മലയാളി പെന്തെക്കോസ്ത് സമൂഹത്തിലെ പ്രസംഗ സംസ്കാരം
മലയാളി പെന്തെക്കോസ്ത് സമൂഹത്തിലെ പ്രസംഗ സംസ്കാരം: തൊലിപ്പുറത്തെ ചികിത്സയും അടിവേരിലെ രോഗാവസ്ഥയും
ജിനു നൈനാൻ
ഇന്നത്തെ മലയാളി പെന്തെക്കോസ്ത് പ്രസംഗ മേഖല പരിശോധിച്ചാൽ, ആത്മീയ വിപണിയിൽ പ്രധാനമായും രണ്ടുതരം "ഉൽപ്പന്നങ്ങൾ" വൻതോതിൽ വിറ്റഴിക്കപ്പെടുന്നതായി കാണാം:
- ന്യൂജെൻ സമൃദ്ധി-വിടുതൽ (Prosperity & Deliverance) പ്രസംഗങ്ങൾ
- അതിനെ രൂക്ഷമായി വിമർശിക്കുന്ന ഓൾഡ്‌ജെൻ പാരമ്പര്യ / പരീശ "വിശുദ്ധി" പ്രസംഗങ്ങൾ
ഈ രണ്ടു വിഭാഗത്തിനും പെന്തെക്കോസ്ത് വേദികളിൽ വൻ ഡിമാൻഡാണ്. കാരണം, രണ്ടും ആത്മാവിനെയും ദേഹിയെയും വേർതിരിക്കുന്ന വചനത്തിൻ്റെ ആഴങ്ങളേക്കാൾ കേൾവിക്കാരുടെ വൈകാരിക (Emotional) തലങ്ങളെയാണ് ലക്ഷ്യമിടുന്നത്.
എന്നാൽ, ഇതിൽ ഓൾഡ്‌ജെൻ 'വിശുദ്ധി' പ്രസംഗങ്ങളാണ് കൂടുതൽ അപകടകരം. കാരണം, ക്രിസ്തുവിൻ്റെ കാലത്തെ പരീശന്മാരെപ്പോലെ ഭക്തിയുടെ ഒരു വ്യാജ വേഷം അണിയാൻ ഇവർക്ക് കഴിയുന്നു. അതുകൊണ്ടുതന്നെ, ശൈശവാവസ്ഥയിലുള്ള സാധാരണ വിശ്വാസികൾക്ക് ഇതിലടങ്ങിയിരിക്കുന്ന ആത്മീയ അപകടം തിരിച്ചറിയാൻ സാധിക്കുന്നില്ല. നിർഭാഗ്യവശാൽ, ആത്മീയ പക്വതയുള്ള വിശ്വാസികളുടെ കുറവ് ഈ ചൂഷണത്തിന് ആക്കം കൂട്ടുന്നു.
(ശ്രദ്ധിക്കുക: വൈകാരികമായി മാത്രം കാര്യങ്ങളെ കാണുന്ന ആത്മീയമായി ശൈശവദശയിലുള്ളവർ ഈ ലേഖനം വായിക്കാതെ ഒഴിവാക്കുക).
വിപണിയും വൈകാരിക ചൂഷണവും
ഈ "വിശുദ്ധി" പ്രാസംഗികർ, ന്യൂജെൻ രീതികളെയും പെന്തെക്കോസ്തിലെ ചില ബാഹ്യമായ തെറ്റുകളെയും ഉപരിപ്ലവമായി വിമർശിക്കുമെങ്കിലും, പെന്തെക്കോസ്ത് പ്രസ്ഥാനങ്ങളുടെ അഴുകിയ അടിവേരുകളിലെ യഥാർത്ഥ പ്രശ്നങ്ങളിൽ തൊടാൻ ഒരിക്കലും തയ്യാറാകില്ല.
എന്തുകൊണ്ടാണ് ഇവർ യഥാർത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കാത്തത്?
അടിസ്ഥാന പ്രശ്നങ്ങൾ തുറന്നുപറഞ്ഞാൽ സഭാ സ്റ്റേജുകളും ആരാധകവൃന്ദവും നഷ്ടപ്പെടും എന്നതുതന്നെ കാരണം. യഥാർത്ഥത്തിൽ, വൈകാരികമായി ആളുകളെ ഉത്തേജിപ്പിച്ച് സ്റ്റേജുകളും ജനശ്രദ്ധയും നിലനിർത്തുക, അതുവഴി സാമ്പത്തിക ലാഭം ഉണ്ടാക്കുക എന്നത് തന്നെയാണ് ഇവരുടെയും അന്തിമ ലക്ഷ്യം.
- ഒരു കൂട്ടർ സമൃദ്ധിയും വിടുതലും വിറ്റ് ജനക്കൂട്ടത്തെ ആകർഷിക്കുന്നു.
- മറുകൂട്ടർ അവരെ വിമർശിച്ച് "വിശുദ്ധിയും വികാരവും" വിറ്റ് അതേ ജനക്കൂട്ടത്തെ സ്വന്തമാക്കുന്നു.
ഒരാൾ രോഗം വിൽക്കുമ്പോൾ മറ്റൊരാൾ അതിൻ്റെ വ്യാജമരുന്ന് വിൽക്കുന്നു. രോഗത്തിൻ്റെ മൂലകാരണം കണ്ടെത്തി ചികിത്സിക്കാൻ രണ്ടു കൂട്ടർക്കും താല്പര്യമില്ല; കാരണം രോഗം മാറിയാൽ ഇരു കൂട്ടരുടെയും കച്ചവടം പൂട്ടും! വേദി, ബ്രാൻഡ്, ഫാൻസ് ക്ലബ്ബ്, യൂട്യൂബ് വ്യൂസ്, ഓഫറിംഗ് ,സ്പോൺസർഷിപ്പ്, പ്രസംഗ വിൽപ്പന എന്നിവ ലക്ഷ്യമാകുമ്പോൾ, വിമർശനം ഒരു ഉൽപ്പന്നമായും കേൾവിക്കാർ ഉപഭോക്താക്കളായും മാറുന്നു.
യിരെമ്യാവ് 6:13 “അവരെല്ലാവരും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു. ....... എൻ്റെ ജനത്തിൻ്റെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു.
കേൾവിക്കാരുടെ മനഃശാസ്ത്രവും ജഡികമായ ആവേശവും
ഇത്തരം 'വിശുദ്ധി' പ്രസംഗകരുടെ ശൈലി പലപ്പോഴും അരോചകമായി തോന്നാറുണ്ട്. വചനപ്രഘോഷണത്തേക്കാൾ ഉപരി, ഏറ്റുമുട്ടൽ മനോഭാവത്തിനും വൈകാരിക പ്രകടനങ്ങൾക്കുമാണ് പ്രാധാന്യം നൽകുന്നത്. മലയാളി പെന്തെക്കോസ്ത് സമൂഹത്തിലെ ഒരു വിഭാഗം വിശ്വാസികളുടെ സവിശേഷമായ മനഃശാസ്ത്രത്തെ ഇവർ കൃത്യമായി ചൂഷണം ചെയ്യുന്നു:
- വൈകാരിക ആനന്ദം: പണ്ട് സിനിമകളിൽ നായകൻ വില്ലനെ തല്ലുമ്പോൾ തിയേറ്ററിൽ പ്രേക്ഷകർ കൈയടിച്ചിരുന്ന അതേ വികാരമാണ്, വേദിയിൽ നിന്ന് പ്രസംഗകൻ തങ്ങളുടെ നിരാശകളും അമർഷങ്ങളും എതിരാളികൾക്കെതിരെ അതിശക്തമായി വിളിച്ചുപറയുമ്പോൾ കേൾവിക്കാർക്ക് ഉണ്ടാകുന്നത്.
- ആക്രമണോത്സുകതയോടുള്ള ആവേശം: അടിസ്ഥാനപരമായ പ്രശ്നങ്ങൾക്ക് ദൈവശാസ്ത്രപരമായ ആത്മീയ പരിഹാരം കാണുന്നതിനേക്കാൾ, എതിരാളികളെ രൂക്ഷമായ ഭാഷയിൽ വ്യക്തിഹത്യ ചെയ്യുന്നത് കേട്ട് ആവേശം കൊള്ളുന്നത് ആരോഗ്യകരമായ ആത്മീയതയല്ല, മറിച്ച് ജഡികതയുടെ വേറൊരു രൂപം മാത്രമാണ്.
ദൈവവചനവും ദൈവവിശ്വാസവും ഒരുവനെ ആത്മീയ പക്വതയുള്ളവനാക്കുകയാണ് വേണ്ടത്. അല്ലാതെ വെറും വികാരോത്തേജനത്തിലൂടെ എതിരാളികളെ അപമാനിക്കുന്നത് കേട്ട് ആനന്ദം കണ്ടെത്തുന്ന തലത്തിലേക്ക് ദൈവവചനത്തെ അധഃപതിപ്പിക്കരുത്.
ഒളിഞ്ഞിരിക്കുന്ന ചതിയും വ്യാജ ചികിത്സയും
ഈ ചതിയുടെ ആഴം മനസ്സിലാക്കാൻ ഒരു ഉദാഹരണം മാത്രം പരിശോധിക്കാം (ഇത്തരത്തിലുള്ള അനേകം കാര്യങ്ങളിൽ ഒന്നു മാത്രമാണിത്):
പാരമ്പര്യ വിശുദ്ധി പ്രാസംഗികൻ, ഐ.പി.സി (IPC) പോലെയുള്ള പെന്തെക്കോസ്ത് സഭാ നേതാക്കൾ രാഷ്ട്രീയക്കാരുമായി സ്റ്റേജ് പങ്കിടുന്നതിനെയും അവരുമായി കൂട്ടു കൂടുന്നതിനെയും അതിശക്തമായ ഭാഷയിൽ വിമർശിക്കുന്നു."നാം വേർപെട്ടവരാണ്, ലോകത്തോട് ഇണയില്ലാപ്പിണ കൂടരുത്!" എന്ന് വിറയ്ക്കുന്ന ശബ്ദത്തിലും വൈകാരിക വേദനയിലും അയാൾ പ്രസംഗിക്കുമ്പോൾ, കേൾവിക്കാരായ വിശ്വാസികൾ ആവേശഭരിതരാകുന്നു. പെന്തെക്കോസ്തിലെ തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടുന്ന പ്രവാചകനായി ഇയാളെ വാഴ്ത്തുകയും, ഇയാൾക്കായി ഫാൻസ് ക്ലബ്ബുകൾ പോലും രൂപീകരിക്കുകയും ചെയ്യുന്നു.
എന്നാൽ ഇതിന് പിന്നിലെ യഥാർത്ഥ അപകടം എന്താണ്?
സഭാ പ്രസ്ഥാനങ്ങളുടെ അടിസ്ഥാനപരമായ രോഗത്തിൽ തൊടാതെ, അതിൽ നിന്ന് പുറത്തുവരുന്ന ചില ദുഷിച്ച "ഇലകളെ" മാത്രമാണ് ഈ പ്രസംഗകൻ ലക്ഷ്യമിടുന്നത്. ആത്മീയ പക്വതയില്ലാത്ത സാധാരണ വിശ്വാസികൾ ഇത് തിരിച്ചറിയുന്നില്ല.
- നേതൃത്വത്തിൻ്റെ അവസ്ഥ: ഐ.പി.സി പോലെയുള്ള പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ളവർ പാർട്ടി രാഷ്ട്രീയക്കാരുമായി വേദി പങ്കിടുന്നതിലോ സഖ്യമുണ്ടാക്കുന്നതിലോ അത്ഭുതപ്പെടാനില്ല. കാരണം, ഏതൊരു മതേതര രാഷ്ട്രീയ പാർട്ടിയിലുമുള്ള അതേ സംഘടനാ വ്യവസ്ഥ തന്നെയാണ് ഇത്തരം പ്രസ്ഥാനങ്ങളിലും ഉള്ളത്.
- നിലവിലുള്ള രാഷ്ട്രീയക്കാരേക്കാൾ മ്ലേച്ഛമായ സഭാ രാഷ്ട്രീയ കളികളിലൂടെയും, തങ്ങളെത്തന്നെ ഉയർത്തുന്ന അധർമ്മത്തിൻ്റെ മർമ്മം പ്രയോഗിച്ചും , രാഷ്ട്രീയ തന്ത്രങ്ങളിലൂടെയുമാണ് ഇവർ ഈ നേതൃ സ്ഥാനങ്ങളിൽ എത്തിയത്. അതുകൊണ്ടുതന്നെ ഇവർ പാർട്ടി രാഷ്ട്രീയക്കാരുമായി കൂട്ടുചേരാൻ തികച്ചും യോഗ്യരാണ് — രണ്ടു കൂട്ടരും ഒരേ തൂവൽപക്ഷികളാണ്! birds of a feather flock together എന്നാണല്ലോ പ്രശസ്തമായ ഒരു പഴഞ്ചൊല്ല് !! ദൈവവചനം പഠിപ്പിക്കുന്ന യഥാർത്ഥ വേർപാട് എന്നത് ഇത്തരം ദുഷിച്ച നേതൃത്വങ്ങളിൽ നിന്നും യഥാർത്ഥ വിശ്വാസികൾ പാലിക്കേണ്ട വേർപാടാണ് !!
- വൈകാരിക വിമർശന പ്രസംഗങ്ങളിലെ ഒളിഞ്ഞിരിക്കുന്ന അപകടം : ഇത്തരം പ്രസ്ഥാനങ്ങളുടെ ദൈവവചന വിരുദ്ധമായ ബാബിലോന്യ സംഘടനാ വ്യവസ്ഥയെയോ, അതിലെ കപടരാഷ്ട്രീയത്തെയോ ദൈവവചനമാകുന്ന വാളെടുത്ത് തുറന്നു കാണിക്കുകയും ശസ്ത്രക്രിയ ചെയ്യുന്നതിന് പകരം; ഈ വിശുദ്ധി പ്രാസംഗികർ ചെയ്യുന്നത് ആ ഗുരുതര രോഗത്തിന് തൊലിപ്പുറത്തെ വ്യാജ ചികിത്സ നൽകുക മാത്രമാണ്. , അതിലൂടെ തെറ്റായ ഒരു സന്ദേശമാണ് വിശ്വാസികൾക്ക് ലഭിക്കുന്നത്: "ഇത്തരം സംഘടനാ രാഷ്ട്രീയ നേതൃത്വം ആത്മീയമാണ്; നമ്മൾ വേർപെടേണ്ടത് പുറത്തുള്ള രാഷ്ട്രീയക്കാരുമായി മാത്രമാണ്."
- ആത്മീയ രോഗത്തിൻ്റെ വേരായ ബാബിലോന്യ സംഘടനാ വ്യവസ്ഥിതിയെ തുറന്നു കാട്ടാതെ , അതിൻ്റെ യഥാർത്ഥ കേന്ദ്രങ്ങളായ സംഘടനാ നേതൃത്വങ്ങളെ വിശുദ്ധരായി ചിത്രീകരിക്കുകയും, ബാഹ്യമായ കാര്യങ്ങളിൽ മാത്രം വേർപാട് പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ, വിശ്വാസികളെ ഇവർ ആത്മീയ അന്ധതയിലേക്കും അടിമത്തത്തിലേക്കും തള്ളിവിടുകയാണ് ചെയ്യുന്നത്.
ദുഷിച്ച സംഘടനാ നേതൃത്വത്തിന് കീഴിൽ തുടരുകയും, അവരുടെ എല്ലാ ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും സാമ്പത്തിക സൗകര്യങ്ങളും അനുഭവിച്ചുകൊണ്ട്, അവരുടെ തന്നെ സ്റ്റേജുകളിൽ നിന്ന് "വിമർശന വിശുദ്ധി പ്രസംഗം" നടത്തുന്നവർ യഥാർത്ഥത്തിൽ അടിവേരിൽ തൊടാതെ വെറുതെ ഇലകൾ മാത്രം വെട്ടുന്നവരാണ്. വേരിന് കോടാലി വെക്കാൻ ഇവർ തയ്യാറല്ല !!
പെന്തെക്കോസ്ത് പ്രസ്ഥാനങ്ങളുടെ അടിസ്ഥാന ദൈവശാസ്ത്രപരവും സഭാപരവുമായ പ്രശ്നങ്ങളിലേക്ക് കടക്കുവാൻ; തുറന്ന് കാണിക്കുവാൻ തയ്യാറാകാത്ത വേരിന് കോടാലി വെക്കാൻ തയ്യാർ അല്ലാത്ത ഈ "വിമർശന പ്രസംഗം" കേവലം ഒരു സ്റ്റേജ് പ്രകടനം മാത്രമാണ്. കാരണം വേരിൽ തൊട്ടാൽ, ചിലപ്പോൾ പ്രസ്ഥാനം തകരും , സ്റ്റേജുകൾ പോകും; സ്റ്റേജുകൾ പോയാൽ വരുമാനം നിലയ്ക്കും!
തൊലിപ്പുറത്ത് മാത്രം ചികിത്സ നടത്തുന്ന ഇത്തരം ചികിത്സകരെക്കാൾ, നേരെ ചൊവ്വേ വ്യാജം വിൽക്കുന്ന 'ന്യൂജെൻ' പ്രാസംഗികർ തന്നെയാണ് എന്തുകൊണ്ടും ഭേദം. കാരണം അവരുടെ വ്യാജത്വം തിരിച്ചറിയാൻ എളുപ്പമാണ്.
ദൈവം ഇത്തരം വ്യാജ ഭക്തിയെയും ഉപരിപ്ലവ ചികിത്സകളെയും വെറുക്കുന്നു. യഥാർത്ഥ ദൈവദാസന്മാർ സഭയിലെ അടിസ്ഥാനപരമായ രോഗത്തെ വചനത്തിൻ്റെ വെളിച്ചത്തിൽ തുറന്നുകാട്ടേണ്ടവരാണ്. അടിസ്ഥാന രോഗത്തിന് ദൈവവചനമായ കത്തി ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തേണ്ടതാണ് . വൈകാരികമായും ഉപരിപ്ലവമായും ഉള്ള വിമർശന പ്രസംഗൾക്കുപരി , യഥാർത്ഥ പുതിയ നിയമ ദൈവസഭയുടെ ഘടനയും പുതിയ നിയമ സഭാ നേതൃത്വവും പഥ്യ ഉപദേശവും എന്താണ് എന്ന് വിശ്വാസികളെ പഠിപ്പിക്കേണ്ടതാണ്.
എന്നാൽ യഥാര്‍ത്ഥത്തില്‍ പഥ്യ ഉപദേശം കേള്‍ക്കാന്‍ ജനത്തിന് താല്പര്യം ഇല്ലാതെയാകുകയും, സത്യസുവിശേഷവും ദൈവത്തിൻ്റെ പത്ഥ്യോപദേശവും പ്രസംഗിക്കുന്ന യഥാര്‍ത്ഥ ദൈവ ദാസന്മാര്‍ കുറയുകയും ചെയ്യുമ്പോള്‍ ആണ് ഇത്തരം 'വൈകാരിക വിമർശന വിശുദ്ധി' പ്രസംഗങ്ങൾക്കു വിപണി വർധിക്കുന്നത് .
യിരെമ്യാവു 5.31 പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കയ്യായി നിന്നു അധികാരം നടത്തുന്നു; എൻ്റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു;.....
അതെ; എല്ലാക്കാലത്തേയും പോലെ ജനത്തിന് ഇത് ഇഷ്ടമാണ് എന്നതാണ് കാരണം . ലേഖനത്തിൻ്റെ തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ കേള്വിക്കാരായ പലരുടെയും ആത്മീക നിലവാരം ഇതാണ്.
അതിനാൽ പോലെ യഥാർത്ഥ ദൈവമക്കൾ, ആത്മീയ പക്വത പ്രാപിക്കുകയും , ഇത്തരം വൈകാരിക പ്രസംഗകരെ ഒഴിവാക്കുകയും , ഈ അനാത്മീയ സംഘടനാ വ്യവസ്ഥകളിൽ നിന്നും വ്യാജ ഭക്തിയിൽ നിന്നും, അനാത്മിക നേതൃത്വത്തിൽ നിന്നും നിന്നും കൃത്യമായ വേർപാട് പാലിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഇത്തരം വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാകുകയുള്ളൂ !!!
=====================================================================================
യെശ. 1:6 'ഉള്ളങ്കാല്‍ മുതൽ ഉച്ചിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളൂ; അവയെ ഞെക്കി കഴുകിയിട്ടില്ല, വച്ചുകെട്ടിയിട്ടില്ല, എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല. '
യിരെമ്യാവ് 8 :21 എൻ്റെ ജനത്തിൻപുത്രിയുടെ മുറിവു നിമിത്തം ഞാനും മുറിപ്പെട്ടു ദുഃഖിച്ചുനടക്കുന്നു; സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു. ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എൻ്റെ ജനത്തിൻപുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്ത്?
യിരെമ്യാവ് 6:13 “അവരെല്ലാവരും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു. ....... എൻ്റെ ജനത്തിൻ്റെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു.
മത്തായി 23 :24 കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു
മത്തായി 23 :25 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ പാനപാത്ര താലങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകമേയോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. കുരുടനായ പരീശനേ, മുമ്പെ പാനപാത്ര താലങ്ങളുടെ അകംവെടിപ്പാക്കുക; അതിനാൽ അവയുടെ പുറവും വെടിപ്പായിക്കൊള്ളും
യിരെമ്യാവ് 51:6 "ബാബിലോണിൻ്റെ മധ്യത്തിൽനിന്ന് ഓടി ജീവന്‍ രക്ഷപെടുത്തുവിന്‍. അവളുടെ ന്യായവിധിയിൽ നീ വിച്ഛേദിക്കപ്പെട്ടു പോകരുത്; ഇതു സർവേശ്വരൻ്റെ പ്രതികാരസമയമാണ്; അവിടുന്ന് അവൾക്ക് അർഹമായ ശിക്ഷ നല്‌കും" -
കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ!!!!
