ഹെബ്രായ ലേഖനം അദ്ധ്യായം 7 - മൽക്കിസെദേക്കിൻ്റെ ക്രമപ്രകാരമുള്ള ശ്രെഷ്ഠ പൗരോഹിത്വം

മൽക്കിസെദേക്കിൻ്റെ ക്രമപ്രകാരമുള്ള പൗരോഹിത്യവും ലേവ്യ പൗരോഹിത്യവും തമ്മിലെ വ്യത്യാസം.
വാക്യം 1 ശാലേം രാജാവും അത്യുന്നതനായ ദൈവത്തിൻ്റെ പുരോഹിതനുമായ ഈ മൽക്കീസേദെക്, രാജാക്കന്മാരെ നിഗ്രഹിച്ച് മടങ്ങിവരുന്ന അബ്രഹാമിനെ എതിരേറ്റു ചെന്ന് അനുഗ്രഹിച്ചു.
ലേവ്യ പൗരോഹിത്യത്തിൽ ആരും ഒരേസമയം പുരോഹിതനും രാജാവായിട്ടില്ല. കാരണം ദാവീദിൻ്റെ വംശത്തിൽപ്പെട്ടവർക്കാണ് രാജാധികാരം ലഭിക്കുക.പൌരോഹിത്യം അഹരോന്യ വംശത്തിൽ നിന്നും. എന്നാൽ മൽക്കീസേദെക് ഒരേ സമയം തന്നെ രാജാവും പുരോഹിതനുമാണ്; കൂടാതെ, ദൈവവചനം ആദ്യമായി രാജാവായും പുരോഹിതനായും പരിചയപ്പെടുത്തുന്നത് മൽക്കീസേദെക്കിനെയാണ്. അതിനാൽ മൽക്കിസെദേക്ക് ലേവ്യപൗരോഹിതൻമാരെക്കാൾ മുൻപേയുള്ള, ദൈവത്താല്‍ നിയമിതനായ പുരോഹിതനാണ് എന്ന് ലേഖകൻ ഇവിടെ തെളിയിക്കുന്നു.
2 അബ്രാഹാം മൽക്കീസേദെക്കിന് താൻ പിടിച്ചടക്കിയ സകലത്തിൽ നിന്നും പത്തിലൊന്ന് വീതം കൊടുത്തു. മൽക്കീസേദെക്ക് എന്ന പേരിന് നീതിയുടെ രാജാവെന്നും, ശലേംരാജാവ് എന്നതിന് സമാധാനത്തിൻ്റെ രാജാവ് എന്നും അർത്ഥം ഉണ്ട്.
മൽക്കിസദേക് എന്ന പദത്തിന് നീതിയുടെ രാജാവ് എന്നാണ് അർഥം. മാത്രമല്ല മൽക്കീസേദെക്ക് ശാലേം എന്ന പ്രദേശത്തിൻ്റെ രാജാവ് ആണ്. അത് യെരൂശലേമിൻ്റെ പുരാതന നാമം എന്ന് പലരും വിശ്വസിക്കുന്നു.ശാലേം എന്ന പദത്തിന് സമാധാനം എന്നാണ് അർഥം. ആ അർത്ഥത്തിൽ മൽക്കീസേദെക്ക് സമാധാനത്തിൻ്റെ രാജാവ് ആണ്.
ഈ രണ്ടു നാമങ്ങളും ക്രിസ്തുവിനു ഉപയോഗിച്ചിട്ടുള്ളതാണ്.
എബ്രായലേഖനത്തിൻ്റെ ആദ്യ അധ്യായത്തിൽ, 45-ാം സങ്കീർത്തനത്തിൽ നിന്ന് ഉദ്ധരിച്ച് എഴുത്തുകാരൻ പറയുന്നു, "പുത്രനെക്കുറിച്ച് അവൻ പറയുന്നു, "ദൈവമേ, നിൻ്റെ സിംഹാസനം എന്നേക്കും നിലനിൽക്കും, നീതി നിൻ്റെ രാജ്യത്തിൻ്റെ ചെങ്കോൽ ആയിരിക്കും. നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു; (ഹെബ്രായർ 1:8-9).
ക്രിസ്തുവിനെക്കുറിച്ച് യെശയ്യാവ് ഇങ്ങനെ പ്രവചിച്ചു “നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്കൊരു മകൻ നൽകപ്പെട്ടിരിക്കുന്നു, ഭരണം അവൻ്റെ ചുമലിൽ ആയിരിക്കും. അവൻ അത്ഭുതകരമായ ഉപദേശകൻ, ശക്തനായ ദൈവം, നിത്യപിതാവ്, സമാധാനത്തിൻ്റെ പ്രഭു എന്നു വിളിക്കപ്പെടും" (ഏശയ്യാ 9:6)
വാക്യം 3 അവന് പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന് തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.
ലേവ്യ പൌരോഹിത്യം വംശാവലി പ്രകാരമാന് ഒരുവന് ലഭിക്കുന്നത്.പൌരോഹിത്യം ലഭിക്കണം എങ്കിൽ വംശാവലി തെളിയിക്കപ്പെടേണ്ടത് ആവശ്യമാണ്. എന്നാൽ അവര്‍ക്ക് മുന്നമെയുള്ള മഹാപുരോഹിതനായ മെൽക്കീസേദക്കിൻ്റെ വംശാവലി രേഖപ്പെടുത്തിയിട്ടില്ല എന്ന് എഴുത്തുകാരൻ ഇവിടെ വ്യക്തമാക്കുന്നു.
മുൻപ് സൂചിപ്പിച്ചതു പോലെ മൽക്കിസെദേക്കിനെ പറ്റി അധികം വിവരങ്ങൾ പഴയ നിയമത്തിൽ ലഭ്യമല്ല, യേശു ക്രിസ്തുവിൻ്റെ മഹാപുരോഹിത്വത്തിനു നിഴലായി ആണ് നാം മൽക്കിസെദേക്കിനെ കാണുന്നത്.ഈ വാക്യത്തിൽ കൂടി വംശാവലി പ്രകാരം പുരോഹിതന്മാർ ആകുന്ന ലേവ്യ പുരോഹിതന്മാരുമായുള്ള താരതമ്യത്തിൽ അവരെക്കാൾ ശ്രെഷ്ഠനായ, ഈ കാര്യങ്ങൾ ഒന്നും രേഖപ്പെടുത്താത്ത മൽക്കിസെദേക്, ആ വിധത്തിൽ ദൈവപുത്രനായ യേശുക്രിസ്തുവിനു തുല്യൻ എന്നാണ് ലേഖകൻ ഇവിടെ അർത്ഥമാക്കുന്നത്. പതിനാറാമത്തെ വാക്യത്തിൽ ഇത് തന്നെയാണ് കൂടുതൽ വിശദീകരിക്കുന്നത്.
ക്രിസ്തുവിനു തുല്യനായ പുരോഹിതൻ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നതിനാൽ ഇത് ക്രിസ്തുവിൻ്റെ തന്നെ പൂർവ്വപ്രത്യക്ഷത ആണ് എന്നുള്ള വാദം തെറ്റാണു എന്ന് ഉറപ്പിക്കാം.11ആം വാക്യത്തിലും ക്രിസ്തുവിനെ മൽക്കിസെദേക്കിനെ പ്പോലെ മറ്റൊരു പുരോഹിതന്‍ എന്ന് മൽക്കിസെദെക്കിൽ നിന്നും വ്യത്യസ്തനായി പറഞ്ഞിരിക്കുന്നു.
മൽക്കിസെദേക്കിൻ്റെ ക്രമപ്രകാരമുള്ള പൗരോഹിത്യത്തിൻ്റെ ശ്രേഷ്ഠത
വാക്യം 4 ഇവൻ എത്ര മഹാൻ എന്നു ശ്രദ്ധിക്കുവിൻ; നമ്മുടെ പൂർവ്വപിതാവായ അബ്രഹാംകൂടെയും യുദ്ധത്തിൽ പിടിച്ചെടുത്ത വിശേഷസാധനങ്ങളിൽ നിന്നും പത്തിലൊന്ന് അവന് കൊടുത്തുവല്ലോ. 5 ലേവിപുത്രന്മാരിൽ പൗരോഹിത്യം ലഭിക്കുന്നവർക്കു ന്യായപ്രമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാൻ കല്പന ഉണ്ട്; അത് അബ്രഹാമിൻ്റെ സന്തതികളായി തീർന്ന യിസ്രായേല്യരോടാകുന്നു വാങ്ങുന്നതു.
അബ്രാഹത്തിൻ്റെ സന്തതിപരമ്പരയിൽ നിന്നു ജനിച്ച ലേവ്യ പുത്രൻമാർക്കാണ് ദശാംശം വാങ്ങുവാൻ ഉള്ള അവകാശം ദൈവത്തിൽ നിന്നും ലഭിച്ചത്. എന്നാൽ അതെ ലേവി തന്നെ അബ്രഹാമിൽ കൂടി മൽക്കീസേദെക്കിനു ദശാംശം കൊടുത്തു എന്ന് ഹെബ്രായ ലേഖകൻ സമർഥിക്കുന്നു.
ഹെബ്രായ ലേഖകൻ ഈ അടിസ്ഥാന ആശയമാണ് മുൻപോട്ടു വിശദീകരിക്കുന്നത്. മൽക്കീസേദെക്ക് എന്ന മഹാപുരോഹിതൻ്റെ മഹത്വം കണ്ടപ്പോൾ ലേവിയുടെ പൂർവ്വ പിതാവായ അബ്രാഹാം അദ്ദേഹത്തിനു തൻ്റെ സമ്പത്തിൽ നിന്നും ദശാംശം കൊടുത്തു.
ശ്രദ്ധിക്കുക ഇവിടെ അബ്രഹാം സ്വമേധയാ മൽക്കിസെദെക്കിനു ദശാംശം നൽകുകയായിരുന്നു. അല്ലാതെ അവിടെ ദശാംശത്തിനു കൽപ്പന ഉണ്ടായിരുന്നില്ല.
(ഇവിടെ ഒരു കാര്യം കൂടി സന്ദർഭവശാൽ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇന്ന് ലേവ്യപുരോഹിത്വം നിലവിൽ ഇല്ല ലേവ്യ പുരോഹിതവർഗ്ഗവുമായി ബന്ധപ്പെട്ടാണ് പുരോഹിതനു വിശ്വാസികൾ ദശാംശം കൊടുക്കുവാൻ കൽപ്പന ഉണ്ടായിരുന്നതു .പഴയ ഉടമ്പടിയിൽ പുരോഹിതൻ, വിശ്വാസി എന്ന വേർതിരിവ് ഉള്ളയിടത്തായിരുന്നു വിശ്വാസികൾ പുരോഹിതനു ദശാംശം കൊടുത്തുപോന്നത്.
എന്നാല്‍ പുതിയ ഉടമ്പടിയില്‍ ലേവ്യ പൌരോഹിത്വം മാറ്റപ്പെട്ടതോട് കൂടി ഈ വ്യത്യാസം മാറ്റപ്പെട്ടതു കാരണം ദശാംശം എന്ന പഴയനിയമ പ്രമാണവും മാറ്റപ്പെട്ടു അതുകൊണ്ടുതന്നെ ദശാംശം എന്നൊരു കാര്യം പുതിയനിയമത്തിൽ ഇല്ല അങ്ങനെ പഠിപ്പിക്കുന്നുമില്ല അതിനുപകരം പങ്കിടൽ ആണ് ഉള്ളത്. എല്ലാവരും അന്യോന്യം അവരുടെ ആവശ്യങ്ങൾ കണ്ടിട്ട് പങ്കിടുകയാണ് ആദിമസഭയിൽ ചെയ്തുപോന്നത്.
പഴയനിയമത്തിലെ ന്യായപ്രമാണത്തിനോ നിയമങ്ങള്‍ക്കോ പുതിയനിയമ വിശ്വാസികള്‍ ബാദ്ധ്യസ്തരാണെന്ന് പുതിയനിയമത്തില്‍ എവിടേയും പറയുന്നില്ല. എന്നാല്‍ പുതിയനിയമ വിശ്വാസികള്‍ സഭാകാര്യങ്ങള്‍ക്കായി അവരുടെ വരുമാനത്തില്‍ നിന്ന് ഒരു പങ്ക് മാറ്റിവയ്ക്കണം എന്ന് അപ്പൊസ്തലനായ പൌലോസ് പറയുന്നുണ്ട് (1കൊരി.16:1-2). ഈ വിഷയത്തെപ്പറ്റി എല്ലാ വിശ്വാസികളും കൃത്യമായി ഇത്ര ശതമാനം മാറ്റിവയ്ക്കണം എന്നു പറയാതെ അവരവര്‍ക്ക് "കഴിവുള്ളത്" ചേര്‍ത്തുവയ്ക്കണം എന്നണ് പുതിയ നിയമത്തില്‍ പറഞ്ഞിരിക്കുന്നത് (1കൊരി.16:2).
പഴയ നിയമ പൗരോഹിത്വ വ്യവസ്ഥിതിയുടെ ബാക്കി പത്രമാണ് ഇന്ന് പെന്തെകൊസ്തു സഭകളിൽ ദശാംശം പാസ്റ്റർക്കു കൊടുക്കുക എന്ന ഉപദേശവും . അന്നത്തെ ദേവാലയത്തിൽ ദൈവീക ശുശ്രൂഷകള്‍ ചെയ്തിരുന്ന പുരോഹിതന്‍മാരുടേയും ലേവ്യരുടേയും സന്ധാരണ ത്തിനായി ഏര്‍പ്പെടുത്തിയ ഒരു വ്യവസ്ഥ കൂടിയായി രുന്നു അത്. പഴയ നിയമ പൗരോഹിത്വം മാറ്റപ്പെട്ടു എന്ന് പറയുകയും, പോരോഹിത്വ സഭകൾ വിട്ടു പോരുകയും പഴയ നിയമ പൗരോഹിത്വത്തിന്‍റെ ഭാഗമായ 'ദശാംശം' നിലനിർത്തുകയും ചെയ്യുന്നത് തികച്ചും വൈരുധ്യം തന്നെ.)
വാക്യം 6 എന്നാൽ മൽക്കീസേദെക്ക് ലേവിയുടെ വംശാവലിയിൽ ഉൾപ്പെടാത്തവൻ ആണെങ്കിലും അബ്രഹാമിനോട് ദശാംശം വാങ്ങിയും ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ പ്രാപിച്ചവനെ അനുഗ്രഹിച്ചുമിരിക്കുന്നു. 7ഉയർന്നവൻ താണവനെ അനുഗ്രഹിക്കുന്നു എന്നതിന് തർക്കം ഏതുമില്ലല്ലോ
ദശാംശം സ്വീകരിച്ചത് കൂടാതെ ലേവിയുടെ പൂർവ്വികനായ അബ്രാഹമിനെ മൽക്കീസേദെക്ക് അനുഗ്രഹിച്ചു. അനുഗ്രഹിക്കുന്നവൻ അനുഗ്രഹം സ്വീകരിക്കുന്നവനെക്കാൾ ഉയർന്നവൻ ആണ് എന്നത് വ്യക്തമാണ്. അത് പോലെ ദശാംശം വാങ്ങുന്നവൻ കൊടുക്കുന്നവനെക്കാൾ ഉയർന്നവൻ ആണ് ഈ രണ്ടു സംഭവങ്ങളും കൂടി ലേഖകൻ തെളിയിക്കുന്നത് മെൽക്കിസെസ്കിൻ്റെ പുരോഹിത്വം ലേവ്യ പൗരോഹിത്വത്തേക്കാൾ മുന്‍പിലത്തെതായിരുന്നു എന്ന് മാത്രമല്ല ഉയർന്നതുമായിരുന്നു എന്നതാണ്.
8 ഇവിടെ മരിക്കുന്ന പുരോഹിതർ ദശാംശം വാങ്ങുന്നു; എന്നാൽ അവിടെയോ അങ്ങനെയല്ല എന്നേക്കും ജീവിച്ചിരിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവൻ തന്നേ ദശാംശം വാങ്ങുന്നു
ഉല്പത്തി പുസ്തകം അനേകരുടെ വംശാവലിയുടെയും ജനന മരണങ്ങളുടെയും ഒരു രേഖാ പുസ്തകവും കൂടിയാണ്. ആദം മുതൽ ഉള്ള അനേക പൂർവ്വ പിതാക്കന്മാരുടെ മരണവും, അനേകരുടെ വംശാവലിയും ഉത്പത്തിയിൽ രേഖപ്പെടുത്തുന്നു. എന്നാൽ ജനനവും മരണവും, വംശാവലിയും രേഖപ്പെടുത്താതെ ഉള്ള പ്രധാന വ്യക്തി മൽക്കിസെദേക് മാത്രമാണ് അതിനാൽ എന്നേക്കും ജീവിച്ചിരിക്കുന്ന ദൈവപുത്രന് സമനായ പുരോഹിതൻ ആണ് അബ്രഹാമിൽ നിന്നും ദശാംശം സ്വീകരിച്ച മൽക്കിസെദേക് എന്ന് ലേഖകൻ ഇവിടെ തെളിയിക്കുന്നു.
9 ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാം മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു എന്നു ഒരു വിധത്തിൽ പറയാം. 10അവൻ്റെ പിതാവിനെ മൽക്കീസേദെക്ക് എതിരേറ്റപ്പോൾ ലേവി അവൻ്റെ ശരീരത്തിൽ അടങ്ങിയിരുന്നുവല്ലോ
ഉല്പത്തി പുസ്തകത്തിൽ കൂടി ഹെബ്രായ ലേഖകൻ തെളിയിക്കാൻ ശ്രമിക്കുന്ന ഏറ്റവും പ്രാധാന്യതയുള്ള വിഷയം ഇതാണ്. മൽക്കീസേദെക്ക് അബ്രഹാമിൽ നിന്നും ദശാംശം സ്വീകരിക്കുയും , അബ്രഹാമിനെ അനുഗ്രഹിക്കുകയും ചെയുമ്പോൾ അവിടെ യഥാർത്ഥത്തിൽ ദശാംശം കൊടുക്കുകയും, അനുഗ്രഹം സ്വീകരിക്കുകയും ചെയ്യുന്നത് അബ്രഹാമിൻ്റെ ഉള്ളിൽ ഉള്ള ലേവിയും കൂടിയാണ്.
ദശാംശം വാങ്ങുവാൻ ഉള്ള അവകാശം ദൈവത്തിൽ നിന്നും ലഭിച്ച പുരോഹിതനായ അതെ ലേവി തന്നെ അബ്രഹാമിൽ കൂടി ദൈവത്തിൻ്റെ പുരോഹിതനായ മൽക്കീസേദെക്കിനു ദശാംശം കൊടുത്തു , ലേവി മൽക്കീസേദെക്കിൽ നിന്നും അനുഗ്രഹം സ്വീകരിച്ചു എന്നതിൽ കൂടി ലേവ്യ പുരോഹിത്വത്തേക്കാൾ ശ്രെഷ്ഠവും മുൻപേയുള്ളതും മൽക്കീസേദെക്കിൻ്റെ പുരോഹിത്വം ആണ് എന്നത് താൻ തെളിയിക്കുന്നു.
വാക്യം 11ലേവി പൗരോഹിത്യത്താൽ ജനത്തിന് ന്യായപ്രമാണം ലഭിച്ച് സമ്പൂർണ്ണത വന്നെങ്കിൽ, അഹരോൻ്റെ ക്രമപ്രകാരം എന്നു പറയാതെ മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ വരുവാനുള്ള ആവശ്യം എന്തായിരുന്നു?
അതിനെ തുടർന്ന് ഈ വാക്യത്തിൽ എബ്രായ എഴുത്തുകാരൻ ഉയർത്തുന്ന ചോദ്യവും സമർത്ഥിക്കുന്ന യുക്തിയും സുപ്രധാനമാണ്.
ലേവ്യ പൌരോഹിത്യം വഴി ഒരുവന് സമ്പൂർണ്ണത ഉണ്ടാകുമോ എന്ന ചോദ്യമാണ് എഴുത്തുകാരൻ ഉയർത്തുന്നതു. പൂർണ്ണത ലഭിക്കും എങ്കിൽ ഒരു പുതിയ പുരോഹിതൻ്റെ ആവശ്യമില്ല.
അങ്ങനെയെങ്കിൽ മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരം ഒരു പുതിയ പുരോഹിതനെപ്പറ്റി 110-ാം സങ്കീർത്തനത്തിൽ ദൈവം എന്തിനാണ് ദൈവം വാഗ്ദാനം ചെയ്തത്?
മറ്റൊരു വിധത്തിൽപ്പറഞ്ഞാൽ, മനുഷ്യൻ്റെ പാപം നീക്കുകയും, അവനിൽ പൂർണ്ണത വരുത്തുകയും, ദൈവവും മനുഷ്യനുമായുള്ള തികഞ്ഞ കൂട്ടായ്മ, പൂർണ്ണമായ ബന്ധം എന്നിവ ലേവ്യ പൌരോഹിത്യം സാധിക്കുകയും ചെയ്തിരുന്നു എങ്കിൽ , മറ്റൊരു ക്രമത്തിൽ വേറെ ഒരു പുരോഹിതൻ വരുന്നതിനെപ്പറ്റിയുള്ള വാഗ്ദത്തം ദൈവത്തിനു പിന്നീട് നല്‍കേണ്ട ആവശ്യമില്ലായിരുന്നു.
ഇതൊരു പ്രധാന പ്രസ്താവനയാണ്.കാരണം ദൈവവുമായുള്ള ഒരു ശരിയായ ബന്ധം പഴയ ഉടമ്പടിയിലോ, ന്യായപ്രമാണത്തിലൂടെയോ ലേവി പൌരോഹിത്യത്തിലോ ഒരിക്കലും സാധ്യമായിരുന്നില്ല എന്ന് ദൈവവചനം ഇവിടെ സുവ്യക്തമായി തെളിയിക്കുന്നു.
എബ്രായ എഴുത്തുകാരൻ വാസ്തവത്തിൽ ഇവിടെ സ്ഥാപിക്കുന്നത് , പാപം മൂലം മനുഷ്യനും ദൈവവുമായുണ്ടായ ശത്രുത നീക്കി തികഞ്ഞ ബന്ധം സ്ഥാപിക്കുവാൻ പഴയ ഉടമ്പടിക്കോ , ലേവ്യ പൌരോഹിത്യത്തിനോ ഒരിക്കലും സാധ്യമായിരുന്നില്ല എന്ന് ദൈവം മുന്നമേ അറിഞ്ഞിരുന്നു എന്നതാണ് . അതിനാൽ ആണ് മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരം ഒരു പുതിയ പുരോഹിതനെപ്പറ്റിയുള്ള വാഗ്ദത്തം കൊടുക്കുവാൻ കാരണമായത്.
അതായതു പൂർണ്ണത വരുത്തുവാൻ കഴിയാത്ത , ലേവ്യ പൗരോഹിത്യം മാറ്റുവാനും, പഴയ ഉടമ്പടി റദ്ദാക്കുവാനും യേശു മുഖാന്തരമായി പുതിയ ഉടമ്പടിയും, ദൈവത്തോടുള്ള പൂർണ്ണമായ ബന്ധവും, മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരം ഉള്ള പോരോഹിത്വവും സ്ഥാപിക്കുവാനും ദൈവം മുൻപേ തന്നെ തീരുമാനിച്ചിരുന്നു.
വാക്യം 12 പൗരോഹിത്യം മാറിപ്പോകുന്നതാണെങ്കിൽ ന്യായപ്രമാണത്തിനും കൂടെ മാറ്റം വരേണ്ടത് ആവശ്യമായിരിക്കുന്നു
മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരം യേശു തൻ്റെ ശുശ്രൂഷ തുടങ്ങാനായി ലേവ്യപൗരോഹിത്യം , പഴയ ഉടമ്പടി, ന്യായപ്രമാണം എന്നിവ നീക്കപ്പെടേണ്ട ആവശ്യം ഉണ്ടായിരുന്നു എന്ന് ലേഖകൻ ഇവിടെ വിശദീകരിക്കുന്നു. ഇതിനർത്ഥം ക്രിസ്‌തുവിൻ്റെ ക്രൂശിലെ യാഗത്തോടെ ഇതൊക്കെയും പഴയതായിത്തീർന്നു , നീക്കപ്പെട്ടു ക്രൂശിലെ മരണ പുനരുദ്ധാനത്തോടെ പുതിയ ഉടമ്പടിയും പൗരോഹിത്യവും സ്ഥാപിക്കപ്പെട്ടു എന്നുമാണ്.
യേശുക്രിസ്തുവിൻ്റെ മരണ പുനരുദ്ധാനത്തോടെയാണ് പുതിയ ഉടമ്പടിയും, തൻ്റെ പൗരോഹിത്യവും ആരംഭിക്കുന്നത് എന്നതിന് മറ്റൊരു പ്രധാന തെളിവാണ് ഇതിലൂടെ ഹെബ്രായ ലേഖകന്‍ സ്ഥാപിക്കുന്നത്.
യേശുക്രിസ്തു തൻ്റെ മരണത്താൽ തൻ്റെ ദേഹം എന്ന തിരശീല ചിന്തിക്കൊണ്ട് ദൈവവും മനുഷ്യനും തമ്മിൽ സമ്പൂർണ്ണമായ ബന്ധവും കൂട്ടായ്മയും പുനഃസ്ഥാപിച്ചു. ഭൗമികമായ ദേവാലയത്തിൻ്റെ തിരശീല ചിന്തിക്കൊണ്ട് ദൈവം ലേവ്യ പൌരോഹിത്യം അവസാനിപ്പിക്കുകയും, മെൽക്കിസെസ്കിൻ്റെ ക്രമപ്രകാരം എന്നെന്നക്കും നിലനില്‍ക്കുന്ന പൌരോഹിത്യം ആരംഭിക്കുകയും ചെയ്തു.
വാക്യം 16 മാനുഷികമായ പിന്തുടർച്ചയെപ്പറ്റിയുള്ള നിയമമനുസരിച്ചല്ല, അനശ്വരമായ ജീവൻ്റെ ശക്തി മുഖേനയാണ് അവിടുന്നു പുരോഹിതന്‍ ആയിരിക്കുന്നത്.മെല്‌ക്കിസെദേക്കിനെപ്പോലെ മറ്റൊരു പുരോഹിതന്‍ ആവിർഭവിക്കുന്നതിൽനിന്ന് ഇതു കൂടുതൽ വ്യക്തമാകുന്നു.
ഇവിടെ ഹെബ്രായ ലേഖന കർത്താവ് യേശുക്രിസ്തു, മൽക്കിസെദേക്കിനെപ്പോലെയുള്ള പുരോഹിതൻ ആണ് എന്നതിന് മറ്റൊരു കാരണം കൂടി ചൂണ്ടിക്കാണിക്കുന്നു. യേശുക്രിസ്തു മഹാ പുരോഹിതന്‍ ആയതു, ലേവ്യ പുരോഹിതന്മാരെ പോലെ മാനുഷികമായ പിന്തുടർച്ചയെപ്പറ്റിയുള്ള വംശാവലി നിയമമനുസരിച്ചല്ല, മറിച്ചു അനശ്വരമായ ജീവൻ്റെ ശക്തി മുഖേനയാണ് എന്നാണ് ലേഖകൻ പറയുന്നതു.മെല്‌ക്കിസെദേക്കും പുരോഹിതനായത് വംശാവലി നിയമമനുസരിച്ചല്ല എന്നത് മൂന്നാമത്തെ വാക്യത്തിൽ വ്യക്തമാണല്ലോ.
ഈ അനശ്വരമായ ജീവശക്തി യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച പരിശുദ്ധാത്മാവിൻ്റെ ശക്തിയാണ് എന്നും പരിശുദ്ധാത്മ ശക്തിയാൽ യേശു മരണത്തെ തോൽപ്പിച്ചു ഉയിർത്തെഴുന്നേറ്റു എന്നും, ദൈവത്തിൻ്റെ വലതു ഭാഗത്തു ഇരുന്നു മഹാപുരോഹിതൻ എന്ന നിലയിൽ പക്ഷപാദം ചെയ്യുകയും ചെയ്യുന്നു എന്നും പൗലോസ് വ്യക്തമാക്കുന്നു.(എബ്രായർ 7:16, എഫെസ്യർ 1:19, 20)
അതിനാല്‍ ഹെബ്രായ ലേഖകന്‍ പറയുന്നത്. യേശുക്രിസ്തു മഹാപുരോഹിതനായതു, കൈവപ്പിനാലോ, മാനുഷിക പാരമ്പര്യമനുസരിച്ചോ, പിന്തുടർച്ചയിലോ അല്ല പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ആണ് എന്നാണ്.
യേശുക്രിസ്തുവിൻ്റെ പൗരോഹിത്യത്തിൻ്റെ പിന്തുടർച്ച
പലരും ചിന്തിക്കുന്നത് പുതിയ നിയമത്തിൽ പൗരോഹിത്വമോ പൗരോഹിത്വ പിന്തുടർച്ചയോ ഇല്ല എന്നതാണ് .എന്നാൽ അത് തെറ്റാണു. യേശുക്രിസ്തുവിൽ കൂടിയുള്ള മൽക്കിസെദേക്കിൻ്റെ ക്രമത്തിലുള്ള പൗരോഹിത്വം തുടർച്ചയുള്ളതാണ് ; എങ്ങനെയാണ് യേശുക്രിസ്തുവിൻ്റെ പൗരോഹിത്യം തുടരുന്നത്?
യേശുക്രിസ്തുവിനെ മരണത്തിൽ നിന്നും ഉയിര്‍തെഴുന്നേൽപ്പിച്ച അതേ പരിശുദ്ധാത്മാവിനാൽ നാം മരണത്തിൽ നിന്നും ഉയിര്‍തെഴുന്നേൽക്കുമ്പോൾ, അഥവാ വീണ്ടും ജനിക്കുമ്പോള്‍ നാം അതെ ക്രമത്തില്‍ പുരോഹിതന്മാര്‍ ആയിത്തീരുന്നു.
എഫെസ്യര്‍ 2:1,4 അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചുഅതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു.
1 പത്രോസ് 2: 5 - 9 വരെയുള്ള വാക്യങ്ങളിൽ പത്രോസ് അത് വിശദീകരിക്കുന്നു
മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ #ജീവനുള്ള കല്ലായ അവൻ്റെ അടുക്കൽ വന്നിട്ടു നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ# …., #വിശുദ്ധ പുരോഹിതവർഗമാകേണ്ടതിനു പണിയപ്പെടുന്നു#
അതെ ജീവനുള്ള കല്ലായ യേശുക്രിസ്തുവില്‍ നിന്നും ജീവന്‍ പ്രാപിക്കുന്നവര്‍ യേശുക്രിസ്തുവിൻ്റെ പൌരോഹിത്വത്തിൻ്റെ പിന്തുടര്‍ച്ചക്കാര്‍ ആണ്. വീണ്ടും ജനിച്ച ദൈവമക്കള്‍ ക്രിസ്തുവിനെപ്പോലെ രാജകീയ പുരോഹിതന്‍മാരാണ് എന്ന് അനേക വാക്യങ്ങളിൽ കൂടെ ദൈവ വചനം വ്യക്തമാക്കുന്നു
വെളിപ്പാട് 1: 6 നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തൻ്റെ രക്തത്താൽ വിടുവിച്ചു തൻ്റെ പിതാവായ #ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും# ആക്കിത്തീർത്തവനുമായവന് എന്നെന്നേക്കും മഹത്ത്വവും ബലവും;
ഇതില്‍ നിന്നും യേശുക്രിസ്തു പൌരോഹിത്വം പ്രാപിച്ചതും, അത് തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് നല്‍കപ്പെടുന്നതും ലേവ്യ പൗരോഹിത്വം പോലെ മാനുഷിക പിന്തുടർച്ചയാലൊ കൈവപ്പിനാലോ അല്ല, പകരം പരിശുദ്ധാത്മാവിനാൽ ആണ് എന്ന് നമുക്ക് മനസിലാക്കാം.
വാക്യം 18 പഴയ കല്പന ദുർബലവും പ്രയോജനരഹിതവുമാകയാൽ അത് അസാധുവാക്കപ്പെട്ടിരിക്കുന്നു. നിയമം ഒന്നിനെയും പൂർണമാക്കുന്നില്ലല്ലോ.
എന്നാൽ പഴയ ഉടമ്പടിയുടെ ഭാഗമായ മാനുഷിക പൌരോഹിത്യവും ഉപേക്ഷിക്കപ്പെടേണ്ടതാണ് അതിനു കാരണം അതിൻ്റെ ദൗർബ്ബല്യവും ഉപയോഗ ശൂന്യതയുമാണ്.
ന്യായപ്രമാണത്തിൻ്റെ ദൗർബ്ബല്യവും ഉപയോഗശൂന്യതയും, മനുഷ്യനിലെ പാപസ്വാഭാവത്തെ നീക്കുവാൻ കഴിയാത്തതാണ്. അത് മൂലം ദൈവവുമായുള്ള സമ്പൂർണ്ണമായ ബന്ധത്തിലേക്കു അവനെ കൊണ്ടുവരാൻ കഴിഞ്ഞില്ല (റോമർ 8: 3).
വാക്യം 19 എന്നാല്‍ അതിനെക്കാൾ മികച്ച പ്രത്യാശ ഇപ്പോൾ നമുക്കു നല്‌കപ്പെട്ടിരിക്കുന്നു. അതിൽകൂടി നാം ദൈവത്തെ സമീപിക്കുകയും ചെയ്യുന്നു.
എന്നാൽ യേശുക്രിസ്തുവിൻ്റെ ക്രൂശിലെ യാഗത്തിൽ കൂടി നമ്മുടെ പാപ ഹൃദയത്തെ ദൈവം നീക്കുകയും, ദൈവവുമായി ആത്മാവിൽ ഉള്ള സമ്പൂർണ്ണമായ ബന്ധത്തിലേക്കു നമ്മെ കൊണ്ടുവരികയും ചെയ്യുന്നു , അതിനാൽ ദൈവത്തെ നമുക്ക് ധൈര്യപൂർവ്വം സമീപിക്കാം എന്നതാണ് പുതിയ ഉടമ്പടിയിലെ മികച്ചതായ പ്രത്യാശ.
ദുര്‍ബ്ബലവും, ഉപയോഗ ശൂന്യവുമായ പഴയ ഉടമ്പടിയും പൗരോഹിത്യവും നീക്കപ്പെടുമ്പോള്‍ മാത്രമേ പുതിയ ഉടമ്പടിയും മൽക്കീസേദെക്കിൻ്റെ ക്രമത്തിൽ ഉള്ള പൗരോഹിത്യത്തിലും സ്ഥാപിക്കാനാവൂ എന്നതാണ് ഇവിടെ വീണ്ടും തെളിയിക്കപ്പെടുന്നത്.
വാക്യം 20 ദൈവത്തിൻ്റെ ശപഥം കൂടാതെയാണല്ലോ മറ്റുള്ളവർ പുരോഹിതന്മാരായിത്തീർന്നത്. 21എന്നാൽ യേശു പുരോഹിതനായപ്പോൾ ദൈവം അവിടുത്തോട് ഇപ്രകാരം പറഞ്ഞു: സർവേശ്വരന്‍ ശപഥം ചെയ്തിട്ടുണ്ട്;അതിൽനിന്ന് അവിടുന്നു മാറുകയില്ല; ‘നീ എന്നേക്കും ഒരു പുരോഹിതനായിരിക്കും
ഇവിടെ സുപ്രധാനമായ ഒരു വിഷയമാണ് ലേഖകന്‍ വിവരിക്കുന്നത്.പഴയ ഉടമ്പടിയേയും, പുരോഹിത്യത്തെയും ദൈവം നീക്കി എന്ന് മനസ്സിലാകുമ്പോൾ സ്വാഭാവികമായും ഒരു വിശ്വാസിക്ക് മനസ്സിൽ ഒരു ചോദ്യമുണ്ടാകും, അത് പോലെ തന്നെ മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരമുള്ള പൗരോഹിത്യം ഒരു സമയത്തു ദൈവം നീക്കുവാൻ സാധ്യതയുണ്ടോ?
എബ്രായ ലേഖകൻ അതിനുത്തരമായി പറയുന്നതു ലേവ്യ പുരോഹിതന്മാർ നിയമിക്കപ്പെട്ടതു ദൈവത്തിൻ്റെ ശപഥം കൂടാതെയാണ് എന്നതാണ് . എന്നാൽ യേശുക്രിസ്തുവിൻ്റെ മഹാപൗരോഹിത്വം ദൈവം മുന്നമേ വാഗ്ദത്തം ചെയ്തു എന്ന് മാത്രമല്ല, ‘നീ എന്നേക്കും ഒരു പുരോഹിതനായിരിക്കും' എന്നുള്ള ശപഥതോടെ, ആണയോടെ അത് ദൈവം ഉറപ്പിക്കുകയും ചെയ്തു.അതിനാൽ ക്രിസ്തുവിൻ്റെ പൗരോഹിത്വം നിത്യവും,ലേവ്യപോരോഹിത്വം പോലെ മാറ്റം വരാത്തതുമാണ്. ലേവ്യ പൗരോഹിത്വത്തേക്കാൾ ഉന്നതമാണ് മൽക്കിസെദേക്കിൻ്റെ ക്രമ പ്രകാരം ഉള്ള പൗരോഹിത്വം എന്നതിന് ഹെബ്രായ ലേഖകൻ സ്ഥാപിക്കുന്ന മറ്റൊരു തെളിവാണ് ദൈവത്തിൻ്റെ ശപഥം
വാക്യം 22 ഇങ്ങനെ യേശു ഒരു മികച്ച ഉടമ്പടിയുടെ ഉറപ്പായിത്തീർന്നിരിക്കുന്നു.
ഈ ദൈവീക ശപഥത്തിൻ്റെ പിൻബലത്താൽ യേശുക്രിസ്തു പുരോഹിതൻ ആയതിനാൽ, ക്രിസ്തുവിൽ കൂടിയുള്ള പുതിയ ഉടമ്പടി എന്നേക്കും നിലനിൽക്കുന്നതും കൂടുതൽ ഉറപ്പുള്ളതും മികച്ചതുമാണ്.
താഴെയുള്ള ലിങ്കുകളിൽ ഈ പഠനം പൂർണ്ണമായും