*ദൈവീക ശുശ്രൂഷയിലെ സാമ്പത്തിക സ്വാതന്ത്ര്യവും ആത്മീക അധികാരവും : പൗലോസിൻ്റെ മാതൃക*
*ദൈവീക ശുശ്രൂഷയിലെ സാമ്പത്തിക സ്വാതന്ത്ര്യവും ആത്മീക അധികാരവും : പൗലോസിൻ്റെ മാതൃക*
*ജിനു നൈനാൻ*
============================================================
മുൻപൊരു ലേഖനത്തിൽ, അപ്പോസ്തലന്മാർക്ക് മാത്രമേ സഭയിൽ നിന്ന് സ്ഥിരമായി സാമ്പത്തിക സഹായം സ്വീകരിക്കാനും സ്വന്തം കൈകൊണ്ട് ജോലി ചെയ്യാതിരിക്കാനും അധികാരമുണ്ടായിരുന്നുള്ളൂ എന്ന് നാം കണ്ടു.
പാസ്റ്റർമാർ, സുവിശേഷകർ, ശുശ്രൂഷകർ എന്നിവരുൾപ്പെടെയുള്ള മറ്റെല്ലാവരും ദൈവീക ശുശ്രൂഷയോടൊപ്പം തന്നെ സ്വന്തമായി ജോലി ചെയ്തു ഉപജീവനം കണ്ടെത്തേണ്ടവരാണ്.
( ഈ വിഷയം വിശദമായി ചർച്ച ചെയ്യുന്ന ലേഖനം ഈ ലിങ്കിൽ ലഭ്യമാണ് )
മലയാളം : https://cakchurch.com/pdf-downloads/_____ed_2.pdf
English : https://cakchurch.com/article-details.php?id=260
========================================================================
എഴുതിയ വിഷയത്തിൻ്റെ പ്രത്യേകത കൊണ്ട് ഏറ്റവും കൂടുതൽ വിമർശനം ഏറ്റു വാങ്ങേണ്ടി വന്ന ഒരു ലേഖനം അതായിരുന്നു. ഈ ലേഖനം അതിൻ്റെ തുടർച്ചയാണ്. അതിനാൽ തന്നെ ഞാൻ മുൻപുള്ള ലേഖനത്തിൽ കൊടുത്ത മുന്നറിയിപ്പ് ഈ ലേഖനത്തിലും ആവർത്തിക്കുന്നു
''യഥാർത്ഥമായി ദൈവവചനത്തെ സ്വീകരിക്കുവാനും , തങ്ങളുടെ തെറ്റായ ധാരണകളെയും പാരമ്പര്യ ചിന്തകളെയും മാറ്റുവാനും തയ്യാർ അല്ലാത്തവർ, *ഈ ലേഖനവും വായിക്കാതെ ഇരിക്കുവാൻ ഞാൻ ബുദ്ധി ഉപദേശിക്കുന്നു !!!*
എന്നാൽ തങ്ങളുടെ 'വിശുദ്ധ' ആശയങ്ങളെയും , പാരമ്പര്യ ചിന്തകളെയും ദൈവവചന അടിസ്ഥാനത്തിൽ പരിശോധിക്കാനും തെറ്റ് എന്ന് മനസ്സിലായാൽ തിരുത്താനും തയാറുള്ളവർ ഈ ലേഖനം ശ്രദ്ധയോടെ പൂർണ്ണമായും വായിക്കുക. അങ്ങനെ ചെയ്താൽ ഈ ലേഖനത്തിലെ സത്യങ്ങൾ നിങ്ങളെ വേദനിപ്പിച്ചാലും യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്ക് കൊണ്ട് വരും!!!''
=========================================================================
സാമ്പത്തിക സഹായം സ്ഥിരമായി സ്വീകരിക്കാൻ അധികാരമുള്ള ഒരു അപ്പോസ്തലനായിരുന്നിട്ടും, പൗലോസ് എന്ത് കൊണ്ട് മിക്കയിടത്തും സഹായം സ്വീകരിക്കാതെ സ്വന്തം കൈകൊണ്ട് ജോലി ചെയ്യാൻ തീരുമാനിച്ചു എന്നും ചില സഭകളിൽ നിന്നും മാത്രം സാമ്പത്തിക കൂട്ടായ്മ സ്വീകരിച്ചു എന്നതും ഈ ലേഖനത്തിൽ വിശദീകരിക്കുന്നു .
ഈ വിഷയത്തിലെ പൗലോസിന്റെ മാതൃക എല്ലാക്കാലത്തേയും ശുശ്രൂഷകർക്കു ഒരു പാഠമാണ് : ഒരു ദൈവദാസന് ദൈവീക ശുശ്രൂഷയിൽ ദൈവത്തിൻ്റെ ആലോചന മുഴുവനും അറിയിക്കുവാനുള്ള സ്വാതന്ത്ര്യം, ആത്മീക അധികാരം, സത്യസന്ധത എന്നിവ എങ്ങനെ നിലനിർത്താം എന്ന് ഇതിൽ നിന്നും മനസിലാക്കാം
തിരുവെഴുത്തു നാം പഠിക്കുമ്പോൾ ഒരു അപ്പോസ്തലനും ദൈവീക ശുശ്രൂഷകൾക്ക് അവിശ്വാസികളിൽ നിന്ന് ഒരിക്കലും പണം സ്വീകരിച്ചിട്ടില്ല എന്ന് മനസിലാക്കാം . എന്നാൽ പൗലോസ് താൻ ശുശ്രൂഷിച്ച വിശ്വാസികളിൽ നിന്നും സഭകളിൽ നിന്നും പോലും പലപ്പോഴും സാമ്പത്തിക സഹായം നിരസിച്ചു - അതിൻ്റെ കാരണം വ്യക്തമായി തൻ പലയിടത്തും വിശദീകരിക്കുന്നു . ദൈവത്തെ യഥാർത്ഥമായി സേവിക്കാൻ ആഗ്രഹിക്കുന്നവർ ഈ മാതൃക ശ്രദ്ധാപൂർവ്വം പഠിക്കേണ്ടതാണ് .
========================================================================
*പണവും ദൈവവും - രണ്ട് യജമാനന്മാർ*
========================================================================
കർത്താവിനെ സേവിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവര്ക്കും യേശു ക്രിസ്തു ഈ വിഷയത്തിൽ വ്യക്തമായ മാർഗ്ഗനിർദ്ദേശം ആണ് നൽകിയത് .
' രണ്ടു യജമാനന്മാരെ സേവിക്കുവാൻ ആർക്കും കഴിയുകയില്ല; അങ്ങനെ ചെയ്താൽ ഒരുവനെ പകച്ച് മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുവനോട് പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; *നിങ്ങൾക്ക് ദൈവത്തെയും ധനത്തെയും സേവിക്കുവാൻ കഴിയുകയില്ല.'* മത്താ. 6:24
ഇത് പലപ്പോഴും പാസ്റ്റർമാർ സഭയിലെ വിശ്വാസികളോട് പറയുന്ന കാര്യമാണ് . എന്നാൽ സാധാരണ വിശ്വാസികളേക്കാൾ ഇത് ബാധകമാകുന്നതു പാസ്റ്റർമാർ അടക്കമുള്ള ശുശ്രൂഷകർക്കാണ്.
കർത്താവിനെ ആത്മാർത്ഥയോടെ സേവിക്കാൻ തുടങ്ങുന്ന എല്ലാവരെയും പിശാച് പരീക്ഷിക്കുന്നത് ഇവിടെയാണ് . ഒരു ദൈവ ശുശ്രൂഷകർ ഈ വചനം വ്യക്തമായി മനസ്സിലാക്കി കർത്താവിൻ്റെ പാത പിന്തുടരുന്നില്ലെങ്കിൽ, അവർ ദൈവത്തെ സേവിക്കുന്നവനായി തുടങ്ങുമെങ്കിലും ക്രമേണ പണത്തിനെയും ദൈവത്തെയും ഒരുമിച്ചു സേവിക്കുന്നവരും മനുഷ്യരെ പ്രസാദിപ്പിക്കുന്നവരും , ഒടുവിൽ അവർ ദാരുണമായി പൂർണ്ണമായും മാമോൻ്റെ സേവകരായി കലാശിക്കുകയും ചെയ്യാം .
അതിൽ കൂടി ദൈവനാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുകയും ചെയ്യും . അങ്ങനെ ഒരുവൻ ആയിത്തീരുന്നതിനേക്കാൾ , അവൻ കർത്താവിനെ സേവിക്കാൻ ഇറങ്ങാതെ ഇരിക്കുന്നതാണ് നല്ലതു.
========================================================================
ഇവിടെയാണ് പൗലോസിന്റെ ജീവിതവും ശുശ്രൂഷയും വ്യത്യസ്‍തവും പ്രസക്തവുമാകുന്നത് . ഒരു അപ്പോസ്തലൻ എന്ന നിലയിൽ താൻ ശുശ്രൂഷിച്ച സഭകളിൽ നിന്നും വിശ്വാസികളിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാൻ അദ്ദേഹത്തിന് പൂർണ്ണ അധികാരമുണ്ടായിരുന്നിട്ടും,മിക്ക സ്ഥലങ്ങളിലും അദ്ദേഹം അത് നിരസിച്ചു കൊണ്ട് സ്വന്തം കൈകൊണ്ട് ജോലി ചെയ്തു - എല്ലാ തലമുറകളിലെയും പാസ്റ്റർമാർക്കും പ്രസംഗകർക്കും ശുശ്രൂഷകർക്കും താൻ ഇതിലൂടെ ഒരു മാതൃക വെച്ചു.
തുടർന്ന് നമുക്ക് പൗലോസ് തൻ ശുശ്രൂഷിച്ച വിവിധ സഭകളിൽ അദ്ദേഹം കാണിച്ച മാതൃകയും സഭകളിൽ നിന്നും വിശ്വാസികളിൽ നിന്നും സാമ്പത്തിക കൂട്ടായ്മ നിരസിക്കുകയോ , സ്വീകരിക്കുകയോ ചെയ്തതിന്റെ കാരണവും ചിന്തിക്കാം
========================================================================
*എഫെസൂസിലെ പൗലോസിൻ്റെ മാതൃക*
=========================================================================
എഫെസ്യ സഭയിൽ ആണ് പൗലോസ് ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് . *ഏകദേശം 3 വർഷം* (അപ്പോസ്തോല പ്രവൃത്തികൾ 20:31). അത്രയും നീണ്ട കാലം ഒരു സ്ഥലത്തു താമസിക്കുമ്പോൾ ,അവിടെ താൻ സഭയിലെ വിശ്വാസികളെ ആശ്രയിക്കാതെ തൻ്റെ ആവശ്യങ്ങൾക്കും കൂടെയുണ്ടായിരുന്നവരുടെ ആവശ്യങ്ങൾക്കും സ്വന്തം കൊണ്ട് വേല ചെയ്തു
എഫെസൂസിലെ സഭയിലെ മൂപ്പന്മാരോട് തൻ്റെ വിടവാങ്ങൽ സന്ദേശത്തിൽ , താൻ എങ്ങനെയാണ് അവർക്കിടയിൽ ആ കാലമത്രയും ജീവിച്ചതെന്ന് അദ്ദേഹം അവരെ ഓർമ്മിപ്പിക്കുന്നത് ഇങ്ങനെയാണ് :
"ഞാൻ ആരുടെയും വെള്ളിയോ സ്വർണ്ണമോ വസ്ത്രമോ മോഹിച്ചിട്ടില്ല. എൻ്റെ ആവശ്യങ്ങൾക്കും എന്നോടൊപ്പമുണ്ടായിരുന്നവരുടെ ആവശ്യങ്ങൾക്കും ഈ കൈകൾ പ്രവർത്തിച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് തന്നെ അറിയാം." (അപ്പോസ്തലപ്രവൃത്തികൾ 20:33-34)
സഭയിലെ വിശ്വാസികളെ സാമ്പത്തികമായി ആശ്രയിക്കേണ്ടതില്ല എന്ന പൗലോസിൻ്റെ തീരുമാനം ബോധപൂർവവും വ്യക്തമായ ലക്ഷ്യബോധത്തോടെയും ഉള്ളതായിരുന്നു . അദ്ദേഹത്തിൻ്റെ മാതൃക നമ്മെ നിരവധി പ്രധാന പാഠങ്ങൾ പഠിപ്പിക്കുന്നു:
*സാമ്പത്തിക സ്വാതന്ത്ര്യം:*
പൗലോസ് സ്വന്തം കൈകൊണ്ട് ജോലി ചെയ്തതിനാൽ , തൻ്റെ ആവശ്യങ്ങൾക്കായി ഈ നീണ്ട കാലം എഫെസൂസിലെ വിശ്വാസികളെ ആശ്രയിക്കേണ്ടി വന്നില്ല. ഈ തീരുമാനം അദ്ദേഹത്തെ സാമ്പത്തിക ആശ്രയത്തിൽ നിന്ന് മോചിപ്പിക്കുകയും വ്യക്തിപരമായ നേട്ടത്തിനായി പ്രസംഗിക്കുന്നു എന്ന് ആർക്കും അദ്ദേഹത്തെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.
*ദൈവത്തിൻ്റെ മുഴുവൻ ഉപദേശവും വിട്ടുവീഴ്ച ഇല്ലാതെ പ്രഖ്യാപിക്കാനുള്ള ധൈര്യം:*
പൗലോസ് എഫെസ്യയിലെ മൂപ്പന്മാരോട് ഇങ്ങനെ പറയുന്നു , "എന്തുകൊണ്ടെന്നാൽ, ദൈവത്തിൻ്റെ മുഴുവൻ ഉപദേശവും നിങ്ങളോട് പ്രഖ്യാപിക്കുന്നതിൽ ഞാൻ മടിച്ചില്ല" (അപ്പോസ്തല പ്രവൃത്തികൾ 20:27).
തൻ്റെ ആവശ്യങ്ങൾക്ക് ഒരിക്കലൂം അവരെ ആശ്രയിക്കാതെ ജീവിച്ചതിനാൽ , തൻ്റെ ശ്രോതാക്കൾ സന്തോഷിച്ചാലും വേദനിപ്പിച്ചാലും വിട്ടുവീഴ്ചയില്ലാതെ ദൈവത്തിന്റെ മുഴുവൻ ഉപദേശവും അവരെ പഠിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഇത് വ്യക്തമായി നമ്മെ പഠിപ്പിക്കുന്ന ഒരു സത്യമുണ്ട് . നാം നമ്മുടെ ആവശ്യങ്ങൾക്ക് സഭയിലെ വിശ്വാസികളുടെ പണത്തിൽ ആശ്രയിച്ചാൽ , അവരുടെ ചിലവിൽ ജീവിതം കഴിച്ചാൽ നമുക്ക് അവരെ ദൈവത്തിന്റെ മുഴുവൻ ആലോചനയും പഠിപ്പിക്കുവാൻ കഴിയുകയില്ല .
സ്വാഭാവികമായും നമ്മൾ ദൈവീക സന്ദേശം മുഴുവനായും അറിയിക്കുന്നതിൽ വീട്ടുവീഴ്ച ചെയ്യുവാൻ നിർബന്ധിതരാകും . അഥവാ നാം പറഞ്ഞാലും കേൾവിക്കാർ അത് യഥാർത്ഥ ഗൗരവത്തിൽ എടുക്കുകയില്ല. നമ്മുടെ പ്രസംഗങ്ങൾ ദൈവീക അധികാരം നഷ്ടപ്പെട്ട വെറും വാക്കുകൾ ആയിത്തീരും.
ദുഃഖകരമെന്നു പറയട്ടെ, ഇതേ കാരണം കൊണ്ട് തന്നെ ഇന്ന് പല പ്രസംഗകർക്കും ദൈവത്തിൻ്റെ മുഴുവൻ ഉപദേശവും അറിയിക്കുവാനുള്ള പ്രാഗൽഭ്യം ഇല്ല , കാരണം തങ്ങളുടെ സഭകളെ സാമ്പത്തികമായി ആശ്രയിക്കുന്നതിനാൽ ദൈവത്തെക്കാൾ ആളുകളെ പ്രീതിപ്പെടുത്താൻ അവർ നിർബന്ധിതർ ആകുന്നു .
പൗലോസ് സ്വന്ത കൈ കൊണ്ട് അധ്വാനിച്ചതിനാൽ, സാമ്പത്തികമായ സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിഞ്ഞു അദ്ദേഹത്തിൻ്റെ ഈ സാമ്പത്തിക സ്വാതന്ത്ര്യം ദൈവവചനം സ്വതന്ത്രമായും വിട്ടുവീഴ്ചയില്ലാതെയും പ്രസംഗിക്കാൻ അദ്ദേഹത്തെ സഹായിച്ചു .
അതിനാൽ ആണ് പൗലോസ് തൻ്റെ വിടവാങ്ങൽ സന്ദേശത്തിൽ ധൈര്യപൂർവ്വം ഇങ്ങനെ പറയുന്നത്
ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾമുതൽ എല്ലായ്‌പ്പോഴും നിങ്ങളോടുകൂടെ *എങ്ങനെയിരുന്നു എന്നും, എങ്ങനെ കർത്താവിനെ സേവിച്ചു വന്നു എന്നും,പ്രയോജനമുള്ളത് ഒന്നും മറച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കുകയും ഉപദേശിക്കുകയും ചെയ്തു എന്നും*, ........ നിങ്ങൾ അറിയുന്നുവല്ലോ (പ്രവൃത്തികൾ 20:20)
*മൂപ്പന്മാർക്കുള്ള ശക്തമായ മാതൃക:*
പൗലോസിൻ്റെ ജീവിതശൈലി എഫെസൂസിലെ പാസ്റ്റർമാർക്ക് ഒരു മാതൃകയായിരുന്നു. ഭൗതികമായ ജോലി ചെയ്തു തൻ്റേയും ആവശ്യങ്ങൾക്കും കൂടെയുണ്ടായിരുന്നവരുടെയും ആവശ്യങ്ങൾക്കും പ്രവർത്തിച്ചുകൊണ്ട് , യഥാർത്ഥ ആത്മീയ നേതാക്കൾ ദാനം സ്വീകരിക്കുന്നവർ അല്ല , മറിച്ച് ദാതാക്കളായിരിക്കണം എന്ന് അദ്ദേഹം തെളിയിച്ചു
അധ്വാനിക്കാനും പ്രാപ്തിയില്ലാത്തവരെ സഹായിക്കാനും മറ്റുള്ളവരെ ത്യാഗപൂർവ്വം സേവിക്കാനും ദൈവീക ശുശ്രൂഷകന്മാർ തയ്യാറാകണം എന്ന് അദ്ദേഹം തൻ്റെ ജീവിതത്തിലൂടെ പഠിപ്പിച്ചു . കർത്താവിൻ്റെ വാക്കുകളിലൂടെ അദ്ദേഹം അവരെ അത് ഓർമ്മിപ്പിച്ചു:
പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കുകയും, ‘വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നത് ഭാഗ്യം’ എന്നു കർത്താവായ യേശു താൻ പറഞ്ഞവാക്ക് ഓർത്തുകൊൾകയും വേണം എന്നു ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്ക് ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു. (പ്രവൃത്തികൾ 20:35)
പൗലോസിൻ്റെ സമീപനം ഒരു കാലാതീതമായ സത്യം എടുത്തു കാണിക്കുന്നു: ശുശ്രൂഷ മറ്റുള്ളവരിൽ നിന്ന് എടുക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് നൽകുന്നതിനെക്കുറിച്ചാണ് - ശുശ്രൂഷകർ വാങ്ങുകയും , വിശ്വാസികൾ കൊടുക്കുകയും വേണം എന്നാണ് നാം പലപ്പോഴും മനസ്സിലാക്കിയിട്ടുള്ളത് . എന്നാൽ വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നത് ഭാഗ്യം എന്ന കർത്താവിൻ്റെ വാക്ക് ജീവിതത്തിൽ കൂടി പൗലോസ് മാതൃക കാണിച്ചത് എഫെസ്യ സഭയിലെ പാസ്റ്റർമാർക്കാണ് .
*ചിന്തിച്ചു നോക്കുക; ഒരു വിടവാങ്ങൽ പ്രസംഗത്തിൽ എത്ര പാസറ്റർമാർക്ക് പ്രഗൽഭ്യത്തോടെ സ്വന്ത കാര്യങ്ങൾക്കു സഭയെ ആശ്രയിച്ചിട്ടില്ല എന്നും , ദൈവത്തിൻ്റെ മുഴുവൻ ആലോചനയും അവരെ അറിയിച്ചു എന്നും പൗലോസിനെ പോലെ അവകാശപ്പെടുവാൻ കഴിയും?*
പൗലോസിൻ്റെ മാതൃക എല്ലാ തലമുറകളിലെയും ആത്മീയ നേതാക്കളെ സ്വന്ത കൈ കൊണ്ട് അധ്വാനിക്കാനും , വിശ്വാസികളുടെ പണത്തിൽ ആശ്രയിക്കാതെ ദൈവത്തിൻ്റെ മുഴുവൻ ആലോചനയും അവരെ അറിയിക്കുവാനും വെല്ലുവിളിക്കുന്നു.
========================================================================
*കൊരിന്തിലെ പൗലോസിൻ്റെ മാതൃക*
========================================================================
ഏഷ്യ മൈനറിലെ എഫെസ്യ പട്ടണത്തിനു ശേഷം പൗലോസ് ഏറ്റവും അധികകാലം താമസിച്ചു ശുശ്രൂഷ ചെയ്തത് ഗ്രീസിലെ കൊരിന്തിൽ ആയിരുന്നു . *ഏകദേശം 18 മാസം* (അപ്പോസ്തോല പ്രവൃത്തികൾ 18:11).
അവിടെയും താൻ കൊരിന്ത്യ സഭയെ സാമ്പത്തിക ആവശ്യങ്ങൾക്ക് ആശ്രയിക്കാതെ സ്വന്ത കൈ കൊണ്ട് വേല (കുടാര നിർമ്മാണം ) ചെയ്തു (പ്രവൃത്തി 18:2–3).
കൊരിന്ത് സമ്പന്നവും പദവിക്ക് പ്രാധാന്യം നൽകുന്നതുമായ ഒരു നഗരമായിരുന്നു, വ്യക്തിപരമായ നേട്ടത്തിനായി ആളുകളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന വ്യാജ പ്രവാചകന്മാരും , വ്യാജ പ്രസംഗകരും, വ്യാജ അപ്പോസ്തോലന്മാരും അവിടെ നിറഞ്ഞിരുന്നു. അവിടുത്തെ ആത്മീയ ശുശ്രൂഷ ദ്രവ്യാഗ്രഹവുമായി എളുപ്പത്തിൽ കെട്ടുപിണഞ്ഞിരുന്നു, കൂടാതെ പല നേതാക്കളും വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്തു , തങ്ങളുടെ ആത്മീയ അധികാരം സ്വയം സമ്പന്നരാക്കാൻ അവർ ഉപയോഗിച്ചു. ( ഇന്നുള്ള ക്രിസ്തീയ നേതാക്കന്മാരുടെ , പ്രാസംഗികരുടെ ഒരു നേർ ചിത്രമാണ് നാം അവിടെ കാണുന്നത് )
അത്തരം സാഹചര്യത്തിൽ, ഒരു അപ്പോസ്തലൻ എന്ന നിലയിൽ തൻ്റെ സാമ്പത്തിക അവകാശങ്ങൾ സഭയിൽ നിന്നും സ്വീകരിക്കുവാനുള്ള അധികാരം ഉണ്ടായിട്ടും , അത് ഉപയോഗിക്കുവാൻ പൗലോസ് ബോധപൂർവം വിസമ്മതിച്ചു. അദ്ദേഹത്തിൻ്റെ ഈ തീരുമാനമാനം ബുദ്ധിപരവും ആത്മീയവുമായിരുന്നു: അതിൻ്റെ കാരണങ്ങൾ ഇവയാണ് .
*അത്യാഗ്രഹത്തിൻ്റെ രൂപം പോലും ഒഴിവാക്കുക:*
കൊരിന്ത്യ സഭ ജഡീക്കന്മാർ കൂടുതൽ ഉള്ള സഭയായിരുന്നു . ആ കൊരിന്ത്യ സഭയിലെ സാമ്പത്തിക സഹായം സ്വീകരിക്കാതിരുന്നതിലൂടെ, തൻ്റെ സുവിശേഷം കളങ്കരഹിതവും അഴിമതിയില്ലാത്തതുമായി നിലനിർത്താൻ പൗലോസ് ഉറപ്പുവരുത്തി. തന്റെ ശുശ്രൂഷയെ സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെടുത്തി ഒരു അപവാദം പറയുവാൻ ആരെയും അദ്ദേഹം അനുവദിച്ചില്ല. 1 കൊരി. 9:15'ആരെങ്കിലും എന്‍റെ പ്രശംസ നഷ്ടപ്പെടുത്തുന്നതിനേക്കാൾ മരിക്കുന്നത് തന്നെ എനിക്ക് നല്ലത്. '
*വ്യാജ അപ്പോസ്തലന്മാരിൽ നിന്ന് സ്വയം വേർതിരിക്കുക:*
സാമ്പത്തിക ലാഭത്തിനുവേണ്ടി പ്രസംഗിച്ചവരിൽ നിന്ന് വ്യത്യസ്തമായി, പൗലോസ് തന്റെ ജീവിതശൈലിയിലൂടെ താൻ പണത്തെയല്ല ക്രിസ്തുവിനെയാണ് സേവിക്കുന്നതെന്നു തെളിയിച്ചു കാണിച്ചു.
അദ്ദേഹം എഴുതി: "നിങ്ങൾക്ക് ദൈവത്തിന്റെ സുവിശേഷം സൗജന്യമായി പ്രസംഗിച്ചതുകൊണ്ട്, നിങ്ങളെ ഉയർത്താൻ ഞാൻ എന്നെത്തന്നെ താഴ്ത്തിയത് ഒരു പാപമായിരുന്നോ?" (2 കൊരിന്ത്യർ 11:7).
പ്രതിഫലം നിരസിച്ചതിലൂടെ, "ക്രിസ്തുവിന്റെ അപ്പോസ്തലന്മാരായി വേഷംമാറുന്ന" ദ്രവ്യാഗ്രഹികളായ വ്യാജ അപ്പോസ്തോലന്മാരിൽ നിന്ന് പൗലോസ് സ്വയം വേർതിരിച്ചു കാണിച്ചു (2 കൊരിന്ത്യർ 11:13).
പയലോസിൻ്റെ കാലത്തേക്കാൾ ഇന്നുള്ള ക്രിസ്തീയ ലോകത്തിൽ ഈ മാതൃക ഏറ്റവും ആവശ്യമാണ് . സുവിശേഷ വേല പണമുണ്ടാക്കാനുള്ള ഏറ്റവ്വും വലിയ മാർഗ്ഗമാണ് എന്നും, സുവിശേഷകർ പണത്തിനു പുറകെ ഓടുന്നവരാണ് എന്നും അവിശ്വാസികൾ ചിന്തിക്കുന്നു . അതിനു കാരണം ഇത്തരം ദ്രവ്യാഗ്രഹികളായ കള്ള നാണയങ്ങളാണ് .
കേരളത്തിലെ പ്രശസ്തനായ ഒരു വ്യക്തി പറഞ്ഞത് , ഗൂഗിൾ കമ്പനി പൂട്ടിയാൽ തൊഴിൽ രഹിതർ ആകുന്നതിനേക്കാൾ കൂടുതൽ സുവിശേഷ / മത പ്രസ്ഥാനങ്ങൾ പൂട്ടിപ്പോയാൽ അതിലൂടെ പണം ഉണ്ടാക്കുന്നവർ തൊഴിൽ രഹിതർ ആകും എന്നാണ് . സുവിശേഷം വഴി പണം ഉണ്ടാക്കുന്നവരെ കുറിച്ചുള്ള ലോക മനുഷ്യരുടെ കാഴ്‌ചപ്പാട് ആണ് ഇത് കാണിക്കുന്നത്. ഇവിടെ പൗലോസിന്റെ മാതൃക എത്രമാത്രം പ്രസക്തം
*(അപ്പോസ്തോലന്മാരുടെ ഉപദേശങ്ങൾ ( Didache) എന്ന് പേരുള്ള ഒന്നാം നൂറ്റാണ്ടിലെ ഗ്രന്ഥത്തിൽ ഒരു വ്യാജ പ്രവാചകനെയോ, വ്യാജ അപ്പോസ്തോലനെയോ തിരിച്ചറിയാനുള്ള ഏറ്റവും വലിയ തെളിവ് , അദ്ദേഹം പണം ചോദിക്കുന്നവോ എന്ന് പരിശോധിക്കുക എന്നതായിരുന്നു ( Didache Chapter 11 )*
അതിനാൽ യഥാർത്ഥത്തിൽ കർത്താവിനെ സേവിക്കുന്നവർ; പൗലോസിനെ പോലെ സ്വന്ത കൈ കൊണ്ട് വേല ചെയ്തു ഇത്തരം വഞ്ചകന്മാരിൽ നിന്നും തങ്ങൾ വ്യത്യസ്‍തർ ആണ് എന്ന് കാണിച്ചു കൊടുക്കേണ്ടത് ഈ തലമുറയിൽ ഏറ്റവും ആവശ്യമാണ്.
*സുവിശേഷത്തിനു തടസ്സം ഒരിക്കലൂം വരാതെ സൂക്ഷിക്കുക :*
പൗലോസ് പ്രഖ്യാപിച്ചു, "എങ്കിലും ഞങ്ങൾ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്‍റെ സുവിശേഷത്തിന് യാതൊരു തടസ്സവും വരുത്താതിരിക്കുവാൻ സകലവും സഹിക്കുന്നു. '1 കൊരി. 9:12
വിട്ടുവീഴ്ചയില്ലാതെയും സാമ്പത്തിക കെട്ടുപാടുകളില്ലാതെയും സത്യം പ്രഖ്യാപിക്കാനുള്ള സ്വാതന്ത്ര്യമായിരുന്നു സുവിശേഷം പൂർണ്ണമായും പ്രസംഗിക്കുവാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയ ഒരു ഘടകം .
*സ്വയംപര്യാപ്തത പരിശീലിക്കുക:*
തനിക്കു ആവശ്യം വന്നപ്പോൾ , പൗലോസ് സ്വന്തം കൈകൊണ്ട് അധ്വാനിച്ചു, താൻ കൊരിന്ത്യരെ ഒരിക്കലും ആശ്രയിച്ചില്ല . അദ്ദേഹം സാക്ഷ്യപ്പെടുത്തി: "ഞാൻ നിങ്ങളുടെ കൂടെയായിരുന്നപ്പോൾ, എനിക്ക് ആവശ്യമുള്ളപ്പോൾ, ഞാൻ ആരെയും ഭാരപ്പെടുത്തിയില്ല, ----. ഞാൻ നിങ്ങളെ ഒരു തരത്തിലും ഭാരപ്പെടുത്താതിരിക്കാൻ ശ്രദ്ധിച്ചു, ഇനിയും അങ്ങനെ ചെയ്യും." (2 കൊരിന്ത്യർ 11:9).
പൗലോസിന്റെ ഉദ്ദേശ്യം വ്യക്തമായിരുന്നു: സുവിശേഷം സൗജന്യമായിരിക്കണം, ദ്രവ്യാഗ്രഹത്താൽ കളങ്കപ്പെടരുത്, സാമ്പത്തിക ആശ്രയത്വത്താൽ വിട്ടുവീഴ്ച ചെയ്യരുത്. അദ്ദേഹത്തിന്റെ ഈ ത്യാഗപരമായ നിലപാട് തന്റെ സന്ദേശത്തിന്റെ സത്യസന്ധത നിലനിർത്തുകയും സാമ്പത്തിക നേട്ടം തേടിയ വ്യാജ അപ്പോസ്തലന്മാരിൽ നിന്ന് അദ്ദേഹത്തെ വേർതിരിക്കുകയും ചെയ്തു.
=========================================================================
*തെസ്സലോനിക്കയിലെ പൗലോസിന്റെ മാതൃക*
=========================================================================
മാസിഡോണിയയിലെ തെസ്സലോനിക്ക പട്ടണത്തിൽ പൗലോസ് എത്ര കാലം താമസിച്ചു എന്ന് വ്യക്തമല്ല പ്രവൃത്തി 17:2-ൽ “മൂന്നു ശബ്ബത്ത്” എന്നു പറയുന്നു, പക്ഷേ ലേഖനങ്ങളിൽ നിന്നും കൂടുതൽ നാളുകൾ താമസിച്ചതായി സൂചന കിട്ടുന്നു . ചിലപ്പോൾ കുറച്ചു മാസങ്ങൾ ആകാം.
പൗലോസ് തെസ്സലോനിക്കയിൽ ശുശ്രൂഷ ചെയ്തപ്പോഴും , ആരെയും ഭാരപ്പെടുത്താതിരിക്കാൻ അദ്ദേഹം "രാവും പകലും" സ്വന്തം കൈകൊണ്ട് മനഃപൂർവ്വം അധ്വാനിച്ചു:
"സഹോദരീസഹോദരന്മാരേ, ഞങ്ങളുടെ കഷ്ടപ്പാടും പ്രയാസവും നിങ്ങൾ ഓർക്കുന്നുണ്ടല്ലോ; ഞങ്ങൾ നിങ്ങൾക്ക് ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുമ്പോൾ ആരെയും ഭാരപ്പെടുത്താതിരിക്കാൻ ഞങ്ങൾ രാവും പകലും അധ്വാനിച്ചു." (1 തെസ്സലോനിക്കർ 2:9)
എന്നാൽ മറ്റുള്ള ഇടങ്ങളിൽ ഇന്നും വ്യത്യസ്‍തമായി *തെസ്സലോനിക്കയിൽ അദ്ദേഹം സാമ്പത്തിക സഹായം സ്വീകരിച്ചില്ല എന്ന് മാത്രമല്ല , ആരുടെയും ഭക്ഷണം പോലും സൗജന്യമായി അനുഭവിച്ചില്ല എന്ന് സാക്ഷ്യം പറയുന്നു.*
"ഞങ്ങൾ നിങ്ങളുടെ കൂടെയായിരുന്നപ്പോൾ വെറുതെ ഇരുന്നില്ല, *ആരുടെയും ഭക്ഷണം പണം കൊടുക്കാതെ കഴിച്ചില്ല.* നേരെമറിച്ച്, നിങ്ങളിൽ ആർക്കും ഭാരമാകാതിരിക്കാൻ ഞങ്ങൾ രാവും പകലും അധ്വാനിച്ചു." (2 തെസ്സലോനിക്കർ 3:7–8)
തെസ്സലോനിക്കയിലെ പൗലോസിന്റെ സമീപനം ശുശ്രൂഷകന്മാർ പിന്തുടരേണ്ട മൂന്ന് പ്രധാന ആത്മീയ തത്വങ്ങൾ വെളിപ്പെടുത്തുന്നു:
*കഠിനാധ്വാനവും സത്യസന്ധതയും:*
സ്വന്തം കൈകൊണ്ട് അധ്വാനിച്ചതിലൂടെ, ഉത്തരവാദിത്തമുള്ള ക്രിസ്തീയ ജീവിതം എങ്ങനെയായിരിക്കുമെന്ന് അദ്ദേഹം വിശ്വാസികളെ കാണിച്ചു. അദ്ദേഹത്തിന്റെ ജീവിതം തെസ്സലോനിക്കയിലെ വിശ്വാസികൾക്ക് അച്ചടക്കം, സത്യസന്ധത, കഠിനാധ്വാനം എന്നിവയുടെ ദൃശ്യമായ മാതൃകയായിരുന്നു.'
ഞങ്ങളെ അനുകരിക്കേണ്ടത് എങ്ങനെ എന്നു നിങ്ങൾ തന്നെ അറിയുന്നുവല്ലോ. *ഞങ്ങൾ നിങ്ങളുടെ ഇടയിൽ അലസമായി നടന്നിട്ടില്ല*, '2 തെസ്സ. 3:7
*സഭയ്ക്ക് ഒരു മാതൃക വെക്കുക:*
തന്റെ അധ്വാനം അപ്പോസ്തലിക അധികാരം ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് വിശ്വസ്തതയോടെ പ്രവർത്തിക്കുക എന്നതിന്റെ അർത്ഥം എന്താണെന്ന് തെസ്സലോനിക്കക്കാർക്ക് ഒരു ജീവിക്കുന്ന മാതൃക കാണിക്കാൻ വേണ്ടിയാണെന്ന് പൗലോസ് വിശദീകരിച്ചു:
"ഞങ്ങൾക്ക് അധികാരം ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് നിങ്ങൾ പിന്തുടരാൻ ഒരു മാതൃക വെക്കാൻ വേണ്ടിയാണ് ഞങ്ങൾ രാവും പകലും കഷ്ടപ്പാടുകളോടെയും പ്രയാസങ്ങളോടെയും അധ്വാനിച്ചത്." (2 തെസ്സലോനിക്കർ 3:8–9)
അപ്പോസ്തോലിക അധികാരം ഉണ്ടായിട്ടും; എഫെസ്യയിലും പൗലോസ് കൈ കൊണ്ട് അധ്വാനിച്ചതിനു കാരണം മാതൃക കാണിക്കുക എന്നതായിരുന്നു . എന്നാൽ അവിടെ *മാതൃക എഫെസ്യ സഭയിലെ പാസ്റ്റർമാർക്കായിരുന്നു.*
അതായത് സഭയിലെ *പാസ്റ്റർമാർക്കും വിശ്വാസികൾക്കും ഒരു പോലെയുള്ള അപ്പോസ്തോലിക മാതൃക* കൈ കൊണ്ട് അധ്വാനിക്കുക , മറ്റുള്ളവരെ തങ്ങളുടെ ആവശ്യങ്ങൾക്കു ആശ്രയിക്കാതെ ഇരിക്കുക എന്നതായിരുന്നു .
*അലസരാകാതെ ജോലി ചെയ്യാൻ കൽപ്പിക്കാനുള്ള അധികാരം:*
തെസ്സലോനിക്ക സഭയിൽ ചില അംഗങ്ങൾ അലസരായിരുന്നു - അവർ മടിയന്മാരായി ജീവിക്കുകയും, ജോലി ചെയ്യാൻ വിസമ്മതിക്കുകയും, മറ്റുള്ളവരെ ആശ്രയിക്കുകയും ചെയ്തു. പൗലോസ് തന്നെ അവരുടെ ഇടയിൽ കഠിനാധ്വാനമുള്ള ഒരു ജീവിതം നയിച്ചതുകൊണ്ട്, അദ്ദേഹത്തിന് അധികാരത്തോടെ സംസാരിക്കാനും ഉറച്ച കൽപ്പന നൽകാനും കഴിഞ്ഞു:
"ആരെങ്കിലും ജോലി ചെയ്യാൻ തയ്യാറല്ലെങ്കിൽ, അവൻ ഭക്ഷണം കഴിക്കരുത്." (2 തെസ്സലോനിക്കർ 3:10)
ഈ വാക്യത്തിൽ നിന്നും മറ്റുള്ള ഇടങ്ങളിൽ ഇന്നും വ്യത്യസ്‍തമായി *തെസ്സലോനിക്കയിൽ അദ്ദേഹം ആരുടെയും ഭക്ഷണം പോലും സൗജന്യമായി കഴിക്കാതെ ഇരുന്നതിനുള്ള കാരണം വ്യക്തമാകുന്നു.*
*താൻ അങ്ങനെ ഭക്ഷണം കഴിച്ചിരുന്നു എങ്കിൽ ജോലി ചെയ്യാൻ തയ്യാറല്ലാത്തവൻ , ഭക്ഷണം കഴിക്കരുത് എന്നുള്ള കൽപ്പന അധികാരത്തോടെ അദ്ദേഹത്തിന് പറയാൻ കഴിയില്ലായിരുന്നു.*
സ്വന്ത കൈ കൊണ്ട് ജോലി ചെയ്യാതെ ,തങ്ങളുടെ ആവശ്യങ്ങൾക്ക് എല്ലാം സഭയിലെ വിശ്വാസികളെ ആശ്രയിക്കുന്ന ശുശ്രൂഷകർക്ക് ഒരിക്കലും പൗലോസിനെ പോലെ ആത്മീയ അധികാരത്തോടെ അലസത എന്ന വലിയ പാപത്തിനു എതിരെ സംസാരിക്കാൻ കഴിയില്ല .
"നിങ്ങളിൽ ചിലർ അലസരാണെന്ന് ഞങ്ങൾ കേൾക്കുന്നു... ഇങ്ങനെയുള്ളവരോട്: സാവധാനത്തോടെ വേലചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നു." (2 തെസ്സലോനിക്കർ 3:11–12)
പൗലോസിന്റെ വ്യക്തിപരമായ മാതൃക അദ്ദേഹത്തിന്റെ ഉപദേശത്തിന് ശക്തി നൽകി. അദ്ദേഹം മറ്റുള്ളവരോട് ജോലി ചെയ്യാൻ പറയുക മാത്രമല്ല ചെയ്തത് - അത് എങ്ങനെയായിരിക്കുമെന്ന് അദ്ദേഹം അവരെ കാണിച്ചിരുന്നു. ഈ സത്യസന്ധത അദ്ദേഹത്തിന് അധികാരത്തോടെ അലസത തിരുത്താനും സഭയെ ഉത്തരവാദിത്തത്തിന്റെയും കഠിനാധ്വാനത്തിന്റെയും ജീവിതശൈലിയിലേക്ക് നയിക്കാനും അനുവദിച്ചു.
========================================================================
*ഫിലിപ്പിയിലെ പൗലോസിന്റെ മാതൃക*
========================================================================
മാസിഡോണിയയിലെ തന്നെ ഫിലിപ്പ്യ സഭ പൗലോസ് പല തവണ സന്ദർശിച്ചിരുന്നു എന്ന് നമുക്ക് മനസിലാക്കാം (പ്രവൃത്തി 16, 20:6)
അവിടെ അദ്ദേഹം ഭൗതികമായ ഒരു തൊഴിൽ ചെയ്തോ എന്ന് നേരിട്ട് പറഞ്ഞിട്ടില്ല.എന്നാൽ മുൻപ് കണ്ട മൂന്ന് സഭയിൽ നിന്നും ഫിലിപ്പിയ സഭ വ്യത്യസ്തം ആയിരുന്നു . *തിരുവെഴുത്തിൽ വെളിപ്പെടുത്തിയിടത്തോളം ഫിലിപ്പിയ സഭയിൽ നിന്നും മാത്രമാണ് പൗലോസ് സാമ്പത്തിക കൂട്ടായ്മ സ്വീകരിച്ചത്.*
അതിനു കാരണം അവരുടെ സാമ്പത്തിക കൂട്ടായ്മ സ്വാഗതാർഹവും, ആത്മാവ് നയിക്കുന്നതും, ആത്മാർത്ഥവുമായിരുന്നു.
എഫെസ്യയിലോ കൊരിന്തിലോ തെസ്സലോനിക്കയിലോ നിന്ന് വ്യത്യസ്തമായി,ഫിലിപ്പിയിലെ വിശ്വാസികൾ പൗലോസിൻ്റെ ശുശ്രൂഷയെ സ്നേഹത്തോടെയും , ആത്മാർത്ഥയോടെയും ത്യാഗത്തോടെയും പിന്തുണച്ചു. അവരുടെ ദാനം സമ്മർദ്ദം കൊണ്ടായിരുന്നില്ല, മറിച്ച് സുവിശേഷത്തിലെ യഥാർത്ഥ സ്നേഹവും പങ്കാളിത്തവും കൊണ്ടായിരുന്നു.
പൗലോസ് എഴുതുന്നു: "'ഫിലിപ്പ്യരേ, സുവിശേഷഘോഷണത്തിൻ്റെ ആരംഭത്തിൽ ഞാൻ മക്കെദോന്യയിൽനിന്ന് പുറപ്പെട്ടപ്പോൾ നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും വരവുചെലവുകാര്യത്തിൽ എന്നോട് കൂട്ടായ്മ കാണിച്ചില്ല എന്നു നിങ്ങളും അറിയുന്നു." (ഫിലിപ്പിയർ 4:15-16)
ഇവിടെ, പൗലോസ് മൂന്ന് തത്വങ്ങൾ എടുത്തു കാണിക്കുന്നു:
*സുവിശേഷത്തിലെ യഥാർത്ഥ പങ്കാളിത്തം:*
ഫിലിപ്പിയർ പൗലോസിന് നൽകിയത് ഒരു കടപ്പാടായിട്ടോ അദ്ദേഹത്തെ നിയന്ത്രിക്കാനോ ആയിരുന്നില്ല, മറിച്ച് ക്രിസ്തുവിൻ്റെ വേലയിലെ പങ്കാളികളായിട്ടായിരുന്നു. അവരുടെ പിന്തുണ സാമ്പത്തികമായി മാത്രമായിരുന്നില്ല - അത് സുവിശേഷം പ്രചരിപ്പിക്കുന്നതിലെ ആത്മീയ പങ്കാളിത്തമായിരുന്നു.
"നിങ്ങളെ ഓർക്കുമ്പോഴെല്ലാം ഞാൻ എൻ്റെ ദൈവത്തിന് നന്ദി പറയുന്നു... ആദ്യ ദിവസം മുതൽ ഇന്നുവരെ സുവിശേഷത്തിലെ നിങ്ങളുടെ പങ്കാളിത്തം നിമിത്തം." (ഫിലിപ്പിയർ 1:3, 5)
*പൗലോസ് അവരോടു സഹായം ആവശ്യപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ല:*
താൻ ഒരു സാമ്പത്തിക സഹായം അവരോടു തേടിയിട്ടില്ല എന്ന് പൗലോസ് വ്യക്തമാക്കുന്നു. താൻ ആഗ്രഹിച്ചത് അവരുടെ ഔദാര്യം വഴി അവരുടെ കണക്കിൽ വർദ്ധിക്കുന്ന ആത്മീയ പ്രതിഫലമായിരുന്നു.
"ഞാൻ ദാനം അന്വേഷിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്ക് ഏറുന്ന പ്രതിഫലം അത്രേ അന്വേഷിക്കുന്നത്..(ഫിലിപ്പിയർ 4:17)
*പൗലോസ് അവരുടെ സാമ്പത്തിക സഹായത്തിൽ ആശ്രയിട്ടില്ല :*
അവരുടെ സാമ്പത്തിക കൂട്ടായ്മ അംഗീകരിക്കുമ്പോൾ പോലും, തൻ്റെ ആശ്രയം ഒരിക്കലും അവരുടെ പണത്തിലായിരുന്നില്ല, മറിച്ച് ക്രിസ്തുവിലായിരുന്നെന്ന് പൗലോസ് അവരെ ഓർമ്മിപ്പിക്കുന്നു. എല്ലാ സാഹചര്യങ്ങളിലും സംതൃപ്തനായിരിക്കാൻ അദ്ദേഹം പഠിച്ചിരുന്നു - അത് ആവശ്യമുള്ളപ്പോഴോ സമൃദ്ധിയിലോ ആകട്ടെ.
"ഏത് സാഹചര്യത്തിലും സംതൃപ്തനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു... എന്നെ ശക്തിപ്പെടുത്തുന്ന ക്രിസ്തുവിലൂടെ എനിക്ക് എല്ലാം ചെയ്യാൻ കഴിയും." (ഫിലിപ്പിയർ 4:11-13)
ഫിലിപ്പിയിയ സഭയിൽ നിന്നും മാത്രമാണ് പൗലോസ് സാമ്പത്തിക സഹായം സ്വീകരിച്ചത് : സുവിശേഷത്തിൻ്റെ പരിശുദ്ധി സംരക്ഷിക്കാൻ പൗലോസ് പലപ്പോഴും പിന്തുണ നിരസിച്ചപ്പോൾ, ഫിലിപ്പിയരുടെ സുവിശേഷത്തിലെ പങ്കാളിത്തം , ആത്മാർത്ഥമായ സ്നേഹം, കൂട്ടായ്മ , വിശ്വാസം എന്നിവയിൽ നിന്ന് ഒഴുകിയതുകൊണ്ട് അദ്ദേഹം അത് നന്ദിയോടെ സ്വീകരിച്ചു.
========================================================================
സഭ സാമ്പത്തിക സഹായം സ്വീകരിച്ചോ? കാരണം
എഫെസൊസ് ❌ ഇല്ല ദൈവത്തിൻ്റെ മുഴുവൻ ഉപദേശവും വിട്ടുവീഴ്ചയില്ലാതെ പ്രഖ്യാപിക്കാൻ
കൊരിന്ത് ❌ ഇല്ല ദ്രവ്യാഗ്രഹികളായ വ്യാജ ശുശ്രൂഷക്കാരിൽ നിന്നും വ്യത്യസ്തൻ ആണ് എന്ന് തെളിയിക്കാൻ
തെസ്സലോനിക്ക ❌ ഇല്ല രാവും പകലും പ്രവർത്തിച്ചു;സൗജന്യമായ ഭക്ഷണം പോലും നിരസിച്ചു , ആത്മീയ അധികാരത്തോടെ അലസത എന്ന പാപത്തിനു എതിരെ സംസാരിക്കുവാൻ
ഫിലിപ്പി ✅ അതെ ആത്മാവിനാൽ നയിക്കപ്പെട്ട, സുവിശേഷത്തിലെ യഥാർത്ഥ പങ്കാളിത്തം സ്വീകരിച്ചു
========================================================================
പൗലോസിൻ്റെ മാതൃക നമ്മെ ഒരു പ്രധാന പാഠം പഠിപ്പിക്കുന്നു:
ദൈവത്തിൻ്റെ വേല ദൈവത്തിൻ്റെ വഴിയിൽ ആണ് ചെയ്യേണ്ടത്
ദൈവത്തിൻ്റെ ഒരു ദാസൻ ഒരിക്കലും മാമോന്റെ ദാസനായി അധപധിക്കരുത്
ദൈവത്തിൻ്റെ ദാസൻ സാമ്പത്തികമായി സ്വതന്ത്രനായിരിക്കണം, എങ്കിൽ മാത്രമേ അവനു ദൈവത്തിൻ്റെ മുഴുവൻ ഉപദേശവും അധികാരത്തോടെ പ്രസംഗിക്കാൻ കഴിയുകയുളൂ
ദൈവത്തിൻ്റെ ദാസൻ ദ്രവ്യാഗ്രഹത്തിൻ്റെ രൂപം പോലും ഒഴിവാക്കുകയും സത്യസന്ധതയുടെ മാതൃക വെക്കുകയും വേണം.
പണത്തിനുവേണ്ടി പ്രസംഗിക്കുന്ന വഞ്ചകരിൽ നിന്ന് സ്വയം വേർതിരിക്കാൻ നേതാക്കൾ സ്വന്ത കൈ കൊണ്ട് വേല ചെയ്യണം.
കഠിനാധ്വാനം ചെയ്ത് ഉപജീവനം നേടാൻ വിശ്വാസികൾക്ക് ദൈവദാസന്മാർ മാതൃകയായിരിക്കണം.
ആത്മാവിനാൽ നയിക്കപ്പെടുന്ന പിന്തുണ നന്ദിയോടെ സ്വീകരിക്കാം, പക്ഷേ അതിൽ ഒരിക്കലൂം ആശ്രയിക്കരുത് അത് ശുശ്രൂഷയെ നിയന്ത്രിക്കരുത്.
========================================================================
പൗലോസിൻ്റെ ജീവിതം ഇന്നത്തെ പ്രസംഗകരെയും പാസ്റ്റർമാരെയും ശുശ്രൂഷകരെയും ഒരു നിർണായക ചോദ്യം കൊണ്ട് നേരിടുന്നു: നിങ്ങൾ ദൈവത്തെയാണോ സേവിക്കുന്നത്, അതോ സൂക്ഷ്മമായി പണത്തെയാണോ സേവിക്കുന്നത്?
"ദൈവത്തിൻ്റെ വേല, ദൈവത്തിൻ്റെ വഴിയിൽ ചെയ്താൽ, ദൈവത്തിൻ്റെ സഹായം ഒരിക്കലും കുറയില്ല." ഹഡ്സൺ ടൈലർ
