ഹെബ്രായ ലേഖനം അദ്ധ്യായം 8 : യേശുവിൻ്റെ രക്തത്താൽ സ്ഥാപിതമായ പുതിയ ഉടമ്പടിയുടെ ഔന്നത്യം

ഹെബ്രായ ലേഖനം അദ്ധ്യായം 8
യേശുവിൻ്റെ രക്തത്താൽ സ്ഥാപിതമായ പുതിയ ഉടമ്പടിയുടെ ഔന്നത്യം
വാക്യം 1 നാം പറയുന്നതിൻ്റെ സാരം ഇതാണ്;
മുൻ അദ്ധ്യായങ്ങളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും സംക്ഷിപ്തമായി ലേഖകൻ ഈ അധ്യായത്തിൽ ലേഖകൻ വിവരിക്കുകയാണ്. താൻ മുൻ അധ്യായങ്ങളിലൂടെയും പഴയ നിയമ ഉദ്ധരണികളിലൂടെയും സ്ഥാപിച്ചത് തുടർന്ന് താൻ വിശദീകരിക്കുന്നു.
വാക്യം 1 സ്വർഗത്തിൽ ദൈവത്തിൻ്റെ തേജോമയമായ സിംഹാസനത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന ഒരു മഹാപുരോഹിതന്‍ നമുക്കുണ്ട്.
ക്രിസ്തു പുതിയ ഉടമ്പടിയിൻ കീഴിൽ ഉള്ള നമ്മുടെ മധ്യസ്ഥൻ ആയി, മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരം ദൈവത്താൽ നിയമിക്കപ്പെട്ട മഹാപുരോഹിതനാണ് എന്ന് ലേഖകൻ കഴിഞ്ഞ അധ്യായങ്ങളിലൂടെ തെളിയിച്ചു .ദൈവത്തിൻ്റെ തേജോമയമായ സിംഹാസനത്തിൻ്റെ വലത്തു ഭാഗത്ത് ഇരുന്നു കൊണ്ടാണ് ക്രിസ്തു ആ ശുശ്രൂഷ നിർവ്വഹിക്കുന്നത്.
വാക്യം 2 മനുഷ്യനിർമിതമല്ലാത്തതും,ദൈവം സ്ഥാപിച്ചതുമായ സത്യകൂടാരമാകുന്ന അതിവിശുദ്ധസ്ഥലത്ത് അവിടുന്നു ശുശ്രൂഷ ചെയ്യുന്നു.
ക്രിസ്തു എന്ന മഹാപുരോഹിതൻ ശുശ്രൂഷ ചെയ്യുന്നത്, ഭൗമീക കൂടാരത്തിലോ,ഭൗമീക വിശുദ്ധ മന്ദിരത്തിലോ അല്ല, പകരം മനുഷ്യനിർമിതമല്ലാത്തതും, ദൈവം സ്ഥാപിച്ചതുമായ കൂടാരത്തിൽ അഥവാ ദൈവത്തിൻ്റെ തേജോമയമായ സിംഹാസനത്തിൻ്റെ വലത്തു ഭാഗത്ത്, സ്വർഗ്ഗത്തിലെ അതിവിശുദ്ധ സ്ഥലത്തു ഇരുന്നു കൊണ്ടാണ്. ഭൗമീക വിശുദ്ധ മന്ദിരം യഥാർത്ഥ സ്വർഗീയ സത്യകൂടാരത്തിൻ്റെ നിഴൽ മാത്രമായിരുന്നു.
വാക്യം 3 ഏതു മഹാപുരോഹിതനും നിയോഗിക്കപ്പെടുന്നത് വഴിപാടുകളും ബലികളും അർപ്പിക്കുവാനാണ്. അതുകൊണ്ട് ഈ മഹാപുരോഹിതനും അർപ്പിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കേണ്ടതാണല്ലോ.
പഴയ ഉടമ്പടിയിലെ ഏതു പുരോഹിതന്റെയും പ്രാഥമികമായ ശുശ്രൂഷ യാഗം അർപ്പിക്കുക എന്നതാണ്. അതിനാൽ പഴയ നിയമ പുരോഹിതന്മാരെപ്പോലെ നമ്മുടെ മഹാപുരോഹിതനായ ക്രിസ്തുവിനും അതിവിശുദ്ധ സ്ഥലത്തു യാഗം അർപ്പിക്കേണ്ടതുണ്ട്.
എന്നാൽ യേശുവിൻ്റെ യാഗം ന്യായപ്രമാണ പ്രകാരമുള്ള പഴയ നിയമ യാഗങ്ങളെക്കാൾ അത്യധികം ശ്രേഷ്ഠമായിരുന്നു. കാരണം ന്യായപ്രമാണത്തിലേതു പോലെ പാപങ്ങളെ മറയ്ക്കുവാന്‍ മൃഗങ്ങളുടെ രക്തം ചൊരിയുകയല്ല ക്രിസ്തു ചെയ്തത്, പകരം പാപങ്ങളെ നീക്കുവാൻ സ്വന്ത രക്തം പാപപരിഹാരത്തിനായി സ്വർഗ്ഗത്തിലെ വിശുദ്ധ മന്ദിരത്തിൽ അർപ്പിച്ചു, അതിലൂടെ അവൻ പാപത്തിൽ നിന്നുള്ള നിത്യമായ വീണ്ടെടുപ്പ് മനുഷ്യ വർഗത്തിന് സാധിച്ചു. ക്രിസ്തുവിൻ്റെ യാഗത്തിൻ്റെ ശ്രെഷ്ഠതയെക്കുറിച്ചു പത്താം അധ്യായത്തിൽ ലേഖകൻ കൂടുതലായി വിശദീകരിക്കുന്നുണ്ട്.
വാക്യം 4 അവിടുന്നു ഭൂമിയിലായിരുന്നെങ്കിൽ ഒരിക്കലും ഒരു പുരോഹിതന്‍ ആകുമായിരുന്നില്ല
ഇവിടെ വളരെ പ്രാധാന്യമുള്ള വസ്തുതയാണ് ലേഖകൻ വിവരിക്കുന്നത്.മുൻ അധ്യായങ്ങളിൽ യേശുക്രിസ്തു ഭൂമിയിൽ മഹാപുരോഹിത ശുശ്രൂഷ ചെയ്തിരുന്നില്ല എന്നും, അതിനുള്ള കാരണങ്ങളും വസ്തുതകളും പലപ്പോഴായി ഹെബ്രായ ലേഖകൻ വിശദീകരിച്ചിരുന്നു. ഈ വാക്യത്തിലൂടെ ലേഖനകർത്താവ് ആ വിഷയം വീണ്ടും ഉറപ്പിച്ചു പറയുകയാണ്. യേശുക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ മഹാപുരോഹിത ശുശ്രൂഷ ചെയ്തതായി പറയുന്ന എല്ലാ വാദങ്ങളെയും ഈ വാക്യം വ്യക്തമായി നിരസിക്കുന്നു.
വാക്യം 4 ന്യായപ്രമാണം അനുസരിച്ച് വഴിപാടുകൾ അർപ്പിക്കുന്ന പുരോഹിതന്മാർ ഇവിടെയുണ്ടല്ലോ;
ക്രിസ്തു ഭൂമിയിൽ മഹാപുരോഹിത ശുശ്രൂഷ ചെയ്യാതിരിക്കുവാനുള്ള പ്രധാന കാരണം, പഴയ ഉടമ്പടിയും ന്യായപ്രമാണവും ലേവ്യപൌരോഹിത്യവും ക്രിസ്തുവിൻ്റെ മരണം വരെ മാറ്റപ്പെട്ടിരുന്നില്ല എന്നതാണ് . ന്യായപ്രമാണം നിലനിൽക്കുന്നതിനാൽ അത് അനുസരിച്ച് ക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോഴും ലേവ്യ പുരോഹിതന്മാർ ഉണ്ടായിരുന്നു.
മുൻ അധ്യായങ്ങളിൽ നാം കണ്ടതുപോലെ, പഴയ ഉടമ്പടിയും ലേവ്യ പൗരോഹിത്യവും നീക്കപ്പെട്ടതിനു ശേഷം മാത്രമേ പുതിയ ഉടമ്പടിയും മൽക്കീസേദെക്കിൻ്റെ ക്രമത്തിൽ ഉള്ള പൌരോഹിത്യവും ആരംഭിക്കാൻ കഴിയുകയുളൂ. യേശുക്രിസ്തുവിൻ്റെ മരണത്തിൽ ആണ് പഴയ ഉടമ്പടി നീക്കപ്പെടുകയും, തൻ്റെ രക്തത്താല്‍ പുതിയത് സ്ഥാപിക്കപ്പെടുകയും ചെയ്യുന്നത്.
വാക്യം 5 അവർ ഇവിടെ ചെയ്യുന്ന ശുശ്രൂഷ സ്വർഗത്തിൽ ചെയ്യുന്നതിൻ്റെ പ്രതിബിംബവും നിഴലും മാത്രമാണ്. മോശ കൂടാരം നിർമിക്കുവാന്‍ ഭാവിച്ചപ്പോൾ ‘പർവതത്തിൽവച്ചു നിനക്കു കാണിച്ചുതന്ന മാതൃകപ്രകാരം സകലവും ചെയ്യുവാന്‍ നീ ശ്രദ്ധിക്കുക’ എന്നു ദൈവം അരുളിച്ചെയ്തു
പഴയ നിയമ ഉടമ്പടിയും, ലേവ്യ പൗരോഹിത്യവും യേശുവിൽ കൂടി വരാൻ പോകുന്ന യാഥാർത്ഥ്യത്തിൻ്റെ നിഴലുകളും പ്രതിബിംബവും ആയിരുന്നു. യാഥാർത്ഥ്യങ്ങൾ വരുന്നതുവരെ മാത്രമേ നിഴലുകൾക്കു പ്രസക്തിയുളൂ. പർവ്വതത്തിൻ്റെ മുകളിൽ ദൈവം മോശയെ സ്വർഗീയമായ യഥാർത്ഥ കൂടാരത്തിലെ എല്ലാ കാര്യങ്ങളും കാണിച്ചു കൊടുത്തു, അതെ മാതൃകയിൽ തന്നെ ഭൂമിയിൽ അത് പുനർനിർമ്മിക്കുവാൻ ദൈവം ആവശ്യപ്പെട്ടു.
വാക്യം 6 ശ്രേഷ്ഠമായ വാഗ്ദാനങ്ങളിൽ അധിഷ്ഠിതമായ മികച്ച ഉടമ്പടിയുടെ മധ്യസ്ഥനാണ് യേശു.
ഈ വാക്യത്തിൽ പഴയതിൽ നിന്നും മികച്ചതായതിനുള്ള കാര്യങ്ങൾ ലേഖകൻ ഊന്നിപ്പറയുന്നു.
പുതിയ ഉടമ്പടി പഴയതിലും മികച്ചതാണ് , അതിനു കാരണം അത് പഴയ ഉടമ്പടിയിലെ വാഗ്ദാനങ്ങളേക്കാൾ ശ്രേഷ്ഠമായ വാഗ്ദാനങ്ങൾ ആണ് പുതിയ ഉടമ്പടിയിൽ പങ്കു ചേരുന്നവർക്കു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത്
പുതിയ ഉടമ്പടിയിലെ വാഗ്ദാനങ്ങളുടെ ശ്രേഷ്ഠത മനസ്സിലാക്കണം എങ്കിൽ കാലഹരണപ്പെട്ട പഴയ ഉടമ്പടിയിലെ വാഗ്ദാനങ്ങൾ എന്തൊക്കെയായിരുന്നു എന്ന് നാം മനസ്സിലാക്കണം . ആവർത്തന പുസ്തകം 28 ആം അധ്യായം 1 മുതൽ 13 വരെയുള്ള വാക്യങ്ങളിൽ ആ വാഗ്ദാനങ്ങൾ കാണാം
ആവർ. 28: 3 ....പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും; വയലിൽ നീ അനുഗ്രഹിക്കപ്പെടും, 4നിന്റെ ഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെയും ആടുകളുടെയും പേറും പിറപ്പും അനുഗ്രഹിക്കപ്പെടും. 5നിന്റെ പഴ കൊട്ടയും മാവു കുഴക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും. 6അകത്ത് വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും.....13 നീ ഉയർച്ച തന്നെ പ്രാപിക്കും; നിനക്ക് താഴ്ച ഉണ്ടാകുകയില്ല....
നാം കണ്ടത് പോലെ പൂർണ്ണമായും ഭൗതികമായ അനുഗ്രഹങ്ങളെക്കുറിച്ചുള്ള വാഗ്ദത്തങ്ങൾ ആയിരുന്നു അവ.ഇന്നത്തെ ഭാഷയിൽ വലിയ വീട്,മുന്തിയ വാഹനങ്ങൾ, മെച്ചപ്പെട്ട ജോലി, മികച്ച ആരോഗ്യം തുടങ്ങിയവ ..
എന്നാൽ ഈ വാഗ്ദത്തങ്ങൾ ഒന്നും തന്നെ നമുക്ക് ലഭിക്കാൻ ക്രിസ്തു തൻ്റെ രക്തം പുതിയ ഉടമ്പടി സ്ഥാപിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. എന്നാൽ ഖേദകരം എന്ന് പറയട്ടെ അനേക വിശ്വാസികൾ ഇന്നും ക്രിസ്തുവിങ്കലേക്കു വരുന്നത് ഈ കാലഹരണപ്പെട്ട ഉടമ്പടിയിൽ ഭൗതിക വാഗ്ദത്തങ്ങൾ ലഭിക്കാനാണ്.
അതിനു കാരണം മിക്ക പ്രാസംഗികരും ഈ ഭൗതിക വാഗ്ദത്തങ്ങളും സമൃദ്ധിയുടെ സുവിശേഷവും കൊണ്ടാണ് ക്രിസ്തുവിനെ അവതരിപ്പിക്കുന്നതു എന്നതാണ്.
ഇത് യഥാർത്ഥത്തിൽ വഞ്ചനയാണ്. കാലഹരണപ്പെട്ട ഒരു കോൺട്രാക്ട് കാണിച്ചു കൊണ്ട് ആളുകളെ ജോലിയിൽ ചേർത്തു തട്ടിപ്പിന് ഇരയാക്കുന്നതിനു തുല്യമാണ് ഇത്. എന്നാൽ മിക്ക വിശ്വാസികളുടെയും ആഗ്രഹം ഭൗതികമായതിനാലും , പുതിയ ഉടമ്പടിയും പഴയ ഉടമ്പടിയും തമ്മിലുള്ള വ്യത്യാസം അറിയാത്തവർ ആയതിനാലും അവരെ വഞ്ചിക്കുവാൻ ഇത്തരം തട്ടിപ്പുകാർക്ക് എളുപ്പത്തിൽ കഴിയുന്നു.
വാക്യം 6 അതിനാൽ അതിൻ്റെ വൈശിഷ്ട്യത്തിനൊത്തവണ്ണം അതിവിശിഷ്ടമായ ശുശ്രൂഷയത്രേ യേശുവിനു ലഭിച്ചിരിക്കുന്നത്.
പുതിയ ഉടമ്പടി പഴയതിലും മികച്ചതായതിനു മറ്റൊരു കാരണം അത് ക്രിസ്തു തൻ്റെ രക്തത്താൽ സ്ഥാപിച്ചതാണ് എന്നതാണ് അതിനാൽ തന്നെ ക്രിസ്തുവിൻ്റെ ശുശ്രൂഷയും അതിവിശിഷ്ടമായതാണ്
യേശുവിൻ്റെ ശുശ്രൂഷ അതിവിശിഷ്ടമാണ് കാരണം, തൻ്റെ രക്തത്താൽ സ്ഥാപിതമായ മികച്ച ഉടമ്പടിയുടെ മധ്യസ്ഥനാണ് ക്രിസ്തു മാത്രമല്ല അതിവിശിഷ്ടമായ വാഗ്ദാനങ്ങൾ ആണ് ആ ഉടമ്പടിയുടെ ഭാഗമാകുന്നവർക്കു ഉള്ളത്.ഏറ്റവും ഉപരിയായി യേശുവിൻ്റെ പൌരോഹിത്വത്തിൻ്റെ ശ്രേഷ്ഠത അത് ദൈവത്തിൻ്റെ ശപഥത്താൽ ഉറപ്പിക്കപ്പെട്ടതും, എന്നേക്കും നിലനിൽക്കുന്നതുമാണ്. എന്നതാണ് .
വാക്യം 7 ആദ്യത്തെ ഉടമ്പടി കുറവില്ലാത്തതായിരുന്നെങ്കിൽ രണ്ടാമതൊന്നു വേണ്ടിവരികയില്ലായിരുന്നു.
പഴയ ഉടമ്പടി കുറവുള്ളതായതിനാൽ ആണ് യേശു തൻ്റെ മരണത്താൽ പുതിയ ഉടമ്പടി സ്ഥാപിച്ചത്.മനുഷ്യനെ ദൈവവുമായുള്ള പരിപൂർണതയുള്ള ഒരു ബന്ധത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് പഴയ ഉടമ്പടിയിലെ പ്രധാന കുറവ്.
വാക്യം 8 എന്നാൽ ജനങ്ങൾ കുറവുള്ളവരായിരുന്നതുകൊണ്ട് വേദഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു:സർവേശ്വരന്‍ അരുൾചെയ്യുന്നു:“ഞാന്‍ ഇസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും ഒരു പുതിയ ഉടമ്പടിചെയ്യുന്ന ദിവസങ്ങൾ വരുന്നു.
അതിനു കാരണം ആ ഉടമ്പടി സ്വീകരിച്ച മനുഷ്യനിലെ കുറവായിരുന്നു. ആ കുറവ് മനുഷ്യനിലെ നീക്കപ്പെടാത്ത പാപമായിരുന്നു. കാളകളുടെയും, കോലാടുകളുടെയും രക്തത്തിനു പാപത്തെ നീക്കുവാൻ കഴിഞ്ഞില്ല.അതിനാൽ പഴയ നിയമ പ്രവാചകന്മാരിലൂടെ ദൈവം താൻ സ്ഥാപിക്കുന്ന പുതിയ ഉടമ്പടിയുടെ വാഗ്ദാനം ഇസ്രായേലിനു നൽകി.
ആ ഉടമ്പടി ക്രിസ്തു തൻ്റെ രക്തത്താൽ ഉറപ്പിച്ചു. ക്രിസ്തുവിൻ്റെ നിത്യയാഗത്താൽ പാപങ്ങൾക്ക് എന്നെന്നേക്കും പരിഹാരം വരുത്തുകയും, മനുഷ്യൻ്റെ പാപഹൃദയത്തെ നീക്കുകയും, ദൈവവുമായുള്ള പരിപൂർണതയുള്ള ബന്ധം സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ പഴയ കാലഹരണപ്പെട്ട ഉടമ്പടിയെ റദ്ദാക്കുകയും ചെയ്തു.
9 ഞാന്‍ അവരുടെ പൂർവികരുടെ കൈക്കുപിടിച്ച് ഈജിപ്തിൽ നിന്നു കൊണ്ടുവന്ന നാളിൽ അവരോടു ചെയ്തതുപോലെയുള്ള ഉടമ്പടിയല്ല അത്.”
ദൈവം മോശയിൽ കൂടി കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്താൽ സ്ഥാപിച്ച പഴയ ഉടമ്പടി പോലെയല്ല ക്രിസ്തുവിൻ്റെ രക്തത്താൽ സ്ഥാപിച്ച പുതിയ ഉടമ്പടി എന്ന് ലേഖകൻ ആവർത്തിക്കുന്നു. പഴയ ഉടമ്പടി കലഹരണപ്പെടുന്നതായിരുന്നു. ഭൗതികമായ വാഗ്‌ദാനങ്ങളിൽ സ്ഥാപിതമായിരുന്നു. പാപങ്ങളെ നീക്കുവാൻ കഴിവില്ലാത്തതായിരുന്നു. മനുഷ്യനെ ദൈവാനുമായുള്ള സമ്പൂർണ്ണ ബന്ധത്തിലേക്ക് കൊണ്ടുവരുവാൻ കഴിയാത്തതായിരുന്നു.
എന്നാൽ പുതിയ ഉടമ്പടിയുടെ കീഴിലെ അതിവിശിഷ്ടമായ ഈ കുറവുകളെ എല്ലാം പരിഹരിക്കുന്നതാണ്.ആ വാഗ്ദാനങ്ങൾ തുടർന്നുള്ള വാക്യങ്ങളിൽ നമുക്ക് കാണാവുന്നതാണ്.
വാക്യം 10-12 സർവേശ്വരന്‍ ഇങ്ങനെ അരുൾചെയ്യുന്നു:“വരുംകാലത്ത് ഇസ്രായേൽജനത്തോടു ഞാന്‍ ചെയ്യുവാനിരിക്കുന്ന ഉടമ്പടി ഇതാകുന്നു:എന്‍റെ നിയമങ്ങൾ അവരുടെ മനസ്സിൽ ഞാന്‍ നല്‌കും;അവരുടെ ഹൃദയങ്ങളിൽ അവ ആലേഖനം ചെയ്യും.ഞാന്‍ അവരുടെ ദൈവമായിരിക്കും;അവർ എന്‍റെ ജനവുമായിരിക്കും.സർവേശ്വരനെ അറിയുക എന്ന് അവരിലാർക്കും തന്‍റെ സഹപൗരനെയോ സഹോദരനെയോ പറഞ്ഞു പഠിപ്പിക്കേണ്ടിവരികയില്ല;എന്തെന്നാൽ ഏറ്റവും എളിയവന്‍തൊട്ട് ഏറ്റവും വലിയവന്‍വരെ എല്ലാവരും എന്നെ അറിയും;അവരുടെ അധർമം ഞാന്‍ പൊറുക്കും; അവരുടെ പാപങ്ങൾ ഒരിക്കലും ഓർക്കുകയുമില്ല.”
യേശുക്രിസ്തുവിൻ്റെ രക്തത്താൽ സ്ഥാപിതമായ പുതിയ ഉടമ്പടിയിൽ പങ്കാളികൾ ആകുന്നവർക്കുള്ള അതിശ്രേഷ്ഠ വാഗ്ദാനങ്ങൾ ഇവയാണ്.
എല്ലാ പാപങ്ങളിൽനിന്നും ഉള്ള പൂർണ്ണമായ ക്ഷമയും പൂർണ്ണമായ വിടുതലും, പാപ പൂർണമായ, കല്ലായുള്ള പാപ ഹൃദയം നീക്കപ്പെടുക ,മാംസളമായ പുതിയ ഹൃദയം നല്കപ്പെടുക, പുതിയ ഹൃദയത്തിൽ ദൈവത്തിൻ്റെ ന്യായപ്രമാണം എഴുതപ്പെടുക, പാപത്തിൻ്റെ ശക്തിയിൽനിന്നു എന്നെന്നേക്കുമായി സ്വതന്ത്രനാവുകയും, ആത്മാവിനാൽ നയിക്കപ്പെടുകയും ചെയ്യുക, ദൈവീക സ്വസ്ഥതയാകുന്ന ശബ്ബത്തിൽ എല്ലാക്കാലവും വസിക്കുക, സ്വന്ത പിതാവിനെന്ന നിലയിൽ ദൈവത്തെ അറിയുക, ദൈവം നമ്മുടെ ഹൃദയത്തിൽ വസിക്കുക , പിതാവായ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുക തുടങ്ങിയ അതി ശ്രേഷ്ഠമായ,അതി മഹത്വകരമായ വാഗ്ദാനങ്ങള്‍. പഴയ ഉടമ്പടിയുടെയും ലേവ്യ പൗരോഹിത്യത്തിൻ കീഴിൽ ഇതൊന്നും തന്നെ സാധ്യമായിരുന്നില്ല.പഴയ ഉടമ്പടിയുടെ ന്യൂനതയും അത് തന്നെ.
വാക്യം 13 ഒരു പുതിയ ഉടമ്പടി എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ ദൈവം കാലഹരണപ്പെടുത്തിയിരിക്കുന്നു; പഴകുന്നതും ജീർണിക്കുന്നതുമായവ എന്തും ക്ഷണം അപ്രത്യക്ഷമാകും
അതേ, പുതിയ ഉടമ്പടി സ്ഥാപിക്കപ്പെട്ടപ്പോൾ പഴയ ഉടമ്പടി സമ്പ്രദായം അതിൻ്റെ ബലഹീനതയും, ന്യൂനതയും മൂലം കാലഹരണപ്പെട്ടിരിക്കുന്നു.ഇന്നും കാലഹരണപ്പെട്ട പഴയ ഉടമ്പടിയിലെ വാഗ്ദാനങ്ങൾ പ്രസംഗിക്കുന്നവർ ജനത്തെ വഞ്ചിക്കുകയാണ്.
എന്നാൽ കാലഹരണപ്പെട്ട ഉടമ്പടിയുടെ സ്ഥാനത്തു യേശുവിൻ്റെ രക്തത്താൽ അതി ശ്രെഷ്ഠമായ പുതിയ ഉടമ്പടി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പഴയതിനെ നീക്കിക്കളയുവാൻ തക്കവണ്ണം പര്യാപ്തമാണ് പുതിയത്. അന്ന് മുതൽ യേശുക്രിസ്തു മെച്ചപ്പെട്ട വാഗ്ദാനങ്ങളിൽ സ്ഥാപിക്കപ്പെട്ട ഒരു ശ്രേഷ്ഠമായ ഉടമ്പടിയുടെ മധ്യസ്ഥനായ, മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരമുള്ള പുരോഹിതൻ ആയി നമുക്ക് വേണ്ടി സ്വർഗീയ കൂടാരത്തിൽ ദൈവത്തിൻ്റെ വലതു ഭാഗത്തു ശുശ്രൂഷ ചെയ്യുന്നു.
താഴെയുള്ള ലിങ്കുകളിൽ ഈ പഠനം പൂർണ്ണമായും ലഭ്യമാണ്.
ജിനു നൈനാൻ
ഹെബ്രായ ലേഖനം : ഒരു പഠനം - ആമുഖം
ഹെബ്രായ ലേഖനം അധ്യായം 1
ഹെബ്രായ ലേഖനം അധ്യായം 2
ഹെബ്രായ ലേഖനം അധ്യായം 3
ഹെബ്രായ ലേഖനം അധ്യായം 4
ഹെബ്രായ ലേഖനം അധ്യായം 4: 14,15
ഹെബ്രായ ലേഖനം അധ്യായം 5
ഹെബ്രായ ലേഖനം അധ്യായം 6
ഹെബ്രായ ലേഖനം അധ്യായം 7 - ആമുഖം
ഹെബ്രായ ലേഖനം അധ്യായം 7
ഹെബ്രായ ലേഖനം അധ്യായം 8
ഹെബ്രായ ലേഖനം അധ്യായം 9
ഹെബ്രായ ലേഖനം അധ്യായം 10 (1-18)
ഹെബ്രായ ലേഖനം അധ്യായം 10 (19-38)
ഹെബ്രായ ലേഖനം അധ്യായം 11
ഹെബ്രായ ലേഖനം അധ്യായം 12(1-17)
ഹെബ്രായ ലേഖനം അധ്യായം 12(18-28)
ഹെബ്രായ ലേഖനം അധ്യായം 13