Articles

പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും പാപത്തിന്മേലുള്ള വിജയവും:

Date Added : 10-02-2026
Download Format:

പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും പാപത്തിന്മേലുള്ള വിജയവും:

ബൈബിൾ ക്രമവും പ്രായോഗിക അനുഭവവും ആത്മീയ പ്രത്യാഘാതങ്ങളും

ജിനു നൈനാൻ

ആമുഖം

ക്രൈസ്തവ ജീവിതത്തിലെ പല ആശയക്കുഴപ്പങ്ങളും ഉണ്ടാകുന്നത് ബൈബിൾ സത്യങ്ങളെ നിഷേധിക്കുന്നത് കൊണ്ടല്ല, മറിച്ച് അവയുടെ ക്രമം (order) തെറ്റായി മനസ്സിലാക്കുന്നത് കൊണ്ടാണ്.

കർത്താവിനെ ആത്മാർഥമായി പിന്തുടരുവാൻ ആഗ്രഹിക്കുന്ന പല വിശ്വാസികളും (അങ്ങനെയുള്ളവർ മാത്രം ) നേരിടുന്ന സൂക്ഷ്മമെങ്കിലും ഗൗരവകരമായ ഒരു ഒരു ആശയക്കുഴപ്പമാണ്  പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും (Freedom from sin) പാപത്തിന്മേലുള്ള വിജയവും (Victory over sin) തമ്മിലുള്ള വ്യത്യാസം.

പലപ്പോഴും ഇവ രണ്ടും ഒന്നാണെന്ന് കരുതാറുണ്ടെങ്കിലും, തിരുവെഴുത്തുകളിൽ ഇവയ്ക്ക് വ്യക്തമായ ക്രമവും അടിസ്ഥാനവുമുണ്ട്. അവ തമ്മിലുള്ള ക്രമത്തെ തെറ്റായി മനസ്സിലാക്കുന്നത് വിശ്വാസിയെ നിരാശയിലേക്കും, ആത്മീയ തളർച്ചയിലേക്കും, നിയമപരമായ കർക്കശതയിലേക്കും (Legalism) ആത്മീയ മുരടിപ്പിലേക്കും നയിച്ചേക്കാം.

ക്രിസ്തുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ഇതിനകം പൂർത്തിയായ ഒരു യാഥാർത്ഥ്യമായാണ് പുതിയ നിയമം 'പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തെ' അവതരിപ്പിക്കുന്നത്. എന്നാൽ 'പാപത്തിന്മേലുള്ള വിജയം' എന്നത് ആ സ്വാതന്ത്ര്യത്തിന്റെ ഫലമായി ക്രിസ്തുവിൽ വസിക്കുന്ന ജീവിതത്തിലൂടെ പുറത്തേക്ക് ഒഴുകുന്ന ഒന്നാണ്.

വിശ്വാസത്തിലൂടെ ആദ്യം സ്വാതന്ത്ര്യം പ്രാപിക്കുക എന്നും, തുടർന്ന് ക്രിസ്തുവിൽ വസിക്കുന്നതിലൂടെ വിജയം അനുഭവിക്കുക എന്നുമുള്ള ബൈബിൾ ക്രമത്തെ വ്യക്തമാക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.

 

തിരുവെഴുത്തുകളിലെ ക്രമം മനസ്സിലാക്കുക: ആദ്യം സ്വാതന്ത്ര്യം, പിന്നാലെ വിജയം

ഇന്ന് നാം കേൾക്കുന്ന പല വിശുദ്ധിയുടെ പ്രസംഗങ്ങളിലും  (Holiness teachings), വിജയത്തെ ഇതിനകം ലഭിച്ച സ്വാതന്ത്ര്യത്തിന്റെ ഫലമായി കാണുന്നതിന് പകരം, പരിശ്രമിച്ചു നേടിയെടുക്കേണ്ട ഒരു ലക്ഷ്യമായാണ് അവതരിപ്പിക്കാറുള്ളത്.

ഈ തെറ്റായ ക്രമം ആത്മാർത്ഥതയുള്ള പല വിശ്വാസികളിലും അനാവശ്യമായ സമ്മർദ്ദവും കുറ്റബോധവും നിരാശയും  ഉണ്ടാക്കാൻ കാരണമാകുന്നു.

പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം ഒരിക്കലായുള്ള വിശ്വാസത്തിലൂടെ  ( Act of faith)  ഒരിക്കലായും എന്നെന്നേക്കുമായും  ലഭിക്കുന്നുവെന്നും, പാപത്തിന്മേലുള്ള വിജയം ക്രിസ്തുവിൽ വസിക്കുന്ന തുടർച്ചയായ  വിശ്വാസ മനോഭാവത്തിലൂടെ ( Attitude of faith ) തുടർച്ചയായി  സംഭവിക്കുന്നുവെന്നുമാണ് ബൈബിൾ ക്രമം.

ഈ ക്രമം ശരിയായി മനസ്സിലാക്കുന്നത് തിരുവെഴുത്തുകളെ ശരിയായി മനസിലാക്കുക  എന്നതിൽ ഉപരി , ക്രിസ്തു നമുക്കായി പൂർത്തിയാക്കിയ പ്രവൃത്തിയുടെ പൂർണ്ണത അനുഭവിക്കാൻ വിശ്വാസികളെ പ്രാപ്തരാക്കുകയും ചെയ്യുന്നു


പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം: വിശ്വാസത്തിലൂടെ ലഭിച്ച; പൂർത്തിയായ യാഥാർത്ഥ്യം

ക്രൂശിലെ മരണത്തിലൂടെ പാപവുമായുള്ള വിശ്വാസിയുടെ ബന്ധം ഒരിക്കലായും എന്നെന്നേക്കുമായും  മാറി എന്ന അടിസ്ഥാന സത്യമാണ് റോമർ 6-ാം അധ്യായം സ്ഥാപിക്കുന്നത്:

*"നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരം നശിപ്പിക്കപ്പെടേണ്ടതിന് നമ്മുടെ പഴയ മനുഷ്യൻ അവനോടു കൂടെ ക്രൂശിക്കപ്പെട്ടു എന്ന് നാം അറിയുന്നു."*¹

ഇവിടെ പൗലോസ് അപ്പോസ്തലൻ വിവരിക്കുന്നത് നാം കഠിനാധ്വാനം ചെയ്ത് നേടിയെടുക്കേണ്ട ഒരു മാറ്റത്തെക്കുറിച്ചല്ല; മറിച്ച്, ക്രിസ്തുവിന്റെ മരണത്തോടുള്ള നമ്മുടെ ഐക്യത്തിലൂടെ ഇതിനകം പൂർത്തിയായ ഒരു പ്രവൃത്തിയെക്കുറിച്ചാണ്.

"ക്രൂശിക്കപ്പെട്ടു" എന്ന പ്രയോഗം ഒരു ചരിത്രവസ്തുതയെയാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവെഴുത്ത് ചില ഉറച്ച പ്രഖ്യാപനങ്ങൾ നടത്തുന്നു:

•റോമര്‍ 6:6 *"മരിച്ചവൻ പാപത്തിൽ നിന്ന് സ്വതന്ത്രനായിരിക്കുന്നു."*²

റോമര്‍ 6:22 എന്നാൽ ഇപ്പോൾ പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ

ഗലാത്യര്‍ 5:1 സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ;

റോമര്‍ 8:2 ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം എനിക്കു പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍നിന്നു ക്രിസ്തുയേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.

ചുരുക്കത്തിൽ, പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നത് നമ്മുടെ പെരുമാറ്റദൂഷ്യങ്ങൾ മാറ്റുന്നതിനെയോ അല്ലെങ്കിൽ ഭാവിയിൽ ലഭിക്കാനിരിക്കുന്ന ഒരു വാഗ്ദാനത്തെയോ കുറിച്ച് പറയുന്നതല്ല. പകരം അത് ക്രിസ്തുവിന്റെ മരണത്തിൽ വിശ്വാസത്താൽ പങ്കുചേരുന്നതിലൂടെ നമുക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന ആത്മീയ പദവിയാണ് (Status) എന്ന് തിരുവെഴുത്തു വ്യക്തമാക്കുന്നു.

രക്ഷയെക്കുറിച്ചുള്ള യേശുവിന്റെ പ്രബോധനവും 'സ്വാതന്ത്ര്യം' എന്ന ആശയത്തിലാണ് ഊന്നിയിരിക്കുന്നത്:

*"പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ അടിമയാകുന്നു... പുത്രൻ നിങ്ങൾക്ക് സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രരാകും."*⁴

ഇവിടെ , സ്വാതന്ത്ര്യം എന്നത് പോരാട്ടത്തിലൂടെ ക്രമേണ നേടിയെടുക്കേണ്ട ഒന്നായല്ല യേശു അവതരിപ്പിക്കുന്നത്; മറിച്ച്, പുത്രൻ നൽകുന്നതും വിശ്വാസത്തിലൂടെ സ്വീകരിക്കേണ്ടതുമായ ഒരു ദാനമായാണ്.

ക്രൂശിലെ പ്രവൃത്തിയിലൂടെ പാപത്തിന്റെ ഉറവിടമായ "പഴയ മനുഷ്യനെ" ക്രിസ്തു എന്നെന്നേക്കുമായി നീക്കം ചെയ്തു. അതുകൊണ്ട്, വിശ്വാസികൾ വെറും പാപമോചനം ലഭിച്ചവർ മാത്രമല്ല, പാപത്തിന്റെ അടിമത്തത്തിൽ നിന്ന് പൂർണ്ണമായി വിമോചിപ്പിക്കപ്പെട്ടവർ കൂടിയാണ്. ഈ സ്വാതന്ത്ര്യം വിശ്വാസത്തിലൂടെയാണ് നമുക്ക് കൈവരുന്നത്:

അതുകൊണ്ട്, പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നത് നാം അധ്വാനിച്ച് ഉണ്ടാക്കുന്ന ഒന്നല്ല; മറിച്ച്, ദൈവം ഇതിനകം പൂർത്തിയാക്കിയ പ്രവൃത്തിയെ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതിലൂടെയുള്ള ലഭിക്കുന്ന ദാനമാണ്

 നാം അധിപ്രധനമായി ശ്രദ്ധിക്കേണ്ട വിഷയം, രക്ഷിക്കപ്പെട്ടവരോട് പാപത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനെക്കുറിച്ച് ദൈവവചനം പറയുന്ന ഒരുസ്ഥലത്തു പോലും, നിങ്ങള്‍ പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കണംഎന്നുള്ള കല്പനയോ, നിങ്ങള്‍ സ്വാതന്ത്ര്യം പ്രാപിക്കും എന്നുള്ളവാഗ്ദാനമോ, പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കാനുള്ള മാര്‍ഗ്ഗങ്ങളോ ദൈവ വചനംപഠിപ്പിക്കുന്നില്ല.

മറിച്ചു വീണ്ടും ജനിച്ചവരോട്, നിങ്ങളുടെ പഴയ മനുഷ്യന്‍ ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെട്ടു എന്നും , പഴയ പാപ ഹൃദയം മാറ്റപ്പെട്ടു എന്നും അതിലൂടെ നിങ്ങള്‍ പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു, യേശുക്രിസ്തു , ദൈവാത്മാവിൽ  നിങ്ങളില്‍ ജീവിക്കുന്നു എന്നുമുള്ള സത്യം വ്യക്തമായി പ്രഖ്യാപിക്കുകയാണ്. ആ സത്യം നിങ്ങള്‍ അറിയേണം എന്ന് പറയുകയാണ്‌.


പാപത്തിന്മേലുള്ള വിജയം: ക്രിസ്തുവിൽ വസിക്കുന്നതിലൂടെയുള്ള അനുബന്ധ അനുഭവം

നേരെമറിച്ച്, "പാപത്തിന്മേലുള്ള വിജയം" എന്ന പ്രയോഗം ബൈബിളിൽ അത്ര വ്യാപകമല്ല. പാപവുമായുള്ള വിശ്വാസിയുടെ ബന്ധത്തെ വിവരിക്കാൻ പുതിയ നിയമം ഈ പദത്തെയല്ല പ്രാഥമികമായി ഉപയോഗിക്കുന്നത്.

പാപത്തിന്മേലുള്ള വിജയം എന്നത് ഒരിക്കലും സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള വഴിയല്ല. മറിച്ച്, ക്രിസ്തുവിലൂടെ ഇതിനകം നമുക്ക് ലഭിച്ച സ്വാതന്ത്ര്യത്തിന്റെ സ്വാഭാവികമായ ഫലവും പ്രകടനവുമാണത്.

'എന്നാൽ ഇപ്പോൾ പാപത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന് ദാസന്മാരായിരിക്കയാൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണവും ആകുന്നു. '

പാപത്തിൽ നിന്നുള്ള വിടുതൽ തിരിച്ചറിയുകയും അത് വിശ്വസിച്ച് ക്രിസ്തുവിൽ വസിക്കുകയും ചെയ്യുമ്പോൾ, വിജയം സ്വാഭാവികമായ സംഭവിക്കുന്നു.

ഇത് നാം സ്വന്തം പ്രയത്നത്താൽ നിർമ്മിച്ചെടുക്കുന്ന ഒരു ധാർമ്മിക വിജയമല്ല; മറിച്ച് പരിശുദ്ധാത്മാവിലൂടെ നമ്മിൽ വെളിപ്പെടുന്ന ക്രിസ്തുവിന്റെ ജീവനാണ്.

*"ക്രിസ്തുയേശുവിലെ ജീവന്റെ ആത്മാവിന്റെ പ്രമാണം എന്നെ പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽ നിന്ന് സ്വതന്ത്രനാക്കിയിരിക്കുന്നു."*⁹

വിജയം എന്നത് കഠിനമായ പോരാട്ടത്തിന്റെ ഫലമല്ല, മറിച്ച് ക്രിസ്തുവിൽ വസിക്കുന്ന വിശ്വാസത്തിന്റെ (Abiding faith) ഫലമാണെന്ന് ബൈബിൾ വ്യക്തമാക്കുന്നു:

*"എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും... എന്നെ വിട്ടുപിരിഞ്ഞ് നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല."*⁷

അതുകൊണ്ട്, പാപം ചെയ്യാനുള്ള വാസനയോട് സ്വന്തം ശക്തിയിൽ മല്ലിട്ടല്ല വിജയം നേടേണ്ടത്. മറിച്ച്, ക്രിസ്തുവിൽ നിലനിൽക്കുന്നതിലൂടെ അവന്റെ ജീവൻ നമ്മിലൂടെ വെളിപ്പെടാൻ അവനെ പൂർണ്ണമായി ആശ്രയിക്കുകയാണ് വേണ്ടത്.

പുതിയ നിയമം വിജയത്തെ പ്രധാനമായും മൂന്ന് തലങ്ങളിലാണ് അവതരിപ്പിക്കുന്നത്:

•          മരണത്തിന്മേലും ലോകത്തിന്മേലും അന്ധകാര ശക്തികളിന്മേലുമുള്ള ക്രിസ്തുവിന്റെ വിജയം.

•          ലോകത്തെ ജയിക്കുന്ന നമ്മുടെ വിശ്വാസം.

•          യേശുക്രിസ്തുവിലൂടെ ദൈവം നമുക്ക് നൽകുന്ന വിജയം.

ചുരുക്കത്തിൽ: പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, ക്രൂശിലെ പൂർത്തിയായ പ്രവൃത്തിയിലുള്ള വിശ്വാസത്തിലൂടെ (Act of faith) ലഭിക്കുന്ന ഒരു 'പദവി'യാണ്.

എന്നാൽ പാപത്തിന്മേലുള്ള വിജയം എന്നത് ക്രിസ്തുവിൽ വസിച്ചുകൊണ്ട് ജീവിക്കുന്ന വിശ്വാസ മനോഭാവത്തിലൂടെ (Attitude of faith) സംഭവിക്കുന്ന ഒരു 'അനുഭവ'മാണ്.

 ഈ വിജയം ജീവിതത്തിൽ നിലനിർത്തുന്നതാകട്ടെ, നിരന്തരമായ വിശ്വാസത്തിലൂടെയാണ്—അതായത്, നമ്മുടെ വിശ്വാസത്തിന്റെ നാഥനും അത് പൂർണ്ണതയിൽ എത്തിക്കുന്നവനുമായ യേശുവിൽ എന്നും ശരണപ്പെട്ടും അവനിൽ വസിച്ചുകൊണ്ടും ആയിരിക്കണം ഇത് (യോഹന്നാൻ 15:4–5; എബ്രായർ 12:2)."


ദൈവശാസ്ത്രപരമായ തെറ്റിദ്ധാരണയും അതിന്റെ ആത്മീയ പ്രത്യാഘാതങ്ങളും

ബൈബിൾ വിഭാവനം ചെയ്യുന്ന ഈ ക്രമം തിരിച്ചിടുമ്പോൾ—അതായത്, സ്വാതന്ത്ര്യം ലഭിക്കണമെങ്കിൽ ആദ്യം പാപത്തിന്മേൽ വിജയം നേടിയെടുക്കണമെന്ന് വിശ്വാസികൾ തെറ്റായി ചിന്തിക്കുമ്പോൾ—ക്രിസ്തീയ ജീവിതത്തിന്റെ സ്വഭാവം തന്നെ മാറിപ്പോകുന്നു:

•          വിശ്വാസത്തിൽ നിന്ന് കഠിനാധ്വാനത്തിലേക്ക്:  ദൈവത്തിലുള്ള വിശ്വാസത്തിന് പകരം സ്വന്തം പരിശ്രമങ്ങൾക്ക് പ്രാധാന്യം വരുന്നു.

•          വിശ്രമത്തിൽ നിന്ന് സമ്മർദ്ദത്തിലേക്ക്: ക്രിസ്തുവിന്റെ പൂർത്തിയായ പ്രവൃത്തിയിൽ വിശ്രമിക്കുന്നതിന് പകരം, സ്വന്തം പരിശ്രമത്തിലൂടെ ആ പ്രവൃത്തി പൂർത്തിയാക്കാൻ വിശ്വാസി ശ്രമിക്കുന്നു.

•          ആത്മാശ്രയത്വത്തിൽ നിന്ന് സ്വയശ്രയത്വത്തിലേക്ക്: പരിശുദ്ധാത്മാവിൽ ആശ്രയിക്കുന്നതിന് പകരം സ്വന്തം ശക്തിയിൽ   ആശ്രയിക്കുന്ന അവസ്ഥയുണ്ടാകുന്നു.

റോമർ 6-ൽ പൗലോസ് അപ്പോസ്തലൻ നൽകുന്ന നിർദ്ദേശം "സ്വതന്ത്രരാകാൻ വേണ്ടി കഠിനമായി പരിശ്രമിക്കൂ" എന്നല്ല. മറിച്ച് അദ്ദേഹം പറയുന്നത് ഇതാണ്:

*"അങ്ങനെതന്നെ നിങ്ങളെത്തന്നെ പാപത്തിന് മരിച്ചവരായും ക്രിസ്തുയേശുവിൽ ദൈവത്തിന് ജീവിക്കുന്നവരായും എണ്ണുവിൻ (Reckon)."*¹³

എണ്ണുക' (Reckon) എന്നത് വിശ്വാസത്താലുള്ള ഏറ്റെടുക്കലാണ് ; അത് ഒരിക്കലും മനുഷ്യസഹജമായ അധ്വാനമല്ല. മറിച്ച്, ദൈവം നമുക്കായി ഇതിനകം ചെയ്തു കഴിഞ്ഞ ഒരു കാര്യം നിത്യസത്യമാണെന്ന് പൂർണ്ണഹൃദയത്തോടെ ഉറപ്പിച്ചു വിശ്വസിക്കലാണത്

വിജയത്തിന്മേലുള്ള അമിത ഊന്നലും മാനസിക സമ്മർദ്ദവും

സ്വാതന്ത്ര്യം ക്രിസ്തുവിലൂടെ ഇതിനകം ലഭിച്ച ഒന്നാണെന്ന സത്യം പഠിപ്പിക്കാതെ, വിജയം എന്നത് പരിശ്രമിച്ചു നേടിയെടുക്കേണ്ട ഒന്നാണെന്ന് നിരന്തരം പഠിപ്പിക്കുന്നത് വിശ്വാസികളിൽ വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നു.

ഇവിടെ വിജയം എന്നത് സ്വാതന്ത്ര്യത്തിൽ നിലനിന്നു കൊണ്ട് സന്തോഷത്തോടെ അനുഭവിക്കേണ്ട ഒന്നല്ല, മറിച്ച് എങ്ങനെയെങ്കിലും നിലനിർത്തേണ്ടതും മറ്റുള്ളവർക്ക് മുൻപിൽ തെളിയിക്കേണ്ടതുമായ ഒരു 'ആത്മീയ ബാധ്യത'യായി മാറുന്നു.

ഇത് വിശ്വാസികളിൽ ദോഷകരമായ ചില പ്രവണതകൾക്ക് കാരണമാകുന്നു:

•          നിരന്തരമായ ആത്മപരിശോധനയും ആത്മ നിന്ദയും (Self-monitoring & Condemnationm): സ്വന്തം ചിന്തകളെയും വികാരങ്ങളെയും അവർ ഭയത്തോടെ നിരീക്ഷിക്കുന്നു. ഓരോ ചെറിയ വീഴ്ചയെയും വലിയ ആത്മീയ പരാജയമായി അവർ കണക്കാക്കുന്നു. സാധാരണമായ മനുഷ്യസഹജമായ ബലഹീനതകളിൽ പോലും അവർ അമിതമായ കുറ്റബോധവും ലജ്ജയും അനുഭവിക്കുന്നു.

•          വിശ്വാസത്തിന് പകരം പ്രകടനം (Performance): ദൈവത്തിലുള്ള വിശ്വാസത്തിന് പകരം സ്വന്തം 'പെർഫോമൻസിന്' പ്രാധാന്യം വരുന്നു.

•          പ്രതിച്ഛായ കാത്തുസൂക്ഷിക്കൽ (Image management): യഥാർത്ഥ ആത്മീയ സ്വാതന്ത്ര്യം അനുഭവിക്കുന്നതിന് പകരം, തങ്ങൾ വിശുദ്ധരാണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാനും പരാജയങ്ങൾ ഒളിച്ചുവെക്കാനും വിശ്വാസികൾ നിർബന്ധിതരാകുന്നു.

ലഭിച്ചു കഴിഞ്ഞ സ്വാതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിക്കാതെ വിജയത്തിന് മാത്രം അമിത പ്രാധാന്യം നൽകുന്നത്, ലഭിച്ചു കഴിഞ്ഞ ഒന്നിന് വേണ്ടി വിശ്വാസികളെ നെട്ടോട്ടമോടിക്കുന്നതിന് തുല്യമാണ്. ഇത് ക്രിസ്തീയ ജീവിതത്തെ ആനന്ദകരമാക്കുന്നതിന് പകരം ഭാരമുള്ളതാക്കി മാറ്റുന്നു.

 

 

 

സ്വാതന്ത്ര്യവും വിജയവും: ഒരു താരതമ്യം

 

പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം (Freedom from Sin)

പാപത്തിന്മേലുള്ള വിജയം (Victory over Sin)

സ്വഭാവം

സ്ഥാനപരമായ മാറ്റം: ദൈവമുമ്പാകെ നമുക്കുള്ള പദവി (Status).

പ്രായോഗിക അനുഭവം: ജീവിതത്തിൽ നാം അനുഭവിക്കുന്ന യാഥാർത്ഥ്യം.

സമയം

ക്രിസ്തുവിന്റെ ക്രൂശിലെ പ്രവൃത്തിയിലൂടെ പൂർത്തിയായത്.

അനുദിന ജീവിതത്തിൽ തുടരുന്ന ഒരു പ്രക്രിയ.

അടിസ്ഥാനം

ക്രിസ്തുവിന്റെ മരണം: നമ്മുടെ പഴയ മനുഷ്യൻ അവനോടൊപ്പം മരിച്ചു.

ക്രിസ്തുവിന്റെ ജീവൻ: പുനരുത്ഥാനം ചെയ്ത ക്രിസ്തു നമ്മിൽ വസിക്കുന്നു.

വിശ്വാസിയുടെ പങ്ക്

ഒരിക്കലായുള്ള വിശ്വാസം  : സത്യം അറിയുക, വിശ്വസിക്കുക, എണ്ണുക (Reckon).

തുടർച്ചയായ   വിശ്വാസ മനോഭാവം: ക്രിസ്തുവിൽ വസിക്കുക, ആത്മാവിനെ അനുസരിക്കുക.

 

 സ്വാതന്ത്ര്യം എന്നത് നാം നിൽക്കുന്ന അടിസ്ഥാനമാണ്; അവിടെനിന്നാണ് ക്രിസ്തീയ ജീവിതം ആരംഭിക്കുന്നത്.

വിജയം എന്നത് ആ അടിസ്ഥാനത്തിൽ ഉറച്ചുനിന്നുകൊണ്ട് നാം മുന്നോട്ട് പോകുന്ന പാതയാണ്.

ലളിതമായി പറഞ്ഞാൽ, ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയത് (Freedom), നാം വിജയകരമായി ജീവിക്കാൻ (Victory) വേണ്ടിയാണ്.


 

 

 

പ്രധാന തിരുവെഴുത്തുകൾ

ഈ സത്യങ്ങളെ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ചില പ്രധാന ബൈബിൾ ഭാഗങ്ങൾ താഴെ നൽകുന്നു:

1. സ്വാതന്ത്ര്യം: ക്രിസ്തുവിൽ ഇതിനകം പൂർത്തിയായ യാഥാർത്ഥ്യം

വിശ്വാസിക്ക് ക്രിസ്തുവിൽ ലഭിച്ചിരിക്കുന്ന നിലവിലെ പദവിയെ (Status) ഈ വാക്യങ്ങൾ ഉറപ്പിക്കുന്നു:

  • റോമർ 6:6-7: "നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരം നശിപ്പിക്കപ്പെടേണ്ടതിന് നമ്മുടെ പഴയ മനുഷ്യൻ അവനോടു കൂടെ ക്രൂശിക്കപ്പെട്ടു എന്ന് നാം അറിയുന്നു. മരിച്ചവൻ പാപത്തിൽ നിന്ന് വിടുതൽ പ്രാപിച്ചിരിക്കുന്നു (Freed from sin)."
  •  
  • റോമർ 6:22: "എന്നാൽ ഇപ്പോൾ പാപത്തിൽ നിന്ന് സ്വതന്ത്രരായി ദൈവത്തിന് അടിമകളായി തീർന്നതുകൊണ്ട് നിങ്ങളുടെ ഫലം വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനും ആകുന്നു."
  •  
  • യോഹന്നാൻ 8:36: "പുത്രൻ നിങ്ങൾക്ക് സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രരാകും."
  •  
  • ഗലാത്യർ 5:1: "സ്വാതന്ത്ര്യത്തിനായിട്ടാണ് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയത്; ആകയാൽ അതിൽ ഉറച്ചുനിൽപ്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്."

2. വിജയം: ക്രിസ്തുവിൽ വസിക്കുന്നതിലൂടെയുള്ള ആത്മീയ ഫലം

ലഭിച്ച സ്വാതന്ത്ര്യം എങ്ങനെയാണ് പ്രായോഗിക ജീവിതത്തിൽ വെളിപ്പെടുന്നത് എന്ന് ഈ വാക്യങ്ങൾ വ്യക്തമാക്കുന്നു:

  • 1 യോഹന്നാൻ 5:4: "ദൈവത്തിൽ നിന്ന് ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസമത്രേ."
  •  
  • 1 കൊരിന്ത്യർ 15:57: "നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്ക് ജയം നൽകുന്ന ദൈവത്തിന് സ്തോത്രം."
  •  
  • റോമർ 8:37: "നമ്മെ സ്നേഹിച്ചവൻ മുഖാന്തരം നാം ഇതിലൊക്കെയും പൂർണ്ണജയം (More than conquerors) പ്രാപിക്കുന്നു."
  •  
  • യോഹന്നാൻ 15:5: "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; എന്നിൽ വസിക്കുന്നവൻ വലിയ ഫലം കായ്ക്കും; എന്നെ വിട്ടുപിരിഞ്ഞ് നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല."

ഉപസംഹാര ചിന്ത:

നാം ക്രിസ്തു നേടിയ വിജയത്തിൽ നിന്നുകൊണ്ടാണ് (From Victory) നാം പോരാടുന്നത്. നാം സ്വതന്ത്രരാകാൻ വേണ്ടി പാപത്തെ ജയിക്കാൻ ശ്രമിക്കുന്നില്ല; മറിച്ച് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയതുകൊണ്ട് നാം പാപത്തിന്മേൽ വിജയം പ്രാപിക്കുന്നു.

പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നത് ക്രിസ്തു നമുക്കായി പൂർത്തിയാക്കിയ പ്രവൃത്തിയാണെന്ന് തിരുവെഴുത്തുകൾ വ്യക്തമായി പഠിപ്പിക്കുന്നു. ഇത് വിശ്വാസത്തിലൂടെ സ്വീകരിക്കേണ്ട ഒന്നാണ്. പാപത്തിന്മേലുള്ള വിജയം എന്നത് ഈ സ്വാതന്ത്ര്യത്തിന്റെ സ്വാഭാവികമായ ഫലമാണ്—അതായത്, നാം ക്രിസ്തുവിൽ വസിക്കുമ്പോൾ അവനിൽ നിന്ന് നമ്മിലേക്ക് ഒഴുകുന്ന ജീവനാണത്.

ഈ ബൈബിൾ ക്രമവും വിശ്വാസത്തിന്റെ അടിസ്ഥാനവും മുറുകെ പിടിക്കുമ്പോൾ, വിശ്വാസികൾ കൃപയിലും ഉറപ്പിലും വളരുകയും യഥാർത്ഥ വിജയം അനുഭവിക്കുകയും ചെയ്യുന്നു.

 എന്നാൽ ഈ ക്രമം തിരിച്ചിടുമ്പോൾ ആത്മീയ ജീവിതം ഭാരമുള്ളതാവുകയും, സുവിശേഷം നൽകുന്ന യഥാർത്ഥ വിമോചന ശക്തിയിൽ നിന്ന് വിശ്വാസി അകന്നുപോവുകയും ചെയ്യുന്നു.