Articles

പുതിയ നിയമ സത്യങ്ങൾ – ഭാഗം 1: ദൈവികമായ ആത്മീയ ഹൃദയമാറ്റ ശസ്ത്രക്രിയ

Date Added : 18-03-2026

പുതിയ നിയമ സത്യങ്ങൾ – ഭാഗം 1: ദൈവികമായ ആത്മീയ ഹൃദയമാറ്റ ശസ്ത്രക്രിയ 

ജിനു നൈനാൻ 

================================

ആത്മീയ ഭാരവും , ആവശ്യബോധവും

ഒരു സത്യസന്ദേശം പ്രധാനമായും രണ്ട് ഉറവിടങ്ങളിൽ നിന്നാണ് വരുന്നത്: ഒന്നുകിൽ ഒരു അറിയിക്കുന്ന വ്യക്തിയുടെ  ദൈവിക ഭാരത്തിൽ നിന്ന്, അല്ലെങ്കിൽ സഭയുടെ ആത്മീയമായ ആവശ്യകതയിൽ നിന്ന്.

 

ദൈവീക ഭാരം എന്നത് യിരെമ്യാവ് പറഞ്ഞതുപോലെ, "എന്റെ അസ്ഥികളിൽ തീ കത്തുന്നതുപോലെ..." എന്ന ആന്തരികമായ പ്രേരണയാണത്. പൗലോസ് അപ്പൊസ്തലൻ ഉപദേശിച്ചത് പോലെ, "സമയത്തായാലും അസമയത്തായാലും" വചനം പ്രസംഗിക്കപ്പെടണം.

 

 നമുക്ക് ഒരു സഭയുടെ ഉത്തരവാദിത്വം ദൈവം ഏൽപ്പിച്ചിട്ടുണ്ട് എങ്കിൽ ദൈവം നമ്മുടെ ഹൃദയത്തിൽ  സഭയോട് സംസാരിക്കാൻ  ഭാരം നൽകും , അത് ക്രിസ്തുവിന്റെ ശരീരത്തെ പണിയാനുള്ള ഉത്തരവാദിത്തമായി മാറുന്നു. അതിനാൽ കേൾവിക്കാർക്ക് അത് ആവശ്യമുണ്ടെന്ന് തോന്നിയാലും ഇല്ലെങ്കിലും, ആ ഭാരത്തോടെ  ഉപദേശിക്കുന്നത് തുടരണം.

 

എന്നാൽ നമുക്ക് ഒരു സഭയുടെ ഉത്തരവാദിത്വം ഇല്ല എങ്കിൽ ,ഏതെങ്കിലും വിഷയം സംസാരിക്കുവാൻ  ആത്മീയ ഭാരം നമുക്ക് ഇല്ല എങ്കിൽ നാം സംസാരിക്കണം എങ്കിൽ  എന്ന  ആത്മീയമായ ഒരു ആവശ്യം സഭയിൽ നിന്നും  ഉണ്ടായിരിക്കണം; പ്രത്യേകിച്ച് മൂപ്പന്മാർ തിരിച്ചറിയുന്ന ആവശ്യം.

 

കേവലം ഒരു കടമ തീർക്കാൻ വേണ്ടി മാത്രം നാം സംസാരിക്കരുത്. പലപ്പോഴും ബൈബിൾ പഠനങ്ങൾ ഒരു കടമയും  ബാധ്യതയും ആയി  മാറുന്നതും, വിശ്വാസികൾ  യെഹെ. 33:31 ൽ  പറഞ്ഞതുപോലെ "ഹൃദയം അകന്നിരിക്കുന്ന" അവസ്ഥയിലാകുന്നതും ആത്മഭാരമോ ആവശ്യബോധമോ  ഇല്ലാത്തതാണ് .

 

എൻ്റെ  വ്യക്തിപരമായ ബോധ്യത്തിൽ , ദൈവികമായ ഭാരമോ യഥാർത്ഥമായ ആവശ്യമോ ഇല്ലെങ്കിൽ എന്തെങ്കിലും പ്രസംഗിക്കുക എന്നതല്ല  മൗനമായിരിക്കാനാണ് ദൈവം നമ്മോടു  ആവശ്യപ്പെടുന്നത് .ദൈവം  യെഹെസ്‌കേലിനോട് പറഞ്ഞത് പോലെ പോലെ, ചിലപ്പോൾ മൗനമായിരിക്കുന്നതാണ് ദൈവത്തോടുള്ള ഏറ്റവും വലിയ അനുസരണം.

 

ഇന്ന് പല പ്രസംഗകരും ആത്മഭാരമോ ആവശ്യബോധമോ എല്ലാ എങ്കിലും തങ്ങൾക്കു പ്രസംഗിക്കുവാൻ  അവസരങ്ങൾ തേടി നടക്കുന്നവരാണ്  പലരും വിദേശരാജ്യങ്ങളിൽ  വിസ തരപ്പെടുത്തി എത്തുന്നു .   തങ്ങളുടെ ഫോൺ നമ്പറുകൾ സഭകളിൽ  നൽകി പ്രസംഗിക്കുവാൻ അവസരങ്ങൾ  ആവശ്യപ്പെടുന്നു. ഇത് ദൈവനാമത്തിന്  വലിയ അപമാനമാണ്. സത്യത്തിൽ ദൈവനാമം ഇന്ന് ഏറ്റവും ദുഷിക്കപ്പെടുന്നത് , ഇത്തരത്തിലുള്ള  'കള്ള ദൈവവേലക്കാർ' കാരണമാണ്

യിരെമ്യാവോ, യെഹെസ്‌കേലോ, പൗലോസോ ഇത്തരത്തിൽ അവസരങ്ങൾക്കായി യാചിക്കുന്നത് ചിന്തിക്കാൻ കഴിയുമോ ? എന്നാൽ ഇന്നുള്ള വിശ്വാസികൾക്ക് വിവേചനം എന്നത് ഇല്ലാത്തതിനാൽ ഇങ്ങനെയുള്ളവർക്കു ആവസരങ്ങൾ ലഭിക്കുന്നു .

 

സത്യം ആഴത്തിൽ തിരിച്ചറിയുക

================================

നാം അറിഞ്ഞിരിക്കേണ്ട അടിസ്ഥാന സത്യങ്ങളിൽ നിന്നാണ് ഞാൻ തുടങ്ങുന്നത്. അപ്പൊസ്തല പ്രവൃത്തികളിൽ പറയുന്നതുപോലെ പുതിയത് എന്തെങ്കിലും കേൾക്കാനുള്ള ആകാംക്ഷയല്ല നമുക്ക് വേണ്ടത്; മറിച്ച്, നമുക്കറിയാവുന്ന സത്യങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ ആണ്  ദൈവം ആഗ്രഹിക്കുന്നത്. പല വിശ്വാസികളും പരാജയപ്പെടുന്നത് ആത്മാർത്ഥത ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് തിരിച്ചറിവ് (Knowledge) ഇല്ലാത്തതുകൊണ്ടാണ്.

എന്താണ് ക്രിസ്തീയ മാർഗത്തെ സവിശേഷമാക്കുന്നത്?

ക്രിസ്തീയ മാർഗം ലോകത്തിലെ മറ്റെല്ലാ മാർഗങ്ങളിൽ നിന്നും വ്യത്യസ്തമാകുന്നത് അത് വിശ്വാസത്താൽ മാത്രം (By Faith Alone) ആയതുകൊണ്ടാണ് (എഫെസ്യർ 2:8-9).

റോമാ ലേഖനം അതിന്റെ ആദിയോടന്തം പഠിപ്പിക്കുന്നത് നീതീകരണവും വിശുദ്ധീകരണവും  വിശ്വാസത്താലാണ് എന്നാണ് (റോമർ 1:17).

രക്ഷയും നീതീകരണവും (Justification) വിശ്വാസത്താലാണെന്ന് ഭൂരിഭാഗം വിശ്വാസികളും മനസ്സിലാക്കുന്നു; എന്നാൽ മറ്റു മതങ്ങളെല്ലാം പഠിപ്പിക്കുന്നത് സ്വന്തം പ്രവർത്തികളിലൂടെയുള്ള രക്ഷയെക്കുറിച്ചാണ്.

എങ്കിലും, പല ക്രിസ്ത്യാനികളും ഇന്നും വിശ്വസിക്കുന്നത് ശുദ്ധീകരണം (Sanctification) എന്നത് വിശ്വാസത്തോടൊപ്പം സ്വന്തം പരിശ്രമം കൂടി (അതായത് ന്യായപ്രമാണം) ചേരുമ്പോഴാണ് എന്നാണ്.എന്നാൽ നീതീകരണവും  (justifcation ) വിശുദ്ധീകരണവും (Sanctification) ദൈവത്താൽ പൂർത്തിയാക്കപ്പെടുന്നതും വിശ്വാസത്താൽ നാം അനുഭവിക്കേണ്ടതുമാണെന്ന് തിരുവെഴുത്തുകൾ വ്യക്തമായി പഠിപ്പിക്കുന്നു (ഗലാത്യർ 3:3; ഫിലിപ്പിയർ 1:6).പൗലോസ് അപ്പൊസ്തലൻ ഗലാത്യർക്ക് എഴുതിയ ലേഖനത്തിൽ ഈ സത്യം വളരെ വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്.

രക്ഷയായാലും വിശുദ്ധീകരണമായാലും രണ്ടും ദൈവത്തിന്റെ പ്രവർത്തിയാണ്; അത് വിശ്വാസം കൊണ്ട് മാത്രമാണ് നാം അനുഭവിക്കുന്നത്. "ആത്മാവിൽ ആരംഭിച്ചിട്ട് നിങ്ങൾ ഇപ്പോൾ ജഡത്തിൽ പൂർത്തിയാക്കുന്നുവോ?" എന്ന ഗലാത്യരോടുള്ള ചോദ്യം ഇന്നും പ്രസക്തമാണ്.

ഈ സന്ദേശത്തിൽ നീതീകണം എന്നത് വിശ്വാസത്താൽ മാത്രമാണ് എന്നതാണ് ഞാൻ വിശദമാക്കാൻ ശ്രമിക്കുന്നത് ,  തുടർന്നുള്ള പുതിയ നിയമ സത്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ വിശുദ്ധീകരണവും വിശ്വാസത്താൽ മാത്രമാണ് എന്നത് വിശദമാക്കാം

പക്ഷേ, നീതീകരണത്തെക്കുറിച്ചും ശുദ്ധീകരണത്തെക്കുറിച്ചും പഠിക്കുന്നതിന് മുമ്പ്, ഇവ രണ്ടിലും ന്യായപ്രമാണത്തിനുള്ള (നിയമം) പങ്ക് എന്താണെന്ന് നാം ശരിയായി മനസ്സിലാക്കേണ്ടതുണ്ട്.

 

നിത്യജീവന് രണ്ടു വഴികൾ 

================================

ഇപ്പോൾ നമുക്ക് ഒരു പ്രധാന കാര്യത്തിലേക്ക് വരാം. രണ്ട് വ്യക്തികൾ മാത്രമാണ് യേശുവിനോട് ഇപ്രകാരം ചോദിച്ചത്:

“നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്ത് ചെയ്യണം?”

യേശു നൽകിയ മറുപടി എന്തായിരുന്നു? “ന്യായപ്രമാണം അനുസരിക്കുക... അത് ചെയ്താൽ നീ ജീവിക്കും.” അവിടുന്ന് ഉടനെതന്നെ “എന്നിൽ വിശ്വസിക്കൂ” എന്ന് അവരോട് പറഞ്ഞില്ല. എന്തുകൊണ്ടായിരിക്കും അത്?

ഒരു മനുഷ്യന് ന്യായപ്രമാണം പാലിച്ച് നിത്യജീവൻ നേടാൻ കഴിയുമോ? അതെ, കഴിയും. പക്ഷേ അവിടെയുള്ള വലിയ തടസ്സം എന്താണ്? ആർക്കും അത് പൂർണ്ണമായി പാലിക്കാൻ കഴിയില്ല എന്നതാണ് സത്യം.

അതുകൊണ്ട് തിരുവെഴുത്തുകൾ നീതീകരണത്തിനായി രണ്ട് വഴികൾ കാണിച്ചുതരുന്നു:

ന്യായപ്രമാണത്തിലൂടെ (Law)

വിശ്വാസത്തിലൂടെ (Faith)

റോമർക്കും ഗലാത്യർക്കും എഴുതിയ ലേഖനങ്ങളിൽ പൗലോസ് അപ്പൊസ്തലൻ ഇത് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഇവിടെ ഒരു ചോദ്യം ഉയരുന്നു: ദൈവം ആദ്യം വാഗ്ദാനം ചെയ്തത് ഏത് വഴിയാണ്? വിശ്വാസത്താലുള്ള നീതിയാണ് ദൈവം ആദ്യം വാഗ്ദാനം ചെയ്തത്. ദൈവം അബ്രാഹാമിനോട് മുൻകൂട്ടി സുവിശേഷം അറിയിച്ചു: “നിന്റെ സന്തതിയിലൂടെ സകല ജാതികളും അനുഗ്രഹിക്കപ്പെടും.”

ആ സന്തതി ആരാണ്? അത് ക്രിസ്തുവാണ്. ആ അനുഗ്രഹം എന്താണ്? അത് പരിശുദ്ധാത്മാവാണ്.

 അബ്രാഹാമിന് ലഭിച്ച അനുഗ്രഹം ന്യായപ്രമാണത്തിലൂടെയല്ല, മറിച്ച് വിശ്വാസത്തിലൂടെയായിരുന്നു.അതേ അനുഗ്രഹം നമുക്ക് വിശ്വാസത്താൽ പ്രാപിക്കാം എന്നും വിശ്വാസത്താൽ നീതീകരിക്കപ്പെടാം എന്നതുമാണ് ദൈവീക ദൈവീക പദ്ധതി

 അതുകൊണ്ട്, മനുഷ്യന്റെ വീഴ്ച മുതൽ തന്നെ മനുഷ്യനെ വിശ്വാസത്തിലൂടെ രക്ഷിക്കുക എന്നതായിരുന്നു ദൈവത്തിന്റെ പദ്ധതി. അല്ലാതെ ദൈവം ആദ്യം ന്യായപ്രമാണത്തിലൂടെ (നിയമം) രക്ഷിക്കാൻ നോക്കി പരാജയപ്പെട്ടപ്പോൾ രണ്ടാമത് കൊണ്ടുവന്ന പദ്ധതിയല്ല ഇത്.

 എങ്കിൽ ഇവിടെ പ്രധാനമായ ഒരു ചോദ്യം ഉയരുന്നു: വിശ്വാസത്തിലൂടെയുള്ള നീതീകരണം ആയിരുന്നു  എക്കാലത്തെയും ദൈവീക പദ്ധതി എങ്കിൽ പിന്നെ എന്തിനാണ് ദൈവം  ന്യായപ്രമാണം (നിയമം) നൽകിയത്?

 

 ന്യായപ്രമാണത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങൾ 

 ================================

1. ന്യായപ്രമാണം ഒരു ചങ്ങലയാണ് (നിയന്ത്രിക്കുന്നു): വീഴ്ച വന്ന മനുഷ്യനുള്ളിൽ ഒരു പാപസ്വഭാവമുണ്ട്; അതൊരു "പാപ ഫാക്ടറി" പോലെയാണ്. ഇവിടെ പ്രശ്നം മനുഷ്യന്റെ പുറമെയുള്ള പെരുമാറ്റമല്ല, മറിച്ച് അവന്റെ ഹൃദയമാണ് അടിസ്ഥാന പ്രശ്നം . പൈപ്പല്ല പ്രശ്നം, ടാങ്കാണ് (ഉറവിടം). ഹൃദയത്തിൽ നിന്നാണ് സകല ദോഷങ്ങളും പുറപ്പെടുന്നത് എന്ന് യേശു പറഞ്ഞു.

 

ന്യായപ്രമാണത്തിലെ ആദ്യ ഒൻപതു കൽപ്പനകൾ ചെയ്യുന്നത്   മനുഷ്യന്റെ പുറമെയുള്ള പെരുമാറ്റങ്ങളെ നിയന്ത്രിക്കുക എന്നതാണ്. പക്ഷേ അതിന് ഹൃദയത്തെ മാറ്റാൻ കഴിയില്ല. ഒരു കാട്ടുമൃഗത്തെ ചങ്ങല കൊണ്ട് ബന്ധിക്കുന്നതുപോലെയാണത്; ചങ്ങല മൃഗത്തെ നിയന്ത്രിക്കുമെങ്കിലും അതിന്റെ മൃഗ സ്വഭാവം മാറ്റുന്നില്ല. ജോൺ ബന്യൻ പറഞ്ഞതുപോലെ, പുറത്തെ പൊടി തൂത്തുകളയുന്നതുപോലെയോ അല്ലെങ്കിൽ വേരറുക്കാതെ കായ്കൾ മാത്രം നുള്ളിക്കളയുന്നതുപോലെയോ ഉള്ള ഒരു പ്രവൃത്തിയാണിത്.

 

2. ന്യായപ്രമാണം ഒരു സ്കാനിംഗ് മെഷീനാണ് (വെളിപ്പെടുത്തുന്നു): ന്യായപ്രമാണത്തിലെ ഒൻപതു കൽപ്പനകൾ ഒരു ചങ്ങല പോലെ മനുഷ്യനെ പുറമെ നിയന്ത്രിച്ചു എങ്കിൽ പത്താമത്തെ കല്പന മനുഷ്യന്റെ ഉള്ളിലെ പാപത്തെ വെളിപ്പെടുത്തുന്നു. ഒരു ആൻജിയോഗ്രാം (Angiogram) ഹൃദയത്തിലെ തടസ്സങ്ങൾ കാണിച്ചുതരുന്നതുപോലെ ന്യായപ്രമാണം ഉള്ളിലെ അവസ്ഥ വെളിപ്പെടുത്തുന്നു. ഒരു മനുഷ്യൻ സത്യസന്ധമായി ന്യായപ്രമാണം പാലിക്കാൻ ശ്രമിച്ചാൽ അവൻ എത്തിച്ചേരുന്നത് റോമർ 7-ാം അധ്യായത്തിലെ ആ വിലാപത്തിലേക്കായിരിക്കും: “അയ്യോ, ഞാൻ എത്ര ദൗർഭാഗ്യമുള്ള മനുഷ്യൻ!” ഇത് ഒരു ദുഷ്ടന്റെ നിലവിളിയല്ല, മറിച്ച് സ്വന്തം ഹൃദയത്തിന്റെ അവസ്ഥ തിരിച്ചറിഞ്ഞ ഒരു സത്യസന്ധന്റെ നിലവിളിയാണ്. ന്യായപ്രമാണം രോഗം കാണിച്ചുതരുന്നു, പക്ഷേ അത് സുഖപ്പെടുത്തുന്നില്ല.

 

3. ന്യായപ്രമാണം നമ്മെ ക്രിസ്തുവിലേക്ക് നയിക്കുന്നു (ലക്ഷ്യം): ന്യായപ്രമാണത്തിന്റെ അന്തിമ ലക്ഷ്യം ഇതാണ്. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത് നമ്മുടെ ഹൃദയത്തെ നന്നാക്കി തരാമെന്നല്ല (Repair), മറിച്ച് ഹൃദയം തന്നെ മാറ്റിത്തരാമെന്നാണ് (Heart Transplant).

 

ഒരു ഡോക്ടറുടെ ഉദാഹരണം നോക്കുക: ലോകത്ത് ആദ്യമായി ഒരു മനുഷ്യനിൽ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് 1967-ലാണ്. എന്നാൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ദൈവം ഒരു പുതിയ ഉടമ്പടി സ്ഥാപിക്കും എന്ന് വാഗ്ദാനം ചെയ്തപ്പോൾ ; ഇപ്രകാരം വാഗ്ദാനം ചെയ്തു: “ഞാൻ നിങ്ങളുടെ കല്ലായുള്ള ഹൃദയം നീക്കി മാംസളമായ ഹൃദയം നൽകും. എൻ്റെ ന്യായപ്രമാണം നിങ്ങളുടെ ഹൃദയങ്ങളിൽ എഴുതും ”

 

മോശയുടെ ന്യായപ്രമാണം നമ്മുടെ  ഹൃദയ ത്തിന്റെ  അവസ്ഥയെ കാണിച്ചു തന്നു  യഥാർത്ഥ വൈദ്യനായ  ക്രിസ്തുവിലേക്ക് നയിക്കുന്നു. ന്യായപ്രമാണത്തിന് നമ്മെ രക്ഷിക്കാൻ കഴിയുമായിരുന്നെങ്കിൽ ക്രിസ്തുവിന്റെ ആവശ്യമില്ലായിരുന്നു. ഗലാ. 2:21,  3:21, ഒരു സ്കാനിംഗ് മെഷീന് രോഗം സുഖപ്പെടുത്താൻ കഴിയുമായിരുന്നെങ്കിൽ പിന്നെ ഒരു ശസ്ത്രക്രിയാ വിദഗ്ധന്റെ (Surgeon) ആവശ്യം അവിടെ ഇല്ലല്ലോ.

 

ചുരുക്കത്തിൽ ന്യായപ്രമാണം (നിയമം) ചെയ്യുന്നത്

 അത് പുറമെയുള്ള പാപത്തെ നിയന്ത്രിക്കുന്നു .

 അത് ഹൃദയാവസ്ഥയെ വെളിപ്പെടുത്തുന്നു.

 അത് നമ്മെ ക്രിസ്തുവിലേക്ക് നയിക്കുന്നു.

പക്ഷേ...

ഹൃദയത്തെ മാറ്റം വരുത്താൻ, പാപസ്വഭാവത്തെ എടുത്തു മാറ്റുവാൻ  ക്രിസ്തുവിനു മാത്രമേ കഴിയൂ. അവനിൽ വിശ്വസിക്കുമ്പോൾ നമ്മുടെ പാപഹൃദയം അഥവാ പാപസ്വഭാവം നീക്കപ്പെടുന്നു , ദിവ്യസ്വഭാവം നൽകപ്പെടുന്നു

 

ഇനി, എന്താണ് യഥാർത്ഥ വിശ്വാസം?

 

യേശു മരിച്ചുവെന്നും, അടക്കപ്പെട്ടുവെന്നും, മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റുവെന്നും വിശ്വസിക്കൽ അനിവാര്യമാണ്. എന്നാൽ രക്ഷാകരമായ വിശ്വാസം എന്നത് കേവലം ഈ വസ്തുതകൾ അംഗീകരിക്കൽ മാത്രമല്ല.

 രക്ഷിക്കുന്ന വിശ്വാസം എന്നാൽ:

 അതൊരു ജീവിക്കുന്ന രക്ഷിതാവിലുള്ള ഉറപ്പായ വിശ്വാസമാണ്.

 ക്രിസ്തു ഇന്നും ജീവിക്കുന്നു! ലോകത്തിലെ മറ്റു മതനേതാക്കളെപ്പോലെയല്ല അവിടുന്ന്.

 ഒരാൾക്ക് കാൾ മാർക്സിനെ നേരിട്ട് അറിയാതെ തന്നെ ഒരു 'മാർക്സിസ്റ്റ്' ആകാം.

 ബുദ്ധനെ വ്യക്തിപരമായി അറിയാതെ തന്നെ ഒരാൾക്ക് 'ബുദ്ധമതക്കാരൻ' ആകാം.

 എന്നാൽ, ഒരാൾക്ക് ക്രിസ്തുവിനെ വ്യക്തിപരമായി അറിയാതെ ഒരു ക്രിസ്ത്യാനി ആകാൻ കഴിയില്ല. യേശുവിനെ വ്യക്തിപരമായി അറിയുക എന്നത് തന്നെയാണ് നിത്യജീവൻ.

 തന്റെ പാപാവസ്ഥ തിരിച്ചറിഞ്ഞ ഒരു പാപി ക്രിസ്തുവിൽ വിശ്വസിക്കുന്നത്, തന്റെ രോഗം തിരിച്ചറിഞ്ഞ ഒരു രോഗി ഡോക്ടറെ വിശ്വസിക്കുന്നത് പോലെയാണ്.അങ്ങനെ ചെയ്യുമ്പോൾ  ഏദൻ തോട്ടത്തിൽ നടന്നതിന്റെ നേർവിപരീതമാണ് സംഭവിക്കുന്നത്

 

ഏദനിൽ നടന്നത്       -       വിശ്വാസത്തിലൂടെ സംഭവിക്കുന്നത്

അവർ സാത്താന്റെ കള്ളം കേട്ടു  - അവർ ദൈവത്തിന്റെ സത്യം കേൾക്കുന്നു

ദൈവത്തിൽ നിന്ന് തങ്ങളിലേക്ക് തിരിഞ്ഞു - തങ്ങളിൽ നിന്ന് ദൈവത്തിലേക്ക് തിരിയുന്നു (മാനസാന്തരം)

സ്വന്തം വഴിയിൽ വിശ്വസിച്ചു     -      ക്രിസ്തുവിൽ വിശ്വസിക്കുന്നു

അവർക്ക് ജീവൻ നഷ്ടപ്പെട്ടു, പാപഹൃദയം കൈവന്നു       -    അവർക്ക് നിത്യജീവൻ ലഭിക്കുന്നു, പാപഹൃദയം നീക്കപ്പെടുന്നു .

യോഹന്നാന്റെ സുവിശേഷം ആവർത്തിച്ചു പറയുന്നത് ഇതാണ്: വിശ്വസിക്കുന്നവന് നിത്യജീവനുണ്ട്.

 

ന്ന് സഭ നേരിടുന്ന ഏറ്റവും വലിയ അപകടം എന്താണ്? അത് ന്യായപ്രമാണത്തെയും (നിയമം) കൃപയെയും തമ്മിൽ കൂട്ടിക്കലർത്തുന്നതാണ്. പൗലോസ് അപ്പൊസ്തലൻ ഗലാത്യർക്ക് എഴുതിയ ലേഖനത്തിൽ ഇതിനെതിരെയാണ് അതിശക്തമായി പോരാടിയത്.

 

ഗലാത്യ സഭയിലെ നുഴഞ്ഞു കയറ്റക്കാർ  പഠിപ്പിച്ചത്  എന്തായിരുന്നു? " അവർ വിശ്വാസം വേണ്ട എന്ന് പഠിപ്പിച്ചില്ല , വിശ്വാസം മാത്രം  മാത്രം പോരാ, അതിനോടൊപ്പം മറ്റ് ചില കാര്യങ്ങൾ കൂടി വേണം" എന്നതായിരുന്നു അവരുടെ വാദം.

 

എന്നാൽ പൗലോസ് പറയുന്നു: ഇത് മാവിൽ ചേർക്കുന്ന പുളിപ്പും പോലെയാണ്. വളരെ ചെറിയ ഒരു അളവ് ചേർത്താൽ പോലും അത് ആ മാവിനെ മുഴുവനായി പുളിപ്പിക്കും (നശിപ്പിക്കും). വിശ്വാസത്തോടൊപ്പം മനുഷ്യന്റെ ഏതെങ്കിലും ഒരു പ്രവൃത്തിയോ വ്യവസ്ഥയോ കൂട്ടിച്ചേർത്താൽ, അവിടെ 'കൃപ' എന്ന സത്യം തന്നെ ഇല്ലാതാകുന്നു.

 

അതുകൊണ്ട് പൗലോസിന്റെ തീർപ്പ് ഇതാണ്: 👉 നീതീകരണം വിശ്വാസത്താൽ മാത്രം.

 

ചുരുക്കത്തിൽ : തിരുവെഴുത്തുകൾ രണ്ട് വഴികളെക്കുറിച്ച് സംസാരിക്കുന്നു:

 

ന്യായപ്രമാണം (നിയമം)

 

വിശ്വാസം

 

ഇതിൽ ഒന്ന് മറ്റൊന്നിലേക്ക് നയിക്കാനുള്ളതാണ്. ന്യായപ്രമാണം നമ്മെ ക്രിസ്തുവിലേക്ക് നയിക്കുന്നു. എന്നാൽ ഇവ രണ്ടും കൂട്ടി യോജിപ്പിക്കാൻ ശ്രമിക്കുന്നത് വലിയ തെറ്റാണ്   നമ്മുടെ നീതീകരണം  എന്നത്: 👉 ഒന്നുകിൽ ന്യായപ്രമാണത്താലാണ് 👉 അല്ലെങ്കിൽ കൃപയാലാണ്

 

ഇവ രണ്ടും ഒരിക്കലും ഒരുമിച്ച് പോകില്ല. ഈ മൗലികമായ സത്യം സഭയിൽ എല്ലാവർക്കും വ്യക്തമായി മനസ്സിലാകണം