വേർപാട് - ദൈവ വചന അടിസ്ഥാനത്തിൽ

*വേർപാട് - ദൈവ വചന അടിസ്ഥാനത്തിൽ*
*ജിനു നൈനാൻ*
നാം പലപ്പോഴും പ്രസംഗങ്ങളിൽ തുടർച്ചയായി കേൾക്കാറുള്ളതാണ് വേർപാട് എന്ന പദം . എന്നാൽ പുതിയനിയമ വെളിച്ചത്തിൽ ഉള്ള യഥാർത്ഥ വേർപാട് എന്താണ് എന്നും അത് ആരോടാണ്, ആരോടല്ല എന്ന കാര്യങ്ങൾ പലർക്കും വ്യക്തമല്ല ഈ ലേഖനത്തിൽ കൂടി ഈ വിഷയം വ്യക്തമാക്കുവാൻ ശ്രമിക്കുന്നു .
ഈ വിഷയത്തിൽ നമുക്ക് ഏറ്റവും പരിചയമുള്ള വാക്യത്തിൽ നിന്നും തുടങ്ങാം
2 കൊരി. 6: 14 അവിശ്വാസികളുമായുള്ള പങ്കാളിത്തം ചേർച്ചയില്ലാത്തതാണ്, അത് അരുത്. നീതിക്കും ദുഷ്ടതയ്ക്കുംതമ്മിൽ എന്താണു യോജിപ്പ്? പ്രകാശത്തിനും ഇരുളിനും തമ്മിൽ എന്തു കൂട്ടായ്മ? .......അവരുടെ നടുവിൽനിന്ന് പുറപ്പെട്ടു വേർപെട്ടിരിക്കുവിൻ എന്നു കർത്താവ് അരുളിച്ചെയ്യുന്നു;
യഥാർത്ഥത്തിൽ ഈ വാക്യത്തിൽ കൂടി അപ്പോസ്തോലൻ പറയാൻ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് വ്യക്തമാണ് . ഒരു വിശ്വാസിക്ക് അവിശ്വാസിയുമായി ഒരിക്കലും കൂട്ടായ്മ ഉണ്ടാകാൻ പാടില്ല. അത് ഇരുളും വെളിച്ചവും തമ്മിൽ ചേരാത്തത് പോലെയാണ് .
ഇത് വിശദീകരിക്കുമ്പോൾ എന്താണ് ദൈവവചന അടിസ്ഥാനത്തിൽ കൂട്ടായ്മ എന്നതും വിശദീകരിക്കേണ്ടിയിരിക്കുന്നു . ( ദൈവവചന പ്രകാരം ഉള്ള കൂട്ടായ്മ എന്താണ് എന്നറിയാതെ ഇവിടെ അപ്പോസ്തോലൻ ഉദ്ദേശിക്കുന്ന ദൈവവചന പ്രകാരം ഉള്ള വേർപാട് എന്താണ് എന്നറിയാൻ കഴിയില്ല )
*ദൈവീക ജീവൻ ( ZOE )*
ഒരുവൻ വീണ്ടും ജനിക്കുമ്പോൾ അവനു ലഭിക്കുന്നത് ജീവൻ ദൈവീക ജീവൻ ആണ് . ജീവൻ എന്ന പദം മൂന്നു അർത്ഥത്തിൽ ബൈബിളിൽ ഉപയോഗിക്കുന്നുണ്ട് . ഗ്രീക്കിൽ വ്യത്യസ്‍തമായ മൂന്നു പദങ്ങൾ തന്നെയാണ് ഇതിനു ഉപയോഗിക്കുന്നത് 1 ശാരീരിക ജീവൻ ( Greek - bios) 2. ദേഹീപരമായ ജീവൻ ( Greek -psychē, പ്രാണൻ ) 3. ദൈവീക ജീവൻ അഥവാ നിത്യജീവൻ (Greek - zoē)
ഈ ഭൂമിയിൽ ജനിക്കുന്ന എല്ലാവര്ക്കും ആദ്യ രണ്ടു തരത്തിലുള്ള ജീവനുകൾ ഉണ്ട്. എന്നാൽ ദൈവീക ജീവൻ ഇല്ലാത്തതിനാൽ അവൻ ആത്മീകമായി മരിച്ചവൻ ആണ് . ഒരുവൻ മനസാന്തരപ്പെട്ടു കർത്താവിൽ വിശ്വസിക്കുമ്പോൾ, അവനിൽ നിന്നും പാപസ്വാഭാവം അധവാ പഴയ മനുഷ്യൻ നീക്കപ്പെടുകയും അവനിൽ ദൈവീക ജീവൻ വരികയും അവൻ വീണ്ടും ജനിക്കുകയും ചെയ്യുന്നു .
അങ്ങനെ ജീവന്‍ പ്രാപിച്ച വ്യക്തികളുടെ പ്രാദേശികമായ കൂട്ടം ആണ് പ്രാദേശിക ദൈവസഭ.വേറൊരു രീതിയില്‍ പറഞ്ഞാല്‍ ക്രിസ്തുവിന്‍റെ ജീവന്‍ ഉള്ളിലുള്ള ഒരു അവയവം ആണ് ഒരു വിശ്വാസി എങ്കില്‍, ക്രിസ്തുവിന്റെ ജീവനാല്‍ നിയന്ത്രിക്കപ്പെടുന്ന അവയവങ്ങള്‍ ഒന്ന് ചേര്‍ന്ന ക്രിസ്തുവിന്‍റെ ശരീരം ആണ് സഭ.
ഒരു അവയവം ഒരു ശരീരത്തിന്‍റെ ഭാഗം ആകണം എങ്കില്‍ ആ ശരീരത്തിലെ അതേ ജീവന്‍ തന്നെ അവയവത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.പകരം അതിനു ഒരു അവയവത്തിന്‍റെ രൂപമുണ്ട് എങ്കിലും, ശരീരത്തോട് ചെര്‍ന്നിരുന്നാലും,മറ്റു അവയവങ്ങളെപ്പോലെ എല്ലാ പ്രവര്‍ത്തനങ്ങളും അനുകരിചാലും,അത് ശരീരത്തിന്‍റെ ഭാഗം അല്ലാത്ത ജീവനില്ലാത്ത കൃത്രിമ അവയവം ആയിരിക്കും.
അതുപോലെ തന്നെ ദൈവസഭ എന്ന ശരീരത്തിലൂടെ ഒഴുകുന്ന ക്രിസ്തുവിന്‍റെ ജീവന്‍ ( Zoe) അഥവാ രക്തം, ഉള്ളില്‍ വരുമ്പോള്‍ മാത്രമേ ഒരു വ്യക്തിയ്ക്ക് ജീവൻ പ്രാപിക്കുവാനും ക്രിസ്തുവിന്‍റെ ശരീരമാകുന്ന ജീവനുള്ള ദൈവസഭയുടെ ഭാഗമാകുവാനും കഴികയുള്ളൂ
*ദൈവീക ജീവനിൽ നിന്നുളവാകുന്ന ദൈവീക കൂട്ടായ്മ ( Koinonia )*
ഈ രീതിയിൽ കൂട്ടായ്മയിൽ രണ്ടു പേർ ആദ്യമായി തമ്മിൽ ഒന്നാകുന്നതു കുടുംബത്തിൽ ഭാര്യയും ഭർത്താവും തമ്മിലാണ്. പാപം ലോകത്തിൽ കടക്കുന്നതിനു മുൻപ് ദൈവം ആദമിന് തൻ്റെ തക്ക തുണയായി ഹവ്വയെ കൊടുക്കുമ്പോൾ ഇങ്ങനെ പറയുന്നു .
ഉല്പ. 2:24 അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞ് ഭാര്യയോടു പറ്റിച്ചേരും; അവർ ഒരു ദേഹമായി തീരും.
( ഒരു ദേഹം എന്ന് സഭയെക്കുറിച്ചു ആവർത്തിച്ചു പറയുന്ന പദമാണ് , തിരുവെഴുത്തിൽ ആദ്യമായി വരുന്നത് ഇവിടെയാണ് )
ഇവിടെ രണ്ടു കാര്യങ്ങൾ പറയുന്നു അവർ പറ്റിച്ചേരും , ഒരു ദേഹമായിത്തീരും.
പറ്റിച്ചേരൽ , ആത്മീകമായും , ദേഹീപരമായും ഉള്ള ഒന്നാകൽ ആണ് . ഒരു ദേഹമായിത്തീരുക എന്നതിൽ ശാരീരികമായ ഒന്നാകലും കൂടി ഉൾപ്പെടുന്നു.
എന്നാൽ പാപം കടന്നു വന്നതിനു ശേഷം ഈ രീതിയിൽ ഉള്ള ഒന്നാകൽ അഥവാ യഥാർത്ഥ കൂട്ടായ്മ ഭാര്യയും ഭർത്താവും തമ്മിൽ സാധ്യമായിരുന്നില്ല . അതിനാൽ ആണ് അവരുടെ ഹൃദയ കാഠിന്യം നിമിത്തം ഉപേക്ഷണം പഴയ ഉടമ്പടിയുടെ കീഴിൽ ദൈവം അനുവദിച്ചത് .
എന്നാൽ യേശുക്രിസ്തുവിൻ്റെ രക്തത്താൽ സ്ഥാപിക്കപ്പെട്ട പുതിയ ഉടമ്പടിയിൽ പ്രവേശിക്കുന്നവരുടെ കല്ലായുള്ള ഹൃദയം മാറ്റപ്പെടുകയും ,അവർക്കു പുതിയ ഹൃദയം നൽകപ്പെടുകയും ചെയ്യുന്നു . അവർക്കു ദൈവീക ജീവൻ ( ZOE ) ലഭിക്കുന്നു .
ദൈവീക ജീവൻ ലഭിച്ച , പുതിയ ഹൃദയം ലഭിച്ച രണ്ടു വിശ്വാസികൾ ക്രൂശു എടുത്തു അവരുടെ ദേഹീപരമായ ജീവൻ വിട്ടു കളയുമ്പോൾ അവർക്കു കുടുംബത്തിൽ ഒന്നായിത്തീരാൻ കഴിയുന്നു . അങ്ങനെ മാത്രമേ അവർക്കു ഒന്നാകുവാനും , തമ്മിൽ കൂട്ടായ്മ ഉണ്ടാകുവാനും കഴിയുകയുള്ളൂ .
ഈ രീതിയിൽ ഉള്ള ആത്മാവിലുള്ള കൂട്ടായ്മ , ഒന്നാകൽ വീണ്ടും ജനിച്ച രണ്ടു ദൈവമക്കൾ തമ്മിലെ ഉണ്ടാക്കുകയുളൂ . എന്നാൽ ഇങ്ങനെ ദൈവീക ജീവൻ ഉള്ളിൽ ലഭിച്ച വ്യക്തികൾ തമ്മിൽ ദൈവീകമായ കൂട്ടായ്മ ഉണ്ടാക്കണം എങ്കിൽ ഓരോ ദിവസവും അവർ ക്രൂശു എടുത്തു തങ്ങളുടെ ദേഹീപരമായ ജീവനെ ( പ്രാണൻ ) കളയേണ്ടത് ആവശ്യമാണ് . കർത്താവു ഏറ്റവും കൂടുതൽ അവർത്തിച്ചിട്ടുള്ളത് ഈ കാര്യമാണ്. ( മത്താ. 10:38-40, മത്താ. 16:24-28, മാർക്കോസ് 8:34-38,ലൂക്കോസ് 9:23-27, യോഹന്നാൻ 12:24)
*ഈ കാരണത്താൽ ആണ് ഒന്നാകുന്നതിന്റെ ഏറ്റവും വലിയ മാതൃകയായ വിവാഹം വിശ്വാസികൾ തമ്മിലെ ഉണ്ടാകാൻ പാടുള്ളൂ. അതിനാൽ ആണ് പൗലോസ് വിശ്വാസിയും അവിശ്വാസിയും തമ്മിൽ ഇണയില്ലാപിണ കൂടരുത് എന്ന് കൽപ്പിക്കുന്നത്.*
*അതിനാൽ തന്നെയാണ് ദൈവസഭയെ നയിക്കുന്നവരുടെ കുടുംബ ജീവിതം പ്രാധാന്യം അർഹിക്കുന്നത് . ഐക്യത ഇല്ലാത്ത ഒരു കുടുംബത്തിലെ ഭർത്താവിന് ഒരിക്കലും ഒരു ദൈവസഭയെ നയിക്കുവാനുള്ള യോഗ്യത ഇല്ല. അങ്ങനെയുള്ള വ്യക്തികൾ നയിക്കുന്ന സഭകളിലും ഒരിക്കലും യഥാർത്ഥ കൂട്ടായ്മ ഉണ്ടാകുകയില്ല* .
*ദൈവസഭ ഒരു വലിയ കുടുംബം , കൂട്ടായ്മ*
ഇങ്ങനെ ദൈവീക ജീവൻ ലഭിച്ച , ക്രൂശു എടുത്തു കർത്താവിനെ അനുഗമിക്കുന്നതിൽ കൂടി ദേഹീപരമായ ജീവൻ വിട്ടുകളഞ്ഞു ഒരു ശരീരമായ കുടുംബങ്ങൾ ചേരുന്ന വലിയ ഒരു കുടുംബം , ശരീരം ആണ് ദൈവസഭ. അതിനാൽ ആണ് പൗലോസ് ഉത്പത്തിയിലെ 'അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞ് ഭാര്യയോടു പറ്റിച്ചേരും; അവർ ഒരു ദേഹമായി തീരും' എന്ന പദം വിശദീകരിക്കുമ്പോൾ കുടുംബജീവിതത്തിലെ ഒന്നാകലിൽ തുടങ്ങി, സഭയും ക്രിസ്തുവും തമ്മിൽ ഒന്നാകുന്നതിൽ അവസാനിപ്പിക്കുന്നത് . ( എഫെ. 5 :22-33 )
അങ്ങനെയുള്ള ദൈവസഭയിൽ യഥാർത്ഥമായ ദൈവീക ജീവനിൽ നിന്നുള്ള ദൈവീക കൂട്ടായ്മ ഉണ്ടാകുന്നു . ദൈവീക ജീവനിൽ നിന്നുള്ള ദൈവീക കൂട്ടായ്മ (Fellowship, Greek - Koinonia ) ക്രൂശിന്റെ വചനം യഥാർത്ഥമായി പ്രസംഗിക്കുന്നിടത്തും , ക്രൂശു എടുത്തു കർത്താവിനെ അനുഗമിക്കുന്ന ദൈവീകജീവൻ ഒഴുകുന്ന ജൈവശരീരത്തിലെ അംഗങ്ങൾ തമ്മിൽ മാത്രം ഉണ്ടാകുന്നതാണ്.
പിതാവും പുത്രനും തമ്മിലുള്ള അതെ കൂട്ടായ്മയാണ് ദൈവ സഭയിലെ കൂട്ടായ്മ. യേശുക്രിസ്തു എന്ന തലയുമായി ബന്ധപ്പെട്ട വിശ്വാസികൾ തമ്മിലും വിശ്വാസികൾക്ക് പിതാവിനോടും പുത്രനോടും ഉണ്ടാവേണ്ടതും ഒരേ കൂട്ടായ്മ ആണ്.
"ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോ ടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കു ന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്‍റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു." (1 യോഹന്നാൻ 1:3)
പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മിൽ ഒന്നായി ത്തീർന്നിട്ട്, അങ്ങാണ് എന്നെ അയച്ചിരിക്കുന്നത് എന്ന് ലോകം വിശ്വസിക്കാനിടയാകേണം എന്നാണ് ഞാൻ പ്രാർഥിക്കുന്നത് (യോഹന്നാൻ 17: 21)
ആദിമസഭയിൽ ഇത്തരത്തിൽ അവർ അന്യോന്യം കൂട്ടായ്മ ആചരിച്ചിരുന്നു. ആദിമ സഭയിലെ ഭവന കൂടി വരവുകളിൽ ദൈവശരീരത്തിലെ അംഗങ്ങൾക്ക് പരസ്പരവും, പിതാവിനോടും പുത്രനോടും ഉള്ള യഥാര്‍ത്ഥ കൂട്ടായ്മ പരിശുദ്ധാത്മാവിൽ സാധ്യമായിരുന്നു. അവർ പരസ്പരം സ്വയജീവനെ (Soul) മറ്റുള്ളവർക്കു വേണ്ടി വച്ചു കൊടുക്കുവാനും പരസ്പരം ഭാരങ്ങൾ ചുമക്കുവാനും സന്തോവും, സങ്കടവും പങ്കിടുവാനും കഴിഞ്ഞിരുന്നു. അത്തരം ഭവനകൂട്ടായ്മ കളിലൂടെ അംഗങ്ങൾ തമ്മിൽ തമ്മിൽ സഹോദരി സഹോദരന്മാർ,ആത്മീയ പിതാക്കന്മാർ, ആത്മീയമാതാക്കൾ എന്നീ തരത്തിലുള്ള ബന്ധവും സാധ്യമായിരുന്നു.
(പ്രവൃ. 2: 42-47; 4: 32-33; 1 കൊരി ന്ത്യർ 12: 12-27; എഫെസ്യർ 4: 15-16; ഫിലിപ്പിയർ 2: 1-5; 1 യോഹന്നാൻ 1: 3; 3:16).
ആദിമ ദൈവസഭയിലെ കൂടിവരവ് വെറുമൊരു സൗ ഹൃദ കൂടിവരവുകൾ ( Friendship ) ആയിരുന്നില്ല മറിച്ച് ദൈവീകമായ കൂട്ടായ്മയായിരുന്നു (Fellowship, Greek - Koinonia ).
ലോകത്തിലെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങൾ തമ്മിലോ,ഒരേ സംഘടനയിലെ അംഗങ്ങൾ തമ്മിലോ അടുത്ത സൗഹൃദം ഉണ്ടാകും. എന്നാൽ അത് ദേഹീപരമായ ജീവനിൽ നിന്നും ഉണ്ടാകുന്ന ഉണ്ടാകുന്ന സൗഹൃദം ( Friendship) മാത്രമാണ്. ഇന്നുള്ള പല 'സഭ'കളിലും രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങൾ തമ്മിലോ,ഒരേ സംഘടനയിലെ അംഗങ്ങൾ തമ്മിലോ ഉള്ള സൗഹൃദം മാത്രമാണ് ഉള്ളത്.
*ദൈവസഭയിലെ കൂട്ടായ്മയുടെ പ്രദർശനം കർതൃമേശ.*
ഒന്നാം നൂറ്റാണ്ടിലെ സഭയുടെ, ആഴത്തിലുള്ള ഇത്തരം കൂട്ടായ്മയുടെ പ്രതിഫലനം ആയിരുന്നു അവർ കൂടി വന്നപ്പോൾ ഉണ്ടായിരുന്ന കർത്താവിന്‍റെ അത്താഴം.
"അവർ നാൾ തോറും നിരന്തരമായി ദൈവാലയാങ്കണത്തിൽ *ഏകഹൃദയത്തോടെ* കൂടിവരികയും വീടുകൾതോറും അപ്പംനുറുക്കുകയും *ആനന്ദത്തോടെയും ആത്മാർഥതയോടെയും* ഭക്ഷണം കഴിക്കുകയും ദൈവത്തെസ്തുതിക്കുകയും ചെയ്തു.."(അപ്പ-പ്രവൃത്തിക ൾ 2: 46)
കർത്തൃമേശയിലെ കൂട്ടായ്മയെ എന്തിനെ വെളിപ്പെടുത്തുന്നു എന്ന് പൗലോസ് പറയുന്നു .
1 കൊരിന്ത്യർ 10:16 നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്‍റെ രക്തത്തിൻ്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ കൂട്ടായ്മ അല്ലയോ? 17അപ്പം ഒന്നാകകൊണ്ട് പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ പങ്കാളികൾ ആകുന്നുവല്ലോ.
അനേക ഗോതമ്പ് മണികൾ പൊടിഞ്ഞു ഒരു അപ്പം ആയിത്തീരുന്നത് പോലെ ക്രൂശു എടുക്കുന്നതിലൂടെ ദേഹീപരമായ ജീവൻ വിട്ടു കളഞ്ഞു ഒന്നായിത്തീർന്ന ശരീരം ആണ് ദൈവസഭ എന്നും , അപ്പവും വീഞ്ഞും ആ ഒന്നാകലിനെ ദൃശ്യരൂപത്തിൽ വെളിപ്പെടുത്തുന്നു എന്നും പൗലോസ് വിശദീകരിക്കുന്നു .
*അവിശ്വാസികളുമായുള്ള വേർപാട്*
വിഷയത്തിലേക്കു മടങ്ങി വരാം; അവിശ്വാസികളുമായി വേർപാട് പാലിക്കണം എന്ന് പറയുമ്പോൾ പൗലോസ് അർത്ഥമാക്കുന്നത് മുകളിൽ വിവരിച്ചത് പോലെയുള്ള കൂട്ടായ്മ അവിശ്വാസികളുമായി പാടില്ല എന്നാണ് .
കർത്തൃമേശ ദൈവസഭയിലെ ദൈവീക കൂട്ടായ്മയെ വെളിപ്പെടുത്തുന്നു എന്ന് വിശദീകരിച്ച ശേഷം പൗലോസ് തുടർന്നു പറയുന്നു
1 കൊരിന്ത്യർ 10:21 'നിങ്ങൾക്കു കർത്താവിന്റെ പാനപാത്രത്തിൽനിന്നും ഒപ്പം ഭൂതങ്ങളുടെ പാനപാത്രത്തിൽനിന്നും കുടിക്കാൻ സാധ്യമല്ല. കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും നിങ്ങൾക്കു പങ്കുണ്ടായിരിക്കാനും പാടില്ല. ' .
ദൈവസഭയിലെ കൂട്ടായ്മയുടെ പ്രദർശനം കർതൃമേശ അതിനാൽ ആണ് ഒരു അന്യദൈവത്തിനു, വിഗ്രഹത്തിനു അർപ്പിച്ച ഭക്ഷണം അന്യദൈവാരാധനയുമായി ബന്ധപ്പെട്ട് , ഒരു കൂട്ടായ്മ എന്ന നിലയിൽ ഒരിക്കലൂം ഭക്ഷിക്കാൻ പാടില്ല എന്നാണ് പൗലോസ് വിലക്കുന്നത്
അത് പോലെ തന്നെ ഒന്നായിത്തീരുന്ന കൂട്ടായ്മ ആവശ്യമാകുന്ന വിവാഹം , പങ്കാളിത്തം എന്നിവ അവിശ്വാസികളുമായി പാടില്ല എന്ന് ദൈവവചനം പഠിപ്പിക്കുന്നു .
ചുരുക്കത്തിൽ അവിശ്വാസികളുമായി ഉണ്ടാകണം എന്ന് ദൈവവചനം പഠിപ്പിക്കുന്ന വേർപാട്, കൂട്ടായ്മ പാടില്ല എന്ന അര്ഥത്തിലുള്ള വേർപാടാണ്.
*അവിശ്വാസികളുമായുള്ള സ്നേഹം , സൗഹൃദം , സംസർഗ്ഗം*
അവിശ്വാസികളുമായി കൂട്ടായ്മ പാടില്ല എന്ന് കർശനമായി പറയുമ്പോൾ തന്നെ , കൂട്ട് അഥവാ സൗഹൃദം , സംസർഗ്ഗം എന്നിവ ദൈവവചനം വിലക്കുന്നില്ല എന്ന് മാത്രമല്ല അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
കർത്താവ് തന്നെയാണ് ഈ വിഷയത്തിൽ നമുക്ക് മാതൃക , കർത്താവിന്റെ കാലത്തേ പരീശന്മാർ തങ്ങളുടെ കൂട്ടത്തിൽ അല്ലാത്ത പാപികളുമായുള്ള മാനുഷിക ബന്ധങ്ങളോ സൗഹൃദങ്ങളോ എല്ലാം ഉപേക്ഷിച്ചു, പാപികളോടുള്ള പരിപൂർണ്ണമായ വേർപാട് വിശുദ്ധിയുടെ ലക്ഷണമായി കരുതി. വേഷത്തിലും ഭാവത്തിലും എല്ലാം അവർ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തർ ആണ് എന്ന് മറ്റുള്ളവരെ കാണിക്കുവാൻ ശ്രമിച്ചു , മറ്റുള്ളവരെക്കാൾ തങ്ങൾ നീതിമാന്മാർ എന്ന് ഭാവിച്ചു , അതിനാൽ തന്നെ പാപികൾ അവരിൽ നിന്നും ഓടി മാറി .
കർത്താവ് ഏറ്റവും കൂടുതൽ വിമർശിച്ചത് ഇത്തരക്കാരെയാണ് . തന്റെ പല ഉപമകളിലൂടെയും പരീശന്മാരുടെ ഇത്തരം ദൈവവചന വിരുദ്ധമായ, ബാഹ്യമായ വിശുദ്ധിയുടെ പേരിലുള്ള വേഷഭക്തിയെയും, മറ്റുള്ളവരെക്കാൾ നീതിമാൻ എന്നുള്ള തന്നെത്താൻ ഉയർത്തുന്ന മനോഭാവത്തെയും തുറന്നു കാണിക്കുന്നു . ലൂക്കൊ. 15:1 ലൂക്കൊ 18:9
ദൈവത്തിനു അങ്ങനെയുള്ളവരോടുള്ള മനോഭാവത്തെ കുറിച്ച് പ്രവാചകൻ ഇങ്ങനെ പറയുന്നു .
‘യെശ. 65:5 മാറി നില്ക്ക; ഇങ്ങോട്ട് അടുക്കരുത്; ഞാൻ നിന്നെക്കാൾ ശുദ്ധൻ’ എന്നു അവർ പറയുകയും ചെയ്യുന്നു; അവർ എന്‍റെ മൂക്കിൽ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു
അതെ നമ്മൾ പാപികളോടും അവിശ്വാസികളോടും ഈ രീതിയിൽ ഉള്ള മനോഭാവം കാണിച്ചു മാറുമ്പോൾ , പാപികൾ മാത്രമല്ല കർത്താവും നമ്മിൽ നിന്നും അകന്നു മാറുന്നു. ഈ രീതിയിൽ ഉള്ള വേർപാട് ചുരുക്കത്തിൽ ദൈവത്തിൽ നിന്നുള്ള വേർപാട് ആയി മാറുന്നു .
*യേശുക്രിസ്തു; പാപികളുടെ സ്നേഹിതൻ*
എന്നാൽ കർത്താവ് ഇതിൽ നിന്നും വ്യത്യസ്‍തൻ ആയിരുന്നു . കർത്താവിൻറെ യഥാർത്ഥ കൂട്ടായ്മ തൻ്റെ ഏറ്റവും അടുത്ത ശിഷ്യന്മാരോട് ആയിരുന്നു . എന്നാൽ അതെ സമയം തന്നെ താൻ പാപികളുടെ സ്നേഹിതനും ആയിരുന്നു.
പാപികളോടും ചുങ്കക്കാരോടും ഒപ്പം താൻ സമയം ചിലവഴിച്ചു , അവരുടെ ആവശ്യങ്ങളിൽ താൻ കൂടെ നിന്നു. അവരുടെ വിരുന്നുകളിലും , ആഘോഷങ്ങളിലും, സൽക്കാരങ്ങളിലും പങ്കെടുക്കുകയും അവരോടൊപ്പം തിന്നുകയും കുടിക്കുകയും ചെയ്തു അതിനാൽ തന്നെ പരീശന്മാർ അവനെ തിന്നിയും , കുടിയനുമായ മനുഷ്യൻ പാപികളുടെ സ്നേഹിതൻ എന്ന് പരിഹസിച്ചു വിളിച്ചു . *ലൂക്കൊ. 7:34,മത്തായി 9 &11; മർക്കോസ് 2; ലൂക്കോസ് 5, 15; 19*
*മത്താ. 11:19 മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു; അവർ പറയുന്നു ;നോക്കൂ അവൻ ഭക്ഷണപ്രിയനും കുടിയനുമായ മനുഷ്യൻ; നികുതിപിരിവുകാരുടെയും പാപികളുടെയും സ്നേഹിതൻ*
കർത്താവിനെ യഥാർത്ഥത്തിൽ പിൻഗമിക്കുക എന്നത് തങ്ങൾ ജനിച്ചു വളർത്തപ്പെട്ട മാനുഷിക ബന്ധങ്ങളോ സൗഹൃദങ്ങളോ,സംസ്കാരങ്ങളോ, ആഘോഷങ്ങളോ, ആചാരങ്ങളോ, രീതികളോ അപ്പാടെ ഉപേക്ഷിക്കുക എന്നതോ, വേർപാടിൻ്റെ പേരിൽ അതിനെല്ലാം എതിരെ നിൽക്കുക എന്നതോ അല്ല.
പകരം അവരുമായി സ്നേഹത്തിലും സൗഹൃദത്തിലും നിലനിൽക്കുകയും നമ്മുടെ സംസ്കാരങ്ങളിലെ നന്മ ഉൾക്കൊള്ളുക എന്നതും, അപ്പോൾ തന്നെ ദൈവവചന വിരുദ്ധമായ, ക്രിസ്തീയ സാക്ഷ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനെ ഒഴിഞ്ഞു നിൽക്കുക എന്നതുമാണ്. അതാണ് ലോകത്തിൽ വെളിച്ചമായി നിൽക്കുക എന്നതിലൂടെ കർത്താവു കാണിച്ചു തന്നത് .
പരീശന്മാരുടെ 'വിശുദ്ധി ' കണ്ടപ്പോൾ പാപികൾ അവരിൽ നിന്നും അകന്നു മാറി, എന്നാൽ കർത്താവിൻ്റെ വിശുദ്ധിയിലേക്ക് പാപികൾ ആകർഷിക്കപ്പെടുകയാണ് ഉണ്ടായതു . നാം കർത്താവിനെ പോലെ, പാപികളുടെ സ്നേഹിതരായി സമൂഹവുമായി ബന്ധപ്പെട്ട് ജീവിക്കുമ്പോൾ, കർത്താവിന്റെ യഥാർത്ഥ വിശുദ്ധിയിലേക്ക് പാപികൾ ആകർഷിക്കപ്പെട്ടതു പോലെ നമ്മിലൂടെ വെളിപ്പെടുന്ന കർത്താവിലേക്കു പാപികൾ ആകർഷിക്കപ്പെടും.
എന്നാൽ നമ്മിലൂടെ വെളിപ്പെടുന്നത് കർത്താവിന്റെ കാലത്തേ പരീശന്മാരെ പോലെ വിശുദ്ധിയുടെ പേരിലുള്ള വേഷഭക്തിയും, സാംസ്കാരിക മാനുഷിക ബന്ധങ്ങളിൽ നിന്നുള്ള അകൽച്ചയും, സഹജീവികളോടുള്ള വിദ്വേഷവും വെറുപ്പും, സ്വയം നീതിമാൻ എന്നുള്ള മൂഢ ബോധ്യവും ആണെങ്കിൽ പരീശന്മാരിൽ നിന്നും പാപികൾ ഓടി മാറിയത് പോലെ നമ്മിൽ നിന്നും അവർ അകന്നു മാറും. കർത്താവും നമ്മിൽ നിന്നും അകന്നു മാറും .
മാത്രമല്ല നാം കർത്താവിനെ പോലെ നമ്മുടെ സമൂഹവുമായി ബന്ധപ്പെട്ട് വെളിച്ചമായി ജീവിക്കുമ്പോൾ കർത്താവിനേക്കാൾ ‘വിശുദ്ധരായ’ പരീശന്മാർ കർത്താവിനെ വിധിച്ചത് പോലെ നമ്മെയും "പാപികളുടെ സ്നേഹിതൻ, തിന്നിയും കുടിയനുമായ മനുഷ്യൻ " എന്നു വിളിച്ചേക്കാം.
കർത്താവ് ഏറ്റവും നിന്ദ സഹിച്ചത്, വിമർശിക്കപ്പെട്ടത്; കൊതുകിനെ അരിക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്ന, കിണ്ടി കിണ്ണങ്ങളുടെ പുറം മാത്രം വെടിപ്പാക്കുന്ന, പൊതു സമൂഹത്തിൽ നിന്നും പാപികളിൽ നിന്നും വേർപെട്ട 'വിശുദ്ധരും,വേർപാടുകാരും’ ആയ പരീശന്മാരിൽ നിന്നും ആയിരുന്നു എന്നു ഓർക്കുക. ഗുരുവിനെ പോലെ ആകുന്നത് ശിഷ്യന് മതി എന്നാണ് കർത്താവ് പഠിപ്പിച്ചത്
എന്നാൽ നിങ്ങൾ പരീശന്മാരിൽ നിന്നും കർത്താവു കേട്ടത് പോലെയുള്ള വിമർശനം കേൾക്കുന്നില്ല, പകരം അവരാൽ അംഗീകരിക്കപ്പെടുന്നവർ ആണ് എങ്കിൽ നിങ്ങൾ കർത്താവിൻ്റെ യഥാർത്ഥ വിശുദ്ധിയും വേർപാടും അല്ല, പകരം പരീശന്മാരുടെ 'വിശുദ്ധിയും വേർപാടും ' ആണ് പിന്തുടരുന്നത്.
*അവിശ്വാസികളോടുള്ള സൗഹൃദം - അപ്പോസ്തോലിക ഉപദേശം*
കർത്താവ് മാത്രമല്ല അവിശ്വാസികളുമായി കൂട്ടായ്മ പാടില്ല എന്ന് പഠിപ്പിച്ച പൗലോസ് തന്നെ അവരുമായി സൗഹൃദം ഉപേക്ഷിക്കാൻ കഴിയില്ല എന്ന് വ്യക്തമായി പഠിപ്പിച്ചു .
1 കൊരി. 5: 9 അസാന്മാർഗിക ജീവിതം നയിക്കുന്നവരോടു സംസർഗം പാടില്ല എന്നു ഞാൻ എന്റെ കത്തിൽ എഴുതിയിരുന്നല്ലോ. സഭയ്ക്കു പുറത്തുള്ള അസാന്മാർഗികൾ, അത്യാഗ്രഹികൾ, വഞ്ചകർ, വിഗ്രഹാരാധകർ എന്നിവരെയല്ല ഞാൻ ഉദ്ദേശിച്ചത്. അങ്ങനെ ആയാൽ നിങ്ങൾ ഈ ലോകംതന്നെ വിട്ടുപോകേണ്ടിവരും.
അപ്പോസ്തോലൻ പറയുന്നത് വളരെ വ്യക്തമാണ് ഈ ലോകത്തിലെ എത്ര വലിയ പാപി ആണ് എങ്കിലും അവരുമായി സംസർഗ്ഗം ( friendship ) പാടില്ല എന്ന് ദൈവവചനം പഠിപ്പിക്കുന്നില്ല , അത് പ്രയോഗികവുമല്ല .
വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടു കൂട്ടായ്മ എന്ന നിലയിൽ ഒരിക്കലൂം വിഗ്രഹാർപ്പിതം ഭക്ഷിക്കാൻ പാടില്ല എന്ന് വിലക്കിയ പൗലോസ് തന്നെ ഒരു സുഹൃത്തായ അവിശ്വാസി, ഭക്ഷണത്തിനു വിളിച്ചാൽ അത് വിഗ്രഹാർപ്പിത ഭക്ഷണം അയാൽ പോലും ( ബലഹീന സഹോദരന് ഇടർച്ച ആവുന്നില്ല എങ്കിൽ ) കഴിക്കുവാനുള്ള അനുവാദം കൊടുക്കുന്നു. 1 കൊരിന്ത്യർ 10:27
അതിനു കാരണം കർത്താവിനെയും അപ്പോസ്തോലന്മാരെയും പോലെ നാം പാപികളുടെ സ്നേഹിതർ ആയിരിക്കേണം എന്നുള്ളത് കൊണ്ട് തന്നെയാണ്.
ചുരുക്കത്തിൽ അവിശ്വാസികളുമായി കൂട്ടായ്മ ഇല്ലാതെയിരിക്കുമ്പോൾ തന്നെ അവരുമായുള്ളസ്നേഹ ബന്ധങ്ങൾ , സാമൂഹിക , സാംസ്‌കാരിക , സൗഹൃദ ബന്ധങ്ങൾ കർത്താവിനെയും അപോസ്തോലന്മാരെയും പോലെ നാം നിലനിർത്തേണ്ടതാണ്.
*സൗഹൃദമോ , സംസഗ്ഗമോ പോലും പാടില്ലാത്ത പരിപൂർണ്ണ വേർപാട് ആരോട് ?*
നാം കണ്ടത് പോലെ, കർത്താവും അപ്പോസ്തോലന്മാരും കാണിക്കുകയും പഠിപ്പിക്കുകയും ചെയ്ത പ്രകാരം, വിശ്വാസികൾക്ക് , വിശ്വാസികളുമായി മാത്രമേ കൂട്ടായ്മ ബന്ധം ഉണ്ടാകാൻ പാടുള്ളു , എന്നാൽ സുഹൃത്ബന്ധം അവിശ്വാസികളുമായി നമുക്ക് ഉണ്ടാകാം.
എന്നാൽ ചിലരോട് സൗഹൃദമോ , സംസർഗ്ഗമോ പാടില്ലാത്ത പരിപൂർണ്ണമായ വേർപാട് പാലിക്കണം എന്ന് ദൈവവചനം സ്‌ഫടികസമാനം വ്യക്തമായി കൽപ്പിക്കുന്നു . ഇന്നുള്ള ' വിശുദ്ധിയും വേർപാടും' പഠിപ്പിക്കുന്ന മിക്കവർക്കും അറിയാത്തതും , അറിയുന്നവർ പോലും പാലിക്കാത്തതുമാണ് ഈ കാര്യം
ഈ ലോകത്തിലെ എത്ര വലിയ പാപിയോടു പോലും നമുക്ക് സംസർഗ്ഗം ആകാം എന്ന് പഠിപ്പിച്ചതിനു ശേഷം പൗലോസ് തുടരുന്നു .
1 കൊരി. 5::11 എന്നാൽ സഹോദരനെന്നോ സഹോദരിയെന്നോ സ്വയം അവകാശപ്പെടുന്ന ഒരാൾ അസാന്മാർഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകരോ ദൂഷകരോ മദ്യപരോ വഞ്ചകരോ ആയിത്തീർന്നാൽ അവരോട് *ഒരുവിധത്തിലും സംസർഗ്ഗം അരുതു . അങ്ങനെയുള്ളവരുടെയൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാൻപോലും പാടില്ല* എന്നാണ് എന്റെ ലേഖനത്തിൽ ഞാൻ അർഥമാക്കിയത്
അതെ, ഒരു സാഹചര്യത്തിൽ അവിശ്വാസിയുമായുള്ള സൗഹൃദം നിലനിർത്തുവാൻ, മനസാക്ഷി വിലക്കുകയോ , ബലഹീന സഹോദരന് ഇടർച്ച ആകുകയോ ചെയ്യുന്നില്ല എങ്കിൽ വിഗ്രഹാർപ്പിത ഭക്ഷണം കഴിക്കുവാൻ പോലും പൗലോസ് അനുവാദം കൊടുക്കുന്നു . എന്നാൽ അതെ ലേഖനത്തിൽ തന്നെ, വിശ്വാസി എന്ന് പേര് പറയുകയും , മനസാന്തരപ്പെടാതെ പാപത്തിൽ തുടർന്ന് കൊണ്ടേയിരിക്കുക്കുന്ന വ്യക്തികളോടൊപ്പം ഒരു കാരണത്താലും ഭക്ഷണം കഴിക്കരുത് എന്ന് വിലക്കുന്ന വേർപാട് പഠിപ്പിക്കുന്നു.
ഇവിടെ മാത്രമല്ല പൗലോസ് വീണ്ടും ഇതേ കാര്യം ആവർത്തിക്കുന്നു .
2 തിമൊ. 3:1 അന്ത്യകാലത്ത് ദുർഘടസമയങ്ങൾ വരും എന്നറിയുക. എന്തുകൊണ്ടെന്നാൽ മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും ഇന്ദ്രിയജയം ഇല്ലാത്തവരും ക്രൂരന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും വീണ്ടുവിചാരമില്ലാത്തവരും തൻ്റേടികളും ദൈവത്തെ സ്നേഹിക്കാതെ സുഖമോഹികളായും തീരും ....
ഈ വാക്യങ്ങൾ വായിക്കുമ്പോൾ ഈ പറയുന്നത് എല്ലാം ഈ ലോകത്തിലെ അവിശ്വാസികളെ കുറിച്ചാണ് എന്ന് നാം ചിന്തിച്ചേക്കാം. എന്നാൽ ഈ ലോകത്തിലെ പാപികളെ നാം വിധിക്കരുത് എന്ന് പറയുന്ന പൗലോസ് സ്വാഭാവികമായും അവരെ കുറിച്ച് ഇങ്ങനെ എഴുതുകയില്ല . മാത്രമല്ല ലോക മനുഷ്യർ എല്ലാ കാലത്തും ഇങ്ങനെയുള്ളവർ ആയിരുന്നു .അന്ത്യ കാലത്തു ഇങ്ങനെ ആകും എന്ന് പ്രത്യേകമായി പറയേണ്ട കാര്യമില്ല .
എന്നാൽ ഇത് ആരെക്കുറിച്ചാണ് എന്ന് തുടർന്നുള്ള വാക്യങ്ങളിൽ വ്യക്തമാണ് ..
*2 തിമൊ. 3:5 അവർ ഭക്തിയുടെ വേഷം ധരിച്ച് അതിന്‍റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും.*
അതെ , ഇവരുടെ പ്രത്യേകത ഇത്തരം പാപത്തിൽ തുടരുമ്പോൾ തന്നെ അവർ ഭക്തിയുടെ വേഷം ധരിച്ചു കൊണ്ട് പാപത്തെ മറയ്ക്കുന്നു എന്നതാണ്. അതായതു പൗലോസ് മുൻപ് പറഞ്ഞത് പോലെ സഹോദരൻ എന്ന പേര് എടുക്കുകയും , ഭക്തിയുടെ വേഷം ധരിക്കുകയും ചെയ്യുന്ന കപട ഭക്തരെ കുറിച്ചാണ് താൻ ഇത് പറയുന്നത് .
*2 തിമൊ. 3:8 അവർ വിവേകശൂന്യരും കപടവിശ്വാസമുള്ളവരും ആണ്.*
അങ്ങനെയുള്ളവരെ വിട്ടൊഴിയുവാൻ, വേർപാട് പാലിക്കുവാൻ പലോസ് മുന്നറിയിപ്പ് കൊടുക്കുന്നു.
*ഇങ്ങനെയുള്ളവരെ വിട്ടൊഴിയുക.* 6വീടുകളിൽ നുഴഞ്ഞുകടക്കുകയും പാപങ്ങളെ ചുമന്നുകൊണ്ട് പലതരം മോഹങ്ങൾക്കും അധീനരായി, 7എപ്പോഴും പഠിക്കുകയും ഒരിക്കലും സത്യത്തിന്‍റെ പരിജ്ഞാനം പ്രാപിക്കുവാൻ കഴിയാത്തവരുമായ ബലഹീനസ്ത്രീകളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു.
ഇങ്ങനെയുള്ളവർ പുറത്തുള്ളവരല്ല , ദൈവമക്കളുടെ ഇടയിൽ ഉള്ളവർ തന്നെയാണ് . ഇവരെ പറ്റി പത്രോസ് മുന്നറിയിപ്പ് തരുന്നു.
2 പത്രൊസ് 2:1,2,അങ്ങനെ *നിങ്ങളുടെ ഇടയിലും* ദുരുപദേഷ്ടാക്കന്മാർ വരും...അവരുടെ *ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.*-
അവരെ വിട്ടൊഴിയണം !!!കാരണം അവർ കാരണം മാത്രമാണ് ദൈവനാമം ലോകത്തിൽ ദുഷിക്കപ്പെടുന്നത് .
ചുരുക്കത്തിൽ ദൈവവചനം പരിപൂർണ്ണമായ യഥാർത്ഥ വേർപാട് പാലിക്കാൻ കൽപ്പിക്കുന്നത് , ഈ ലോകത്തിലെ പാപികളോട് അല്ല , ദൈവഭക്തിയുടെ വേഷം ധരിക്കുന്ന , വിശ്വാസി എന്ന പേര് എടുക്കുന്ന , അതെ സമയം തന്നെ പാപത്തിൽ തുടരുന്ന ' വിശുദ്ധ വേഷധാരികളോടാണ്'. അവർ വളരെ അപകടകാരികൾ ആണ് . ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞവർ . വീടുകളിൽ നുഴഞ്ഞു കടക്കുകയും ബലഹീനസ്ത്രീകളെ സ്വാധീനമാക്കുകയും ചെയ്യുന്നവരാണ് അവർ !!
ഇന്ന് നാം കാണുന്ന പല ഭക്ത വേഷ ധാരികളും യഥാർത്ഥ മാനസാന്തരം ഉണ്ടായിട്ടില്ലാത്ത , ദൈവഭക്തിയുടെ വേഷം ധരിക്കുന്ന വിശ്വാസി എന്ന പേര് എടുക്കുന്ന , അതെ സമയം തന്നെ പാപത്തിൽ തുടരുന്ന തികഞ്ഞ കപട ഭക്തരാണ് . കർത്താവ് പറഞ്ഞത് പോലെയുള്ള വെള്ള തേച്ച ശവക്കല്ലറകൾ!!! തങ്ങളുടെ മതത്തിൽ ചേർക്കാൻ കടലും കരയും ചുറ്റി നടന്നു ചേരുന്നവരെ തങ്ങളേക്കാൾ ഇരട്ടി നരകയോഗ്യൻ ആക്കിത്തീർക്കുന്നവർ !!!
പലപ്പോഴും ഇങ്ങനെയുള്ളവർ സഭാ രാഷ്ട്രീയവും, കുതന്ത്രങ്ങളും, കൈക്കൂലിയും, മത്സരങ്ങളും തുടങ്ങിയ എല്ലാ അധാർമ്മിക പ്രവർത്തികളും നടത്തി അതിലൂടെ പല 'സഭാ ' സംഘടനയുടെയും നേതൃത്വത്തിൽ വരെ എത്തുന്നു .
വ്യഭിചാരവും, ദുർന്നടപ്പും, സോദോമ്യ പാപവും, ദ്രവ്യാഗ്രഹവും തുടങ്ങിയ എല്ലാ അധാർമീക പ്രവർത്തികളും ചെയ്യുന്ന ഇങ്ങനെയുള്ളവർ നേതൃത്വത്തിലും , പരസ്യ ശുശ്രൂഷകളിലും തുടരുന്നു . എന്നാൽ ഏറ്റവും വിചിത്രം , ഇതറിഞ്ഞിട്ടും ഇതേ നേതൃത്വത്തിന് കീഴിൽ തുടരാനും , ഇവരോട് ഒന്നിച്ചു സ്റ്റേജ് പങ്കിടാനും , ഭക്ഷണം കഴിക്കാനും എന്തിനു ഒരുമിച്ച് കർതൃമേശ എടുക്കാൻ പോലും വേർപാടും , വിശുദ്ധിയും പ്രസംഗിക്കുന്നവർക്കു മടിയില്ല .
കാരണം ഇവരെ എതിർത്താൽ , വേർപാട് പാലിച്ചാൽ , ഒറ്റപ്പെടും , സ്റ്റേജുകൾ കിട്ടാതെ തങ്ങളുടെ ഉപജീവന മാർഗ്ഗമായ പ്രസംഗ തൊഴിൽ അവസാനിക്കും .
കർത്താവു തന്നെ പറഞ്ഞത് പോലെ ഒട്ടകത്തെ വിഴുങ്ങുകയും കൊതുകിനെ അരിക്കുകയും ചെയ്യുന്നവർ !!!
കർത്താവും അപ്പോസ്തോലന്മാരും പഠിപ്പിച്ച യഥാർത്ഥ വേർപാടിൻ്റെ ഉപദേശം തള്ളിക്കളഞ്ഞ ശേഷം കർത്താവോ , അപ്പോസ്തോലന്മാരോ പഠിപ്പിച്ചിട്ടില്ലാത്ത രീതിയിൽ പാപികളോടും , അവിശ്വാസികളോടും സാമൂഹികമായി വേർപെടാൻ പഠിപ്പിക്കുന്ന കപടഭക്തരേ .... നിങ്ങളെക്കുറിച്ചല്ലേ , ഏഴു തവണ 'നിങ്ങൾക്ക് ഹാ കഷ്ടം' ( മത്താ. 23) എന്ന് കർത്താവ് പറഞ്ഞത് !!!
യഥാർത്ഥത്തിൽ ഇത്തരക്കാരുടെ ഇങ്ങനെയുള്ള ഇരട്ടത്താപ്പും , ഇത്തരത്തിൽ കൊതുകിനെ അരിച്ചു ഒട്ടകത്തെ വിഴുങ്ങുന്ന കപടഭക്തിയും,വേഷ ഭക്തിയും, പരീശത്വവും ആണ് ചെറുപ്പക്കാരെ ഇത്തരം പരീശ പ്രസ്ഥാനങ്ങളിൽ നിന്നും ഓടി രക്ഷപ്പെടാനും പല ന്യൂ ജനറേഷൻ കൂട്ടങ്ങളിലും ചെന്ന് പെടാനും കാരണമാകുന്നത്. പലരും ഇത്തരം കപട പരീശവിശുദ്ധി കണ്ടു മനം മടുത്തു വിശ്വാസത്തിൽ നിന്നും തന്നെ പിന്മാറി പോകുന്നു .
ഒരു ചെറുപ്പക്കാരൻ എന്നോട് നേരിട്ട് പറഞ്ഞത് , ഇത്തരം പരീശ്വത്വം കണ്ടു മടുത്തിട്ടാണ് അല്ലാതെ വേറെ ഏതെങ്കിലും കണ്ടു ആകര്ഷിക്കപ്പെട്ടിട്ടല്ല ഇത്തരം ന്യൂജൻ സഭകളിൽ പോകുന്നത് എന്നാണ്. അത് വളരെ സത്യവുമാണ് .
കർത്താവും അപ്പോസ്തോലന്മാരും പഠിച്ച യഥാർത്ഥ വേർപാടും , വിശുദ്ധിയും പാലിക്കുകയും , കർത്താവും അപ്പോസ്തോലന്മാരും ചെയ്തത് പോലെ കപട വേർപാടിനെയും, പരീശ്വത്വത്തെയും , കപടഭക്തിയെയും തുറന്നു കാട്ടുകയുമാണ് ഒരു യഥാർത്ഥ ശിഷ്യൻ ചെയ്യേണ്ടത് .
എന്നാൽ ദൈവവചനത്തിൽ അനേക വിഷയങ്ങളിൽ എന്നത് പോലെ വേർപാട് എന്ന വിഷയത്തിലും കർത്താവും , അപ്പോസ്തോലന്മാരും പഠിപ്പിച്ചതും മാതൃക കാണിച്ചു തന്നതും പിന്തുടരുന്നതിനു പകരം പലരും മാനുഷിക കല്പനകളും , പാരമ്പര്യങ്ങളും ആണ് പിന്തുടരുന്നത് .
ഇതിനു നടുവിൽ കർത്താവിനെ യഥാര്തമായി പിന്തുടരുന്നവരെ , പാപത്തിനും ,വചന വിരുദ്ധമായ എല്ലാ പാരമ്പര്യത്തിനും , പരീശ്വത്വത്തിലും എതിരെ നിൽക്കുന്നവരെ യഥാർത്ഥ വേർപാട് പഠിപ്പിക്കുകയും , പാലിക്കുകയും ചെയ്യുന്നവരെ ദൈവം എഴുനേൽപ്പിക്കട്ടെ !!!
അനീതിയുള്ളവൻ ഇനിയും അനീതി ചെയ്യട്ടെ; മ്ലേച്ഛനായവൻ ഇനിയും മ്ലേച്ഛനായിരിക്കട്ടെ; നീതിമാൻ ഇനിയും നീതിമാനായിരിക്കട്ടെ; വിശുദ്ധൻ ഇനിയും വിശുദ്ധനായിരിക്കട്ടെ.“*കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ !!!!*