*ഹെബ്രായ ലേഖന പഠനം* *അധ്യായം 13 - ഉപസംഹാരവും സമാപനാശംസകളും

ഉപസംഹാരവും സമാപനാശംസകളും
എബ്രാ. 13:20 'നിത്യനിയമത്തിൻ്റെ രക്തത്താൽ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്ന് മടക്കി വരുത്തിയ സമാധാനത്തിൻ്റെ ദൈവം, '
ലേഖകൻ തൻ്റെ ഉപസംഹാരത്തിലേക്കും സമാപന ആശംസകളിലേക്കും കടക്കുന്നു . താൻ ഈ ലേഖനത്തിൽ കൂടി അറിയിച്ച അതിഗഹനമായ ആത്മീകസത്യങ്ങളെ ചുരുക്കം വാക്കുകളിലേക്ക് ഉപസംഹരിക്കുകയാണ് എഴുത്തുകാരൻ .
ഒന്നാം അധ്യായത്തിൽ യേശുക്രിസ്തുവിൻ്റെ മഹത്തായ രണ്ടു ശുശ്രൂഷകളെയും കുറിച്ച് പരാമർശിച്ചു കൊണ്ട് തുടങ്ങിയ ഹെബ്രായ ലേഖനം, തുടർന്നുള്ള അധ്യായങ്ങളിലൂടെ മനോഹരമായി വിവരിച്ചതിനു ശേഷം ആ രണ്ടു ശുശ്രൂഷകളെയും പരാമർശിച്ചു കൊണ്ട് തന്നെ ലേഖനകർത്താവ് മനോഹരമായി ഇവിടെ ഉപസംഹരിക്കുന്നു.
യേശു ആടുകളുടെ നല്ലവനായ വലിയ ഇടയനാണ്. നല്ല ഇടയൻ ആടുകൾക്കു വേണ്ടി തൻ്റെ ജീവനെ കൊടുക്കുന്നു. നിത്യത്മാവിനാല്‍ യേശുക്രിസ്തു തന്നെത്താന്‍ പരിപൂര്‍ണ്ണമായ, നിഷ്‌കളങ്കമായ നിത്യ യാഗമായി, തൻ്റെ വിശുദ്ധ രക്തം , നിത്യകൂടാരത്തിൽ ദൈവത്തിനു സമർപ്പിച്ചു. അതിലൂടെ അവന്‍ മനുഷ്യൻ്റെ നിത്യമായ വീണ്ടെടുപ്പു സാധിക്കുകയും മനുഷ്യനും ദൈവവും തമ്മിലുള്ള ഒരു നിത്യഉടമ്പടി, തൻ്റെ രക്തത്താൽ മുദ്രവച്ച് സ്ഥാപിക്കുകയും ചെയ്തു.
ആ ഉടമ്പടി ഉറപ്പിച്ചു കൊണ്ട് ദൈവം ക്രിസ്തുവിനെ മരണത്തിൽനിന്ന് മടക്കി വരുത്തുകയും, ദൂതന്മാരെക്കാൾ ശ്രേഷ്ഠൻ ആയി, നമ്മുടെ വ്യക്തിപരമായ കാര്യസ്ഥനായി, മെൽക്കിസെദെക്കിൻ്റെ ക്രമപ്രകാരം നമ്മുടെ നിത്യ മഹാപുരോഹിതനായി, നിത്യമായ പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായി നിയമിക്കുകയും ചെയ്തു.
20- നിങ്ങളെ അവൻ്റെ ഇഷ്ടം ചെയ്‌വാൻ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തു മുഖാന്തരം നമ്മിൽ നിവർത്തിക്കുമാറാകട്ടെ; അവനു എന്നേക്കും മഹത്വം. ആമേൻ.
ക്രിസ്തു ഇന്ന് നമ്മുടെ നിത്യപുരോഹിതനായി സ്വർഗ്ഗത്തിൽ മധ്യസ്ഥത ചെയ്യുക മാത്രമല്ല, തൻ്റെ രക്തത്താൽ വീണ്ടെടുക്കപെട്ട,പുതിയ ഉടമ്പടിയിൽ പ്രവേശിച്ച, നമ്മിൽ വസിച്ചു കൊണ്ട് ദൈവത്തിൻ്റെ ഇഷ്ടം നമ്മിൽ നിറവേറ്റുന്നു .അവൻ്റെ പരിശുദ്ധാത്മാവിനാൽ നമ്മെ സകല സർപ്രവർത്തികൾക്കും വേണ്ടി സജ്ജരാക്കുന്നു.
എഫെസ്യർ 3: 20 നമ്മിൽ വ്യാപരിക്കുന്ന ശക്തി മുഖേന നാം ചോദിക്കുന്നതിലും, നാം പ്രതീക്ഷിക്കുന്നതിലും വളരെ മടങ്ങു നമുക്കു നല്‌കുവാന്‍ കഴിയുന്ന ദൈവത്തിന് സഭയിലും ക്രിസ്തുയേശുവിലും മഹത്ത്വം എന്നെന്നേക്കും ഉണ്ടാകട്ടെ, ആമേന്‍
21 അതിനാല്‍ സകല മഹത്വവും ക്രിസ്തുവിനു .അവന്നു എന്നെന്നേക്കും മഹത്വം. ആമേൻ ".
നമുക്കുവേണ്ടി താൻ സാധിച്ച അതി മഹത്തായതും വിലയേറിയതുമായാ കാര്യങ്ങളാൽ, മഹത്വം, ബഹുമാനം, സ്തുതി, സ്തോത്രം എന്നിവയെല്ലാം നിത്യമായി അർഹിക്കുന്നവനാണ് ദൈവകുഞ്ഞാടും,ആടുകളുടെ വലിയ ഇടയനും നമ്മുടെ നിത്യമഹാ പുരോഹിതനുമായ യേശുക്രിസ്തു. അവന്നു എന്നെന്നേക്കും മഹത്വം. ആമേൻ
വെളിപാട് 5: 12 അവർ അത്യുച്ചത്തിൽ പറഞ്ഞത്: “അറുക്കപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ.” സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളത് ഒക്കെയും പറയുന്നതായി ഞാൻ കേട്ടത്: “സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും അധികാരവും എന്നെന്നേക്കും ഉണ്ടായിരിക്കട്ടെ.” അപ്പോൾ നാല് ജീവികളും, “ആമേൻ!” എന്നു പറഞ്ഞു;
22 സഹോദരന്മാരേ, ഈ ചുരുങ്ങിയ പ്രബോധനം ക്ഷമയോടെ സ്വീകരിക്കേണം എന്നു ഞാൻ അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാൻ എഴുതിയിരിക്കുന്നത്.
ഈ പഠനത്തിൻ്റെ ആമുഖത്തിൽ സൂചിപ്പിച്ചതു പോലെ പുതിയനിയമത്തിലെ ഏറ്റവും ആഴത്തിലുള്ളതും അതിഗഹനവുമായ ലേഖനമാണ് ഹെബ്രായ ലേഖനം. എന്നാൽ ലേഖകൻ അതിനെ ചുരുക്കമായി എഴുതിയ പ്രബോധനം എന്നാണ് വിശേഷിപ്പിക്കുന്നത്
23 സഹോദരനായ തിമൊഥെയോസ് തടവിൽനിന്ന് ഇറങ്ങി എന്നു അറിയുവിൻ. അവൻ വേഗത്തിൽ വന്നാൽ ഞാൻ അവനുമായി നിങ്ങളെ വന്നു കാണും
താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത വിശ്വാസികൾക്ക് ആണ് താൻ ഈ ലേഖനം എഴുതിയത് എന്ന് ഈ വാക്യം സൂചിപ്പിക്കുന്നു . എന്നാൽ തിമൊഥെയോസും ആയി ചേർന്ന് അവരെ വന്നു കാണാം എന്നുള്ള ആഗ്രഹം താൻ പ്രകടിപ്പിക്കുന്നു
24 നിങ്ങളെ നടത്തുന്നവർക്ക് എല്ലാവർക്കും സകലവിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ. ഇതല്യക്കാർ നിങ്ങൾക്ക് വന്ദനം ചൊല്ലുന്നു.
ലേഖകൻ സഭയിലെ നടത്തിപ്പുകാർക്കും , എല്ലാ വിശ്വാസികൾക്കും , വിശുദ്ധന്മാർക്കും വന്ദനം അറിയിക്കുന്നു . ഹെബ്രായ ലേഖനം ഈ AD 60 - 70 കാലഘട്ടത്തിലാണ് എഴുതിയത് എന്നും, ഇറ്റലിക്കാർ വന്ദനം ചെയ്യുന്നു എന്ന പരാമർശത്തിൽ നിന്നും ഈ ലേഖനം റോമിലുള്ളവർക്ക് എഴുതിയതാണ് എന്നും കരുതപ്പെടുന്നു
25 കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.
ഹെബ്രായ ലേഖകൻ തൻ്റെ ലേഖനം വായിക്കുന്നവരോട് എല്ലാവരോടും കൂടെ ദൈവകൃപ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.അപ്രകാരം തന്നെ ആയിരിക്കട്ടെ ( ആമേൻ ) എന്ന് ഉറപ്പിക്കുന്നു.
ഈ ആശംസയോടെ, ഉപസംഹാരത്തോടെ ഹെബ്രായ ലേഖനത്തിലൂടെയുള്ള പഠനം പൂർത്തിയാകുന്നു.
ഈ പഠനം പൂർത്തീകരിക്കുവാൻ സഹായിച്ച പിതാവായ ദൈവത്തിനും , ദൈവകുഞ്ഞാടും മഹാപുരോഹിതനുമായ ക്രിസ്തുവിനും സ്തോത്രവും ബഹുമാനവും മഹത്വവും അർപ്പിക്കുന്നു. ദൈവനാമം മഹത്വപ്പെടട്ടെ, ദൈവ കൃപ നിങ്ങളോടു കൂടെയിരിക്കുമാറാകട്ടെ, ആമേൻ.
==================================================================================
ഈ പഠനം ഇംഗ്ലീഷിലും മലയാളത്തിലും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു .അതിനായി വായനക്കാരുടെ പ്രാർത്ഥന അപേക്ഷിക്കുന്നു .
Jinu Ninan