Articles

മനുഷ്യൻ ദൈവത്തിൻ്റെ വായിൽനിന്നും വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു

Date Added : 17-09-2025

മനുഷ്യൻ ദൈവത്തിൻ്റെ വായിൽനിന്നും വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു

 

ഉല്പത്തി 1:27-30, 2:2-3

 

ജിനു നൈനാൻ

 

ദൈവപിതാവിൻ്റെ പരിപാലനവും ദൈവമക്കളുടെ അവകാശമായ സ്വസ്ഥതയും

1. സൃഷ്ടിയിൽ വെളിപ്പെട്ട പിതൃഹൃദയം

 

ഉല്പത്തി പുസ്തകം തുറക്കുമ്പോൾ, ആദ്യാധ്യായം തന്നെ ദൈവത്തിൻ്റെ പിതൃഹൃദയത്തിൻ്റെ മനോഹരമായ ചിത്രം വരച്ചുകാട്ടുന്നു. മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ്, ദൈവം അവന് ആവശ്യമായ എല്ലാം ഒരുക്കി. സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, ഭൂമി , സമുദ്രം, വൃക്ഷങ്ങൾ, ഫലങ്ങൾ, മൃഗങ്ങൾ, എല്ലാ വിഭവങ്ങളും ദൈവം മുമ്പേ ഒരുക്കി. പിന്നെയാണ് മനുഷ്യനെ തൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചത്.

 

ഇത് ഒരു പ്രധാന സത്യത്തെ വെളിപ്പെടുത്തുന്നു: ദൈവം തൻ്റെ മക്കൾ ഭാവിയെക്കുറിച്ചുള്ള   ആശങ്കയിലും ഭയത്തിലും  ജീവിക്കണമെന്നു ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ഒരു സ്നേഹമുള്ള പിതാവു തൻ്റെ മകൻ്റെ താമസത്തിനായി വീട് ഒരുക്കുന്നതുപോലെ, ദൈവവും മനുഷ്യനായി ആദാമിന്നു വേണ്ടി അനുഗ്രഹങ്ങളാൽ നിറഞ്ഞ ഭൂമിയെ ഒരുക്കിയിരുന്നു.

 

 മനുഷ്യൻ്റെ വിളി: ഭരിക്കുകയും ദൈവസ്വഭാവം പ്രതിഫലിപ്പിക്കുകയും ചെയ്യുക

 

ഉല്പത്തി 1:26-ൽ പറയുന്നപോലെ, മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തിൻ്റെ സൃഷ്ടികളുടെ മേൽ  ഭരണം നടത്തുന്നതിനായും തൻ്റെ സ്വഭാവത്തെ പ്രതിഭലിപ്പിക്കുവാനും വേണ്ടിയാണു . എന്നാൽ ഈ ഭരണം ദൈവത്തിൽ നിന്ന് വേറിട്ടു ചെയ്യുന്ന ഒന്നല്ല. മറിച്ച്, ദൈവത്തിൻ്റെ അധികാരത്തിനു കീഴടങ്ങി, ദൈവത്തോടുള്ള കൂട്ടായ്മയിൽ  ദൈവത്തിൻ്റെ സ്നേഹം, പരിശുദ്ധി, ജ്ഞാനം, നീതി എന്നിവ പ്രതിഫലിപ്പിച്ചുകൊണ്ടായിരിക്കണം മനുഷ്യൻ ഭരിക്കേണ്ടത്.

 

ഒരു പിതാവ് തൻ്റെ മകൻ സ്വഭാവത്തിലും ഗുണത്തിലും തന്നെപ്പോലെ വളരുന്നതിൽ സന്തോഷിക്കുന്നതുപോലെ, ദൈവത്തിനും തൻ്റെ മക്കൾ അവൻ്റെ സ്വഭാവം പ്രകടിപ്പിക്കുകയും ജീവിതത്തിലൂടെ അവനെ മഹത്വപ്പെടുത്തുകയും ചെയ്യണം എന്ന് ആഗ്രഹിച്ചു .

 

 ഭയത്തിൽ നിന്ന് അല്ല, സ്നേഹത്തിലൂടെ അനുസരണം

 

ദൈവം മനുഷ്യൻ ഭയത്താലോ , നിര്ബന്ധത്താലോ,  നിയമങ്ങളാൽ ബന്ധിക്കപ്പെട്ടോ തന്നെ  അനുസരിക്കണമെന്ന് ആഗ്രഹിച്ചില്ല. മറിച്ച്, സ്നേഹത്തിലും വിശ്വാസത്തിലും നിന്നു വരുന്ന അനുസരണമാണ് ദൈവം ആഗ്രഹിച്ചത് .

 

റോമർ 8:14 നമ്മെ ഓർമ്മിപ്പിക്കുന്നു: “ദൈവത്തിൻ്റെ ആത്മാവിനാൽ നടത്തപ്പെടുന്നവരാണ് ദൈവത്തിൻ്റെ മക്കൾ.”

 

അതുകൊണ്ടുതന്നെ മനുഷ്യൻ്റെ ഭൂമിയിലെ ആദ്യത്തെ പൂർണ്ണദിനം ശബ്ബത്ത് ആയിരുന്നു —ദൈവത്തോടൊപ്പമുള്ള  സ്വസ്ഥത. മനുഷ്യൻ്റെ ജീവിതം ദൈവത്തെ ശുശ്രൂഷിച്ചു  കൊണ്ടല്ല ,ദൈവത്തോടുള്ള സ്നേഹ  കൂട്ടായ്മയിൽ , ആരാധനയാൽ ആരംഭിച്ചു. ദൈവത്തിൻ്റെ ഉദ്ദേശം  അതായിരുന്നു: ദൈവീക ശുശ്രൂഷ  ദൈവത്തോടുള്ള കൂട്ടായ്മയിൽ നിന്നും  വിശ്രമത്തിലും  പ്രവഹിക്കേണ്ടതാണ്.

 

4. പുതിയ ജനനം: ദൈവമക്കളായി പുനഃസ്ഥാപിക്കപ്പെടൽ

 

പാപം ദൈവത്തോടുള്ള ഈ  കൂട്ടായ്മ തകർത്തു ,  അതിനാൽ  ന്യായപ്രമാണത്തിനു കീഴിലെ  അനുസരണം ഭയത്തിൽ നിന്നുള്ളതും ,  പുറമെയുള്ള കല്പനകളാൽ അധിഷ്ഠിതവുമായിരുന്നു .  എന്നാൽ പുതിയ ജനനത്തിലൂടെ ദൈവം നമ്മെ ക്രിസ്തുവിൽ ദൈവീക കൂട്ടായ്മയിലേക്ക്  പുനഃസ്ഥാപിച്ചു. ഇനി നമ്മുടെ ബന്ധം ഭയത്താലോ  നിയമത്താലോ  ബന്ധിക്കപ്പെട്ടതല്ല, സ്നേഹത്തിലൂടെയാണ്.

 

1 യോഹ. 4:18 'സ്നേഹത്തിൽ ഭയമില്ല; ശിക്ഷയിൽ ഭയം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു;

ന്യായപ്രമാണത്തിനു കീഴിൽ  അനുസരണം ഭയത്തിൽ നിന്നും  പുറമേ നിന്നുള്ള കല്പനകളാലുമായിരുന്നു.

 

ക്രിസ്തുവിൽ അനുസരണം ദൈവീക കൂട്ടായ്മയിലും   സ്നേഹത്തിലും   പരിശുദ്ധാത്മാവിൻ്റെ നടത്തിപ്പിലുമാണ്  .

 

5. ദൈവവാഗ്ദാനം: മക്കൾക്കായുള്ള പരിപാലനം

 

മത്തായി 6:25–34-ൽ യേശു നമ്മെ ഉറപ്പുനൽകുന്നു: ദൈവരാജ്യം നാം മുന്നമേ അന്വേഷിക്കുമ്പോൾ; ഭക്ഷണത്തേക്കുറിച്ചോ വസ്ത്രത്തേക്കുറിച്ചോ, നാളത്തെക്കുറിച്ചോ നാം ജാതികളെ പോലെ ആകുലചിത്തർ ആകേണ്ടതില്ല. നമുക്ക് ദൈവീക സ്വസ്ഥതയിൽ ജീവിക്കാം 

 

"ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ?

 

ദൈവമക്കളായി, നാം ആദ്യം അവൻ്റെ രാജ്യവും ,  നീതിയും അന്വേഷിക്കാൻ  വിളിക്കപ്പെട്ടവരാണ്. നാം ദൈവീക അധികാരത്തിനു കീഴ്പ്പെടുമ്പോൾ , മറ്റെല്ലാം യഥാസ്ഥാനത്തു വരുന്നതാണ്.

 

ദൈവത്തെ അറിയാത്ത ജാതികൾക്കാണ് ഭാവിയെപ്പറ്റിയുള്ള  ആശങ്കയും ഭയവും. പക്ഷേ ദൈവത്തിൻ്റെ മക്കളായ നമുക്കു ദൈവീക വിശ്രമത്തിൽ  ജീവിക്കാൻ  കഴിയും . നമ്മുടെ ആവശ്യങ്ങൾ അറിയുന്ന പിതാവു തന്നെയാണ് നമ്മെ പോറ്റുന്നതും പരിപാലിക്കുന്നതും.

 

6. ഇന്നത്തെ സ്വസ്ഥത

 

 ദൈവമക്കളുടെ അവകാശമായ ശബ്ബത്ത്  എന്നത്   ഒരു ദിവസത്തെ വിശ്രമമല്ല; ദൈവത്തിൽ ആശ്രയിച്ചുള്ള സ്വസ്ഥതയിൽ  ഒരു ജീവിതശൈലിയാണ്.

 

നാം അവനെ സ്നേഹിക്കുമ്പോൾ, അവൻ്റെ സാന്നിധ്യത്തിൽ സന്തോഷം കണ്ടെത്തുന്നു.

നാം അവനെ ആശ്രയിക്കുമ്പോൾ, അവൻ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്നു.

നാം അവനെ അനുസരിക്കുമ്പോൾ, അവൻ്റെ സമാധാനം അനുഭവിക്കുന്നു.

നാം അവൻ്റെ ആത്മാവിനാൽ നടത്തപ്പെടുമ്പോൾ, അവൻ്റെ സ്വഭാവം പ്രതിഫലിക്കുന്നു.

 

ഇതാണ് ദൈവമക്കളുടെ യഥാർത്ഥ അവകാശം: പ്രശ്നങ്ങൾ നിറഞ്ഞ ലോകത്തിനിടയിലും അവൻ്റെ സാന്നിധ്യത്തിൽ സമാധാനത്തിലും ആനന്ദത്തിലും വിശ്രമത്തിലും നിറഞ്ഞൊരു ജീവിതം.

 

പ്രാർത്ഥന

സ്വർഗ്ഗസ്ഥനായ പിതാവേ, ഞാൻ ജനിക്കുന്നതിന് മുമ്പ് തന്നെ എൻ്റെ ജീവിതത്തിനാവശ്യമായ എല്ലാം ഒരുക്കിയതിന് നന്ദി. ക്രിസ്തുവിൽ പുതിയ ജനനം വഴി എന്നെ നിൻ്റെ മകനായി വിളിച്ചതിന് നന്ദി. ചിലപ്പോൾ ഞാൻ നിൻ്റെ അധികാരത്തിന് പുറത്തേക്ക് പോയി എൻ്റെ ശക്തിയിൽ ആശ്രയിച്ചുപോയതിന് ക്ഷമിക്കണമേ. ആദ്യം നിൻ്റെ രാജ്യവും നീതിയും അന്വേഷിക്കാൻ എന്നെ പഠിപ്പിക്കണമേ. മുഴുവൻ ഹൃദയത്തോടും നിന്നെ സ്നേഹിക്കാനും, എല്ലാ സാഹചര്യങ്ങളിലും നിന്നെ ആശ്രയിക്കാനും, സന്തോഷത്തോടെ നിന്നെ അനുസരിക്കാനും എന്നെ സഹായിക്കണമേ. പരിശുദ്ധാത്മാവിനാൽ എന്നെ നിറച്ചുകൊള്ളേണമേ; എൻ്റെ ജീവിതം നിൻ്റെ സ്വഭാവം പ്രതിഫലിക്കട്ടെ. നീ വാഗ്ദാനം ചെയ്ത വിശ്രമത്തിലും സമാധാനത്തിലും ഞാൻ ദിവസേന ജീവിക്കട്ടെ. യേശുവിൻ്റെ നാമത്തിൽ, ആമേൻ.