Articles

ചോദ്യങ്ങൾ ഉത്തരങ്ങൾ ഭാഗം 2

Date Added : 09-05-2025
Download Format:

11. ‘പാപം’, ‘നിത്യരക്ഷ’ എന്നിവ എന്താണ്? യേശുവിനു ഇക്കാര്യത്തില്‍ നമ്മെ എപ്രകാരം സഹായിക്കാന്‍ സാധിക്കും?

Answer: പാപം എന്ന വാക്കിന്റെ മൂല പദത്തിലെ അര്‍ഥം, ലക്‌ഷ്യം തെറ്റുക, ലക്ഷ്യത്തില്‍ നിന്നും വീണു പോകുക എന്നിവയാണ്, അതിനാല്‍ എന്തായിരുന്നു നമ്മെ സൃഷ്ടിച്ചപ്പോള്‍ ദൈവത്തിനു ഉണ്ടായിരുന്ന ലക്‌ഷ്യം എന്ന് മനസ്സിലക്കേണം.എങ്കില്‍ മാത്രമേ നമുക്ക് പാപം എന്നതിന്‍റെ യഥാര്‍ത്ഥ അര്‍ഥം മനസ്സിലാകുകയുള്ളൂ. ദൈവവചനം പറയുന്നു. “എല്ലാവരും പാപം ചെയ്തു ദൈവ തേജസ്സു ഇല്ലാത്തവരായി തീര്‍ന്നു”  (റോമര്‍ 3:23).അതായതു ദൈവം നമ്മെ സൃഷ്ടിച്ചപ്പോള്‍ ഉണ്ടായിരുന്ന ദൈവീക ലക്‌ഷ്യം ദൈവത്തിന്റെ തേജസ്സു, സ്വരൂപം ആയിരുന്നു. മനുഷ്യനെ ദൈവം സൃഷ്ടിച്ചത് ദൈവത്തിന്റെ സ്വരൂപത്തില്‍ അഥവാ സ്വഭാവത്തില്‍  ആയിരുന്നു. അതില്‍ നിന്നും ആണ് മനുഷ്യന്‍ വീണു പോയത്, അതിനാല്‍ പാപം എന്നത് യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ സ്വഭാവവും, അതില്‍ നിന്നും വീണു പോയ മനുഷ്യന്റെ ഇപ്പോഴുള്ള അവസ്ഥയും തമ്മിലുള്ള അന്തരം ആണ്. അതായതു പരിശുദ്ധനായ ദൈവവും, വീണു പോയ മനുഷ്യനും തമ്മിലുള്ള വ്യത്യാസം ആണ് പാപം.

പാപം എന്താണ് എന്ന് മനസ്സിലായെങ്കില്‍ മാത്രമേ  നമുക്ക് രക്ഷ എന്താണ് എന്ന് മനസ്സിലാക്കാന്‍ കഴിയൂ, ആദ്യമനുഷ്യനായ ആദം ദൈവകല്പന ലംഘിച്ചതിലൂടെ,അവനും അവനില്‍ നിന്നും ജനിച്ച മനുഷ്യജാതി മുഴുവനും ദൈവതെജസ്സ് നഷ്ടപ്പെട്ടവന്‍ ആയി, ഈ  വീണു പോയ അവസ്ഥയില്‍ നിന്നും , തിരികെ ദൈവം നമ്മെ സൃഷ്‌ടിച്ച അതേ ദൈവ സ്വരൂപതിലേക്ക്  നമ്മെ തിരികെ രൂപാന്തരപ്പെടുതുന്നത്  ആണ് യഥാര്‍ത്ഥ രക്ഷ, അല്ലാതെ മനുഷ്യനെ നരകത്തില്‍ നിന്നും രക്ഷിച്ചു സ്വര്‍ഗത്തില്‍ കൊണ്ട് പോകാനുള്ള കുറുക്കു വഴി അല്ല ദൈവവചനം വെളിപ്പെടുത്തുന്ന രക്ഷ.

ഇനി യേശുക്രിസ്തുവിനു  ഈ  രക്ഷക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയും എന്നതാണ് യഥാര്‍ത്ഥ ചോദ്യം, യഥാര്‍ത്ഥത്തില്‍ യേശുക്രിസ്തുവിനു മാത്രമേ ഈ പാപ അവസ്ഥയില്‍ നിന്നും മനുഷ്യനെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ. എല്ലാവരും ആദമില്‍ പാപികള്‍ ആയപ്പോള്‍,ദൈവ തേജസ്സു നഷ്ടപ്പെട്ടവര്‍ ആയപ്പോള്‍, ആദാമിന് ശേഷം ഭൂമിയില്‍ പാപമില്ലതവനായി,ദൈവസ്വരൂപത്തില്‍  ജനിച്ച,പാപം ചെയ്യാതെ ദൈവത്തെ, ദൈവത്തിന്‍റെ സ്വഭാവത്തെ, സ്വരൂപത്തെ, പൂര്‍ണ്ണമായും വെളിപ്പെടുത്തിയ  ഏക മനുഷ്യന്‍ യേശു ക്രിസ്തുവാണ്. പാപങ്ങള്‍ക്ക്‌ പരിഹാരം വരുത്തുവാന്‍ പാപമില്ലാത്ത ഒരു വ്യക്തി തന്നെ വേണം. യേശു പാപമില്ലതവനായി ജനിച്ചു, ജീവിച്ചു ആയതിനാല്‍ മാനവരാശിയുടെ പാപം ഇല്ലാതാക്കുവാനുള്ള യോഗ്യത ഉള്ളവനായി തീര്‍ന്നു. പാപത്തിന്‍റെ ശമ്പളം മരണമാകയാല്‍ യേശു സകല മനുഷ്യരുടേയും പാപങ്ങള്‍ക്ക് വേണ്ടിയുള്ള മരണം ക്രൂശില്‍ വഹിച്ചു. രക്തം ചിന്തിയിട്ടല്ലാതെ മോചനം ഇല്ല എന്ന് ദൈവവചനം പറയുന്നു. സകല മനുഷ്യരുടെയും പാപത്തിന്‍റെ ഫലമായ മരണം താന്‍ ഏറ്റെടുത്തു, പാപമില്ലാത്ത രക്തം പകരമായി കൊടുത്തു നമ്മെ  മരണത്തില്‍ നിന്ന് മോചിപ്പിച്ചു ദൈവവുമായി വീണ്ടും നിരപ്പ് വരുത്തി.അങ്ങനെ മനുഷ്യന് ആദിയില്‍,പാപത്തില്‍ ദൈവവുമായി വേര്പെടുന്നതിനു മുന്‍പുള്ള അവസ്ഥയിലെപോലെ ദൈവുമായുള്ള കൂട്ടായ്മ സാധ്യമാക്കി.

എന്നാല്‍ അത് മാത്രമല്ല, യേശു മരണത്തെ തോല്‍പ്പിച്ചു താന്‍ ഉയര്‍ത്തെഴുന്നേറ്റതിനാല്‍ ഇന്ന്  അവനെ സ്വീകരിക്കുന്നവര്‍ക്ക്  അവന്‍റെ ജീവന്‍ ആയ നിത്യജീവന്‍ നല്‍കാനും അവനു  കഴിയും. താന്‍ പാപിയാണ് എന്ന് തിരിച്ചരിയുന്ന ഒരുവന്‍, മാനസന്തരപ്പെട്ടു  യേശുക്രിസ്തുവിനെ തന്‍റെ ജീവിതത്തില്‍ കര്‍ത്താവായി സ്വീകരിക്കുമ്പോള്‍   അവനില്‍  യേശുക്രിസ്തു കടന്നു വരികയും,അവന്‍   ക്രിസ്തുവിന്‍റെ ജീവന്‍ ആയ നിത്യജീവന്‍ പ്രാപിക്കുകയും ചെയ്യുന്നു.ആ  ജീവന്‍ ലഭിച്ച മനുഷ്യന് ദൈവവുമായി വീണ്ടും ആദിയില്‍ ഉണ്ടായിരുന്ന ബന്ധത്തിലേക്ക് വരുവാനും, ആ ജീവനില്‍ നിറഞ്ഞു, ദൈവം നമ്മെ സൃഷിടിച്ച അതെ സ്വരൂപതിലേക്ക് തിരികെ രൂപാന്തരം പ്രാപിക്കുവാനും കഴിയും.അങ്ങനെ ദൈവത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് നമുക്ക് മടങ്ങിവരാന്‍ കഴിയുന്നു.ഇതാണ് ബൈബിള്‍ വെളിപ്പെടുത്തുന്ന രക്ഷാ മാര്‍ഗ്ഗമായ സുവിശേഷം.

2Co 3:18  എന്നാല്‍ മൂടുപടം നീങ്ങിയ മുഖത്തു കര്‍ത്താവിന്‍റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കര്‍ത്താവിന്‍റെ ദാനമായി തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ചു അതേ സ്വരൂപമായി  രൂപാന്തരപ്പെടുന്നു.

 4:4  ദൈവസ്വരൂപമായ  ക്രിസ്തുവിന്‍റെ തേജസ്സുള്ള സുവിശേഷത്തിന്‍റെ പ്രകാശനം ശോഭിക്കാതിരിപ്പാന്‍ ഈ ലോകത്തിന്‍റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി

12. ശാസ്ത്ര സത്യങ്ങളുമായി പൊരുത്തപ്പെടാത്ത ബൈബിളിനെ എങ്ങനെ വിശ്വസിക്കും?

Answer: ബൈബിള്‍ ഒരു ശാസ്ത്രഗ്രന്ഥമല്ല എന്നുള്ള വസ്തുത നാം ആദ്യം മനസ്സിലാക്കണം. നാല്‍പ്പതു വ്യത്യസ്ത എഴുത്തുകാരാല്‍ എഴുതപ്പെട്ടു, കൂട്ടിചേര്‍ക്കപ്പെട്ട പുസ്തകമാണ് ബൈബിള്‍. പാപം മൂലം ദൈവതെജസ്സും, ദൈവീക കൂട്ടായ്മയും നഷ്ടപ്പെട്ട മനുഷ്യനെ വീണ്ടെടുക്കാന്‍ ദൈവം ഒരുക്കിയ നിത്യപദ്ധതിയുടെ   സന്ദേശം ആണ് ബൈബിളിന്റെ സന്ദേശം. അതിനാല്‍ ആ രക്ഷാസന്ദേശത്തിലാണ് ബൈബിലിന്‍റെ ശ്രദ്ധ, അല്ലാതെ ഉള്ളടക്കത്തിലെ  ശാസ്ത്രീയതയില്‍ അല്ല . മാത്രമല്ല, മനുഷ്യന്‍റെ ആത്മാവിനാണ് ബൈബിള്‍ പ്രാധാന്യം നല്‍കുന്നത് അല്ലാതെ അവന്‍റെ ബുദ്ധിയെ ത്രിപ്തിപ്പെടുതുകയല്ല.മനുഷ്യന്‍ പാപം ചെയ്തു ദൈവവുമായി അകന്നില്ലായിരുന്നുവെങ്കില്‍ ബൈബിള്‍ യാതൊരു പ്രയോജനവും ഇല്ലാത്ത ഒരു ഗ്രന്ഥം ആയി മാറിയേനെ. മനുഷ്യന്‍റെ വീഴ്ച്ചയും,വീണ്ടെടുപ്പും എന്ന ഒരു വലിയ ചിത്രമാണ്‌ ബൈബിളില്‍ കാണുന്നത്. ഈ വലിയ ചിത്രത്തിലെ ഒരു ചെറിയ ഭാഗം മാത്രമാണ് ശാസ്ത്രം. ബൈബിളിന്‍റെ പ്രധാന ലക്‌ഷ്യം ശാസ്ത്ര സത്യങ്ങള്‍ പഠിപ്പിക്കുകയല്ല, രക്ഷാസന്ദേശം, മനുഷ്യന്‍റെ ഭാഷയില്‍ അവരോടു അറിയിക്കുകയാണ്, എന്നാല്‍ അതുമായി ബന്ധപ്പെട്ടുള്ള, ബൈബിള്‍ എഴുതിയ കലഖട്ടത്തില്‍ മനുഷ്യന്‍ അറിയതെയിരുന്ന ശാസ്ത്ര സത്യങ്ങള്‍ ദൈവവചനം വെളിപെടുത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന് “രക്തത്തില്‍ ജീവന്‍ ഉണ്ട്” എന്ന് ശാസ്ത്രം കണ്ടെത്തുന്നതിനും വളരെ മുന്‍പേ ദൈവവചനം പറഞ്ഞു, എന്നാല്‍ അത് ശാസ്ത്രം പഠിപ്പിക്കാന്‍ അല്ല, പാപപരിഹരവുമായി ബന്ധപ്പെട്ടു ദൈവം അറിയിക്കുന്നത് ആണ്.എന്നാല്‍ സൂര്യന്‍ ഒരു സ്ഥലത്ത് നിന്നും ബദ്ധപ്പെട്ടു അടുത്ത ദിക്കിലേക്ക് പോകുന്നു എന്ന അശാസ്ത്രീയ പ്രസ്താവനകള്‍ എന്ന് തോന്നിപ്പിക്കുന്ന വാക്കുകള്‍ ബൈബിളില്‍ കാണാം, അതിനു കാരണം മനുഷ്യന്‍ എല്ലാ കാലത്തും ഉപയോഗിക്കുന്നത് , ഭൂമി കറങ്ങുന്നു എന്ന ശാസ്ത്രീയ സത്യം അല്ല, സൂര്യന്‍ ഉദിക്കുന്നു, അസ്തമിക്കുന്നു എന്ന അശാസ്ത്രീയ മനുഷ്യ ഭാഷ ആണ്.ദൈവീക രക്ഷാസന്ദേശം, മനുഷ്യ ഭാഷയില്‍, മനുഷ്യരാല്‍ മനുഷ്യന് എഴുതി നല്‍കപ്പെട്ടത്‌  ആണ് ബൈബിള്‍.    

13. ബൈബിള്‍ തിരുത്തലുകളും, കൂട്ടിച്ചേര്‍ക്കലുകളും വരുത്തിയ ഒരു ഗ്രന്ഥമല്ലേ?

ദൈവത്മ പ്രേരിതമായി നാല്പതോളം ആളുകളാല്‍ രചിക്കപ്പെട്ട പുസ്തകങ്ങള്‍ ആണ് ബൈബിള്‍. അറുപത്താറു പുസ്തകങ്ങളിലായി, നാല്‍പതു എഴുത്തുകാര്‍, ആയിരത്തി നാനൂറ് വര്‍ഷം കൊണ്ട് എഴുതിയ ഗ്രന്ഥം ആയിട്ടുകൂടി ബൈബിളിന്‍റെ അടിസ്ഥാന സന്ദേശത്തില്‍ ഒരു പൊരുത്തക്കേടുമില്ല. ബൈബിളിന്‍റെ ആശയം ‘വീണു പോയ മനുഷ്യന്‍റെ വീണ്ടെടുപ്പു’ ആണ്. മനുഷ്യരക്ഷക്കായുള്ള ദൈവപ്രവര്‍ത്തികളുടെ ചരിത്രമാണ്‌ ബൈബിള്‍. ഒരേ ആശയവും, സന്ദേശവും വ്യത്യസ്തരായ എഴുത്തുകാരാല്‍, വ്യത്യസ്ത കാലഘട്ടത്തില്‍, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവിച്ചിരുന്നവരാല്‍ എഴുതപ്പെട്ടതെങ്ങനെ? ഇവിടെയാണ് ബൈബിള്‍ രചനയിലെ ദൈവീക നിയന്ത്രണം കാണുന്നത്. ബൈബിളിലെ ആദ്യ ഗ്രന്ഥമായ ഉല്പത്തി ആരംഭിക്കുന്നത്, ദൈവസന്നിധിയില്‍നിന്നും മനുഷ്യന്‍ പുറത്താക്കപ്പെടുന്നതും ഏദന്‍ തോട്ടം അടക്കപ്പെടുന്നതുമായ കാര്യങ്ങള്‍ കൊണ്ടാണെങ്കില്‍, അവസാന ഗ്രന്ഥമായ വെളിപ്പാടില്‍ കാണുന്നത്  മനുഷ്യന്‍ വീണ്ടും ദൈവ സാന്നിധ്യത്തിലേക്ക് വരുന്നതും, പറുദീസാ വീണ്ടും തുറക്കപ്പെടുന്നതുമാണ്. ഇത്ര സുദീര്‍ഘമായ കാലയളവില്‍ വ്യത്യസ്ത എഴുത്തുകാരാല്‍, വ്യത്യസ്തമായ സാഹചര്യങ്ങളില്‍ എഴുതപ്പെട്ട പുസ്തകങ്ങളില്‍ എപ്രകാരം ഒരേ   സന്ദേശം  നിലകൊള്ളും? ഇത് കാണിക്കുന്നത് ബൈബിള്‍ രചനയിലെ ദൈവീക നിയന്ത്രണം തന്നെയാണ്. ആയതിനാലാണ് ഇതിനെ നാം ‘ദൈവവചനം’ എന്ന് വിളിക്കുന്നത്‌. ബൈബിളിലെ പ്രവചനങ്ങള്‍, സംഭവിച്ചതിനു ശേഷം എഴുതി വയ്ക്കപ്പെട്ടവയല്ല. നൂറ്റാണ്ടുകള്‍ക് മുന്‍പ് എഴുതപ്പെട്ടവയാണ് അതുകൊണ്ട് ബൈബിള്‍ വ്യക്തമായ ദൈവീക നിയന്ത്രണത്തില്‍ എഴുതപ്പെട്ടതാണ്. അതില്‍ മാനുഷീകമായ തിരുത്തെലുകളോ കൂട്ടി ചേര്‍ക്കലുകളോ നടന്നിട്ടില്ല. എന്നാല്‍ ബൈബിളിന്റെ പകര്‍പ്പുകളും, തര്‍ജ്ജിമകളും ദൈവാത്മ നിയന്ത്രിതം അല്ല.അത് മാനുഷിക തെറ്റുകള്‍ക്ക് അധീനം ആണ്, അതിനാല്‍ പകര്‍പ്പുകളിലും, തര്‍ജ്ജിമകളിലും ഉള്ള  തെറ്റുകള്‍ സ്വാഭാവികം മാത്രം ആണ്. 

14. നാലു സുവിശേഷങ്ങളില്‍ പല വ്യത്യാസങ്ങളും കാണപ്പെടുന്നത് എന്തുകൊണ്ട്? ചില സംഭവങ്ങള്‍ എല്ലാ സുവിഷേങ്ങളിലും പരാമര്‍ശിക്കാത്തത് എന്തുകൊണ്ട്?

Answer: നാലു സുവിശേഷങ്ങള്‍ നാലു വ്യത്യസ്തരായ എഴുത്തുകാരാല്‍, നാലു വ്യത്യസ്ത ജനവിഭാഗങ്ങളെ മുന്‍പില്‍ കണ്ടു എഴുതിയതാണ്. മത്തായുടെ സുവിശേഷം ‘യേശു പഴയനിയമ പ്രവചനങ്ങളുടെ പൂര്‍ത്തീകരണം ആണന്നും, വാഗ്ദത്തം ചെയ്യപ്പെട്ട്, യഹുദര്‍ ദീര്‍ഘകാലമായി കാത്തിരിക്കുന്ന മശിഹ ആണെന്നത്’ യഹൂദ്ന്മാരെ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്. മര്‍ക്കോസ് അഭിസംബോധന ചെയ്തതു റോമാക്കാരെയാണ്.. അതിനാലാണ് മര്‍ക്കോസ് ക്രിസ്തുവിന്‍റെ അത്ഭുതങ്ങളുടെ വിവരണത്തിന് മുന്‍തൂക്കം കൊടുത്തത്. യേശുവിന്‍റെ പാവങ്ങളോടും, പുറന്തള്ളപ്പെട്ടവരോടും ഉള്ള അനുകമ്പയും, അവനിലെ പുര്‍ണ്ണമനുഷ്യനെയുമാണ് ലൂക്കോസ് ചിത്രീകരിച്ചത്. യോഹന്നാന്‍ യേശു ചെയ്ത അത്ഭുതങ്ങളില്‍കൂടിയും പറഞ്ഞ വചനങ്ങളിലൂടെയും ദൈവപുത്രനാണ് യേശു എന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്. നാലു സുവിശേഷങ്ങളില്‍ കാണുന്ന വ്യത്യസ്തതക്ക് കാരണം, അതിന്‍റെ എഴുത്തുകാര്‍ വിവിധ ജനവിഭാഗങ്ങളെ മുന്‍പില്‍ കണ്ടു എഴുതിയതുകൊണ്ടും, പ്രമേയത്തിന്‍റെ വ്യത്യസ്തതകൊണ്ടുമാണ്. അതിനാലാണ് ചില സംഭവങ്ങള്‍ എല്ലാ സുവിഷേങ്ങളിലും പ്രതിപാദിക്കാത്തത്.

 

  1. ബൈബിള്‍ ദൈവവചനം എന്ന്  പറയുന്നതിന് കാരണം എന്ത്? ബൈബിളില്‍ ദൈവം പറയുന്ന കാര്യം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ലോ?

ബൈബിളില്‍ ദൈവം പറയുന്നത്  മാത്രമല്ല, മനുഷ്യരും, പിശാചും,  പറയുന്ന കാര്യങ്ങള്‍ വരെയുണ്ട്, ദൈവം പറഞ്ഞ കാര്യങ്ങള്‍ മാത്രമുള ഗ്രന്ഥം,അല്ലെങ്കില്‍ ദൈവത്തിന്‍റെ വായില്‍ നിന്നുള്ള വചനങ്ങള്‍ മാത്രം എന്ന നിലയില്‍ അല്ല ബൈബിള്‍ ദൈവവചനം എന്ന് പറയുന്നത്.മറിച്ചു, ദൈവീക നിയന്ത്രണത്തില്‍ മനുഷ്യന്‍ എഴുതിയത് എന്ന അര്‍ത്ഥത്തില്‍ ആണ്.അതില്‍ മനുഷ്യന്‍ പറയുന്നതും,പിശാചു പറയുന്നതും ആയ കാര്യങ്ങള്‍ അങ്ങനെ  എഴുതാന്‍ അതിലെ ഗ്രന്ധകരന്മാരെ നിയന്ത്രിച്ചത് ദൈവമാണ്, അതിനാല്‍ ആണ്, ബൈബിളിനെ ദൈവീക ഗ്രന്ഥം എന്ന് പറയുന്നത്.

 

  1. If bible is inspired book by God Why there are differences between different bibles?

 

ബൈബിള്‍ ദൈവശ്വസീയമായ ഗ്രന്ഥം ആണ് എങ്കില്‍ എങ്ങനെയാണ് വ്യത്യസ്തമായ പല ബൈബിളുകള്‍ ഉണ്ടായത്?

 

സത്യത്തില്‍ വ്യത്യസ്തമായ ബൈബിളുകള്‍ ഇല്ല , വ്യത്യസ്തമായ തര്‍ജ്ജിമകള്‍ മാത്രം ആണ് ഉള്ളത്, ഇന്ന് നമ്മുടെ കയ്യില്‍ ലഭ്യമായത് തര്‍ജ്ജിമകളും, പകര്‍പ്പുകളും  മാത്രം ആണ്, അതില്‍ മാനുഷികമായ തെറ്റുകളും,അക്ഷര പിശകുകളും,പകര്‍ത്തിയെഴുത്തിലെ തെറ്റുകളും, ഭാഷകളിലെ വ്യത്യസ്തതയും സ്വാഭാവികം മാത്രം  ആണ്.എന്നാല്‍ ദൈവത്മനിയന്ത്രിതം എന്ന് നാം പറയുന്നത്, കയ്യെഴുത്ത് പ്രതികളോ, പകര്‍പ്പുകളോ,തര്‍ജ്ജിമാകളോ, അല്ല ആദ്യമായി എഴുതപ്പെട്ട എഴുത്തുകളെ, ഗ്രന്ഥങ്ങളെ ആണ്.

 

  1. 19.  ബൈബിള്‍ എങ്ങനെ അതുല്യം ആകും? മറ്റു മത ഗ്രന്ഥങ്ങളുമായി ബൈബിളിനുള്ള വ്യത്യസ്തത എന്ത്?

ബൈബിളിലെ സന്ദേശം അതുല്യം  ആണ്, എല്ലാ മതഗ്രന്ഥങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ വേറൊരു തരത്തില്‍ മനുഷ്യന്‍റെ സ്വഭാവത്തെ നല്ലതാക്കുവാന്‍  ശ്രമിക്കുമ്പോള്‍, ബൈബിളിലെ സന്ദശം; മനുഷ്യന്‍  ഒരിക്കലും നന്നാക്കി എടുക്കുവാന്‍ കഴിയാത്ത വണ്ണം വീണവന്‍ ആണ് എന്നും, എന്നാല്‍ അവനു എങ്ങനെ ക്രിസ്തുവില്‍ ഒരു  പുതിയ സൃഷ്ടി  ആകാം എന്നും പഠിപ്പിക്കുന്നു.

എല്ലാ മത ഗ്രന്ഥങ്ങളും,മരിച്ച  മനുഷ്യന് നല്ലവന്‍ ആകാനുള്ള, സന്മാര്‍ഗ്ഗ്ങ്ങളും, ആചാര കര്‍മ്മങ്ങളും പടിപ്പിക്കുമ്പോള്‍  ബൈബിള്‍ മനുഷ്യന് നഷ്ടമായ ദൈവീക ജീവന്‍ എങ്ങനെ തിരികെ ലഭിക്കാം എന്നും, മനുഷ്യന് നഷ്ടമായ ദൈവീക കൂട്ടായ്മ എങ്ങനെ സാധ്യമാകും എന്നും പഠിപ്പിക്കുന്നു.മരിച്ച മനുഷ്യന് ആവശ്യം ഉപദേശങ്ങളും, സന്മാര്‍ഗ്ഗ ചിന്തകളും,ആചാര കര്‍മ്മങ്ങളും അല്ല,മറിച്ചു ജീവന്‍ ആണ്, ജീവന്‍ മാത്രമാണ്.

എല്ലാ മതഗ്രന്ഥങ്ങളും, മനുഷ്യന്‍ ദൈവത്തെ കണ്ടെത്താനുള്ള മനുഷ്യന്‍റെ ശ്രമത്തിന്റെ സൃഷ്ടി ആണ്, എന്നാല്‍ ബൈബിള്‍ മനുഷ്യനെ തേടി വരുന്ന ദൈവത്തിന്റെ സന്ദേശം ആണ്.

  1. 20.  ന്യായപ്രമാണം പാലിക്കുന്നതില്‍ കൂടി നിത്യജീവന്‍ ലഭിക്കും എന്ന് യേശുക്രിസ്തു തന്നെ പറഞ്ഞപ്പോള്‍, ക്രിസ്തുവിനെ കര്‍ത്താവായി സ്വീകരിക്കുന്നതില്‍ കൂടിയാണ് നിത്യജീവന്‍ എന്ന് പറയുന്നത് തെറ്റല്ലേ?

തീച്ചയായും ന്യായപ്രമാണം പാലിച്ചാല്‍ നിത്യജീവന്‍ ലഭിക്കും എന്ന് ദൈവവചനം പറയുന്നു, എന്നാല്‍ ജഡതാലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണം പൂര്‍ണ്ണമായും പാലിക്കാന്‍ ഒരു മനുഷ്യനും കഴിയില്ല എന്നും ദൈവവചനം പറയുന്നു.അതിനാല്‍ ന്യായപ്രമാണം കൊടുക്കുന്നതിനു വളരെ  മുന്‍പ് തന്നെ ദൈവം യേശുക്രിസ്തുവില്‍ കൂടിയുള്ള നിത്യജീവന്റെ വാഗ്ദത്തം കൊടുത്തിരുന്നു.

എന്നാല്‍ ന്യായപ്രമാണം അനുസരിച്ച് നിത്യജീവന്‍ പ്രാപിക്കുവാന്‍ ഒരുവന്‍ ശ്രമിച്ചു പരാജയപ്പെടുമ്പോള്‍ അവന്‍ തന്റെ ജഡത്തിന്റെ ബലഹീനത മനസ്സിലാക്കുകയും, നിത്യജീവന്‍ തരാന്‍ കഴിയുന്ന പുത്രനിലേക്ക് നടത്തപ്പെടുകയും ചെയ്യുന്നു.അങ്ങെനെ ന്യായപ്രമാണം ക്രിസ്തുവിങ്കലേക്ക് നയിക്കുന്ന ശിശുപലകന്‍ ആകുന്നു.അതിനാല്‍ ആണ് ന്യായപ്രമാണം അനുസരിച്ച് നിത്യജീവന്‍ നേടാന്‍ പറഞ്ഞ അതെ യുവാവിനോട് കര്‍ത്താവ്‌, അതിനു ശേഷം എല്ലാം വിട്ടു തന്നെ അനുഗമിക്കാന്‍,അഥവാ ക്രിസ്തുവിനെ കര്‍ത്താവു ആയി സ്വീകരിക്കുവാന്‍ പറഞ്ഞത്.എന്നാല്‍ അവനു  അതിനു മനസ്സില്ലതതിനാല്‍ ആണ് നിത്യജീവന്‍ നഷ്ടപ്പെട്ടത്.

 

  1. യേശുവിന്‍റെ കാല്‍പാദങ്ങള്‍ പിന്തുടരാന്‍ പറഞ്ഞപ്പോള്‍, എന്ത് കൊണ്ട് ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിന്റെ മാതൃകയായ പരിശ്ചെദന നടത്തുന്നില്ല?

യേശുക്രിസ്തു വന്നത് ന്യായപ്രമാണത്തിന്റെ കീഴില്‍  ആയിരുന്നു, , ന്യായപ്രമാണം പൂര്‍ണമായും നിവര്തിക്കുവാന്‍ കഴിയാത്ത മനുഷ്യന്‍ അതിന്റെ ഭലമായുള്ള ശാപത്തിന്‍ കീഴില്‍ ആയി.എന്നാല്‍ ക്രിസ്തു ന്യായപ്രമാനതിന്‍ കീഴില്‍ വന്നു ന്യായപ്രമാണം പൂര്‍ണ്ണമായും നിവര്‍ത്തിച്ചു, മരത്തിന്‍ മേല്‍ തൂങ്ങിയവനായി  മരിച്ചു ന്യായപ്രമാണ ലങ്ഖനതിന്റെ ശാപം ഏറ്റെടുത്തു.മാത്രമല്ല, നമ്മെ ന്യായപ്രമാനതിന്‍ കീഴില്‍ നിന്നും വിടുവിച്ചു, മക്കള്‍ ആക്കി തീര്‍ത്തു.ഇനി നാം ന്യായപ്രമാനത്തിലെ ആചാരങ്ങള്‍ ആചരിക്കേണ്ട കാര്യം ഇല്ല, നാം മക്കള്‍ എന്ന നിലയില്‍  ദൈവാത്മാവിനെ അനുസരിച്ചാണ്  ജീവിക്കേണ്ടത്. അങ്ങനെയാണ്, ക്രിസ്തു പിതാവിനെ അനുസരിച്ച് ജീവിച്ചത് പോലെ  നാം യേശുക്രിസ്തുവിന്റെ കാല്‍പാദങ്ങള്‍ പിന്തുടരുന്നത്, മാത്രമല്ല, പരിശ്ചെദന ക്രിസ്തുവില്‍ കൂടി പൂര്തീകരിക്കപ്പെടാനുള്ള ഹൃദയ പര്സ്ചെടനയുടെ നിഴല്‍ ആണ് എന്ന് പഴയ നിയമത്തില്‍ തന്നെ പറഞ്ഞിരുന്നു.

  1. 22.  ബൈബിളിലെ ദൈവവും, ഖുറാനിലെ അല്ലാഹുവും ഒരു  വ്യക്തി ആണോ, അല്ലെങ്കില്‍ എന്ത് കൊണ്ട്?

തീര്‍ച്ചയായും അല്ല, ബൈബിളില്‍ ദൈവം തന്നെ പരിചയപ്പെടുത്തുന്നത് യാഹ്വേ എന്ന നാമത്തില്‍ ആണ്, തന്റെ  നാമം ഒരിക്കലും താന്‍ മാറ്റിയിട്ടില്ല,മാറ്റുകയും ഇല്ല, കാരണം അത് എന്നേക്കും തന്‍റെ നാമം ആണ് എന്ന് ദൈവവചനം പറയുന്നു. ഭാഷകള്‍ മാറുമ്പോഴും പേര് മാറുകയില്ല, അള്ളാഹു എന്നത് ദൈവം എന്ന സര്‍വ്വനാമത്തിന്റെ അറബി അര്‍ഥം അല്ല, മറിച്ചു ഇസ്ലാം വിശ്വസിക്കുന്ന ദൈവത്തിന്റെ പേര്  ആണ്.മാത്രമല്ല മറ്റു അനേകം വ്യത്യാസങ്ങള്‍ നമുക്ക് കാണുവാന്‍ കഴിയും, രണ്ടു വ്യക്തികള്‍ തമ്മില്‍ കുറച്ചു  സാമ്യത ഉള്ളത്  കൊണ്ട് രണ്ടു  പേരും ഒന്നാണ് എന്ന് പറയാന്‍ ഒരിക്കലും കഴിയില്ല, എന്നാല്‍ രണ്ടു വ്യക്തികളുടെ വ്യത്യസ്തകള്‍ കൊണ്ട് അവര്‍ രണ്ടു പേരും രണ്ടാണ് എന്ന് ഉറപ്പിക്കാം.

 

  1. 23.  ബാബിബിളിലെ ക്രിസ്തുവും , ഖുറാനിലെ ഇസായും  ഒരു  വ്യക്തി ആണോ, അല്ലെങ്കില്‍ എന്ത് കൊണ്ട്?

മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് തന്നെ രണ്ടു വ്യക്തികള്‍ ആണ് എന്ന് ഉറപ്പിക്കുവാന്‍ കഴിയും, സാമ്യതകള്‍ വരാന്‍ കാരണം തീര്‍ച്ചയായും ഒരു ഗ്രന്ഥം ഇറങ്ങിയതിനു നൂറ്റാണ്ടുകള്‍ക്കു ശേഷം അതില്‍ നിന്നും ചിലത് എടുത്തു വേറെ ഒരു ഗ്രന്ഥം ഉണ്ടാക്കുമ്പോള്‍ ആദ്യത്തെ ഗ്രന്ഥത്തിലെ വ്യക്തികളുടെ സാമ്യത ഉണ്ടാകും.എന്നാല്‍ അതില്‍ നിന്നും നമുക്ക് ഒറിജിനല്‍ ഏതാണ് എന്ന് മനസ്സിലാക്കാന്‍ കഴിയും.

  1. 24.  . യേശുവിന്‍റെ വംശാവലി, മത്തായി, ലുക്കൊസ് എന്നിവരുടെ സുവിശേഷങ്ങളില്‍ വ്യത്യസ്തമായി കാണപ്പെടുന്നത് എന്തുകൊണ്ട്?

Answer: ലൂക്കോസ് യേശുവിന്‍റെ അമ്മയായ മറിയയുടെ വംശാവലി രേഖപ്പെടുത്തിയപ്പോള്‍, മത്തായി പിതാവായ ജോസഫിന്‍റെ വംശാവലിയാണ് രേഖപ്പെടുത്തിയത്. മത്തായി യേശുവിന്‍റെ പിതാവായ ജോസഫിന്‍റെ വംശപരമ്പരയിലെ ദാവീദ് രാജാവിന്‍റെയും, മകനായ ശലോമോന്‍റെയും പിന്തുടര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ലുക്കോസ് ദാവിദ് രാജാവിന്‍റെ മറ്റൊരു മകനായ നാഥാന്‍റെ വംശപരമ്പരയാണ് രേഖപ്പെടുത്തിയത്. യഹൂദന്മാരുടെ ഇടയില്‍ സ്ത്രീകളില്‍ കൂടിയുള്ള വംശാവലി പറയുന്ന രീതി ഇല്ലാത്തതിനാല്‍ ഹേലിയുടെ മരുമകന്‍ എന്ന അര്‍ത്ഥത്തില്‍ ആണ്,മകന്‍ എന്ന വാക്ക്  ലൂക്കോസ് ഉപയോഗിക്കുന്നത്.ജോസഫിന്‍റെയും മറിയയുടെയും വംശാവലി പ്രകാരം യേശു ദാവീദിന്‍റെ  പിന്‍തുടര്‍ച്ചക്കാരനാണ്. ആയതിനാല്‍ മിശിഹ ദാവീദ് വംശത്തില്‍ ജനിക്കും എന്ന പ്രവചനം നിവര്‍ത്തിയായി.മാത്രമല്ല, ക്രിസ്തു സ്ത്രീയുടെ സന്തതിയായും ജനിക്കേണം എന്നുള്ളതും പ്രവചനമായിരുന്നു.

  1. 25.  . “ഞാന്‍ പിതാവിനോട് ചോദിക്കും; അവന്‍ സത്യത്തിന്‍റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകുടെ ഇരിക്കേണ്ടതിന് നിങ്ങള്‍ക്ക് തരും” എന്ന് യേശു പറഞ്ഞതായി ബൈബിളില്‍ കാണുന്നു. ഇതു മുഹമ്മദ്‌ നബിയെപ്പറ്റിയല്ലേ?

Answer: തീര്‍ച്ചയായും അല്ല. യേശു ഇവിടെ പരാമര്‍ശിക്കുന്നത് പരിശുദ്ധാത്മാവിനെപ്പറ്റിയാണ്‌. മേല്‍പ്പറഞ്ഞ വാക്യത്തിന്‍റെ അടുത്തുള്ള വാക്യത്തില്‍ എഴുതിയിരിക്കുന്നത് അത് വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക. “പിതാവ് എന്‍റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്ക് സകലവും ഉപദേശിച്ചുതരികയും ഞാന്‍ നിങ്ങളോട് പറഞ്ഞത് ഒക്കെയും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും” (യോഹന്നാന്‍ 14:26). മുഹമ്മദ്‌ നബി പിതാവായ ദൈവത്തില്‍ നിന്ന് കര്‍ത്താവിന്റെ നാമത്തില്‍ വന്ന കാര്യസ്ഥന്‍ ആയിരുന്നില്ല.. മേല്‍പ്പറഞ്ഞ വാക്യത്തില്‍ ‘എപ്പോഴും നിങ്ങളോട് കൂടെ ഉണ്ടായിരിക്കും’ എന്ന് കാണുന്നു. എന്നാല്‍ മുഹമ്മദ്‌ A.D 632ല്‍ മരിച്ചു. മാത്രമല്ല, യേശു ഉടനെ വരുന്ന ഒരു സഹായകനെ, ശിഷ്യന്മാരുടെ ഉള്ളില്‍ വസിക്കുന്ന, ഒരു വ്യക്തിയെപ്പറ്റിയാണ്‌ പറയുന്നത്. മേല്‍പ്പറഞ്ഞ കാര്യങ്ങളൊന്നും മുഹമ്മദ്‌ നബിയുടെ കാര്യത്തില്‍ ശരിയല്ല. അതിനാല്‍ യേശു പറയുന്ന സഹായകന്‍ മുഹമ്മദ്‌ നബിയല്ല എന്ന് വ്യക്തം.

ആവര്‍ത്തന പുസ്തകം 18:18, ഇപ്പ്രകാരം തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു വാക്യമാണ്. “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്ക് അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്‍പ്പിച്ചു എന്‍റെ വചനങ്ങളെ അവന്‍റെ നാവിന്മേല്‍ ആക്കും. ഞാന്‍ അവനോടു കല്പ്പിക്കുന്നതോക്കെയും അവന്‍ അവരോടു പറയും”.  മോശ ഇസ്രായേല്‍ക്കാരോട് പറഞ്ഞതാണ്‌ മേല്‍പ്പറഞ്ഞ വാക്യം. “അവരുടെ സഹോദരന്മാര്‍” എന്ന് പരാമര്‍ശിക്കുന്നത് യിസ്രായേലിലെ മറ്റു ഗോത്രവംശങ്ങളെ പറ്റിയാണ്. മോശ പറഞ്ഞത്, തന്നെപ്പോലെ ഒരു പ്രവാചകനെ യഹൂദന്മാരുടെ ഇടയില്‍നിന്നും എഴുന്നേല്‍പ്പിക്കും എന്നാണ്. ഈ പ്രവാചകന്‍ ഒരു യഹൂദന്‍ ആയിരിക്കണം. മുഹമ്മദ്‌ നബി യഹൂദനല്ല, മറിച്ചു അറബ് വംശജനായിരുന്നു. മോശ പറഞ്ഞ പ്രവാചകന്‍ യേശുവാണ്. നസ്രേയനായ യേശുക്രിസ്തുവിനെക്കുറിച്ചാണ്  ആവര്‍ത്തന പുസ്തകം പതിനെട്ടാം അധ്യായത്തില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. യേശു പറഞ്ഞു “നിങ്ങള്‍ മോശെയെ വിശ്വസിച്ചു എങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു; അവന്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു” (യോഹന്നാന്‍ 5:46). ആയതിനാല്‍ ബൈബിള്‍ മുഹമ്മദ്‌ നബിയെപ്പറ്റി ഒന്നും പറയുന്നില്ല.

  1. 26.  യേശു പറഞ്ഞിട്ടുണ്ട് “ ഞാന്‍ ഭുമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്ന് നിരൂപിക്കരുതു; സമാധാനം അല്ല, വാള്‍ അത്രേ വരുത്തുവാന്‍ ഞാന്‍ വന്നത്” (മത്തായി 10:34,35). പിന്നെ എങ്ങനെ യേശു സ്നേഹമാണെന്നും, പാപങ്ങള്‍ ക്ഷമിക്കുന്നവന്‍ ആണെന്നും പറയാന്‍ സാധിക്കും?

Answer: യേശു ശിഷ്യന്മാരോട് പറഞ്ഞ വചനമാണിത്. ഇവിടെ ‘വാള്‍’ എന്നത്‌ ആലങ്കാരിക ഭാഷയില്‍ ഉപയോഗിച്ചിരിക്കുന്നു. വാള്‍ വസ്തുക്കളെ രണ്ടായി മുറിക്കുന്നു അല്ലങ്കില്‍ വിഭജിക്കുന്നു എന്ന് സാരം. യേശു ലോകത്തിലേക്ക്‌ വന്നപ്പോള്‍ ലോകം രണ്ടായി വിഭജിക്കപ്പെട്ടു. യേശുവിന്‍റെ രക്ഷ സ്വീകരിച്ചവരും, അത് നിരാകരിച്ചവരും. ഏതെങ്കിലും ഒരു പുത്രന്‍ യേശുവിനെ സ്വീകരിക്കുകയും, അവന്‍റെ പിതാവ് സ്വീകരിക്കാതെയിരിക്കുകയും ചെയ്താല്‍ അവരുടെ ഇടയില്‍ ഈ വിഭജനം ഉണ്ടാകുന്നു. ചുരുക്കത്തില്‍, യേശുവിനെ സ്വീകരിക്കുന്നതിലൂടെ, സ്നേഹിക്കുന്നതില്‍ കൂ‌ടി, പല കുടുംബങ്ങളിലും വിഭജനത്തിനു കാരണമാകുന്നു. യേശു വന്നത് വാളുമായിട്ടാണ് എന്നും പരസ്പരം വാളെടുത്തു കൊല്ലാന്‍ യേശു പറഞ്ഞു എന്നും മേല്പറഞ്ഞ വാക്യം ദുര്‍വ്യാഖ്യാനം ചെയ്യരുത്.

 

  1. 27.  വീണ്ടും ജനനം എന്നാല്‍ എന്താണ് ?

വീണ്ടും ജനനം എന്നാല്‍ നാം  എടുക്കുന്ന  ചില നല്ല തീരുമാനങ്ങലോ, നമ്മുടെ സ്വഭാവത്തില്‍  വരുത്തുന്ന  ചില നല്ല  മാറ്റങ്ങളോ, ഒരു സഭയില്‍ നിന്ന് വേറൊരു സഭയിലേക്ക് മാറുന്നതോ, ഏതെങ്കിലും ആചാര അനുഷ്ടാനങ്ങള്‍ അനുവര്ത്തിക്കുന്നതോ അല്ല, . മറിച്ചു ആ വാക്ക്  സൂചിപ്പിക്കുന്നത് പോലെ തന്നെ അത് ഒരിക്കല്‍ കൂടി നാം ജനിക്കുന്ന ഒരു പ്രക്രിയ  ആണ്.

നാം നമ്മുടെ അമ്മയുടെ വയറ്റില്‍ ഉരുവായപ്പോള്‍ ആദ്യമായി ഉണ്ടായതു  ജീവന്‍ ആണ്., നാം നമ്മുടെ സ്വാഭാവിക ജീവന്‍ നമ്മുടെ മാതാപിതാക്കളില്‍ നിന്നും പ്രാപിച്ചു, അതിനാല്‍ ആണ് നാം നാമുടെ മാതാപിതാക്കളുടെ ജഡപ്രകാരം ഉള്ള  മക്കള്‍  ആയതു.അത് ജഡതാല്‍ ഉള്ള ജനനം ആണ്.എന്നാല്‍ ദൈവം  ആത്മാവ്  ആകുന്നു. ദൈവത്തിന്‍റെ മക്കള്‍ ആകണം എങ്കില്‍ നാം ശാരീരികമായി ഒരിക്കല്‍  ജനിച്ചത്‌ പോലെ തന്നെ  ആത്മാവിനാല്‍ വീണ്ടും ജനിക്കേണം.ദൈവത്തില്‍ നിന്നും ജനിക്കേണം.അതാണ്‌ യേശുക്രിസ്തു  ജഡത്താല്‍ ജനിച്ചതു ജഡം ആകുന്നു,  ആത്മാവിനാല്‍ ജനിച്ചതു ആത്മാവു ആകുന്നു എന്ന് നിക്കൊടിമോസിനോട് പറഞ്ഞത് (യോഹന്നാന്‍  3:6  )

എങ്ങനെയാണ് നാം ആത്മാവിനാല്‍,അല്ലെങ്കില്‍ ദൈവത്തില്‍ നിന്നും  ജനിക്കുന്നത്?....ദൈവചനം പറയുന്നു...” അവനെ കൈക്കൊണ്ടു അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു. ..അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്‍റെ ഇഷ്ടത്താലല്ല, പുരുഷന്‍റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍ നിന്നത്രേ ജനിച്ചതു...” യോഹന്നാന്‍ 1:12 

നാം യേശുക്രിസ്തുവിനെ  കൈക്കൊണ്ടു, യേശുക്രിസ്തുവിന്റെ  നാമത്തില്‍ വിശ്വസിക്കുമ്പോള്‍ നാം,ദൈവത്തില്‍ നിന്നും ജനിക്കുന്നു അങ്ങനെ ദൈവമക്കള്‍  ആകുന്നു. എന്താണ് യേശുവിന്റെ നാമത്തില്‍ വിശ്വസിക്കുക എന്നാല്‍? എന്താണ്  ആ നാമത്തിന്റെ പ്രത്യേകത? യേശു എന്ന നാമത്തിന്റെ  അര്‍ഥം തന്നെ പാപങ്ങളില്‍ നിന്ന് രക്ഷിക്കുന്നവന്‍ എന്നാണ്. എന്നെ പാപത്തില്‍ നിന്നും രക്ഷിപ്പാന്‍ പാപമില്ലാത്ത  യേശുക്രിസ്തു  എനിക്ക് പകരമായി  തന്‍റെ ജീവനെ കൊടുത്തു എന്ന് വിശ്വസിക്കുക എന്നാണ് യേശുവിന്റെ നാമത്തില്‍ വിശ്വസിക്കുക എന്നതിന്‍റെ അര്‍ഥം . പാപിക്ക്‌ മാത്രമേ  പാപത്തില്‍ നിന്നും രക്ഷിക്കുന്ന രക്ഷകന്‍റെ ആവശ്യം ഉള്ള്ളൂ, എന്നാല്‍ നാം എല്ലാവരും  പാപം ചെയ്തു ആത്മീക മരണത്തില്‍ ആണ് എന്ന് ദൈവവചനം പറയുന്നു...

 .പാപത്തിന്‍റെ ശമ്പളം ദൈവത്തില്‍ നിന്നുള്ള  വേര്‍പാട് ആയ ആത്മീക മരണം ആണ്..അതിനാല്‍ പാപമില്ലാത്ത ഒരുവന്‍ എന്‍റെ പാപത്തിന്‍റെ ശമ്പളം  ആയ  മരണം  ഏറ്റെടുത്താല്‍ മാത്രമേ എനിക്ക് പാപത്തില്‍ നിന്നും മോചനം ഉള്ളൂ.. ആ മരണം ആണ് പാപമില്ലാത്ത യേശുക്രിസ്തു ഏറ്റെടുത്തു, നമുക്ക് പകരം  മരിച്ചത്.

.അതിനാല്‍ ഒന്നാമതായി നാം പാപി ആണ് എന്നും..യേശുക്രിസ്തു എന്ന പാപമില്ലാത്ത രക്ഷകന്‍  എന്‍റെ പാപത്തിന്റെ  പകരം ആയി മരിച്ചു എന്നും വിശ്വസിക്കേണം.

രണ്ടാമതായി യേശുവിനെ  കൈക്കൊള്ളുക എന്നാല്‍  യേശുവിനെ കര്‍ത്താവ്‌ ആയി എന്‍റെ ജീവിതത്തിലേക്ക് സ്വീകരിക്കുക,  എന്നാണ് അര്‍ഥം... യേശുവിനെ കര്‍ത്താവ്‌ ആയി ഞാന്‍ സ്വീകരിക്കുമ്പോള്‍..യേശുക്രിസ്തുവിന്‍റെ ജീവന്‍, ദൈവീക ജീവന്‍, നിത്യജീവന്‍  എന്റെ ഉള്ളില്‍ വന്നു ഞാന്‍ ദൈവ മകന്‍ ആയി തീരുന്നു. ഞാന്‍ ആത്മാവിനാല്‍ വീണ്ടും ജനിക്കുന്നു.യേശുക്രിസ്തു ഉള്ളില്‍ ഇല്ലാത്തവന് ദൈവീക ജീവന്‍ ഇല്ല, ദൈവീക ജീവന്‍ ഉള്ളില്‍ ഇല്ലാത്തവന്‍ മരിച്ചവന്‍ ആണ്..”

 1Jn 5:11 ദൈവം നമുക്കു നിത്യജീവന്‍ തന്നു? ആ ജീവന്‍ അവന്‍റെ പുത്രനില്‍ ഉണ്ടു എന്നുള്ളതു തന്നേ. പുത്രനുള്ളവന്നു ജീവന്‍ ഉണ്ടു? ദൈവപുത്രനില്ലാത്തവന്നു ജീവന്‍ ഇല്ല....”..

അതായതു ഒരുവന്‍ പാപിയാണ്, ആത്മാവില്‍ മരിച്ചവന്‍ ആണ്  എന്നുള്ള ബോധ്യത്തില്‍, മാനസന്തരപ്പെട്ടു യേശുക്രിസ്തുവിനെ തന്‍റെ ജീവിതത്തില്‍ കര്‍ത്താവായി സ്വീകരിക്കുമ്പോള്‍, അവനില്‍ ദൈവത്തിന്‍റെ ജീവന്‍ ആയ നിത്യജീവന്‍ വരികയും,അവന്‍ ദൈവത്തില്‍ നിന്നും ജനിച്ചവന്‍ ആകുകയും ചെയ്യുന്നു, ഇതിനെയാണ് വീണ്ടും ജനനം എന്ന് ബൈബിള്‍ പറയുന്നത്.  

~~~~~~~~~~~~~~