരു പ്രാദേശിക ദൈവസഭയുമായുള്ള ബന്ധത്തിൽ ആത്മീകമായി  വളരുന്നതിന് ഉത്സാഹിപ്പിക്കുന്നതിനു ശേഷം അഞ്ചാം അധ്യായത്തിൽ കൊടുത്തതു പോലെ  ലേഖകൻ രക്ഷയെ തള്ളിക്കളഞ്ഞു  പിന്മാറിപ്പോകുവാൻ ഉള്ള സാധ്യതയെപ്പറ്റി  മുന്നറിയിപ്പു വീണ്ടും  നല്‍കുന്നു

ദൈവീക സത്യങ്ങളുടെ സത്യത്തിന്‍റെ പരിജ്ഞാനം ലഭിച്ച ശേഷം നാം മനപൂര്‍വ്വം അത് തള്ളിക്കളഞ്ഞാൽ നാം ദൈവീക ശിക്ഷക്ക് പാത്രീഭവിക്കും എന്നുള്ള മുന്നറിയിപ്പ് ലേഖകൻ ആവർത്തിക്കുന്നു.

ശ്രദ്ധിക്കുക, ഇവിടെ പരിഹാരം ഇല്ലാത്ത  മനപ്പൂർവ്വമായ പാപം എന്ന് പറയുന്നത് രക്ഷയെ അഥവാ ക്രിസ്തുവിലുള്ള വിശ്വാസത്തെ തള്ളിക്കളയുക എന്ന പാപമാണ്. തുടർന്നുള്ള വാക്യങ്ങളിൽ നിന്നും അത് വ്യക്തമാണ്.

27 മറിച്ച് ഭയങ്കരമായ ന്യായവിധിയേയും ദൈവത്തെ എതിർക്കുന്നവരെ ദഹിപ്പിക്കുവാനുള്ള ക്രോധാഗ്നിയേയും ആകുന്നു നേരിടേണ്ടി വരിക

യേശുവിന്റെ ശരീരയാഗം പൂര്‍ണ്ണവും, അതില്‍ വിശ്വസിക്കുന്നവരെ എന്നേക്കും വിശുദ്ധീകരിക്കുന്നതുമാണ്, ക്രിസ്തുവിന്‍റെ രക്തം വിലയേറിയതും, നമ്മെ വിശുദ്ധീകരിച്ച നിയമ രക്തവുമാണ്. എന്നാല്‍  ഇതെല്ലാം മനസ്സിലാക്കിയതിനു ശേഷവും മനപൂര്‍വ്വമായി അതിനെ തള്ളി പാപത്തില്‍ തുടരുന്നവര്‍ക്കു വേണ്ടി ഇനി യാതൊരു യാഗവും അവശേഷിക്കുന്നില്ല, പകരം അവര്‍ക്ക് ഭയങ്കരമായ ന്യായവിധി മാത്രമേയുള്ളൂ.

28 മോശെയുടെ ന്യായപ്രമാണം ലംഘിക്കുന്നവന് കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ മരണശിക്ഷ കല്പിക്കുന്നുവല്ലോ. 

പഴയ ഉടമ്പടിയുടെ കീഴിൽ ന്യായപ്രമാണം ലംഘിക്കുന്നവന് കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ മരണശിക്ഷ കല്പിച്ചിരുന്നു. 

29 ദൈവപുത്രനെ ചവിട്ടിക്കളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവന്‍ എത്ര കഠിനമേറിയ ശിക്ഷയ്ക്കു പാത്രമാകും എന്ന് വിചാരിപ്പിന്‍പ്രതികാരം എനിക്കുള്ളത്, ഞാൻ പകരംവീട്ടും” എന്നും “കർത്താവ് തന്റെ ജനത്തെ ന്യായംവിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ. ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നത് ഭയങ്കരം.

എന്നാൽ കർത്താവ് തൻ്റെ രക്തത്താൽ പുതിയ ഉടമ്പടി  സ്ഥാപിച്ചതിനു ശേഷം, ഇത് മനസ്സിലാക്കിയിട്ടും വിശ്വാസത്തിൽ നിന്നും പിന്മാറി പോകുന്നവർ  കർത്താവിനെ വീണ്ടും ക്രൂശിക്കുന്നവരും, ദൈവപുത്രനെ ചവിട്ടിക്കളകയുന്നവരും, ക്രിസ്തുവിന്‍റെ നിയമരക്തത്തെ മലിനം എന്നു നിരൂപിക്കുന്ന വരും  കൃപയുടെ ആത്മാവിനെ നിന്ദിക്കുന്നവരും ആണ്. അവരോടു ദൈവം പ്രതികാരം ചെയ്യും. 

പുതിയ ഉടമ്പടിയിലെ വാഗ്ദാനങ്ങള്‍ പഴയതിനേക്കാൾ  ഉന്നതം ആയിരിക്കുന്നത് പോലെ തന്നെ, ആ വാഗ്ദാനങ്ങളെ നിരസിക്കുന്നവർക്കുള്ള   ശിക്ഷ കൂടുതല്‍ കഠിനമേറിയതുമാണ്. 

 

വിശ്വാസത്താൽ  നിലനിൽക്കുവാനും മുന്നേറാനും ഉള്ള ആഹ്വാനം 

 

32, 33 നിങ്ങൾക്ക് പ്രകാശനം ലഭിച്ചശേഷം, പരസ്യമായ നിന്ദകളാലും പീഢകളാലും നിങ്ങൾ കഷ്ടതയനുഭ വിച്ചു കൂടാതെ, ആ വക കഷ്ടതകൾ അനുഭവിക്കുന്നവർക്ക് കൂട്ടാളികളായിത്തീർന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ.

ലേഖനത്തിൻ്റെ ആമുഖത്തിൽ പറഞ്ഞത് പോലെ യഹൂദ വിശ്വാസത്തിൽ നിന്നും ക്രിസ്തീയ മാർഗ്ഗത്തിലേക്കു വന്ന വിശ്വാസികൾ അവർക്കുണ്ടായ പീഡനങ്ങൾ നിമിത്തം ക്രിസ്തീയവിശ്വാസത്തെയും ക്രിസ്തുവിനെയും തള്ളിക്കളഞ്ഞു യഹൂദ മതത്തിലേക്ക് പോകുവാൻ പ്രേരിപ്പിക്കപ്പെടുന്നു. അവരോടു  ക്രിസ്തുവിലുള്ള ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിക്കുവാൻ പ്രോത്സാഹിപ്പിച്ചു കൊണ്ട് എഴുതുന്നതാണ് ഹെബ്രായ ലേഖനം 

അതിനാൽ പിന്മാറി പോകുന്നവർക്കുള്ള ശാസനകളും, താക്കീതുകളും, മുന്നറിയിപ്പുകളും,അപായ സൂചനകളും അതോടൊപ്പം തന്നെ വിശ്വാസത്താൽ മുന്നോട്ട് പോകുന്നവർക്കുള്ള പ്രോത്സാഹനങ്ങളും, വിശ്വാസ ത്തിൽ ഉറച്ചു നിൽക്കാനുള്ള ധൈര്യപ്പെടു ത്തലും,ഉപദേശങ്ങളും, ഉദ്‌ബോധനങ്ങളും നിറഞ്ഞതാണ് ലേഖനത്തിന്‍റെ രചനാ ശൈലി.

ലേഖകൻ പീഡനത്തിൽ കൂടി പോകുന്ന വിശ്വാസികളെ പൂർവ്വകാലങ്ങളിൽ അവർ വിശ്വാസത്തിനു വേണ്ടി കഴിച്ച പോരാട്ടം ഓർമ്മിപ്പിച്ചു , വിശ്വാസത്തിൽ നിൽ നില്ക്കാൻ ഉത്ബോധിപ്പിക്കുന്നു.

 34 തടവുകാരോട് നിങ്ങൾ സഹതാപം കാണിച്ചു. കൂടാതെ സ്വർഗ്ഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്ത് നിങ്ങൾക്ക് ഉണ്ട് എന്നറിഞ്ഞ് സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.

ഹെബ്രായ വിശ്വാസികൾ  മുൻപ്  കഷ്ടതയുടെ നടുവിൽ  നിലനിന്നതിനെക്കുറിച്ചും സ്വർഗ്ഗത്തിലെ  നിലനില്ക്കുന്ന ഉത്തമസമ്പത്ത് ഓർത്തു അവരുടെ സമ്പത്തുകളുടെ നഷ്ടം സന്തോഷത്തോടെ സഹിച്ചതും ലേഖകൻ  ഓർമ്മിപ്പിക്കുന്നു. 

35 അതുകൊണ്ട് മഹാ പ്രതിഫലമുള്ള നിങ്ങളുടെ ആത്മധൈര്യം തള്ളിക്കളയരുത്.ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം

അതിനാൽ  വിശ്വാസത്തിൽ ധൈര്യത്തോടെ  തുടർന്നും  നിലനിന്നാൽ അവർക്കു ലഭിക്കുവാനുള്ള മഹാ പ്രതിഫലത്തെക്കുറിച്ചു ഓർമ്മിപ്പിക്കുന്നു. സഹിഷ്ണതയോടെ വിശ്വാസത്തിൽ നിലനിന്നു ആ വാഗ്ദത്തം പ്രാപിക്കുവാൻ അവരെ ഉത്സാഹിപ്പിക്കുന്നു.  

36   “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല;” 

ദൈവീക വാഗ്‌ദത്തങ്ങളുടെ എല്ലാം പൂർത്തീകരണം കർത്താവിൻ്റെ രണ്ടാമത്തെ വരവിൽ ആണ് വിശ്വാസികൾക്ക് പൂർണ്ണമായും ലഭിക്കുന്നത്. അതിനാൽ കർത്താവ് വാഗ്ദത്തം ചെയ്തത് പോലെ മടങ്ങിവരുമെന്നും  താമസിക്കയുമില്ല എന്നും ലേഖകൻ വിശ്വാസികളെ ധൈര്യപ്പെടുത്തുന്നു.

37എന്നാൽ “എന്‍റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്‍റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല”.

വലിയ പീഡനത്തിന് നടുവിലൂടെ കടന്നു പോകുന്ന യഹൂദജനത്തിനെക്കുറിച്ചു  ദൈവത്തോട് ചോദിക്കുമ്പോൾ ദൈവം ഹബക്കൂക്കിന്  കൊടുക്കുന്ന  മറുപടിയാണ് ലേഖകൻ ഇവിടെ ഉദ്ധരിക്കുന്നത്.  ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള പഴയ നിയമ  വാക്യങ്ങളിൽ ഒന്നാണ് ഇത്.

നമ്മുടെ  വിശ്വാസത്തിന്റെ കാരണക്കാരനും, പൂർത്തി വരുത്തുന്നവനും ആയ ക്രിസ്തുവിൽ കണ്ണുകൾ ഉറപ്പിച്ചുകൊണ്ടു  മുൻപോട്ടു പോകുന്നതാണ് വിശ്വാസത്താലുള്ള ജീവിതം. ക്രിസ്തുവിലുള്ള വിശ്വാസത്താൽ നീതീകരിക്കപ്പെട്ട നീതിമാൻ മുന്നോട്ടു  ജീവിക്കേ ണ്ടതും വിശ്വാസത്താൽ തന്നയാണ്. അതിലാണ് ദൈവത്തിനു നമ്മിൽ പ്രസാദമുണ്ടാകുന്നത്.എന്നാൽ പിന്മാറ്റത്തിലേക്കു പോകുന്നവരിൽ ദൈവം പ്രസാദിക്കുന്നില്ല.

 38  നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.

ഒരുവൻ പിമാറിപ്പോകുന്നു എങ്കിൽ അത് നാശത്തിലേക്കുള്ള പിന്മാറ്റമാണ് എന്ന് ലേഖകൻ മുന്നറിയിപ്പ് നൽകുന്നു അതിനാൽ  ദൈവീക വാഗ്ദാനങ്ങളെ നിരസിച്ചു നാശത്തിലേക്കു പിൻമാറിപ്പോകാതെ, വിശ്വാസത്താൽ മുൻപോട്ടു പോയി  വാഗ്ദത്തങ്ങൾ പ്രാപിക്കുവാൻ ലേഖകൻ ഉത്സാഹിപ്പിക്കുന്നു.

തുടർന്നുള്ള അധ്യായത്തിൽ വിശ്വാസത്താൽ ദൈവീക  അംഗീകാരം പ്രാപിച്ച, വിശ്വസിച്ചു ജീവരക്ഷ പ്രാപിച്ച  പഴയ നിയമ വിശ്വാസികളുടെ ചരിത്രം വിശദീകരിക്കുന്നു.

 

താഴെയുള്ള ലിങ്കുകളിൽ  ഈ പഠനം പൂർണ്ണമായും ലഭ്യമാണ്.

ജിനു നൈനാൻ 

ഹെബ്രായ ലേഖനം : ഒരു പഠനം - ആമുഖം
ഹെബ്രായ ലേഖനം അധ്യായം 1
ഹെബ്രായ ലേഖനം അധ്യായം 2 
ഹെബ്രായ ലേഖനം അധ്യായം 3  
ഹെബ്രായ ലേഖനം അധ്യായം 4
ഹെബ്രായ ലേഖനം അധ്യായം 4: 14,15
ഹെബ്രായ ലേഖനം അധ്യായം 5
ഹെബ്രായ ലേഖനം അധ്യായം 6 
ഹെബ്രായ ലേഖനം അധ്യായം 7 - ആമുഖം
ഹെബ്രായ ലേഖനം അധ്യായം 7
ഹെബ്രായ ലേഖനം അധ്യായം 8
ഹെബ്രായ ലേഖനം അധ്യായം 9 
ഹെബ്രായ ലേഖനം അധ്യായം 10 (1-18)
ഹെബ്രായ ലേഖനം അധ്യായം 10 (19-38)
ഹെബ്രായ ലേഖനം അധ്യായം 11
ഹെബ്രായ ലേഖനം അധ്യായം 12(1-17)
ഹെബ്രായ ലേഖനം അധ്യായം 12(18-28)
ഹെബ്രായ ലേഖനം അധ്യായം 13