Articles

ഹെബ്രായ ലേഖനം 13 - യഥാർത്ഥ വിശ്വാസത്തിന്റെ തെളിവായ പ്രവർത്തികൾ

Date Added : 15-03-2024

 

*ഹെബ്രായ ലേഖന പഠനം* 

*അധ്യായം 13: 1 - 8*

*യഥാർത്ഥ വിശ്വാസത്തിൻ്റെ തെളിവായ പ്രവർത്തികൾ* 

*Jinu Ninan*

നാം ഹെബ്രായ ലേഖന പഠനത്തിൻ്റെ അവസാന അധ്യായത്തിലേക്കു വന്നിരിക്കുകയാണ്. ആമുഖത്തിൽ എഴുതിയിരുന്നത് പോലെ  അതിഗഹനമായ അനേക ദൈവശാസ്ത്ര വിഷയങ്ങൾ ലേഖകൻ  ഈ ലേഖനത്തിൽ കൈകാര്യം ചെയ്യുന്നു എങ്കിലും ആത്യന്തികമായി വിശ്വാസത്താൽ  ക്രിസ്തുവിൽ ദൃഷ്ടി വച്ച്  അവസാനത്തോളം തന്നെ പിന്തുടരുവാനുള്ള പ്രോത്സാഹനവും, അവിശ്വാസത്താൽ , ക്രിസ്തുവിനെ തള്ളിക്കളഞ്ഞു പിന്മാറ്റത്തിലേക്കു പോയാൽ ഉണ്ടാക്കുന്ന ഭവിഷ്വത്തുകളെക്കുറിച്ചുള്ള മുന്നറിയിപ്പുമാണ് ഈ ലേഖനത്തിൽ കൂടി കൊടുക്കുന്നത്.

നമുക്ക് അറിയാവുന്നതു പോലെ തിരുവെഴുത്തിലെ ഒരു ലേഖനങ്ങളും ലേഖകർ അധ്യായം തിരിച്ചല്ല എഴുതിയിരിക്കുന്നത്, പഠന സൗകര്യത്തിനായി പിന്നീട് ആണ് അധ്യായങ്ങളും വാക്യങ്ങളുമായി തിരിക്കപ്പെട്ടതു. 

പുതിയ നിയമത്തിലെ എല്ലാ ലേഖനങ്ങളിലും ലേഖകർ  ആദ്യ അധ്യായങ്ങളിൽ  ദൈവം, ക്രിസ്തുവിലൂടെ  ക്രൂശിൽ സാധിച്ച ആ പൂർത്തീകരിക്കപ്പെട്ട മഹൽ പ്രവർത്തിയെ വിശദീകരിക്കുകയാണ് ചെയ്യുന്നതു , തുടർന്ന് ദൈവം ക്രിസ്തുവിലൂടെ നമ്മിൽ ചെയ്യുന്ന പ്രവർത്തിയെ വിശദീകരിക്കുന്നു. അവസാന ഭാഗത്തു അതിനോടുള്ള പ്രതികരണമായി നമ്മിൽ നിന്നും ഉണ്ടാകേണ്ട നല്ല പ്രവർത്തികളെ കുറിച്ച് പ്രബോധിപ്പിക്കുന്നു.

എന്നാൽ വിശുദ്ധ ജീവിതത്തെക്കുറിച്ചു  പ്രസംഗിക്കുന്ന മിക്ക  ക്രിസ്തീയ  പ്രസംഗികരും ആദ്യത്തെ രണ്ടു ഭാഗത്തെക്കുറിച്ചു വിശദീകരിക്കാറില്ല. അതിനു കാരണം ആ വിഷയങ്ങളിൽ ഉള്ള അവരുടെ  അറിവില്ലായ്‍മയാണ്. എന്നാൽ മനുഷ്യൻ്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ട പ്രവർത്തികളെ കുറിച്ച് ( പ്രധാനമായും പുറമെ ഉണ്ടാക്കുന്ന വിശുദ്ധിയെക്കുറിച്ചു ) വളരെയധികം പ്രസംഗിക്കുകയും ചെയ്യും. 

ക്രിസ്തു ക്രൂശിൽ പൂർത്തീകരിച്ചതും , നമ്മിൽ വസിച്ചു നമ്മിൽ ചെയ്യുന്ന പ്രവർത്തിയെയെയും വിശദീകരിക്കാതെ നാം കർത്താവിനു വേണ്ടി ജീവിക്കേണ്ട  വിശുദ്ധ ജീവിതത്തിനെക്കുറിച്ചു മാത്രം പഠിപ്പിക്കുന്നതു ജീവൻ ഉളവാക്കുന്ന പുതിയ ഉടമ്പടിയുടെ ശുശ്രൂഷയല്ല പകരം മരണം ഉണ്ടാക്കുന്ന ന്യായപ്രമാണത്തിൻ്റെ ശുശ്രൂഷയാണ്.2 കൊരി. 3:6. 

നമ്മുടെ പ്രായോഗിക ക്രിസ്തീയ ജീവിതത്തിലെ പ്രവർത്തികൾ   ക്രിസ്തു ക്രൂശിൽ പൂർത്തീകരിച്ച പ്രവർത്തിയിലുള്ള വിശ്വാസത്തിൽ നിന്നും, നമ്മുടെ വിശ്വാസത്തിൻ്റെ നായകനും പൂർത്തിവരുത്തുന്നവനുമായ കർത്താവിൽ ഉള്ള വിശ്വാസത്തിൽ നിന്നും ഉളവാക്കേണ്ടതാണ്.  

ഹെബ്രായ ലേഖകനും ഇതേ മാതൃകയാണ് പിന്തുടരുന്നത്. കഴിഞ്ഞ അധ്യായങ്ങളിൽ ക്രിസ്തു തൻ്റെ രക്തത്താൽ സ്ഥാപിച്ച പുതിയ ഉടമ്പടിയെക്കുറിച്ചും, താൻ ക്രൂശിൽ തൻ്റെ ദേഹം എന്ന തിരശീല ചിന്തി  തുറന്ന ജീവനുള്ള  പുതുവഴിയെയെയും,   ക്രിസ്തുവിൽ ദൃഷ്ടി വച്ച്  ആ വഴിയിലൂടെ അവസാനത്തോളം വിശ്വാസത്താൽ ഓടുന്നതിനെയും വിശേഖരിച്ച ശേഷം ലേഖകൻ ഈ അധ്യായത്തിൽ  അങ്ങനെ ചെയ്യുന്നവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഫലങ്ങളെയും , പ്രവർത്തികളെയും കുറിച്ച് വിശദീകരിക്കുന്നു.അഥവാ യഥാർത്ഥ വിശ്വാസ ജീവിതത്തിൻ്റെ തെളിവായുള്ള പ്രായോഗിക പ്രവർത്തികൾ ആണ് ഇവിടെ ലേഖകൻ  വിശദീകരിക്കുന്നത്. 

ഒരുവൻ്റെ അവകാശവാദ പ്രകാരമല്ല, പകരം ഈ  ഭാഗത്തു പറയുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ വർധിച്ചു വരുന്നുണ്ടോ ഇല്ലയോ എന്നത് നാം  ക്രിസ്തുവിൽ ദൃഷ്ടി വച്ച് മുന്നോട്ടു ഓടുന്നുവോ അതോ പിന്മാറ്റത്തിൽ ആയിരിക്കുന്നവോ എന്നതിന് തെളിവായി നോക്കേണ്ടത്.

വേറൊരു രീതിയിൽ മുൻപോട്ടു ലേഖകൻ പറയുന്ന കാര്യങ്ങൾ വർദ്ധമാനമായി ഒരു വിശ്വാസിയിൽ ഉണ്ടാകുന്നു എങ്കിൽ അവൻ ജീവനുള്ള പുതുവഴിയിൽ ക്രിസ്തുവിൽ ദൃഷ്ടി വച്ച് വിശ്വാസത്താൽ മുൻപോട്ടു പോകുന്നു എന്നതിനുള്ള തെളിവാണ് , എന്നാൽ  മുൻപോട്ടു ലേഖകൻ പറയുന്ന കാര്യങ്ങൾ വർദ്ധമാനമായി ഒരു വിശ്വാസിയിൽ ഉണ്ടാകുന്നില്ല എങ്കിൽ അങ്ങനെയുള്ളവർ പിന്മാറ്റത്തിൽ ആണ്.

വചനം കേൾക്കുക മാത്രം ചെയ്ത് തങ്ങളെത്തന്നെ ചതിക്കാതെ അതിനെ പ്രവൃത്തിക്കുന്നവരായും ഇരിക്കുവിൻ. 'യാക്കോ. 1:22

വഞ്ചിക്കപ്പെടാതിരിപ്പിൻ; ...; മനുഷ്യൻ വിതയ്ക്കുന്നത് തന്നെ കൊയ്യും ഗലാ. 6:7

നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരീക്ഷിക്കുവിൻ; നിങ്ങളെത്തന്നെ പരിശോധിക്കുവിൻ. 2 കൊരി. 13:5

*സഹോദരസ്നേഹവും അഥിതി സൽക്കാരവും* 

*(ഹെബ്രായർ 13:1-2)സഹോദര സ്നേഹം തുടരട്ടെ. അപരിചിതരെ സ്വീകരിക്കുന്നത് മറക്കരുത് ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ചിലർ അറിയാതെ ദൈവദൂതന്മാരെയും സൽക്കരിച്ചിട്ടുണ്ടല്ലോ."* 

സഹോദരങ്ങളെ സ്നേഹിക്കുക, ആതിഥ്യമര്യാദ പരിശീലിക്കുക  എന്നത് ഒരു യഥാർത്ഥ വിശ്വാസിയുടെ   ഏറ്റവും  പ്രധാനമാണ് ലക്ഷണമാണ്. പുതിയ നിയമ എഴുത്തുകാരിൽ പലരും ഈ കാര്യത്തെക്കുറിച്ച്  വ്യക്തമായ നിർദ്ദേശങ്ങൾ നൽകി.

പൗലോസ് പറയുന്നു “ സ്നേഹം കപടമില്ലാത്തതായിരിക്കട്ടെ;തിന്മയായതിനെ വെറുത്തു നല്ലതിനെ മുറുകെപ്പിടിക്കുവിൻ. സഹോദരസ്നേഹത്തെക്കുറിച്ച്; അന്യോന്യം വാത്സല്യത്തോടെയും, ബഹുമാനിക്കുന്നതിൽ; അന്യോന്യം ആദരിക്കുകയും ചെയ്‌വിൻ. (റോമർ 12:9-10).

 “കഷ്ടതയിൽ സഹിഷ്ണത കാണിക്കുവിൻ; ... വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കുകയും അതിഥിസൽക്കാരം ആചരിക്കുകയും ചെയ്‌വിൻ” (റോമർ 12:13).

അപ്പോസ്തലനായ യോഹന്നാൻ തൻ്റെ എല്ലാ രചനകളിലും സഹോദര സ്നേഹത്തെക്കുറിച്ചു പലതവണ പരാമർശിച്ചു. .  , “പ്രിയ സുഹൃത്തുക്കളേ, നമുക്ക് പരസ്പരം സ്നേഹിക്കാം, കാരണം സ്നേഹം ദൈവത്തിൽ നിന്നാണ്. സ്നേഹിക്കുന്ന എല്ലാവരും ദൈവത്തിൽ നിന്ന് ജനിച്ചവരാണ്, ദൈവത്തെ അറിയുന്നു" 

നമ്മൾ മരണം വിട്ട് ജീവനിൽ കടന്നിരിക്കുന്നു എന്ന് സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്ക് അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു. തൻ്റെ സഹോദരനെ പകയ്ക്കുന്നവൻ ആരായാലും കൊലപാതകൻ ആകുന്നു. യാതൊരു കൊലപാതകൻ്റെ യും ഉള്ളിൽ നിത്യജീവൻ വസിച്ചിരിക്കുന്നില്ല എന്നു നിങ്ങൾ അറിയുന്നു.(യോഹന്നാൻ 4:7,14,15) 

ഏറ്റവും വലിയ കൽപ്പന ഏതാണെന്ന് ചോദിച്ചപ്പോൾ "യേശു മറുപടി പറഞ്ഞു: "നിൻ്റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കുക.' ഇതാണ് ഒന്നാമത്തേതും മഹത്തായതുമായ കൽപ്പന. രണ്ടാമത്തേത് ഇതുപോലെയാണ്: ‘നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കുക.’ എല്ലാ ന്യായപ്രമാണവും പ്രവാചകന്മാരും ഈ രണ്ടു കൽപ്പനകളിൽ ഉറച്ചുനിൽക്കുന്നു” (മത്തായി 22:37-40).

ആദ്യത്തേത്   നാം  ചെയ്യുന്നു എങ്കിൽ  രണ്ടാമത്തേത് അതിൻ്റെ ഫലമായി സംഭവിക്കുന്നതാണു. അതുകൊണ്ടാണ് പൗലോസ് പറഞ്ഞത്, "നിയമത്തെ മുഴുവനും ഒരൊറ്റ കൽപ്പനയിൽ സംഗ്രഹിച്ചിരിക്കുന്നു: "നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കുക" (ഗലാത്യർ 5:14)

1 യോഹ. 4: 20  ഒരുവൻ, ‘ഞാൻ ദൈവത്തെ സ്നേഹിക്കുന്നു’ എന്നു പറയുകയും, തൻ്റെ സഹോദരനെ വെറുക്കുകയും ചെയ്താൽ അവൻ നുണയനാകുന്നു. കാരണം, താൻ കണ്ടിട്ടുള്ള തൻ്റെ സഹോദരനെ സ്നേഹിക്കാത്തവന് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കുവാൻ കഴിയുന്നതല്ല. 

അതായതു ദൈവത്തെ സ്നേഹിക്കുന്നു എന്നും ക്രിസ്തുവിനെ പിൻഗമിക്കുന്നു എന്നും  അവകാശപ്പെടുകയും , സഹോദരനെ സ്നേഹിക്കാതെ ഇരിക്കുകയോ പകക്കുകയോ ചെയ്യുന്നവൻ പറയുന്നത് കള്ളമാണ്. അവൻ രക്ഷിക്കപ്പെട്ടവനല്ല, അല്ലങ്കിൽ പിന്മാറ്റക്കാരനാണ്.

*പീഡനത്തിൽ കടന്നു പോകുന്ന സഹവിശ്വാസികളോടുള്ള മനോഭാവം* 

*3 നിങ്ങളും തടവുകാർ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ.*

ക്രിസ്തുവിനെ പിൻഗമിക്കുന്ന ഒരുവനിൽ ഉണ്ടാകുന്ന വേറൊരു അതിപ്രധാനമായ ലക്ഷണമാണ് സഹവിശ്വാസികളുടെ പീഡനത്തിൽ ഉണ്ടാകേണ്ട സഹാനുഭൂതിയും താദാത്മ്യപ്പെടലും 

ലോകമെമ്പാടും സഭാ വ്യത്യാസമില്ലാതെ  തീവ്രമായ പീഡനങ്ങൾ ക്രിസ്തു നിമിത്തം  ഇന്നും നടക്കുന്നു. യേശു തന്നെ പറഞ്ഞു, "എന്നിൽ നിങ്ങൾക്കു സമാധാനം ഉണ്ടാകേണ്ടതിന് ഞാൻ ഇതു നിങ്ങളോടു പറഞ്ഞിരിക്കുന്നു. ഈ ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടാകും. എന്നാൽ ധൈര്യപ്പെടുവിൻ! ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു" (യോഹന്നാൻ 16:33).

കർത്താവിൻ്റെ യഥാർത്ഥ ദാസന്മാർ  ലോകത്തിൽ പല തരത്തിൽ പീഡിപ്പിക്കപ്പെടും. നാം അത് നേരിടാൻ തയ്യാർ ആകുകയും അത് അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും നാം അവരുടെ സ്ഥാനത്തു ആയിരുന്നു എങ്കിൽ എന്ന ഭാവത്തിൽ പ്രതികരിക്കുകയും വേണം. ക്രിസ്തു തന്നെ യഥാർത്ഥ വിശ്വാസിയുടെ ലക്ഷണമായി അത് പറയുന്നു 

മത്താ. 25:36 -40  ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ ധരിപ്പിച്ചു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ സംരക്ഷിച്ചു; തടവിൽ ആയിരുന്നു, നിങ്ങൾ എൻ്റെ അടുക്കൽ വന്നു...രാജാവ് അവരോട്: എൻ്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്ക് ചെയ്തു എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.

സഭാ വ്യത്യാസമില്ലാതെ ലോകമെമ്പാടും സഹവിശ്വാസികൾക്കു ഉണ്ടാകുന്ന പീഡനങ്ങളിൽ സഹാനുഭൂതിയും താദാത്മ്യപ്പെടലും നിങ്ങൾക്ക് ഉണ്ടാകുന്നില്ല എങ്കിൽ അത് നിങ്ങൾ സ്വയസ്നേഹിയായ പിന്മാറ്റക്കാരൻ ആണ് എന്നതിനുള്ള തെളിവാണ് 

*വിവാഹ ജീവിതത്തിലെ നിർമ്മലത* 

*4 വിവാഹം എല്ലാവരാലും ബഹുമാനിയ്ക്കപ്പെടട്ടെ, വിവാഹിതരുടെ കിടക്ക നിർമ്മലവും ആയിരിക്കട്ടെ;* 

പാപം ലോകത്തിൽ കടന്നു വരുന്നതിനു മുൻപാണ് ദൈവം വിവാഹവും , ലൈംഗിക ബന്ധവും സ്ഥാപിച്ചത്. ലൈംഗിക ബന്ധത്തിൽ കൂടിയുള്ള  സന്താനപുഷ്ഠി എന്നത് പാപം കടന്നു വരുന്നതിനു മുൻപുള്ള ദൈവീക  അനുഗ്രഹം ആയിരുന്നു.

ഉല്പ. 1:28  ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താന പുഷ്ടിയുള്ളവരായി പെരുകി ... വാഴുവിൻ എന്നു അവരോടു കല്പിച്ചു.

ദൈവം നല്ലതു എന്ന് കണ്ട കാര്യത്തിൽ ഉള്ളതായിരുന്നു വിവാഹവും സന്താനപുഷ്ടി ഉള്ളവർ ആകുന്നതും .

ഉല്പ. 1:31 ദൈവം നോക്കി, അത് എത്രയും നല്ലത് എന്നു കണ്ടു.

ദൈവമാണ് പുരുഷന് ഇണയായി സ്ത്രീയെ നൽകിയത്.. ഇരുവരും ഒരു ശരീരമാകും എന്ന ദൈവീക കൽപ്പന പ്രാഥമികമായി ശാരീരികബന്ധത്തെ കാണിക്കുന്നതാണ്.

ക്രിസ്തു വിവാഹത്തെയും വിവമോചനത്തെയും  സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി  ഇതേ വാക്യം എടുത്തു പറയുന്നു. പൗലോസ് അത് എടുത്തു പറഞ്ഞതിന് ശേഷം ക്രിസ്തുവും സഭയുമായുള്ള ബന്ധമായി ചൂണ്ടിക്കാണിക്കുന്നു 

ഇക്കാരണത്താൽ ഒരു പുരുഷൻ തൻ്റെ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിചേരും, ഇരുവരും ഒരു ദേഹമായിത്തീരും." ഇതൊരു അഗാധമായ രഹസ്യമാണ് -. (എഫെസ്യർ 5:31-31).

അതിനാൽ വിവാഹത്തെയും വിവാഹത്തിലുള്ളിലെ ലൈംഗികതയെയും ബഹുമാന്യമായും , നിർമ്മലമായും ആയിട്ടാണ് ദൈവം കാണുന്നത്. വിവാഹജീവിതവും വിവാഹത്തിലുള്ളിലെ ലൈംഗികതയെയും ആത്മീകത കുറഞ്ഞ കാര്യമായി പഠിപ്പിക്കുന്നതും , വിവാഹം ഉപേക്ഷിക്കാൻ പഠിപ്പിക്കുന്നതും ഭൂതങ്ങളുടെ ഉപദേശമായ കടുത്ത ദുരുപദേശമാണ്.

1  തിമോത്തിയോസ് 4 :1    എന്നാൽ ഭാവികാലത്ത് ചിലർ വ്യാജാത്മാക്കളിലും ഭൂതങ്ങളുടെ ഉപദേശങ്ങളിലും ശ്രദ്ധ ചെലുത്തി ഭോഷ്ക് പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്ന് ആത്മാവ് തെളിവായി പറയുന്നു. അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടു പിടിച്ചവരായി, വിവാഹം വിലക്കുകയും, ... സ്തോത്രത്തോടെ അനുഭവിക്കുവാൻ ദൈവം സൃഷ്ടിച്ച ഭക്ഷ്യവസ്തുക്കളെ വർജ്ജിക്കണം എന്നു കല്പിക്കുകയും ചെയ്യുന്നു.

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ശാരീരിക ബന്ധത്തെക്കുറിച്ചു പറയുന്ന ഭാഗത്തു പ്രാർത്ഥനയുടെ ആവശ്യത്തിനല്ലാതെ വേർപെട്ടിരിക്കരുത് എന്നും അങ്ങനെ ചെയ്‌താൽ പിശാചിൻ്റെ പരീക്ഷണത്തിൽ വീഴാൻ സാധ്യത ഉണ്ട് എന്നും ദൈവവചനം മുന്നറിയിപ്പ് നൽകുന്നു. 

1 കൊരിന്ത്യർ 7 :4 , 5 ഭർത്താവു ഭാര്യക്കും ഭാര്യ ഭർത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ. ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭർത്താവിൻ്റെ ശരീരത്തിന്മേൽ അവന്നല്ല ഭാര്യക്കത്രേ അധികാരം. പ്രാർത്ഥനെക്കു അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേർന്നിരിപ്പിൻ.

ദൈവീക മുന്നറിയിപ്പ് അവഗണിച്ചു  അതിവിശുദ്ധിയുടെ പേരിൽ ഭാര്യഭർത്താക്കന്മാരെ വേർപെടുത്തുന്ന  ദുരുപദേശം പഠിപ്പിക്കുന്ന സമൂഹങ്ങളിൽ ദുർന്നടപ്പും,വ്യഭിചാരവും  ലൈംഗീക അരാജകത്വവും കൂടുതൽ ആയി കാണപ്പെടുന്നു എന്നതും സത്യമാണ്.അതിനു കാരണം ദൈവവചന വിരുദ്ധമായ ഇത്തരം മാനുഷിക, കപട വിശുദ്ധിയുടെ ഉപദേശങ്ങൾ ആണ്.

*എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.* 

വിവാഹത്തെയും വിവാഹബന്ധത്തിനുള്ളിലെ ലൈംഗികതയെയും , മാന്യമായും , നിർമ്മലമായും ദൈവം കാണുന്നത് പോലെ  വിവാഹപൂർവ ലൈംഗികതയും , വിവാഹത്തിന് പുറത്തുള്ള ലൈംഗികതയും ( ദുർന്നടപ്പും, വ്യഭിചാരവും ) കടുത്ത പാപങ്ങൾ ആയാണ് ദൈവവചനം പഠിപ്പിക്കുന്നത് .

അതിനു കാരണം അത്തരം പാപം  ക്രിസ്തുവിൻ്റെ ശരീരത്തോടും , ഒരു ദേഹമായി തീർന്ന സ്വന്ത ശരീരമായ ഭാര്യയോടും എതിരെയുള്ള  പാപമാണ്. അതിനാലാണ് ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന് വിരോധമായി പാപം ചെയ്യുന്നു എന്ന് പറയുന്നത്.

1 കൊരിന്ത്യർ 6:16  വേശ്യയോട് പറ്റിച്ചേരുന്നവൻ അവളുമായി ഏകശരീരമാകുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുണ്ടല്ലോ. എന്നാൽ കർത്താവിനോട് പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവ് ആകുന്നു. 18ദുർന്നടപ്പ് വിട്ട് ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏത് പാപവും ശരീരത്തിന് പുറത്താകുന്നു. ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന് വിരോധമായി പാപം ചെയ്യുന്നു.

ക്രിസ്തുവിൽ ദൃഷ്ടി വച്ച് ആ വഴിയിലൂടെ പുൻപോട്ടു പോകുന്നവരുടെ കുടുംബ ജീവിതം നിർമ്മലമായിരിക്കും. നിങ്ങൾ കർത്താവിനെ അനുഗമിക്കുന്നവർ ആണോ എന്ന് പരിശോധിക്കാനുള്ള ഏറ്റവും വ്യക്തമായ മാർഗ്ഗം എന്നുള്ളത് നിങ്ങളുടെ കുടുംബ ജീവിതവും കിടക്കയും നിർമ്മലമാണോ എന്നുള്ളതാണ്.

*ദ്രവവ്യാഗ്രഹവും ദൈവാശ്രയവും* 

*5 നിങ്ങളുടെ ജീവിതവഴികളിൽ ദ്രവ്യാഗ്രഹമില്ലാതിരിക്കട്ടെ; ഉള്ളതുകൊണ്ട് സംതൃപ്തിപ്പെടുവിൻ: “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല” എന്നു ദൈവം തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.* 

ഈ ഭാഗത്തു ലേഖകൻ ദൈവത്തിൻ്റെ   ഒരിക്കലും നമ്മെ കൈവിടുകയില്ല  എന്ന  ശക്തമായ വാഗ്ദത്തം ഓർമ്മിപ്പിക്കുന്നു  

ആംപ്ലിഫൈഡ് ബൈബിളിൽ  ഈ വാക്യം ഇങ്ങനെയാണ് , “നിങ്ങളുടെ സ്വഭാവം പണത്തോടുള്ള സ്‌നേഹത്തിൽ നിന്ന് മുക്തമായിരിക്കട്ടെ [അത്യാഗ്രഹം, അത്യാഗ്രഹം, മോഹം, ഭൗമിക സമ്പത്തിനോടുള്ള ആസക്തി എന്നിവയുൾപ്പെടെ] നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യങ്ങളിൽ  നിങ്ങൾക്കുള്ളത് കൊണ്ട് തൃപ്‌തിപ്പെടുക ;

അങ്ങനെയെങ്കിൽ , ഞാൻ നിങ്ങളെ ഒരു തരത്തിലും പരാജയപ്പെടുത്തുകയോ കൈവിടുകയോ കൈവിടുകയോ പിന്തുണയില്ലാതെ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവൻ തന്നെ പറഞ്ഞിരിക്കുന്നു.

ഞാൻ അങ്ങനെ  ചെയ്യില്ല,  ഇല്ല, ഞാൻ ഒരു തരത്തിലും നിങ്ങളെ നിസ്സഹായനാക്കി വിടുകയില്ല, ഉപേക്ഷിക്കുകയുമില്ല, ഞാൻ നിങ്ങളെ നിരാശപ്പെടുത്തുകയുമില്ല ! തീർച്ചയായും ഇല്ല!” (എബ്രായർ 13:5 Amp) .

ഒറിജിനൽ ഭാഷയിൽ “ഞാൻ ചെയ്യില്ല, ഞാൻ ചെയ്യില്ല, ഞാൻ ചെയ്യില്ല!” എന്ന് അവൻ മൂന്നു പ്രാവശ്യം ഉറപ്പിച്ചു പറയുന്ന  വസ്തുത പ്രത്യേകം ശ്രദ്ധിക്കുക.  ഈ വാഗ്ദത്തം പാലിക്കാനുള്ള  ദൈവത്തിൻ്റെ ദൃഢനിശ്ചയം നമുക്ക് മനസ്സിലാക്കാൻ കഴിയും.. ഒരു സാഹചര്യത്തിലും അവൻ നമ്മെ നിസ്സഹായരാക്കുകയോ നിരാശരാക്കുകയോ കൈവിടുകയോ   ചെയ്യില്ല.

എന്നാൽ ഈ വാഗ്ദത്തം ഒരു വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് അത് ഇപ്രകാരമാണ്  "നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹമില്ലാതിരിക്കട്ടെ; ഉള്ളതുകൊണ്ട് സംതൃപ്തിപ്പെടുവിൻ." 

ദൈവത്തിനെതിരെയുള്ള അധികാരസ്ഥാനമായി യേശുക്രിസ്തു  പറഞ്ഞത് പിശാച് അല്ല , മാമോൻ ആണ്.  ദൈവത്തെയോ മാമോനെയോ  ഇതിൽ ഒരാളെ   മാത്രമാണ് വിശ്വാസിയുക്കു  കർത്താവാക്കുവാൻ  കഴിയുകയുള്ളൂ.

ഒരു വ്യക്തിയുടെ ജീവിതത്തിലെ തീരുമാനങ്ങളെ നിയന്ത്രിക്കുന്നവൻ ആണ് ആ വ്യക്തിയുടെ കർത്താവ്. ദ്രവ്യാഗ്രഹത്താൽ നയിക്കപ്പെടുകയും , പണത്തിനു വേണ്ടി തീരുമാനങ്ങൾ  എടുക്കുകയും, പണത്തിനു പിന്നാലെ ഓടുകയും  ചെയ്യുന്ന ഒരുവൻ കർത്താവിനെ അനുഗമിക്കുന്നവൻ അല്ല. അതിനാൽ ആണ് ദ്രവ്യാഗ്രഹം വിട്ടു ഓടുവാൻ ദൈവവചനം പ്രബോധിപ്പിക്കുന്നതു.

പണത്തെ പറ്റിയുള്ള ആരോഗ്യകരമായ ദൈവിക വീക്ഷണം ഉള്ളിടത്തോളം കാലം സമ്പത്ത് ഒരു മോശം കാര്യമല്ല. നമ്മെ പരിപാലിക്കുന്നതും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്നതും ദൈവമാണെന്ന തിരിച്ചറിവോടെ നാം നമ്മുടെ ജീവിതത്തെ പണസ്നേഹത്തിൽ നിന്ന് പൂർണ്ണമായും  മുക്തമാക്കണം. ദൈവത്തെ സ്നേഹിക്കുന്നവൻ  പണത്തെ ദൈവഹിതപ്രകാരം ഉപയോഗിക്കും പണത്തെ സ്നേഹിക്കുന്നവൻ ദൈവത്തെ തൻ്റെ ആവശ്യങ്ങൾക്ക് വേണ്ടി  ഉപയോഗിക്കാൻ ശ്രമിക്കും.

ദ്രവ്യാഗ്രഹത്തിൻ്റെ ലക്ഷണമാണ് അസംതൃപ്തി എന്നത്. എന്നാൽ ദൈവാശ്രയത്തിൻ്റെ സ്വഭാവവിശേഷമാണ് ദൈവീക സംതൃപ്തി എന്നത്.  ദൈവത്തെ സേവിക്കുന്ന ഒരുവനിൽ ഉണ്ടാകുന്ന ആത്മാവിൻ്റെ ഫലമാണ് സംതൃപ്തി . മാമോനെ സേവിക്കുന്ന ഒരുവനിൽ ദ്രവ്യാഗ്രഹം വർധിച്ചു കൊണ്ടേയിരിക്കും. അങ്ങനെയുള്ളവർക്ക് ഒരിക്കലും ദൈവീക സംതൃപ്തി ഉണ്ടാകുകയില്ല.

1 തിമോത്തിയോസ് 6 :6 -10  സംതൃപ്തിയോടുകൂടിയ ദൈവഭക്തി വലിയ നേട്ടംതന്നെയാണ്. ഈ ലോകത്തിലേക്കു വന്നപ്പോൾ നാം ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്നു പോകുമ്പോൾ നമുക്ക് ഒന്നും കൊണ്ടുപോകാനും കഴിയുന്നതല്ല. ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കിൽ അതുകൊണ്ടു നമുക്കു തൃപ്തരാകാം. 

ധനികരാകാൻ ആഗ്രഹിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും കുടുങ്ങി, മനുഷ്യരെ തകർച്ചയിലും നാശത്തിലും മുക്കിക്കളയുന്ന ബുദ്ധിഹീനവും ഉപദ്രവകരവുമായ അനവധി മോഹങ്ങളിൽ വീണുപോകുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷങ്ങളുടെയും ഉറവിടമാണ്.

*6 ആകയാൽ “കർത്താവ് എനിക്ക് തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോട് എന്ത് ചെയ്യും” എന്നു ധൈര്യത്തോടെ പറയേണ്ടതിന് നമുക്ക് സംതൃപ്തരായിരിക്കാം.*

ദ്രവ്യാഗ്രഹത്തിൽ നിന്നും മുക്തരായി ദൈവാശ്രയത്തിൽ സംതൃപ്തിയോടെ ജീവിക്കുന്ന ഒരുവനുള്ള ശക്തമായ വാഗ്ദത്തം ആണ് ദൈവം  ഒരിക്കലും  കൈവിടുകയില്ല എന്നത് , അതിനാൽ ആ വ്യക്തിക്ക് ധൈര്യത്തോടെ കർത്താവ് എനിക്ക് തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോട് എന്ത് ചെയ്യും” എന്നു പറയുവാൻ കഴിയും.അല്ലാത്തവർക്ക് ഒരിക്കലും ഇങ്ങനെ ധൈര്യത്തോടെ പറയുവാൻ കഴിയില്ല. 

*വിശ്വാസത്തിൽ നടത്തിയവരോടുള്ള മനോഭാവം* 

*7 നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവിതത്തിൻ്റെ സഫലത ഓർത്ത് അവരുടെ വിശ്വാസം അനുകരിക്കുവിൻ. 8യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും മാറ്റമില്ലാത്തവൻ തന്നേ*

ക്രിസ്തുവിനെ പിൻഗമിക്കുന്ന ഒരുവനിൽ ഉണ്ടാകുന്ന വേറൊരു അതിപ്രധാനമായ ലക്ഷണമാണ്, തങ്ങളോട് വചനം  പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർക്കുക അവർക്കു കീഴടങ്ങിയിരിക്കുക എന്നത്.പല വിശ്വാസികളും അവരെ ദൈവവചനം പഠിപ്പിച്ചു നടത്തിയവരെ ഓർക്കുകയോ, നന്ദി കാണിക്കുകയോ ചെയ്യാറില്ല. ചിലർ തങ്ങളെ വിശ്വാസത്തിൽ നടത്തിയവരെ ദുഷിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു.അങ്ങനെയുള്ളവർ കർത്താവിനെ യഥാർത്ഥമായി അനുഗമിക്കുന്നവർ അല്ല, പിന്മാറ്റക്കാർ ആണ്.

ദൈവവചനം വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന് എല്ലാനന്മയിലും ഓഹരി കൊടുക്കണം എന്നും ( ഗലാ. 6:6 ) വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ ഇരട്ടി മാനത്തിന് യോഗ്യരായി കാണണം എന്നും (1 തിമൊ. 5:7 )  നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ എന്നും  (എബ്രാ. 13:17)  ദൈവവചനം വ്യക്തമായി പഠിപ്പിക്കുന്നു. 

തങ്ങളോട് വചനം  പ്രസംഗിച്ചു  നടത്തിയവരെ ഓർക്കുക എന്ന് മാത്രമല്ല , അവരുടെ ജീവിതത്തിൻ്റെ സഫലത ഓർത്ത് അവരുടെ വിശ്വാസം അനുകരിക്കുവാനും ലേഖകൻ പ്രബോധിപ്പിക്കുന്നു. ക്രിസ്തുവിനെ മാത്രമല്ല , ക്രിസ്തുവിനെ യഥാർത്ഥമായി അനുഗമിക്കുന്ന ആത്മീയ നേതാക്കളുടെ ജീവിതം ശ്രദ്ധിക്കുവാനും അവരുടെ വിശ്വാസം അനുകരിക്കുവാനും ലേഖകൻ ഓർമ്മിപ്പിക്കുന്നു.

2 തിമൊ. 3:10  നീയോ എൻ്റെ ഉപദേശം, സ്വഭാവം, ഉദ്ദേശം, വിശ്വാസം, ദീർഘക്ഷമ, സ്നേഹം, സഹിഷ്ണത എന്നിവയും അന്ത്യൊക്യയിലും ഇക്കോന്യയിലും ലുസ്ത്രയിലും എനിക്ക് സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞിരിക്കുന്നു 

1 കൊരിന്ത്യർ 11 :1  ഞാൻ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങളും എന്നെ അനുകരിക്കുവിൻ

ഒരുവൻ കർത്താവിനെ യഥാർത്ഥമായി അനുഗമിക്കുന്നുവോ അതോ പിന്മാറ്റത്തിൽ ആയിരിക്കുന്നവോ  എന്ന് സ്വയം പരിശോധിക്കുവാൻ ഉള്ള ഒരു പ്രധാന മാർഗ്ഗം ആണ് വിശ്വാസത്തിൽ നടത്തിയവരോടും വചനം പഠിപ്പിച്ചവരോടും അവർക്കുള്ള മനോഭാവം 

താഴെയുള്ള ലിങ്കുകളിൽ  ഈ പഠനത്തിൻ്റെ മുൻ അധ്യായങ്ങൾ  ലഭ്യമാണ് 

ജിനു നൈനാൻ 

ഹെബ്രായ ലേഖനം : ഒരു പഠനം - ആമുഖം
ഹെബ്രായ ലേഖനം അധ്യായം 1
ഹെബ്രായ ലേഖനം അധ്യായം 2 
ഹെബ്രായ ലേഖനം അധ്യായം 3  
ഹെബ്രായ ലേഖനം അധ്യായം 4
ഹെബ്രായ ലേഖനം അധ്യായം 4: 14,15
ഹെബ്രായ ലേഖനം അധ്യായം 5
ഹെബ്രായ ലേഖനം അധ്യായം 6 
ഹെബ്രായ ലേഖനം അധ്യായം 7 - ആമുഖം
ഹെബ്രായ ലേഖനം അധ്യായം 7
ഹെബ്രായ ലേഖനം അധ്യായം 8
ഹെബ്രായ ലേഖനം അധ്യായം 9 
ഹെബ്രായ ലേഖന പഠനം   അധ്യായം 10  (1-18 വാക്യങ്ങൾ )