Articles

സമ്പൂർണ്ണ യാഗം, ശുദ്ധമായ മനസ്സാക്ഷി, ആത്മാവിലുള്ള സത്യ ആരാധന

Date Added : 04-07-2026
Download Format:

പുതിയ നിയമം – ഭാഗം 6

പഠനക്കുറിപ്പുകൾ

സമ്പൂർണ്ണ യാഗം, ശുദ്ധമായ മനസ്സാക്ഷി, ആത്മാവിലുള്ള സത്യ ആരാധന

ജിനു നൈനാൻ

===========================================================

നമ്മൾ പുതിയ നിയമത്തിലെ സത്യങ്ങളെക്കുറിച്ചുള്ള പഠനം തുടരുന്നു.

നമ്മുടെ മുൻപത്തെ സന്ദേശത്തിൽ, മെൽക്കിസെദേക്കിന്റെ ക്രമപ്രകാരമുള്ള യേശുവിന്റെ മഹാപുരോഹിത ശുശ്രൂഷയെക്കുറിച്ച് നമ്മൾ പഠിച്ചു (എബ്രായർ 5:5–10; 6:20; 7:1–28). ക്രിസ്തു ഒരേസമയം രാജാവും പുരോഹിതനും ആയതുകൊണ്ട് അവിടുത്തെ പൗരോഹിത്യം ലേവ്യ പൗരോഹിത്യത്തേക്കാൾ എത്രയോ ശ്രേഷ്ഠമാണെന്ന് നമ്മൾ കണ്ടു (സങ്കീർത്തനങ്ങൾ 110:1–4; എബ്രായർ 7:1–3).

എബ്രായ ലേഖകൻ പഴയ നിയമവും പുതിയ നിയമവും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എടുത്തു കാണിക്കുന്നു:

  • രാജാവും പുരോഹിതനും vs പുരോഹിതൻ മാത്രം (എബ്രായർ 7:1–3)
  • മുമ്പുള്ളത് (പഴയത്) vs പിമ്പുള്ളത് (പുതിയത്) (എബ്രായർ 7:18–19)
  • ശ്രേഷ്ഠമായത് vs ന്യൂനമായത് (എബ്രായർ 7:22; 8:6)
  • സമ്പൂർണ്ണമായത് vs പൂർണ്ണതയില്ലാത്തത്   (എബ്രായർ 7:11, 19; 10:14)
  • താൽക്കാലികമായത് vs ശാശ്വതമായത് (എബ്രായർ 7:23–25)
  • ഭൂമിയിലെ കൂടാരം vs സ്വർഗ്ഗീയ കൂടാരം (എബ്രായർ 8:1–5; 9:11, 24)
  • ജഡസംബന്ധമായ ചട്ടപ്രകാരം vs അഴിയാത്ത ജീവന്റെ ശക്തിപ്രകാരം (എബ്രായർ 7:15–17)

എബ്രായ ലേഖകൻ യേശുവാണ് മശിഹാ എന്ന് തെളിയിക്കാൻ ശ്രമിക്കുകയല്ല ചെയ്യുന്നത്; കാരണം അവിടുത്തെ വായനക്കാർ ഇതിനകം തന്നെ യേശുവിൽ വിശ്വസിച്ചവരായിരുന്നു. മറിച്ച്, ക്രിസ്തുവിൽ വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് തന്നെ, വീണ്ടും പഴയ ലേവ്യ പൗരോഹിത്യത്തിലേക്ക് മടങ്ങാൻ പ്രലോഭിപ്പിക്കപ്പെട്ട വിശ്വാസികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകുകയാണ് അദ്ദേഹം ചെയ്യുന്നത് (എബ്രായർ 5:11–6:12; 10:26–39).

ഹെബ്രായ വിശ്വാസികൾ  താഴെ പറയുന്നവ തമ്മിൽ കൂട്ടിക്കലർത്താൻ ശ്രമിക്കുകയായിരുന്നു:

  • ന്യായപ്രമാണവും കൃപയും (ഗലാത്യർ 2:16–21; 3:1–5; 5:1–4)
  • പഴയ നിയമവും പുതിയ നിയമവും (എബ്രായർ 8:6–13)

ഇതേ വിഷയം തന്നെയാണ് പൗലോസ് അപ്പൊസ്തലൻ ഗലാത്യ ലേഖനത്തിലും കൈകാര്യം ചെയ്യുന്നത്. ഈ വ്യത്യാസം നമ്മൾ വ്യക്തമായി മനസ്സിലാക്കിയില്ലെങ്കിൽ, ഇന്ന് പല സഭകളും ചെയ്യുന്നതുപോലെ നമ്മളും ഈ രണ്ട് നിഉടമ്പടികളെ  തമ്മിൽ കൂട്ടിക്കലർത്താൻ ഇടയാകും.

പുതിയ നിയമ സത്യങ്ങൾ ശരിയായി ഗ്രഹിക്കുന്നത്, ദൈവത്തിന്റെ രാജകീയ പുരോഹിതവർഗ്ഗം എന്ന നിലയിലുള്ള നമ്മുടെ പദവി തിരിച്ചറിയാനും (1 പത്രോസ് 2:5, 9; വെളിപാട് 1:5–6) ദൈവം ആഗ്രഹിച്ചതുപോലെ ആ പൗരോഹിത്യത്തിൽ ശുശ്രൂഷ ചെയ്യാനും നമ്മെ സഹായിക്കും.

ഈ പഠന പരമ്പരയുടെ തുടക്കത്തിൽ  ഗലാത്യ ലേഖനത്തിലൂടെ രക്ഷയെക്കുറിച്ചും വിശുദ്ധീകരണത്തെക്കുറിച്ചുമുള്ള വിശ്വാസത്തെപ്പറ്റി പഠിപ്പിക്കാനാണ് ഞാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, നമ്മൾ എബ്രായ ലേഖനത്തിലേക്കും പുതിയ നിയമത്തിലേക്കും കടന്നതുകൊണ്ട്, ഇതിനെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതുണ്ട്.

റോമർ, ഗലാത്യർ, എബ്രായർ എന്നീ പുസ്തകങ്ങളിൽ പുതിയ നിയമത്തെക്കുറിച്ച് ഏറ്റവും പൂർണ്ണമായ വിവരണം നൽകുന്നത് എബ്രായ ലേഖനമാണ്. എബ്രായ ലേഖനത്തിലെ സത്യങ്ങൾ ആഴത്തിൽ മനസ്സിലാക്കാതെ വിശ്വാസികൾക്ക് ആത്മീയ പക്വത പ്രാപിക്കാൻ കഴിയില്ല (എബ്രായർ 5:12–14). അല്ലാത്തപക്ഷം സഭകൾ, വിശ്വാസികൾ വളർന്ന് ദൈവ സന്നിധിയിൽ ശുശ്രൂഷിക്കുന്ന പക്വതയുള്ള പുത്രന്മാരും പുരോഹിതന്മാരുമാകുന്നതിന് പകരം, എപ്പോഴും പാൽ മാത്രം കുടിക്കുന്ന കുഞ്ഞുങ്ങളായി തുടരുന്ന ശിശുപരിപാലന കേന്ദ്രങ്ങൾ ആയി തുടരും.

===========================================================

ക്രിസ്തുവിന്റെ രണ്ട് ശുശ്രൂഷകൾ

===========================================================

എബ്രായ ലേഖകൻ യേശുക്രിസ്തുവിന്റെ രണ്ട് പ്രധാന ശുശ്രൂഷകളെ അവതരിപ്പിക്കുന്നു:

  1. ദൈവത്തിന്റെ കുഞ്ഞാട് എന്ന നിലയിലുള്ള അവിടുത്തെ സമ്പൂർണ്ണ യാഗം — ഇത് അവിടുത്തെ പൂർത്തീകരിക്കപ്പെട്ട പ്രവൃത്തിയാണ് (യോഹന്നാൻ 1:29; എബ്രായർ 9:26; 10:10–14).
  2. നമ്മുടെ മഹാപുരോഹിതൻ എന്ന നിലയിലുള്ള അവിടുത്തെ തുടരുന്ന മദ്ധ്യസ്ഥ ശുശ്രൂഷ (എബ്രായർ 4:14–16; 7:24–25; 8:1–2).

ഇന്ന് നമ്മൾ ദൈവത്തിന്റെ കുഞ്ഞാട് എന്ന നിലയിലുള്ള അവിടുത്തെ യാഗത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.അടുത്ത പഠനത്തിൽ നമ്മൾ രാജകീയ പൗരോഹിത്യത്തെക്കുറിച്ചുള്ള പഠനം തുടരുന്നതായിരിക്കും

പല വിശ്വാസികളും ക്രിസ്തുവിന്റെ യാഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും, അതിന്റെ സമ്പൂർണ്ണമായ ആഴവും വ്യാപ്തിയും ചുരുക്കം ചിലർക്കേ അറിയാവൂ. എബ്രായ ലേഖനത്തിലുടനീളം, ലേഖകൻ ക്രിസ്തുവിന്റെ യാഗത്തെ പഴയനിയമ യാഗങ്ങളുമായി നിരന്തരം താരതമ്യം ചെയ്യുന്നുണ്ട്. പഴയനിയമ യാഗങ്ങളുടെ പരിമിതികൾ കൃത്യമായി മനസ്സിലാക്കിയാൽ മാത്രമേ, ക്രിസ്തുവിന്റെ യാഗത്തിന്റെ മഹിമയും പൂർണ്ണതയും നമുക്ക് പൂർണ്ണമായി ഉൾക്കൊള്ളാൻ സാധിക്കൂ.

===========================================================

വീഴ്‌ചക്കു മുൻപ്

===========================================================

പാപപതനത്തിന് മുമ്പ്, ആദാമും ഹവ്വയും ദൈവവുമായി സമ്പൂർണ്ണമായ കൂട്ടായ്മ അനുഭവിച്ചിരുന്നു (ഉല്പത്തി 2:7–25).

അവർ ദൈവവുമായി ഒന്നായിരുന്നു.

അവർ തമ്മിലും ഒന്നായിരുന്നു.

ദൈവം തന്റെ ആത്മാവിലൂടെയാണ് അവരെ നവിച്ചത്.

ദൈവത്തിന്റെ ആത്മാവും മനുഷ്യന്റെ ആത്മാവും തമ്മിൽ തടസ്സമില്ലാത്ത ആഴമേറിയ കൂട്ടായ്മ നിലനിന്നിരുന്നു.

മനുഷ്യൻ ദൈവത്തിന്റെ യഥാർത്ഥ സ്വഭാവത്തെ പ്രതിഫലിപ്പിച്ചു.

അന്ന് ദൈവം അവർക്ക് ഒരൊറ്റ കൽപ്പന മാത്രമേ നൽകിയിരുന്നുള്ളൂ:

"നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൽനിന്ന് നീ തിന്നരുത്" (ഉല്പത്തി 2:16–17).

===========================================================

വീഴ്‌ചക്കു ശേഷം

===========================================================

എന്നാൽ, ആദാമും ഹവ്വയും ദൈവകൽപ്പന ലംഘിച്ച് അനുസരണക്കേട് കാണിച്ചപ്പോൾ (ഉല്പത്തി 3:1–7):

അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു.

അവരുടെ മനസ്സാക്ഷി ഉണർന്നു (പ്രവർത്തിക്കാൻ തുടങ്ങി).

തങ്ങൾ നഗ്നരാണെന്ന് അവർ തിരിച്ചറിഞ്ഞു.

അവർ ദൈവത്തെ ഭയപ്പെടാൻ തുടങ്ങി.

അവർ  നഗ്നരാണെന്ന്  തിരിച്ചറിഞ്ഞു, ദൈവത്തെ ഭയപ്പെട്ടു ഒളിച്ചിരിക്കുമ്പോൾ  ദൈവം അവരോട് ചോദിക്കുന്നു:

"നീ നഗ്നനാണെന്ന് നിന്നോട് ആർ പറഞ്ഞു?" (ഉല്പത്തി 3:11).

യഥാർത്ഥത്തിൽ അത് പറഞ്ഞത്  അവരുടെ മനസ്സാക്ഷിയായിരുന്നു; തങ്ങൾ പാപം ചെയ്തുവെന്നും നഗ്നരാണെന്നും അവരെ ബോധ്യപ്പെടുത്തിയത് അതായിരുന്നു. തുടർന്ന്  നഗ്നത മറക്കുവാൻ തൽക്കാല പരിഹാരമായി അവർ അത്തിയിലകൾ കൂട്ടിത്തുന്നി തങ്ങൾക്ക് അരയാടകൾ ഉണ്ടാക്കി (ഉല്പത്തി 3:7).

പല രീതിയിൽ ചിന്തിച്ചാൽ, മനുഷ്യന്റെ 'മതം' എന്ന സങ്കല്പം ജനിച്ചത് തന്നെ ഈ പാപബോധത്തിൽ നിന്നാണ്. അതിന്റെ ഫലങ്ങൾ ഇവയായിരുന്നു:

കടുത്ത കുറ്റബോധം

ഭയം

അശുദ്ധമായ (കുറ്റപ്പെടുത്തുന്ന) മനസ്സാക്ഷി

ദൈവ സന്നിധിയിൽ കടന്നുചെല്ലാനുള്ള ധൈര്യമില്ലായ്മ

എങ്കിലും, കാരുണ്യവാനായ ദൈവം അവർക്കായി മൃഗത്തെ കൊന്ന്, തോൽകൊണ്ട് കുപ്പായം ഉണ്ടാക്കി അവരെ ധരിപ്പിച്ചു (ഉല്പത്തി 3:21). യഥാർത്ഥ ദൈവകുഞ്ഞാടായ ക്രിസ്തുവിന്റെ ക്രൂശുയാഗത്തിലേക്ക് പ്രവചനപരമായി വിരൽചൂണ്ടുന്ന ചരിത്രത്തിലെ ആദ്യത്തെ യാഗമായിരുന്നു അത്.

===========================================================

പഴയ നിയമത്തിന് കീഴിൽ

===========================================================

നൂറ്റാണ്ടുകൾക്ക് ശേഷം, ദൈവം മോശ മുഖാന്തരം ഇസ്രായേൽ ജനത്തിന് യാഗങ്ങളെക്കുറിച്ചും ആരാധനാക്രമങ്ങളെക്കുറിച്ചും വ്യക്തമായ കൽപ്പനകൾ നൽകി (പുറപ്പാട് 25–31). ദൈവം മോശെയെ പർവ്വതത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി സ്വർഗ്ഗീയ യാഥാർത്ഥ്യങ്ങൾ കാണിച്ചുകൊടുത്തു (പുറപ്പാട് 25:9, 40; എബ്രായർ 8:5). ആ സ്വർഗ്ഗീയ മാതൃകയ്ക്ക് ഒത്തവണ്ണം തന്നെ ഭൂമിയിലെ സമാഗമന കൂടാരം നിർമ്മിക്കാൻ മോശെയോട് കൽപ്പിക്കുകയും ചെയ്തു.

പഴയ നിയമത്തിലെ യാഗവ്യവസ്ഥകൾ മുഴുവൻ കേന്ദ്രീകരിച്ചിരുന്നത് ഈ ഭൗമിക കൂടാരത്തെയായിരുന്നു. കൃപാസനത്തിന് മുകളിലായി സ്ഥാപിച്ച കെരൂബുകൾ ഏദൻ തോട്ടത്തിന്റെ കാവലിനെയാണ് ഓർമ്മിപ്പിക്കുന്നതെന്ന് എബ്രായ ലേഖകൻ വിശദീകരിക്കുന്നു (എബ്രായർ 9:5; ഉല്പത്തി 3:24).

ഇതിലൂടെ ദൈവം കൊടുക്കുന്ന  സന്ദേശം വളരെ വ്യക്തമാണ്: പാപം കാരണം ദൈവസാന്നിധ്യത്തിലേക്കുള്ള വഴി മനുഷ്യന് മുന്നിൽ അടഞ്ഞിരിക്കുകയായിരുന്നു.

രക്തം ചൊരിഞ്ഞുള്ള യാഗങ്ങൾക്കും കർശനമായ ശുദ്ധീകരണ ചടങ്ങുകൾക്കും ശേഷം മാത്രമേ മഹാപുരോഹിതന് അതി വിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ; അതും ആണ്ടിലൊരിക്കൽ മാത്രം (ലേവ്യപുസ്തകം 16; എബ്രായർ 9:6–7). അർഹമായ യോഗ്യതയോടും വിശുദ്ധിയോടും കൂടെയല്ലാതെ പ്രവേശിച്ചാൽ അവൻ കർത്താവിന്റെ സന്നിധിയിൽ തൽക്ഷണം മരിച്ചുവീഴുമായിരുന്നു.

ഈ പഴയനിയമ വ്യവസ്ഥിതി മനുഷ്യന് നൽകിയ സന്ദേശം എപ്പോഴും ഇതായിരുന്നു:

കുറ്റബോധം

ദൈവഭയം

അശുദ്ധമായ മനസ്സാക്ഷി

ദൈവത്തോട് അടുക്കാനുള്ള ധൈര്യമില്ലായ്മ

മൃഗയാഗങ്ങൾ പാപത്തെ താൽക്കാലികമായി 'മറച്ചു' എങ്കിലും, അവയ്ക്ക് ഒരിക്കലും മനുഷ്യന്റെ മനസ്സാക്ഷിയെ ഉള്ളിൽ നിന്ന് ശുദ്ധീകരിക്കാൻ കഴിഞ്ഞില്ല. എബ്രായ ലേഖനം ഇത് വ്യക്തമാക്കുന്നു:

"അർപ്പിച്ചുപോരുന്ന വഴിപാടുകൾക്കും യാഗങ്ങൾക്കും ആരാധകന്റെ മനസ്സാക്ഷിയെ പൂർണ്ണമാക്കാൻ കഴിയില്ല" (എബ്രായർ 9:9).

അവ പുതിയ നിയമകാലം വരെ ബാഹ്യമായ ചട്ടങ്ങളായ ഭക്ഷണപാനീയങ്ങൾ, പലവിധ സ്നാനങ്ങൾ, ശുദ്ധീകരണങ്ങൾ എന്നിവയിൽ മാത്രം ഒതുങ്ങിനിന്നിരുന്നു (എബ്രായർ 9:10).

അതുകൊണ്ട്:

ബാഹ്യമായ (ശരീരസംബന്ധമായ) ശുദ്ധീകരണം മാത്രമേ നടന്നുള്ളൂ.

ആന്തരികമായ ഹൃദയപരിവർത്തനം സാധ്യമായില്ല.

യാഗങ്ങൾ കഴിച്ച് മടങ്ങിയ ശേഷവും ആരാധകർ പഴയ പാപബോധത്തോടെ തന്നെയാണ് ജീവിച്ചത്. ഇതാണ് പഴയ നിയമത്തിന്റെ ഏറ്റവും വലിയ പരിമിതി. അവരുടെ പാപങ്ങൾ താൽക്കാലികമായി മൂടപ്പെട്ടു—എന്നാൽ ഒരിക്കലും വേരോടെ നീക്കം ചെയ്യപ്പെട്ടില്ല (സങ്കീർത്തനങ്ങൾ 32:1–2; എബ്രായർ 10:1–4).

ഇത് പൊട്ടലുകൾ കൊണ്ട് വികൃതമായ  ഒരു മേശയെ ഭംഗിയുള്ള ഒരു മേശവിരിയിട്ട് മൂടുന്നതുപോലെയായിരുന്നു. പുറമെ ഭംഗി തോന്നിയാലും പ്രശ്നം ആ വിരിയുടെ അടിയിൽ തന്നെയുണ്ടായിരുന്നു.

മൃഗങ്ങളുടെ രക്തം കാണുമ്പോൾ ദൈവം അവരുടെ പാപങ്ങൾ ക്ഷമിക്കുകയും മറക്കുകയും  ചെയ്തു, എന്നാൽ പാപത്തിന്റെ കറയെ പൂർണ്ണമായി തുടച്ചുമാറ്റിയില്ല. മൃഗയാഗങ്ങൾ അർപ്പിക്കേണ്ടി വരുന്ന ഓരോ സാഹചര്യവും, തങ്ങൾ ഇപ്പോഴും പാപികളാണെന്ന വസ്തുക ആരാധകരെ വർഷംതോറും ഓർമ്മിപ്പിച്ചുപോന്നു (എബ്രായർ 10:2–3).

അതുകൊണ്ട് പഴയ നിയമത്തിന്റെ / യാഗങ്ങളുടെ ഫലം എപ്പോഴും ഇവയായിരുന്നു:

താൽക്കാലികമായ പാപപരിഹാരം (മറക്കപ്പെടൽ  മാത്രം)

വിട്ടുമാറാത്ത കുറ്റബോധം

ഭയപ്പാട്

അശുദ്ധമായ മനസ്സാക്ഷി

ദൈവ സന്നിധിയിൽ ധൈര്യമില്ലായ്മ

പാപത്തിന്റെ മൂലകാരണം നീക്കം ചെയ്യപ്പെടാത്തതുകൊണ്ട്, ഈ യാഗങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കേണ്ടി വന്നു (എബ്രായർ 10:11).

 

===========================================================

പുതിയ നിയമത്തിന് കീഴിൽ

===========================================================

ഇപ്പോൾ യേശു എന്താണ് പൂർത്തിയാക്കിയതെന്ന് എബ്രായ ലേഖനം വ്യക്തമായി വെളിപ്പെടുത്തുന്നു. വരുവാനിരുന്ന നന്മകളുടെ മഹാപുരോഹിതനായിട്ടാണ് ക്രിസ്തു വന്നത് (എബ്രായർ 9:11). ഈ സന്ദർഭത്തിൽ, ആ നന്മകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ നന്മ എന്താണ്? തീർച്ചയായും അത്   ശുദ്ധീകരിക്കപ്പെട്ട മനസ്സാക്ഷി തന്നെയാണ് .

മനുഷ്യകൈകളാൽ നിർമ്മിക്കപ്പെടാത്തതും, കൂടുതൽ വലുതും സമ്പൂർണ്ണവുമായ സ്വർഗ്ഗീയ കൂടാരത്തിലേക്കാണ് ക്രിസ്തു പ്രവേശിച്ചത് (എബ്രായർ 9:11). കോലാടുകളുടെയോ കാളക്കിടാങ്ങളുടെയോ രക്തവുമായിട്ടല്ല, സ്വന്തം രക്തം ചൊരിഞ്ഞുകൊണ്ട് അവിടുന്ന് ഒരിക്കലായി വിശുദ്ധസ്ഥലത്ത് പ്രവേശിച്ച്, നമുക്കായി ശാശ്വതമായ വീണ്ടെടുപ്പ് സാധ്യമാക്കി (എബ്രായർ 9:12).

അതിന്റെ ഫലം ബൈബിളിൽ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു:

"ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിക്കേണ്ടതിന് നിങ്ങളുടെ മനസ്സാക്ഷിയെ ... എത്രയോ അധികം ശുദ്ധീകരിക്കും?" (എബ്രായർ 9:14).

ക്രിസ്തുവിൻ്റെ യാഗ  രക്തത്തിലൂടെ  മനുഷ്യനെ നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന അശുദ്ധമായ മനസ്സാക്ഷി നീക്കം ചെയ്യപ്പെട്ടു. കാരണം, ദൈവത്തെ ആത്മാവിൽ ആരാധിക്കാൻ ശുദ്ധമായ മനസ്സാക്ഷി അത്യന്താപേക്ഷിതമാണ്.

വിളിക്കപ്പെട്ടവർക്ക് നിത്യമായ അവകാശത്തിന്റെ വാഗ്ദത്തം ലഭിക്കേണ്ടതിനായി ക്രിസ്തു പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥനായി തീർന്നു എന്ന് ലേഖകൻ തുടർന്ന് വിശദീകരിക്കുന്നു (എബ്രായർ 9:15). ഒരു മരണപത്രം (Will) പോലെ, ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നത് അത് സ്ഥാപിച്ചവന്റെ മരണത്തിലൂടെയാണ് (എബ്രായർ 9:16–17).

ക്രിസ്തുവിന്റെ ക്രൂശുയാഗം നിത്യമായ ഒന്നാണ്; അതിന് കാരണങ്ങൾ ഇവയാണ്:

  • അത് നിത്യമായ സ്വർഗ്ഗീയ കൂടാരത്തിലാണ്  അർപ്പിക്കപ്പെട്ടത് (എബ്രായർ 9:11, 24).
  • അത് നിത്യമായ ആത്മാവിനാൽ അർപ്പിക്കപ്പെട്ടു (എബ്രായർ 9:14).
  • അത് തികച്ചും സമ്പൂർണ്ണമായ യാഗമാണ് (എബ്രായർ 10:10–14).
  • അത് നമുക്ക് നിത്യമായ വീണ്ടെടുപ്പ് ഉറപ്പാക്കി (എബ്രായർ 9:12).

ഈ യാഗം രണ്ടു രീതിയിൽ നിത്യതയുള്ളതാണ്: ഒന്നാമതായി, അത് നിത്യമായ സ്വർഗ്ഗീയ കൂടാരത്തിൽ നിത്യ ആത്മാവിനാൽ അർപ്പിക്കപ്പെട്ടു. രണ്ടാമതായി, അത് എല്ലാ തലമുറകളിലുമുള്ള എല്ലാ വിശ്വാസികൾക്കും ഒരുപോലെ മതിയായതുമാണ്.

ക്രിസ്തു നമുക്കുവേണ്ടി സ്വർഗ്ഗത്തിൽ തന്നെ പ്രവേശിച്ചു (എബ്രായർ 9:24). ആണ്ടുതോറും രക്തവുമായി യാഗങ്ങൾ അർപ്പിച്ച ഭൂമിയിലെ മഹാപുരോഹിതന്മാരിൽ നിന്ന് വ്യത്യസ്തമായി, ക്രിസ്തു തന്റെ ജീവൻ ഒരിക്കലായി യാഗമായി അർപ്പിച്ചു (എബ്രായർ 9:25–28). മൃഗയാഗങ്ങളെപ്പോലെ ഈ യാഗവും ആവർത്തിക്കേണ്ടി വന്നിരുന്നെങ്കിൽ, ലോകസ്ഥാപനം മുതൽ ക്രിസ്തുവിന് പലതവണ കഷ്ടം അനുഭവിക്കേണ്ടി വരുമായിരുന്നു.

എന്നാൽ തിരുവചനം പറയുന്നു:

"അവനോ ലോകാവസാനത്തിൽ സ്വന്ത യാഗത്താൽ പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി" (എബ്രായർ 9:26).

===========================================================

ക്രിസ്തുവിന്റെ സമ്പൂർണ്ണ യാഗത്തിന്റെ ഫലം

===========================================================

ക്രിസ്തുവിന്റെ സമ്പൂർണ്ണ യാഗത്തിലൂടെ കൈവന്ന മഹത്തായ ഫലങ്ങൾ എബ്രായ ലേഖകൻ തുടർന്ന് വിവരിക്കുന്നുണ്ട്.

പഴയ നിയമത്തിലെ ന്യായപ്രമാണം വരുവാനിരുന്ന നന്മകളുടെ നിഴലല്ലാതെ, കാര്യങ്ങളുടെ യഥാർത്ഥ രൂപമായിരുന്നില്ല (എബ്രായർ 10:1). അതുകൊണ്ട് തന്നെ, ആണ്ടുതോറും ഇടവിടാതെ അർപ്പിച്ചുപോന്ന അതേ മൃഗയാഗങ്ങൾക്ക് ആരാധകരെ പൂർണ്ണരാക്കാൻ ഒരിക്കലും കഴിഞ്ഞില്ല.

ആ യാഗങ്ങൾക്ക് ആരാധകരെ പൂർണ്ണരാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അവ അർപ്പിക്കുന്നത് എന്നേക്കുമായി നിന്നുപോകുമായിരുന്നു. എന്തുകൊണ്ട്? കാരണം, "ആരാധകർ ഒരിക്കൽ ശുദ്ധീകരിക്കപ്പെട്ടാൽ പിന്നെ അവർക്ക് പാപങ്ങളെക്കുറിച്ചുള്ള കുറ്റബോധം മനസ്സാക്ഷിയിൽ അവശേഷിക്കുകയില്ല" (എബ്രായർ 10:2). ഒരു സമ്പൂർണ്ണ യാഗത്തിന് മാത്രമേ ശുദ്ധമായ മനസ്സാക്ഷി നൽകാൻ കഴിയൂ.

എന്നാൽ, ആവർത്തിക്കപ്പെടുന്ന ആ പഴയ യാഗങ്ങൾ "ആണ്ടുതോറും പാപങ്ങളെ ഓർമ്മിപ്പിക്കുന്നവ" മാത്രമായിരുന്നു (എബ്രായർ 10:3). പാപബോധം നീക്കുന്നതിന് പകരം, തങ്ങളുടെ പാപങ്ങൾ ഇനിയും പൂർണ്ണമായി നീക്കപ്പെട്ടിട്ടില്ല എന്ന് അവ ആരാധകരെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

അതിന്റെ കാരണം വചനം തുറന്നുപറയുന്നു:

"കാളകളുടെയും കോലാടുകളുടെയും രക്തത്തിന് പാപങ്ങളെ നീക്കുവാൻ സാധ്യമല്ല" (എബ്രായർ 10:4).

മൃഗങ്ങളുടെ രക്തത്തിന് പാപത്തെ താൽക്കാലികമായി മറയ്ക്കുവാൻ   മാത്രമേ കഴിഞ്ഞിരുന്നുള്ളൂ, എന്നാൽ അതിനെ വേരോടെ നീക്കാൻ കഴിഞ്ഞില്ല. അവയ്ക്ക് ബാഹ്യമായ (ശരീരസംബന്ധമായ) ശുദ്ധീകരണം നൽകാമായിരുന്നു, എന്നാൽ മനുഷ്യന്റെ മനസ്സാക്ഷിയെ ഉള്ളിൽ നിന്ന് കഴുകി വെടിപ്പാക്കാൻ കഴിഞ്ഞില്ല (എബ്രായർ 9:9–10). അവ ബാഹ്യ മനുഷ്യന്റെ പ്രവൃത്തികളെ മാത്രമാണ് കൈകാര്യം ചെയ്തത്, ഹൃദയത്തിന്റെ ആന്തരികാവസ്ഥയെ ആയിരുന്നില്ല.

എന്നാൽ, പഴയ നിയമ വ്യവസ്ഥിതിക്ക് ഒരിക്കലും ചെയ്യാൻ കഴിയാത്തത് പൂർത്തിയാക്കാൻ ക്രിസ്തു വന്നു. ലേഖകൻ പ്രഖ്യാപിക്കുന്നു:

"രണ്ടാമത്തേതിനെ സ്ഥാപിക്കേണ്ടതിന് അവിടുന്ന് ഒന്നാമത്തേതിനെ നീക്കിക്കളയുന്നു" (എബ്രായർ 10:9).

അതെ, ആവർത്തിച്ചുള്ള യാഗങ്ങളുള്ള പഴയ ഉടമ്പടി പൂർണ്ണമായി മാറ്റപ്പെടുകയും, ക്രിസ്തുവിന്റെ ഒരിക്കലായുള്ള യാഗത്തിലൂടെ പുതിയ ഉടമ്പടി  സ്ഥാപിതമാകുകയും ചെയ്തു.

അതിന്റെ ഫലം എത്രയോ മഹത്തരമാണ്:

"ആ ഇഷ്ടത്തിൽ യേശുക്രിസ്തു ഒരിക്കലായി ശരീരം അർപ്പിച്ചതിനാൽ നമ്മൾ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു" (എബ്രായർ 10:10).

പഴയ നിയമത്തിലെ താൽക്കാലിക യാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, ക്രിസ്തുവിന്റെ ക്രൂശുയാഗം ഒരിക്കലും ആവർത്തിക്കേണ്ടതില്ല. അത് പൂർണ്ണവും ശാശ്വതവുമായ വീണ്ടെടുപ്പ് സാധ്യമാക്കി. അവനിൽ വിശ്വസിക്കുന്നവർ അവിടുത്തെ പൂർത്തിയായ പ്രവൃത്തിയിലൂടെ വിശുദ്ധീകരിക്കപ്പെടുന്നു; അവരുടെ മനസ്സാക്ഷി പൂർണ്ണമായി ശുദ്ധീകരിക്കപ്പെടുന്നു. അവർ ഇനി പാപബോധത്തിലോ ശിക്ഷാവിധിയിലോ ജീവിക്കേണ്ടതില്ല, മറിച്ച് ഒരു സമ്പൂർണ്ണ യാഗത്തിന്റെയും സമ്പൂർണ്ണ രക്ഷകന്റെയും ഉറപ്പിൽ ജീവിക്കാം.

അതുകൊണ്ട്, ക്രൂശിൽ യേശു നമുക്കായി എന്താണ് ചെയ്തതെന്ന് നമ്മൾ ശരിയായി ഗ്രഹിച്ചാൽ, നമ്മൾ ഇനി പാപബോധത്തിലും കുറ്റബോധത്തിലും ജീവിക്കേണ്ടി വരില്ല. മറിച്ച് അവിടുത്തെ സമ്പൂർണ്ണ യാഗം നമുക്ക് പകർന്നുതന്ന 'നീതിബോധത്തിൽ' (Righteousness-consciousness) വേണം ജീവിക്കാൻ (എബ്രായർ 9:14; 10:2, 14, 17, 22).

ക്രിസ്തു തന്റെ തനതായ യാഗത്തിലൂടെ പുതിയ നിയമം സ്ഥാപിച്ചതിനാൽ പഴയ നിയമം എന്നേക്കുമായി മാറ്റപ്പെട്ടിരിക്കുന്നു.

ഇത് വിശുദ്ധിയെക്കുറിച്ചുള്ള പ്രസംഗങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു വ്യത്യാസം കൊണ്ടുവരുന്നുണ്ട്.

===========================================================

രണ്ടുതരം വിശുദ്ധി പ്രസംഗങ്ങൾ

===========================================================

 

വിശുദ്ധിയെക്കുറിച്ച് പ്രസംഗിക്കുന്നതിലും പഠിപ്പിക്കുന്നതിലും തികച്ചും വ്യത്യസ്തമായ രണ്ട് സമീപനങ്ങളുണ്ട്:

1. പഴയ നിയമ വിശുദ്ധി (Old Covenant Holiness)

ഈ സമീപനം വിശ്വാസികളെ അവരുടെ പരാജയങ്ങളെയും വീഴ്ചകളെയും കുറിച്ച് നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത് മനുഷ്യനിൽ ഉളവാക്കുന്നത് ഇവയാണ്:

  • ഭയം
  • വിട്ടുമാറാത്ത കുറ്റബോധം
  • പാപബോധം
  • ശിക്ഷാവിധി (Condemnation)
  • ബാഹ്യമായ അനുസരണം (നിയമങ്ങൾ പാലിക്കൽ മാത്രം)

ഇവിടെ, ദൈവത്തിന്റെ അംഗീകാരവും പ്രീതിയും പിടിച്ചുപറ്റാൻ വേണ്ടിയാണ് മനുഷ്യൻ വിശുദ്ധനാകാൻ ശ്രമിക്കുന്നത്. ഇതിന്റെ പിന്നിലെ പ്രധാന പ്രേരണ ഭയമാണ്; ഇതിന്റെ ശ്രദ്ധ മുഴുവൻ ബാഹ്യമായ പെരുമാറ്റങ്ങളിലും ചട്ടങ്ങളിലുമാണ്.

2. പുതിയ നിയമ വിശുദ്ധി (New Covenant Holiness)

എന്നാൽ പുതിയ നിയമ സമീപനം ആരംഭിക്കുന്നത് തന്നെ, ക്രിസ്തു കാൽവരിയിൽ ഇതിനകം പൂർത്തിയാക്കിയ കാര്യങ്ങളിൽ നിന്നാണ്. ഇവിടെ വിശ്വാസികളോട് ആദ്യം പ്രഖ്യാപിക്കുന്നത് "അവർ ക്രിസ്തുവിൽ ആരാണ്" (അവരുടെ പുതിയ സ്വഭാവം) എന്നാണ്. പിന്നീട്, ആ പുതിയ ആത്മീയ വ്യക്തിത്വത്തിൽ നിന്ന് വിശുദ്ധ ജീവിതം സ്വാഭാവികമായി ഒഴുകി വരുന്നു. ഇത് വിശ്വാസിയിൽ ഉളവാക്കുന്നത് ഇവയാണ്:

  • ദൈവ സന്നിധിയിലുള്ള ധൈര്യം
  • നീതിബോധം (Righteousness-consciousness)
  • രക്ഷയുടെ ഉറപ്പ്
  • ദൈവമുമ്പാകെയുള്ള ആത്മവിശ്വാസം
  • ബാഹ്യമായ വിശുദ്ധിക്ക് കാരണമായിത്തീരുന്ന ആന്തരികമായ ഹൃദയപരിവർത്തനം

ഈ രണ്ടു സമീപനങ്ങളുടെയും അന്തിമ ലക്ഷ്യം വിശുദ്ധി തന്നെയാണ്. എന്നാൽ വ്യത്യാസം അത് കൈവരിക്കുന്ന രീതിയിലാണ്. പഴയ നിയമ പ്രസംഗം ബാഹ്യമായ പെരുമാറ്റങ്ങളെ മാത്രം മാറ്റാൻ ശ്രമിക്കുമ്പോൾ, പുതിയ നിയമ പ്രസംഗം ആദ്യം മനുഷ്യന്റെ ഹൃദയത്തെയാണ് മാറ്റുന്നത്. അതിന്റെ ഫലമായി ഉള്ളിൽ നിന്ന് പുറപ്പെടുന്ന യഥാർത്ഥ വിശുദ്ധി ജന്മമെടുക്കുന്നു. ഒരു പ്രാസംഗികൻ  പ്രസംഗിക്കുന്നത് പഴയ നിയമ ചിന്താഗതിയിൽ നിന്നാണോ അതോ പുതിയ നിയമത്തിന്റെ യാഥാർത്ഥ്യത്തിൽ നിന്നാണോ എന്ന് ഈ വ്യത്യാസത്തിലൂടെ നമുക്ക് തിരിച്ചറിയാൻ സാധിക്കും.

===========================================================

ക്രിസ്തുവിലുള്ള നമ്മുടെ സ്ഥാനം

===========================================================

ക്രിസ്തുവിന്റെ ആ ഒരൊറ്റ സമ്പൂർണ്ണ യാഗം കാരണം:

  • നമ്മൾ ദൈവമുമ്പാകെ നീതീകരിക്കപ്പെട്ടിരിക്കുന്നു (റോമർ 5:1; 2 കൊരിന്ത്യർ 5:21).
  • നമ്മുടെ ആത്മാവിൽ നമ്മൾ എന്നേക്കുമായി പൂർണ്ണരാക്കപ്പെട്ടിരിക്കുന്നു (എബ്രായർ 10:14).
  • നമ്മുടെ ആ പ്രായോഗിക വിശുദ്ധീകരണം പുറപ്പെടുന്നത് ക്രിസ്തു നൽകിയ ഈ പുതിയ വ്യക്തിത്വത്തിൽ നിന്നാണ് (റോമർ 6:1–14; കൊലോസ്യർ 3:1–17).

എബ്രായ ലേഖകൻ പ്രഖ്യാപിക്കുന്നു:

"വിശുദ്ധീകരിക്കപ്പെടുന്നവരെ അവൻ ഒരൊറ്റ യാഗത്താൽ എന്നേക്കും പൂർണ്ണരാക്കിയിരിക്കുന്നു" (എബ്രായർ 10:14).

ഈ വചനത്തിലെ രണ്ട് പ്രധാന സത്യങ്ങൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്:

  1. ദൈവത്തിന്റെ മുമ്പാകെയുള്ള നമ്മുടെ പദവിയിൽ (Position) നമ്മൾ എന്നേക്കുമായി പൂർണ്ണരാക്കപ്പെട്ടിരിക്കുന്നു.
  2. അതേസമയം, നമ്മുടെ അനുദിന ജീവിതത്തിൽ (Practice) നമ്മൾ വിശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു (ആത്മീയമായി വളർന്നുകൊണ്ടിരിക്കുന്നു).

നമ്മുടെ ആത്മീയ പദവിയും (Position) പ്രായോഗിക ജീവിതവും (Practice) ഒന്നല്ല. ദൈവമുമ്പാകെയുള്ള നമ്മുടെ പദവി ക്രിസ്തു നിമിത്തം ഇതിനകം തന്നെ പൂർണ്ണമാണ് (Complete). എന്നാൽ പരിശുദ്ധാത്മാവ് നമ്മിൽ പ്രവർത്തിക്കുന്നതിനനുസരിച്ച്, നമ്മുടെ പ്രായോഗിക ജീവിതം അനുദിനം വളർന്നുകൊണ്ടിരിക്കുന്നു.

പരിശുദ്ധാത്മാവ് തന്നെ ഈ പുതിയ നിയമ സത്യത്തിന് സാക്ഷ്യം നൽകുന്നുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് യെരമ്യാ പ്രവാചകൻ ഇപ്രകാരം പ്രവചിച്ചു:

"ഈ നാളുകളുടെ ശേഷം ഞാൻ അവരോട് ചെയ്യാനിരിക്കുന്ന നിയമം ഇതാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഹൃദയത്തിൽ ആക്കും; അവരുടെ മനസ്സുകളിൽ അതിനെ എഴുതും എന്ന് കർത്താവ് അരുളിച്ചെയ്യുന്നു" (യിരെമ്യാവ് 31:33; എബ്രായർ 10:16).

അതിനുശേഷം ദൈവം ചരിത്രത്തിലെ ഏറ്റവും വലിയ പ്രഖ്യാപനം നടത്തുന്നു:

"അവരുടെ പാപങ്ങളെയും അധർമ്മങ്ങളെയും ഞാൻ ഇനി ഓർക്കുകയുമില്ല" (യിരെമ്യാവ് 31:34; എബ്രായർ 10:17).

ഇവിടെ നമ്മൾ വളരെ ശ്രദ്ധയോടെ നോക്കേണ്ടതുണ്ട്. ദൈവം അരുളിച്ചെയ്യുന്നത് പാപങ്ങളെ 'കുറച്ചുമാത്രം ഓർക്കും' എന്നോ 'വല്ലപ്പോഴും ഓർക്കും' എന്നോ അല്ല; മറിച്ച്, "ഇനി ഓർക്കുകയുമില്ല" എന്നാണ്. പാപങ്ങൾക്ക് പൂർണ്ണമായ മോചനം ലഭിച്ച ഒരിടത്ത്, ഇനി പാപപരിഹാരത്തിനായി മറ്റൊരു യാഗത്തിന്റെ ആവശ്യമില്ല (എബ്രായർ 10:18).

അത്യന്തവിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കാനുള്ള ധൈര്യം

ഇത് പുതിയ നിയമം നമുക്ക് നൽകുന്ന ഏറ്റവും മഹത്തായ പദവികളിലേക്ക് നമ്മെ നയിക്കുന്നു. എബ്രായ ലേഖകൻ ഇപ്രകാരം പറയുന്നു:

"സഹോദരന്മാരേ, യേശുവിന്റെ രക്തത്താൽ അതി വിശുദ്ധസ്ഥലത്തേക്കുള്ള പ്രവേശനത്തിന് നമുക്ക് പൂർണ്ണ ധൈര്യമുണ്ട്..." (എബ്രായർ 10:19).

പഴയ നിയമത്തിന് കീഴിൽ അവസ്ഥ ഇതായിരുന്നു:

  • ദൈവസാന്നിധ്യത്തിലേക്കുള്ള വഴി മനുഷ്യന് മുന്നിൽ പൂർണ്ണമായി അടഞ്ഞിരുന്നു.
  • സാധാരണക്കാർക്ക് പ്രവേശനമില്ലായിരുന്നു, ഒരൊറ്റ മനുഷ്യന് (മഹാപുരോഹിതന്) മാത്രമേ അതിനുള്ള അനുവാദമുണ്ടായിരുന്നുള്ളൂ.
  • അത് തന്നെ വർഷത്തിൽ ഒരേയൊരു തവണ (ആണ്ടിലൊരിക്കൽ) മാത്രമായിരുന്നു.
  • കയ്യിൽ യാഗ മൃഗങ്ങളുടെ രക്തമില്ലാതെ പ്രവേശിക്കാൻ ഒട്ടും സാധ്യമായിരുന്നില്ല.
  • കഠിനവും വിപുലവുമായ ബാഹ്യ ശുദ്ധീകരണ ചടങ്ങുകൾക്ക് ശേഷം മാത്രമേ ഇതിന് കഴിഞ്ഞിരുന്നുള്ളൂ.

എന്നാൽ പുതിയ നിയമത്തിലേക്ക് വരുമ്പോൾ ഈ വ്യവസ്ഥകളെല്ലാം പാടെ മാറുന്നു. യേശു നമുക്കായി ഒരു പുതിയ വഴി തുറന്നു തന്നിരിക്കുന്നു:

"തന്റെ ശരീരമെന്ന തിരശ്ശീലയിൽക്കൂടി അവൻ നമുക്കായി ജീവനുള്ള പുതിയൊരു വഴി പ്രതിഷ്ഠിച്ചിരിക്കുന്നു (തുറന്നു തന്നിരിക്കുന്നു)" (എബ്രായർ 10:20).

ഇതിന്റെ ഫലമായി ഇപ്പോൾ നമുക്കുള്ളത് :

  • ദൈവാലയത്തിന്മേൽ അധികാരിയായ ഒരു വലിയ മഹാപുരോഹിതൻ (എബ്രായർ 10:21).
  • ദൈവസാന്നിധ്യത്തിലേക്ക് ഭയമില്ലാതെ കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം.
  • യേശുവിന്റെ ചൊരിയപ്പെട്ട  രക്തം നിമിത്തമുള്ള അചഞ്ചലമായ ആത്മവിശ്വാസം.
  • അവിടുത്തെ പൂർണ്ണമായ നീതിയാൽ നമുക്ക് ലഭിച്ച ദൈവീക അംഗീകാരം.

അതുകൊണ്ട് ലേഖകൻ നമ്മെ സ്നേഹത്തോടെ ക്ഷണിക്കുകയാണ്:

"നമ്മുടെ ഹൃദയങ്ങളെ ദുർമനസ്സാക്ഷി നീങ്ങി ശുദ്ധീകരിക്കപ്പെട്ടവരും ശരീരം നിർമ്മല ജലത്താൽ കഴുകപ്പെട്ടവരുമായി പൂർണ്ണ നിശ്ചയത്തോടെയും പരമാർത്ഥ ഹൃദയത്തോടെയും അടുത്തു ചെല്ലുക" (എബ്രായർ 10:22).

എബ്രായ ലേഖകൻ മനുഷ്യന്റെ മനസ്സാക്ഷിയുടെ ശുദ്ധീകരണത്തിന് എത്രമാത്രം പ്രാധാന്യമാണ് നൽകുന്നതെന്ന് ഈ വചനത്തിലൂടെ വീണ്ടും വ്യക്തമാകുന്നു. ഒരിക്കൽ കുറ്റബോധത്താൽ തകർന്നിരുന്ന മനസ്സാക്ഷി, ഇന്ന് ക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെട്ട് പൂർണ്ണമായി വെടിപ്പാക്കപ്പെട്ടിരിക്കുന്നു. പുതിയ നിയമം വിശ്വാസിക്ക് നൽകുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണിത്.

===========================================================

ആത്മാവിലും സത്യത്തിലുമുള്ള ആരാധന

===========================================================

യേശു അന്ന് ശമര്യക്കാരത്തിയായ സ്ത്രീയോട് സംസാരിച്ചപ്പോൾ യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാൻ ഈ സത്യം നമ്മെ ഏറെ സഹായിക്കും. യോഹന്നാൻ 4:19–24 വചനങ്ങളിൽ യേശു പുതിയ നിയമ ആരാധനയുടെ ആഴമേറിയ യാഥാർത്ഥ്യമാണ് വെളിപ്പെടുത്തിയത്.

അവിടുന്ന് പ്രഖ്യാപിച്ചു:

"ദൈവം ആത്മാവാകുന്നു, അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം" (യോഹന്നാൻ 4:24).

യഥാർത്ഥ ആരാധന എന്നത് ഇനി ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ സ്ഥലത്തെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല. അത് ഇനി പറയുന്ന ഇടങ്ങളിൽ മാത്രമായി പരിമിതപ്പെടുന്നതുമല്ല:

  • ഗെരിസീം മലയിൽ മാത്രം.
  • യെരൂശലേം നഗരത്തിൽ മാത്രം.
  • ഭൂമിയിലെ ഏതെങ്കിലും ഒരു ഭൗതിക ദേവാലയത്തിൽ മാത്രം.

യഥാർത്ഥ ആരാധന പുറപ്പെടുന്നത് ക്രിസ്തുവിന്റെ രക്തത്താൽ കഴുകി ശുദ്ധീകരിക്കപ്പെട്ട ഒരു ഹൃദയത്തിൽ നിന്നാണ്; അത് പുതിയ നിയമത്തിലൂടെ ജീവിപ്പിക്കപ്പെട്ട മനുഷ്യന്റെ ആത്മാവിൽ നിന്നാണ് ഉത്ഭവിക്കുന്നത്.

അതുകൊണ്ട്, യഥാർത്ഥ പുതിയ നിയമ ആരാധന എന്നാൽ:

  • പാപക്കറകൾ നീങ്ങി ശുദ്ധീകരിക്കപ്പെട്ട ഒരു ആത്മാവിൽ നിന്ന് ഒഴുകിവരുന്ന ആരാധനയാണ്.
  • ക്രിസ്തു കാൽവരിയിൽ പൂർത്തിയാക്കിയ അവിടുത്തെ മഹത്തായ പ്രവൃത്തിയിൽ അധിഷ്ഠിതമായ ആരാധനയാണ്.
  • ദൈവ സന്നിധിയിൽ യാതൊരു ഭയവുമില്ലാതെ, പൂർണ്ണ ആത്മവിശ്വാസത്തോടെ അർപ്പിക്കുന്ന ആരാധനയാണ്.
  • ബാഹ്യമായ ചടങ്ങുകൾക്കോ വിശുദ്ധ സ്ഥലങ്ങൾക്കോ കെട്ടിടങ്ങൾക്കോ അടിമപ്പെടാത്ത സ്വതന്ത്രമായ ആരാധനയാണ്.

എന്നാൽ, ആത്മാവിലുള്ള ആരാധന എന്നാൽ കേവലം താഴെ പറയുന്ന ബാഹ്യ പ്രകടനങ്ങൾ മാത്രമാണെന്ന് ഇന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്:

  • ശരീര ചലനങ്ങളോടെ നൃത്തം ചെയ്യുക.
  • ഉച്ചത്തിൽ ആർത്തുവിളിക്കുക.
  • അന്യഭാഷകളിൽ സംസാരിക്കുക.
  • വികാരവിക്ഷോഭങ്ങൾ പ്രകടിപ്പിക്കുക.

ഇത്തരം കാര്യങ്ങൾ ഒരു പൊതു  ആരാധനയുടെ സമയത്ത് ഒരുപക്ഷേ ഒപ്പമുണ്ടായേക്കാം; എങ്കിലും യേശു പഠിപ്പിച്ച ആരാധനയുടെ യഥാർത്ഥ സാരവും അന്തസ്സും ഇതല്ല. പഴയ നിയമ കാലത്തും വലിയ സ്തുതിപ്പുകളും, വാദ്യഘോഷങ്ങളും, സംഗീതവും, ആർപ്പുവിളികളും, മൃഗയാഗങ്ങളും വലിയ ആഘോഷങ്ങളും ഉണ്ടായിരുന്നു (സങ്കീർത്തനങ്ങൾ 150; 2 ദിനവൃത്താന്തം 5:11–14). എന്നാൽ ഓർക്കുക, അതെല്ലാം നടന്നത് അത്യന്തവിശുദ്ധസ്ഥലത്തിന്റെ തിരശ്ശീലയ്ക്ക് വെളിയിലായിരുന്നു! ആ ആരാധകർ അപ്പോഴും തങ്ങളുടെ ഉള്ളിൽ കുറ്റപ്പെടുത്തുന്ന ഒരു ദുർമനസ്സാക്ഷിയും പാപബോധവും ചുമന്നുകൊണ്ടാണ് അതെല്ലാം ചെയ്തത്.

എന്നാൽ പുതിയ നിയമം തികച്ചും വ്യത്യസ്തവും ശ്രേഷ്ഠവുമായ ഒന്നാണ് നമുക്ക് നൽകുന്നത്. യഥാർത്ഥ ആരാധനയുടെ തുടക്കം തന്നെ ശുദ്ധീകരിക്കപ്പെട്ട മനസ്സാക്ഷിയിൽ നിന്നാണ്.

  • ക്രിസ്തു തന്റെ യാഗത്താൽ എന്നേക്കുമായി എന്നെ പൂർണ്ണനാക്കിയിരിക്കുന്നു എന്നും (എബ്രായർ 10:14),
  • തന്റെ മനസ്സാക്ഷി അവിടുത്തെ രക്തത്താൽ കഴുകി വെടിപ്പാക്കപ്പെട്ടിരിക്കുന്നു എന്നും (എബ്രായർ 9:14; 10:22),
  • ജീവനുള്ള ദൈവം തന്റെ പാപങ്ങളെ ഇനി ഒരിക്കലും ഓർക്കുകയില്ല എന്നും (എബ്രായർ 10:17) പൂർണ്ണമായി ബോധ്യമുള്ള ഒരു വിശ്വാസിക്കു മാത്രമേ, യഥാർത്ഥ ധൈര്യത്തോടെ ദൈവസാന്നിധ്യത്തിലേക്ക് കടന്നുചെന്ന് ആരാധിക്കാൻ സാധിക്കൂ.

ക്രിസ്തുവിന്റെ ഈ സമ്പൂർണ്ണ യാഗത്തിന്റെ ആഴം നമ്മൾ ശരിയായി ഗ്രഹിച്ചില്ലെങ്കിൽ സംഭവിക്കുന്നത് ഇതാണ്:

  • നമുക്ക് ദൈവ സന്നിധിയിൽ ഒരിക്കലും ആത്മീയ ധൈര്യമുണ്ടാകില്ല.
  • നമ്മൾ വിട്ടുമാറാത്ത കുറ്റബോധവും ശിക്ഷാവിധിയും ഉള്ളിൽ ചുമന്നുകൊണ്ടേയിരിക്കും.
  • ഭയവും അശുദ്ധമായ മനസ്സാക്ഷിയും നമ്മെ എപ്പോഴും വേട്ടയാടും.
  • യേശു വിഭാവനം ചെയ്ത ആത്മാവിലും സത്യത്തിലുമുള്ള ആഴമേറിയ ആരാധന നമ്മുടെ ജീവിതത്തിൽ ഒരിക്കലും പൂർണ്ണമായി അനുഭവിക്കാൻ നമുക്ക് കഴിയില്ല.
  • ======================================================

    ഉപസംഹാരം

    ===========================================================

    യേശുക്രിസ്തു നമ്മുടെ പാപങ്ങൾ ക്ഷമിച്ചു എന്നത് മാത്രമല്ല എബ്രായ ലേഖനത്തിന്റെ സന്ദേശം; മറിച്ച് അവിടുത്തെ കാൽവരി യാഗം, പഴയ നിയമ വ്യവസ്ഥിതിക്ക് ഒരിക്കലും ചെയ്യാൻ കഴിയാത്തത് പൂർണ്ണമായി ചെയ്തു എന്നതാണ് അതിന്റെ പ്രധാന സന്ദേശം.

    • മൃഗയാഗങ്ങൾ പാപത്തെ താൽക്കാലികമായി മറച്ചു ; എന്നാൽ ക്രിസ്തു പാപത്തെ വേരോടെ നീക്കിക്കളഞ്ഞു (യോഹന്നാൻ 1:29; എബ്രായർ 9:26).
    • മൃഗയാഗങ്ങൾ ബാഹ്യമായ  ശുദ്ധീകരണം മാത്രം നൽകി; എന്നാൽ ക്രിസ്തു മനുഷ്യന്റെ ആന്തരിക മനസ്സാക്ഷിയെ കഴുകി വെടിപ്പാക്കുന്നു (എബ്രായർ 9:14).
    • മൃഗയാഗങ്ങൾ വർഷംതോറും ആവർത്തിക്കേണ്ടി വന്നു; എന്നാൽ ക്രിസ്തു തന്നെത്താൻ ഒരിക്കലായി (Once for all) അർപ്പിച്ചു (എബ്രായർ 10:10–14).
    • മൃഗയാഗങ്ങൾ തങ്ങൾ പാപികളാണെന്ന വസ്‌തുത ആരാധകരെ നിരന്തരം ഓർമ്മിപ്പിച്ചു; എന്നാൽ ക്രിസ്തു വിശ്വാസികളെ അവിടുത്തെ നീതിയിൽ എന്നേക്കുമായി സ്ഥാപിക്കുകയും ഉള്ളിലെ കുറ്റബോധം പൂർണ്ണമായി നീക്കുകയും ചെയ്തു (എബ്രായർ 10:17–22).