Articles

ഹെബ്രായ ലേഖനം അദ്ധ്യായം 7 - ആമുഖം

Date Added : 18-01-2023

*ഹെബ്രായ ലേഖനം  അദ്ധ്യായം 7 - ആമുഖം*

Jinu Ninan 

ഹെബ്രായ ലേഖനത്തിലെ ഏറ്റവും ഗഹനമായ അധ്യായം ആണ്  ഏഴാം അധ്യായം ,  സങ്കീർത്തനം 110 :4  ൻ്റെ ഒരു വിശദമായ വ്യാഖ്യാനം ആണ് ഇത് .ഈ അധ്യായത്തിൽ ആണ് ലേഖകൻ മൽക്കിസെദേക്കിന്‍റെ ക്രമ പ്രകാരമുള്ള യേശുക്രിസ്തുവിന്‍റെ പൗരോഹിത്വം കൂടുതലായി വിശദീകരിക്കുന്നത്

ഈ അധ്യായത്തിൽ ലേഖകൻ  ലേവ്യ പൗരോഹിത്യത്തിൽ നിന്നും മൽക്കിസെദേക്കിൻ്റെ ക്രമപ്രകാരമുള്ള യേശുവിൻ്റെ നിത്യ പൌരോഹിത്യത്തിൻ്റെ വ്യത്യാസങ്ങളും ശ്രേഷ്ഠതയും  വിശദീകരിച്ചു കൊണ്ടാണ് ആരംഭിക്കുന്നത്.

മൽക്കിസദേക് എന്ന വ്യക്തിയെ കുറിച്ച് പഴയ നിയമത്തിൽ രണ്ടിടത്താണ് പരാമർശമുള്ളത്.ഉല്പത്തി 14 ആം അദ്ധ്യത്തിലും പിന്നീട് 110 ആം സങ്കീർത്തനത്തിലെ നാലാം വാക്യത്തിലും.

വളരെ ദുരൂഹമായ രീതിയിൽ, ഒരു വിശദീകരണവുമില്ലാതെ ശൂന്യതയിൽ നിന്നെന്ന പോലെയാണ്  മൽക്കിസെദേക്കിനെ ഉല്പത്തി 14 ആം അദ്ധ്യത്തിൽ അവതരിപ്പിക്കുന്നത് .തുടർന്ന് 110 ആം സങ്കീർത്തനത്തിലെ നാലാം വാക്യത്തിൽ  യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനത്തിൽ മൽക്കിസെദേക്കിനെ പരാമർശിക്കുന്നു  എങ്കിലും അവിടെയും  അധികം വിശദീകരണം ഇല്ല.  എന്നാൽ പുതിയനിയമത്തിലേക്കു വരുമ്പോൾ എന്തിനു ദൈവം പഴയ നിയമത്തിൽ മൽക്കിസെദേക്കിനെ ആ രീതിയിൽ അവതരിപ്പിച്ചു എന്ന് വ്യക്തമാകുന്നു.

*ആരാണ് മൽക്കീസദേക്?*

മൽക്കീസദേക് ആരാണ് എന്നുള്ളത് ദൈവശാത്രജ്ഞമാർക്കിടയിലെ ഒരു വലിയ വിവാദ വിഷയമാണ്. പല തരത്തിലുള്ള അഭിപ്രായങ്ങൾ ഇതിൽ നിലവിലുണ്ട്. അതിൽ ചിലതു ഇപ്രകാരമാണ്

ചിലരെ സംബന്ധിച്ചിടത്തോളം മൽക്കിസെദേക്ക് നോഹയുടെ പുത്രനായ ശേം ആണ്.അതിനു കാരണമായി പറയുന്നത് ശേം അന്ന് ജീവിച്ചിരുന്നു എന്നതും  അബ്രഹാമിനെക്കാൾ മഹാൻ ആയതു ശേം ആണ് എന്നതുമാണ്. എന്നതാണ്.

ചിലരെ സംബന്ധിച്ചിടത്തോളം മൽക്കീസദേക് പരിശുദ്ധാത്മാവ് ആണ്.അതിനു കാരണമായി പറയുന്നത് ദൈവപുത്രന് തുല്യമായി എന്ന പ്രയോഗമാണ്. പിതാവായ ദൈവം അല്ലാതെ ദൈവപുത്രന് തുല്യനായി പരിശുദ്ധാത്മാവ് മാത്രമേ ഉള്ളൂ എന്നതാണ് ഈ വാദത്തിനു കാരണം

ചിലർ പഠിപ്പിക്കുന്നത് മൽക്കിസെദേക് യേശുവിന്‍റെ തന്നെ പൂർവ്വ  പ്രത്യക്ഷത ആണ് എന്നതാണ്. പിതാവില്ല , മാതാവില്ല വംശാവലിയില്ല , എന്നേക്കും ജീവിച്ചിരിക്കുന്നു എന്നീ പ്രയോഗങ്ങൾ ക്രിസ്തുവിനു മാത്രമേ യോജിക്കൂ എന്നതാണ് ഈ വാദത്തിനു കാരണമായി പറയുന്നത്

ഈ പറയുന്ന എല്ലാ വാദങ്ങൾക്കും എതിർവാദങ്ങൾ ഉണ്ട്. ഈ വാദങ്ങൾ  ഒന്നും തന്നെ വ്യക്തമായി, സംശയലേശമെന്യേ  തെളിയിക്കാൻ കഴിയുന്നതും അല്ല.

യഥാർത്ഥത്തിൽ മൽക്കിസെദേക് ആരാണ് എന്ന് ദൈവവചനം വ്യക്തമാക്കുന്നില്ല എന്നതാണ് സത്യം , മൽക്കിസെദേക് ആരാണ് എന്നത്  നമ്മെ സംബന്ധിച്ചിടത്തോളം അപ്രധാനമായതിനാൽ  തന്നെയാണ് തിരുവെഴുത്തു അത് സുവ്യക്തമായി വെളിപ്പെടുതാത്തത് . അതിനാൽ ഈ ലേഖനത്തിൽ ദൈവം മറച്ചു വച്ചിരിക്കുന്ന ആ കാര്യത്തിന്‍റെ ചുരുൾ അഴിക്കാൻ ശ്രമിക്കുന്നില്ല.

*എന്താണ് മൽക്കിസെദേക്കിന്‍റെ പ്രസക്തി?*

മൽക്കിസെദേക് ആരാണ് എന്നതിനേക്കാൾ പ്രാധാന്യം ദൈവം എന്തിനു പഴയ നിയമത്തിൽ മൽക്കിസെദേക്കിനെ ആ രീതിയിൽ അവതരിപ്പിച്ചു എന്നതിനാണ്.

തിരുവെഴുത്തു  മുന്നമേ മൽക്കിസെദേക്കിനെ ഈ രീതിയിൽ അവതരിപ്പിക്കുവാൻ കാരണം ,ഹെബ്രായ ലേഖനത്തിൽ കൂടി ലേഖനകർത്താവ് പറയുവാൻ ശ്രമിക്കുന്ന അതിപ്രധാനമായ കാരണം സ്ഥാപിക്കുവാൻ വേണ്ടിയിട്ടാണ്.

ഹെബ്രായ ലേഖനത്തിലെ അതിപ്രധാന വിഷയം ലേവ്യ പൗരോഹിത്വത്തേക്കാൾ  യേശുക്രിസ്‌തുവിന്‍റെ പൗരോഹിത്വത്തിനുള്ള ശ്രെഷ്ഠതയാണ്.

ഹെബ്രായ  ലേഖനത്തിൽ താൻ മുൻപോട്ടു അവതരിപ്പിക്കാൻ പോകുന്ന വിഷയത്തിന്‍റെയോ, വ്യക്തികളുടെയോ സൂചന ആദ്യമേ കൊടുത്തിട്ടു, പിന്നീട് അതിൽ നിന്നുമുള്ള വിശദീകരണം പിന്നീട് കൊടുക്കുന്ന രചന ശൈലിയാണ് ലേഖകൻ സ്വീകരിച്ചിരിക്കുന്നത്. 

ഒന്നാം അധ്യായത്തിൽ യേശുക്രിസ്തുവിന്‍റെ മഹാപുരോഹിത ശുശ്രൂഷയെ പറ്റി സൂചന നൽകിയതിന് ശേഷം, രണ്ടാം അധ്യായത്തിൽ ആദ്യമായി ക്രിസ്തു മഹാപുരോഹിതൻ ആണ് എന്ന് പറയുന്നു. തുടർന്ന് അഞ്ചാം അധ്യായത്തിൽ ക്രിസ്തു മൽക്കിസെദേക്കിന്‍റെ ക്രമപ്രകാരമുള്ള മഹാപുരോഹിതൻ ആണ് എന്ന് തെളിയിച്ച ശേഷം, ഏഴാം അധ്യായത്തിൽ വിശദമായി മൽക്കിസെദേക്കിന്‍റെ ക്രമ പ്രകാരമുള്ള പുരോഹിത്വത്തിന്‍റെ ശ്രെഷ്ഠത വെളിപ്പെടുത്തുന്നു.

മൽക്കീസേദെക്കിന്‍റെ ക്രമപ്രകാരം യേശുവിനെ മഹാപുരോഹിതനായി അവതരിപ്പിക്കുന്ന ബൈബിളിലെ ഏക പുസ്തകം  ഇത് മാത്രമാണ്.

അത് ലേഖകൻ  ചെയുന്നത്  ഉല്പത്തി 14 ആം അദ്ധ്യയവും ,  110 ആം സങ്കീർത്തനത്തിലെ ഒന്നാം വാക്യവും, നാലാം വാക്യവും ലേഖകൻ തുടർച്ചയായി ഉദ്ധരിക്കുകയും, വിശദീകരിക്കുകയും ചെയ്തുകൊണ്ടാണ്.

ഈ വാക്യങ്ങൾ വ്യാഖ്യാനിക്കുന്നതിലൂടെ യേശുക്രിസ്തുവിന്‍റെ മഹാപൗരോഹിത്വം തെളിയിക്കുന്ന പുതിയ നിയമത്തിലെ ഏക പുസ്തകമാണ് ഹെബ്രായ ലേഖനം.

 110 ആം സങ്കീർത്തനത്തിലെ ഒന്നാം വാക്യം പുതിയ നിയമത്തിൽ ഉടനീളം ഉദ്ധരിച്ചിട്ടുണ്ട്. എങ്കിലും, നാലാം വാക്യം ഹെബ്രായ ലേഖനത്തിൽ മാത്രമാണ് ഉദ്ധരിച്ചിട്ടുള്ളതും വ്യാഖ്യാനിച്ചിട്ടുള്ളതും.

 

*മൽക്കിസെദേക്കിനെക്കുറിച്ചുള്ള പഴയ നിയമ പരാമർശങ്ങളും   ദൈവവചനത്തിൻ്റെ നിസ്തുല്യതയും*

നാം ദൈവവചനം ശ്രദ്ധാപൂർവ്വം പഠിച്ചാൽ മൽക്കിസെദേക്കിനെ കുറിച്ചുള്ള പരാമർശങ്ങളിൽ നിന്നും ദൈവവചനത്തിന്‍റെ നിസ്തുല്യത നമുക്ക് മനസ്സിലാക്കുവാൻ കഴിയും.

ഉദാഹരണമായി  പഴയ നിയമത്തിൽ 10 ആം സങ്കീർത്തനത്തിൽ പരാമർശിക്കാതെ ,  ഉല്പത്തി പുസ്തകത്തിൽ മാത്രമാണ് മൽക്കിസെദേക്കിനെകുറിച്ചുള്ള പരാമർശം ഉള്ളത്  എങ്കിൽ, ഹെബ്രായ ലേഖന കർത്താവിനു ഒരു കാരണവശാലും യഹൂദ ക്രിസ്ത്യാനികളോട്  ലേവ്യപുരോഹിത്വത്തേക്കാൾ ഉന്നതമായ  ക്രിസ്തുവിൻ്റെ പൗരോഹിത്വത്തിന്‍റെ ശ്രേഷ്ഠത വിശദീകരിക്കുവാൻ കഴിയില്ലായിരുന്നു. കാരണം മൽക്കിസെദേക് ലേവിയെക്കാൾ ഉന്നതാണ് എങ്കിലും, ക്രിസ്തു ആ പൗരോഹിത്വ ക്രമത്തിൽ വരുന്നു എന്ന് ഉല്പത്തി പുസ്തകത്തിൽ നിന്നും   തെളിയിക്കുവാൻ കഴിയില്ല.

110 ആം സങ്കീർത്തനത്തിലെ ഒന്നാം വാക്യത്തിലും , നാലാം വാക്യത്തിലും ആണ് വരുവാനുള്ള മിശിഹാ അധവാ ക്രിസ്തു മൽക്കിസെദേക്കിന്‍റെ ക്രമപ്രകാരമുള്ള മഹാപുരോഹിതൻ ആണ് എന്ന് പരാമർശിക്കുന്നത്.

ശ്രദ്ധിക്കുക രണ്ടു കാലഘട്ടത്തിൽ രണ്ടു എഴുത്തുകാർ എഴുതിയതാണ് ഉല്പത്തി പുസ്തകവും , സങ്കീർത്തങ്ങളും

 ഉല്പത്തി പുസ്തകത്തിൽ മൽക്കിസെദേക്കിനെകുറിച്ചുള്ള പരാമർശം ഇല്ലാതെ   110 ആം സങ്കീർത്തനത്തിൽ വരുവാനുള്ള മിശിഹാ അധവാ ക്രിസ്തു മൽക്കിസെദേക്കിന്‍റെ ക്രമപ്രകാരമുള്ള മഹാപുരോഹിതൻ ആണ് പ്രവചനം ഉണ്ടായാലും പ്രയോജനം ഇല്ല. കാരണം മൽക്കിസെദേക്കിന്‍റെ പൗരോഹിത്വത്തെ പറ്റി മുൻപ് വ്യക്തമാക്കാതെ അത്തരം പ്രവചനത്തിനു ഒരു പ്രസക്തിയും ഉണ്ടാകില്ല.

എന്നാൽ ഉല്പത്തി പുസ്തകത്തിൽ തന്നേ  മൽക്കിസെദേക്കിനെ അവതരിപ്പിക്കുകയും , തൻ്റെ പൗരോഹിത്വം വരുവാൻ പോകുന്ന ലേവ്യ പൗരോഹിത്വത്തേക്കാൾ മുൻപേയുള്ളതും, ശ്രെഷ്ഠവും ആണ് എന്ന് തെളിയിക്കുകയും ചെയ്യുന്നു.

അതിനു   ശേഷം  110 ആം സങ്കീർത്തനത്തിൽ   വരുവാനുള്ള മിശിഹാ അധവാ ക്രിസ്തു മൽക്കിസെദേക്കിന്‍റെ ക്രമപ്രകാരമുള്ള മഹാപുരോഹിതൻ ആണ് എന്ന് പരാമർശിക്കുന്നതിനാൽ ആ വാക്യങ്ങളുടെ അടിസ്ഥാനത്തിൽ ഹെബ്രായ ലേഖകന് പഴയ നിയമം നന്നായി അറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന ഹെബ്രായ വിശ്വാസികളോട് ക്രിസ്തുവിന്‍റെ പൗരോഹിത്വത്തിൻ്റെ  ശ്രേഷ്ഠത വിശദീകരിക്കുവാനും തെളിയിക്കുവാനും കഴിയുന്നു. ആ രീതിയിൽ തന്നെയാണ് ലേഖകൻ ഈ അധ്യായം വിശദീകരിക്കുന്നത്. യഥാർത്ഥത്തിൽ  വാക്യത്തിന്‍റെ ഒരു വ്യാഖ്യാന  പഠനം ആണ് ഹെബ്രായലേഖനം ഏഴാം അധ്യായം. തുടർന്ന് നമുക്ക് ഏഴാം അധ്യായം വിശദമായി പഠിക്കാം 

താഴെയുള്ള ലിങ്കുകളിൽ  ഈ പഠനം പൂർണ്ണമായും ലഭ്യമാണ്.

ജിനു നൈനാൻ 

ഹെബ്രായ ലേഖനം : ഒരു പഠനം - ആമുഖം
ഹെബ്രായ ലേഖനം അധ്യായം 1
ഹെബ്രായ ലേഖനം അധ്യായം 2 
ഹെബ്രായ ലേഖനം അധ്യായം 3  
ഹെബ്രായ ലേഖനം അധ്യായം 4
ഹെബ്രായ ലേഖനം അധ്യായം 4: 14,15
ഹെബ്രായ ലേഖനം അധ്യായം 5
ഹെബ്രായ ലേഖനം അധ്യായം 6 
ഹെബ്രായ ലേഖനം അധ്യായം 7 - ആമുഖം
ഹെബ്രായ ലേഖനം അധ്യായം 7
ഹെബ്രായ ലേഖനം അധ്യായം 8
ഹെബ്രായ ലേഖനം അധ്യായം 9 
ഹെബ്രായ ലേഖനം അധ്യായം 10 (1-18)
ഹെബ്രായ ലേഖനം അധ്യായം 10 (19-38)
ഹെബ്രായ ലേഖനം അധ്യായം 11
ഹെബ്രായ ലേഖനം അധ്യായം 12(1-17)
ഹെബ്രായ ലേഖനം അധ്യായം 12(18-28)
ഹെബ്രായ ലേഖനം അധ്യായം 13