
സുവിശേഷ വേലയും ഭൗതിക ജോലിയും .
===============================================
ആമുഖം
===============================================
ദൈവവചനമായ ക്രൂശിൻ്റെ സന്ദേശം നിങ്ങൾ മറയില്ലാതെ അറിയിക്കുക ആണെങ്കിൽ അതിനു സ്വാഭാവികമായി രണ്ടു രീതിയിൽ ഉള്ള പ്രതികരണങ്ങൾ ഉണ്ടാകും. കേൾക്കുന്ന വ്യക്തികൾ വചനത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും അതിലുള്ള വ്യത്യാസം.
ദൈവചനത്തോട് നമ്മൾ സത്യസന്ധതയോടെ പ്രതികരിക്കാൻ തയ്യാർ ആയാൽ ക്രൂശിൻ്റെ വചനം നമ്മുടെ പാപത്തെയും , തെറ്റായ ധാരണകളെയും , പാരമ്പര്യ ചിന്തകളെയും തുറന്നു കാണിക്കുകയും ദൈവവചനപ്രകാരം നമ്മെ മാറ്റുകയും , പണിയുകയും ചെയ്യും .
അതെ സമയം നമ്മൾ നമ്മുടെ പാപത്തെ ഉപേക്ഷിക്കുവാനും , പാരമ്പര്യ ചിന്തകളെയും, ധാരണകളെയും മാറ്റുവാനും തയ്യാർ അല്ല എങ്കിൽ നാം ദൈവവചനത്തെ തള്ളിക്കളയുകയും അത് പറയുന്ന വ്യക്തിക്ക് നേരെ തിരിയുകയും നാം കേൾക്കുന്ന ദൈവവചനം നമ്മെ കഠിനപ്പെടുത്തുകയും ചെയ്യും.
പത്രോസും സ്തേഫാനോസും പ്രസംഗിച്ചത് ഒരേ സന്ദേശമായിരുന്നു. എന്നാൽ ഒരു കൂട്ടർ മനസാന്തപ്പെടുകയും, അടുത്ത കൂട്ടർ പ്രസംഗികന് എതിരെ തിരിയുകയും കല്ലെറിയു കയും ചെയ്തു.
ഈ ലേഖനവും നിങ്ങളിൽ മുകളിൽ പറഞ്ഞ ഏതെങ്കിലും രീതിയിൽ ഉള്ള പ്രതികരണം ഉണ്ടാക്കുവാൻ സാധ്യത ഉണ്ട് . അതിനാൽ യഥാർത്ഥമായി ദൈവവചനത്തെ സ്വീകരിക്കുവാനും , തങ്ങളുടെ തെറ്റായ ധാരണകളെയും പാരമ്പര്യ ചിന്തകളെയും മാറ്റുവാനും തയ്യാർ അല്ലാത്തവർ, *ഇത് വായിക്കാതെ ഇരിക്കുവാൻ ഞാൻ ബുദ്ധി ഉപദേശിക്കുന്നു !!!*
എന്നാൽ തങ്ങളുടെ 'വിശുദ്ധ' ആശയങ്ങളെയും , പാരമ്പര്യ ചിന്തകളെയും ദൈവവചന അടിസ്ഥാനത്തിൽ പരിശോധിക്കാനും തെറ്റ് എന്ന് മനസ്സിലായാൽ തിരുത്താനും തയാറുള്ളവർ ഈ ലേഖനം ശ്രദ്ധയോടെ പൂർണ്ണമായും വായിക്കുക. അങ്ങനെ ചെയ്താൽ ഈ ലേഖനത്തിലെ സത്യങ്ങൾ നിങ്ങളെ വേദനിപ്പിച്ചാലും യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്ക് കൊണ്ട് വരും!!!
===================================================================
ഞാൻ മുൻപ് എഴുതിയ ഒരു ലേഖനം ചില മാറ്റങ്ങൾ വരുത്തിയതാണിത് . എഴുതിയ വിഷയത്തിൻ്റെ പ്രത്യേകത കൊണ്ട് ഏറ്റവും കൂടുതൽ വിമർശനം ഏറ്റു വാങ്ങേണ്ടി വന്ന ഒരു ലേഖനവും ഇതാണ്. അതിനു കാരണം വോൾട്ടയർ എന്ന തത്വചിന്തകൻ പറഞ്ഞത് പോലെ "പല വിഷയങ്ങളിലും വ്യത്യസ്ത ഉപദേശം ഉണ്ട് എങ്കിലും പണത്തിൻ്റെ കാര്യത്തിൽ എല്ലാവരും ഒരേ മതക്കാർ ആണ് "When it is a question of money, everybody is of the same religion". എന്നതാണ് .
മുൻപുള്ള ലേഖത്തേക്കാൾ കൂടുതൽ വ്യക്തതക്കു വേണ്ടി ചില വിശദീകരണങ്ങൾ കൂടി ഇതിൽ ചേർത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു വന്ന എല്ലാ ചോദ്യങ്ങൾക്കും ഈ ലേഖനത്തിൽ മറുപടി പറയാൻ ശ്രമിച്ചിട്ടുമുണ്ട്.
ആത്മാർഥമായി ദൈവമുഖം മാത്രം നോക്കി സുവിശേഷ വേല ചെയ്യുന്ന അനേകർ എല്ലാ സഭകളിലും ഉണ്ട്. അവരിൽ പലരും ത്യാഗപൂർണ്ണമായി ദൈവവേല ചെയ്യുന്നവരും ആണ്. അവരെ ആരെയും വിധിക്കാനോ വിമർശിക്കാനോ അല്ല ഈ ലേഖനം. പകരം സുവിശേഷ വേലയെ കുറിച്ച് ഇന്ന് നിലനിൽക്കുന്ന വ്യവസ്ഥിതിയുമായി ബന്ധപെട്ടുള്ള ചില തെറ്റിദ്ധാരണകൾ തിരുവെഴുത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധിക്കുയും, തിരുത്തുകയും ആണ് ലേഖനത്തിന്റെ ലക്‌ഷ്യം.
===================================================================
*വിയർപ്പോടെ ഉപജീവനം കഴിക്കുക എന്ന മനുഷ്യനോടുള്ള ദൈവീക കൽപ്പന*
===================================================================
ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അവനെ ഒരു ഭൗതികമായ വേല ഏൽപ്പിച്ചിരുന്നു അത് തോട്ടത്തിൽ വേല ചെയ്യുക എന്നതായിരുന്നു ഉല്പ. 2:15. വീഴ്ച വന്നതിനു ശേഷം മനുഷ്യൻ മുഖത്തെ വിയർപ്പോടെ ഉപജീവനം കഴിക്കും എന്ന് ദൈവം കൽപ്പിച്ചു. ഉല്പ. 3:19. അതായത് വീഴ്ചക്ക് മുൻപും ശേഷവും മാറ്റമില്ലാതെ മനുഷ്യൻ ഭൗതികമായ വേല ചെയ്തു ഉപജീവനം ചെയ്യണം എന്നതാണ് ദൈവീക ഉദ്ദേശം.
പുതിയ നിയമത്തിലേക്കു വരുമ്പോൾ ബൈബിളിലെ എല്ലാവർക്കുമുള്ള പൊതുവായ കൽപ്പന എല്ലാവരും സ്വന്തം കൈകൊണ്ട് ജോലി ചെയ്യണം എന്നതാണ്. ഇതിൽ സഭയിലെ എല്ലാവരും; ശുശ്രൂഷകരും മൂപ്പന്മാരും അധവാ പാസ്റ്റർമാർ എല്ലാവരും ഉൾപ്പെടും. (എഫെസ്യർ 4: 28, 1 തെസ്സലോനിക്യർ 4: 11.12, 2. തെസ്സലോനിക്യർ 3: 8-12).
സഭയുടെ പാസ്റ്റർ അഥവാ മൂപ്പന്മാർ ഉൾപ്പടെ എല്ലാവരും സ്വന്ത കൈ കൊണ്ട് വേല ചെയ്യേണ്ടതിൻ്റെ ആവശ്യകതയും അത്തരത്തിൽ വേല ചെയ്‌യുന്നതിൻ്റെ മഹത്വവും ലേഖനങ്ങളിൽ അപ്പോസ്തോലന്മാർ ഊന്നി പറയുന്നു . ചില വാക്യങ്ങൾ മാത്രം കൊടുക്കുന്നു .
1 തെസ്സ. 4:4 ഒന്നിനും ഒരു കുറവില്ലാത്തവരായിരിക്കുവാനും വേണ്ടി ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ ശാന്തരായി ജീവിക്കുവാനും സ്വന്തകർത്തവ്യങ്ങളെ നിറവേറ്റുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‌വാനും ഉത്സാഹിക്കേണം എന്നുംകൂടി നിങ്ങളെ പ്രബോധിപ്പിക്കുന്നു.
എഫെ. 4:28 മോഷ്ടാവ് ഇനി മോഷ്ടിക്കരുത്; ആവശ്യത്തിലിരിക്കുന്നവർക്ക് സഹായം ചെയ്യുവാനുണ്ടാകേണ്ടതിന് സ്വന്ത കൈകൊണ്ട് അദ്ധ്വാനിച്ച് മാന്യമായ ജോലികൾ ചെയ്യട്ടെ
2 തെസ്സ. 3: 10 വേലചെയ്‌വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത് എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നെ ആജ്ഞാപിച്ചിട്ടുണ്ടല്ലോ
1തെസ്സലോനിക്യർ 4:12 ഞങ്ങൾ നേരത്തെ നിങ്ങളോട് ആജ്ഞാപിച്ചതു പോലെ അവനവന്റെ ജോലി ചെയ്ത്, നിങ്ങളുടെ ഉപജീവനത്തിനുള്ള വക സമ്പാദിച്ച്, ശാന്തമായി ജീവിക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. അങ്ങനെ ജീവിച്ചാൽ വിശ്വാസികളല്ലാത്തവരുടെ ബഹുമാനം നിങ്ങൾ ആർജിക്കും. നിങ്ങളുടെ ആവശ്യങ്ങൾക്ക് ആരെയും ആശ്രയിക്കേണ്ടി വരികയുമില്ല.
===============================================
ചോദ്യങ്ങൾ , ഉത്തരങ്ങൾ
========================================================================
ചോദ്യം 1 - ഇതെല്ലാം വിശ്വാസികളോട് പറയുന്നതല്ലേ ? സഭയുടെ പാസ്റ്റർക്കു ബാധകമാണോ ? 1 കൊരിന്ത്യർ 9:14 ("അതുപോലെ കർത്താവും സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു") പ്രകാരം സഭയുടെ പാസ്റ്റർക്കു ജോലി ചെയ്യാതെ വിശ്വാസികളിൽ നിന്നും പണം വാങ്ങി ഉപജീവിക്കുവാൻ അധികാരം ഇല്ലേ ?
=========================================================================
ഉത്തരം: മുകളിലെ വാക്യങ്ങൾ വിശ്വാസികളെപ്പോലെ സഭയുടെ മൂപ്പനും ബാധകമായ കാര്യങ്ങൾ ആണ്. 1 കൊരിന്ത്യർ 9:14 സന്ദർഭവും ആരെക്കുറിച്ചാണ് പറയുന്നത് എന്നും മനസ്സിലാക്കാത്തതിനാൽ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്യം ആണ് . യഥാർത്ഥത്തിൽ ഈ വാക്യത്തിൽ സഭയിലെ മൂപ്പൻ്റെ അഥവാ പാസ്റ്റർൻ്റെ അധികാരം അല്ല , കർത്താവിനാൽ അയക്കപ്പട്ട അപ്പോസ്തോലന്മാർക്കു മാത്രമുള്ള പ്രത്യേക അധികാരം ആണ് പറയുന്നത്.
എല്ലാവർക്കുമുള്ള പൊതുവായ കല്പന സ്വന്തം കൈകൊണ്ട് ജോലി ചെയ്ത് ഉപജീവിക്കണം എന്നതായിരിക്കുമ്പോൾ തന്നെ കൈകൊണ്ട് വേല ചെയ്യുന്നതിൽ നിന്നും ഒഴിവുള്ളവരായി, സഭയുടെ സഹായത്താൽ മാത്രം ഉപജീവിതം കഴിക്കുവാനുള്ള അവകാശം ഉള്ളത് അപ്പൊസ്തലന്മാര്‍ക്ക് മാത്രമാണ്. അതാണ് 1 കൊരിന്ത്യർ 9:14 ൽ പറയുന്നത്.
അതിന് കാരണം അപ്പോസ്തോലന്മാർ ഗ്രാമങ്ങളും പട്ടണങ്ങളും ദേശങ്ങളും താണ്ടി യാത്ര ചെയ്ത് സുവിശേഷം അറിയിക്കുന്നവരും സഭകൾ സ്ഥാപിക്കുന്നവരുമാണ് എന്നതാണ്. സ്ഥിരമായി ഒരിടത്ത് ജോലി ചെയ്യുകയെന്നത് അവരെ സംബന്ധിച്ച് പ്രായോഗികം ആയിരുന്നില്ല. അതിനാൽ സഭ അവര്‍ക്ക് അവരുടെ യാത്രകളിൽ സ്ഥിരമായി സാമ്പത്തികമായ സഹായം ചെയ്തിരുന്നു. കർത്താവും ഇതു തന്നെയാണ് കല്പിച്ചത്.
(ലൂക്കോസ് 10: 1 -11) അനന്തരം കർത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു അവരോടു പറഞ്ഞതു:.. മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പുംവഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരൻ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ
ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ; പുറപ്പെടുവോളം അവിടത്തന്നേ പാർപ്പിൻ.
ലൂക്കോസ് 10: 7 അവർ തരുന്നതു തിന്നും കുടിച്ചും കൊണ്ടു ആ വീട്ടിൽ തന്നേ പാർപ്പിൻ; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ
ഇതേ വാക്യങ്ങൾ അനുസ്മരിപ്പിച്ചു കൊണ്ട് അപ്പൊസ്തലന്മാർക്കു ഭൗതിക ജോലി ചെയ്യാതെ സുവിശേഷം കൊണ്ട് ഉപജീവിക്കാൻ അധികാരം ഉണ്ട് എന്ന് പൗലൊസ് സമർത്ഥിക്കുന്നു.
1കൊരിന്ത്യർ 9:1, 14 ഞാൻ സ്വതന്ത്രൻ അല്ലയോ? ഞാൻ അപ്പൊസ്തലൻ അല്ലയോ ....തിന്നുവാനും കുടിപ്പാനും ഞങ്ങൾക്കു അധികാരമില്ലയോ...അല്ല, വേല ചെയ്യാതിരിപ്പാൻ എനിക്കും ബർന്നബാസിന്നും മാത്രം അധികാരമില്ല എന്നുണ്ടോ?...'അതുപോലെ കർത്താവും സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു.
ശ്രദ്ധിക്കുക!! സുവിശേഷം അറിയിക്കുന്നവർ, വേലക്കാരൻ എന്നൊക്കെ പറയുന്നത് അയക്കപ്പെട്ട അപ്പോസ്തോലൻമാരെ ആണ്.തിന്നുക കുടിക്കുക എന്ന വാക്ക് കൊണ്ട് യാത്രകളിലെ അടിസ്ഥാന ആവശ്യങ്ങൾ ആണ് ഉദ്ദേശിക്കുന്നത് അല്ലാതെ ആഡംബര ജീവിതം അല്ല. അതായതു അപ്പോസ്തോലന്മാരുടെ കാര്യത്തിൽ പോലും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ ആണ് സഭ നിറവേറ്റിയിരുന്നത്.
എന്നാൽ അപ്പൊസ്തലന്മാർക്കു മാത്രമല്ല,അപ്പോസ്തോലന്മാരെ പോലെ തന്നെ സഭ അയച്ചിട്ട് സ്ഥിരമായി യാത്ര ചെയ്യുന്ന മിഷനറിമാർക്കു അഥവാ സുവിശേഷകർക്കും , തൻ്റെ യാത്രകളിൽ ഈ അടിസ്ഥാന ആവശ്യങ്ങ ൾക്ക് അവകാശമുണ്ട്.
അപോസ്തോലൻ എന്ന പദത്തിന് അയക്കപ്പെട്ടവൻ എന്നാണ് അർഥം ഇതേ അർഥം ആണ് മിഷനറി പദത്തിനും മിഷനറി എന്ന പദവും മിസൈൽ എന്ന പദവും mittere" എന്ന latin പദത്തിൽ നിന്നാണ് വന്നത്.കൃത്യമായ സ്ഥലത്തു നിന്നും ലക്ഷ്യ സ്ഥാനത്തേക്ക് കൃത്യമായി അയക്കപ്പെടുക എന്നതാണ് ആ പദത്തിന്റെ അർഥം. അതായതു ഒരു സുവിശേഷകൻ അഥവാ മിഷനറി ഒരു സ്ഥലത്തേക്ക് പോകണം എങ്കിൽ അയയ്ക്കുവാൻ ഒരു സഭയും അയക്കപ്പെടുന്ന ലക്ഷ്യ സ്ഥാനവും ഉണ്ടായിരിക്കണം. അങ്ങനെ സഭ അയക്കുന്ന സുവിശേഷകർക്കു അവരുടെ യാത്രകളിൽ അടിസ്ഥാന ആവശ്യങ്ങൾക്ക് അവകാശമുണ്ട്.
എന്നാൽ പ്രാദേശിക സഭയിൽ മാത്രം ശുശ്രൂഷിക്കുന്ന പാസ്റ്റർമാരും മൂപ്പന്മാരും സാധാരണഗതിയിൽ തുടര്‍ച്ചയായി യാത്ര ചെയ്യുന്നവർ അല്ല. അവരുടെ ശുശ്രൂഷ പ്രാദേശിക സഭയിൽ മാത്രം ഒതുങ്ങുന്നതാണ്. അതിനാൽ അവർക്കു ഇത് ബാധകമേയല്ല.
ഇത് വ്യക്തമായി മനസ്സിലാക്കുവാൻ ആദിമ സഭയുടെ സഭാപരിപാലന മാതൃക നാം മനസ്സിലാക്കേണ്ടതുണ്ട്.
ആദിമ സഭയിലെ മൂപ്പന്മാർ അഥവാ പാസ്റ്റർമാർ പ്രാദേശിക സഭയിൽ തന്നെയുള്ള ആത്മീയരായ, പക്വതയുള്ള മുതിര്‍ന്ന സഹോദരന്മാർ ആയിരുന്നു. അവരെ ഏതെങ്കിലും സംഘടന പുറത്തു നിന്നും നിയമിക്കുകയായിരുന്നില്ല, പകരം സഭകൾ സ്ഥാപിക്കുന്ന അപ്പൊസ്തലന്മാർ സഭയിലെ ആത്മീയ സഹോദരന്മാരെ കണ്ടെത്തി അവരെ പരിശീലിപ്പിക്കുകയും അവരെ സഭയുടെ പരിപാലന ശുശ്രൂഷ ഏല്പിക്കുകയുമായിരുന്നു. അതിനാൽ അവർ സംഘടനയുടെയോ സഭയുടെയോ ശമ്പളക്കാര്‍ ആയിരുന്നില്ല (അപ്പൊസ്തല പ്രവൃത്തികൾ 14:2)
ഓരോ സഭയിലും ഉണ്ടായിരുന്ന ഒന്നിലധികം മൂപ്പന്മാരുടെ പക്കൽ സഭാ പരിപാലനം ഏൽപ്പിക്കുകയായിരുന്നു അപ്പോസ്തോലിക മാതൃക. പ്രാദേശിക സഭയിൽനിന്നും അപ്പോസ്തോലന്മാര്‍ അതിനു പ്രാപ്തി ഉള്ള മൂപ്പന്മാരെ കണ്ടെത്തി എന്നാണ് അതിനർത്ഥം. (തീത്തോസ്1:5). അപ്പൊസ്തലന്മാർ അവരെ സഹായിച്ചു ശുശ്രൂഷയ്ക്കു പ്രാപ്തരാക്കുകയും അങ്ങനെ പ്രാപ്തി നേടിയവര്‍ സഭയിലെ മറ്റുള്ള സഹോദരന്മാരെ ഭാവി ശുശ്രൂഷയ്ക്ക് ഒരുക്കുകയും ചെയ്തിരുന്നു. (എഫെസ്യര്‍ 4:12)
ആദിമ സഭയില്‍ വിശ്വാസികള്‍ പ്രാദേശിക സഭയില്‍ തന്നെ മുതിര്‍ന്ന ഉപദേഷ്ടക്കന്മാരുടെയും, മൂപ്പന്മാരുടെയും കീഴില്‍ വചനം അഭ്യസിക്കുക ആയിരുന്നു പതിവ്. സംഘടനയുടെ അംഗത്വമോ, അംഗീകാരമോ, ബൈബിള്‍ കോളേജിലെ സർട്ടിഫിക്കറ്റോ ആയിരുന്നില്ല മൂപ്പനോ, ശുശ്രൂഷകനോ ആകുവാനുള്ള യോഗ്യത. (എബ്രായർ 5: 12) പകരം പ്രാദേശിക സഭയിലെ തന്നെ മൂപ്പന്മാരില്‍ നിന്നും വചനം പഠിക്കുകയും, ജീവിതത്തിലും ശുശ്രൂഷയിലും ഉള്ള ദൈവിക അംഗീകാരം സഭയ്ക്ക് ബോധ്യപ്പെടുകയും, സഭയുടെ അംഗീകാരം ലഭിക്കുകയും ചെയ്യുന്നതായിരുന്നു മൂപ്പൻ അഥവാ പാസ്റ്റർ ആകുവാനുള്ള യോഗ്യത. (1. തിമൊഥെയൊസ് 3:1-12)
അതിനാൽ തന്നെ ദൈവസഭയിലെ മൂപ്പന്മാര്‍, ശുശ്രൂഷകര്‍ എന്നിവര്‍ ശുശ്രൂഷകള്‍ ചെയ്യുമ്പോള്‍ അവര്‍ അതുവരെ എന്തു ജോലി ചെയ്തുവോ അത് തുടരുക എന്നത് തികച്ചും സ്വാഭാവികമായിരുന്നു. അല്ലാതെ അന്നുമുതൽ അവർ ചെയ്തുകൊണ്ടിരുന്ന ജോലി വിട്ടിട്ട് സഭയുടെ ചെലവിൽ ജീവിച്ചു തുടങ്ങുകയായിരുന്നില്ല.
=============================================================
ചോദ്യം 2 - അയക്കപ്പട്ട അപ്പോസ്തോലന്മാർക്കു മാത്രമാണ് സുവിശേഷം കൊണ്ട് ഉപജീവനം നടത്താൻ അധികാരമുള്ളത് എങ്കിൽ സഭയുടെ മൂപ്പൻ / പാസ്റ്റർ എങ്ങനെ ജീവിക്കണം എന്നാണ് ദൈവവചനത്തിലെ ഉപദേശം?
=============================================================
ഉത്തരം : സഭാ മൂപ്പന്മാർക്കു / പാസറ്റർമാർക്ക് അപ്പോസ്തോലർ കൊടുത്ത ഉപദേശവും മാതൃകയും സ്വന്തം കൈ കൊണ്ട് ജോലി ചെയ്യുക എന്നതാണ് .
അപ്പോസ്തോലൻ എന്ന നിലയിൽ ജോലി ചെയ്യാതിരിക്കുവാൻ അവകാശമുള്ള, ഭൂഖണ്ഡങ്ങൾ കടന്നുള്ള യാത്രകൾ ചെയ്തു സഭകൾ സ്ഥാപിച്ച അപ്പോസ്തോലനായ പൗലോസ് പോലും; സഭയിലെ മൂപ്പന്മാർക്ക് മാതൃകയായി കൈകൊണ്ട് വേല ചെയ്തു എന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്.
(അപ്പൊ. പ്രവൃത്തികള്‍ 20: 17 -35)...മിലേത്തൊസിൽ നിന്നു അവൻ എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി......... ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല. എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അധ്വാനിച്ചു എന്ന് നിങ്ങൾതന്നെ അറിയുന്നുവല്ലോ. ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായി ക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്ന് കർത്താവായ യേശു താൻ പറഞ്ഞ വാക്ക് ഓർത്തുകൊൾകയും വേണ്ടത് എന്ന് ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.
ശ്രദ്ധിക്കുക !! ഇവിടെ പൗലോസ് സ്വന്ത കൈ കൊണ്ട് ജോലി ചെയ്തു ദൃഷ്ടാന്തം കാണിക്കുന്നത് സഭയുടെ മൂപ്പന്മാർക്കാണ് വാങ്ങുന്ന തിനേക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നുള്ള കർത്താവി ൻ്റെ വാക്ക് താൻ ഓർമ്മിപ്പിക്കുന്നത് സഭയുടെ പാസ്റ്റർമാരെയാണ്. ഇത് പ്രസംഗിക്കു കയും പ്രാവർത്തികം ആക്കുകയും ചെയ്യുന്ന എത്ര പാസ്റ്റർമാർ ഉണ്ട് എന്ന് വായിക്കുന്നവർ ചിന്തിച്ചു കൊള്ളുക !!!
തങ്ങൾ കഠിനാധ്വാനികളും, സ്വന്ത കൈ കൊണ്ട് വേല ചെയ്യുന്നവരും ആണ് എന്നും സഭയുടെ മൂപ്പന്മാരും, തങ്ങൾ ശുശ്രൂഷിക്കുന്ന വിശ്വാസികളും അറിയണം എന്ന് ആഗ്രഹിച്ച പൗലോസ് അവരെയും ഈ കാര്യം ഓർമ്മിപ്പിക്കുന്നു .
തെസ്സലോനിക്യർ 2:9 സഹോദരന്മാരേ, ഞങ്ങളുടെ കഠിനാദ്ധ്വാനങ്ങൾ നിങ്ങൾ ഓർമ്മിക്കുന്നുണ്ടല്ലോ നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നു വെച്ച് ഞങ്ങൾ രാവും പകലും വേല ചെയ്തു നിങ്ങളോടു സുവിശേഷം പ്രസംഗിച്ചു.
ഈ മാതൃകയില്‍ എല്ലാവരും തങ്ങളെ അനുകരിക്കണം എന്ന് പൌലോസ് സഭയിലെ എല്ലാവരോടും കല്‍പ്പിക്കുന്നു.
2.തെസ്സലോനിക്യർ 3:8,9 ഞങ്ങൾ നിങ്ങളുടെ ഇടയിൽ അലസമായി നടന്നിട്ടില്ല, ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവച്ച് ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തു പോന്നത് അധികാരമില്ലാ ഞ്ഞിട്ടല്ല അനുകരിക്കുവാൻ നിങ്ങൾക്ക് ഞങ്ങളെ മാതൃകയാക്കിത്തരേണ്ട തിനത്രേ.
അതെ,അപ്പോസ്തോലനായ പൗലോസിൻ്റെ മാതൃക വിശ്വാസികൾക്കും , പ്രാദേശിക സഭയിലെ മൂപ്പന്മാർക്കും ഒരുപോലെ, സ്വന്തകൈ കൊണ്ട് അധ്വാനിക്കുക എന്നതായിരുന്നു. ജോലി ചെയ്യാതെ ഇരിക്കാനുള്ള അധികാരമുണ്ടായിട്ടും അപ്പോസ്തോലനായ താൻ അവർക്കു മാതൃകയാകുവാൻ രാപകൽ വേല ചെയ്തു.
ഈ മാതൃക അനുസരിക്കുകയും തങ്ങളെ അനുകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന ദൈവവേലക്കാർ ഈ തലമുറയിൽ ഇല്ലാതെ ആയിരിക്കുന്നു.
അപ്പൊസ്തലന്മാരുടെ വിളിയും ശുശ്രൂഷയും പ്രാദേശിക സഭയിലെ മൂപ്പന്മാരുടെ വിളിയും ശുശ്രൂഷയും വ്യത്യസ്‍തമാണ് എന്ന് കണ്ടല്ലോ. എന്നാൽ ഇന്നുള്ള പല പാസ്റ്റർമാരും, പുരോഹിതന്മാരും അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും ബാധകമല്ലാത്ത വാക്യങ്ങളെ ദുരുപയോഗം ചെയ്തു വിശ്വാസികളുടെ പണം കൊണ്ട് അത്യാഡംബര ജീവിതം നയിക്കുന്നവരാണ്.
ദൈവവചനം അറിയാത്ത വിശ്വാസികൾ ഇത് മനസ്സിലാക്കുന്നില്ല. വിശ്വാസികൾ ഇത് മനസ്സിലാക്കിയാൽ തങ്ങളുടെ കച്ചവടം പൊളിയും എന്ന് അറിയാവുന്ന പാസ്റ്റർമാരും നേതാക്കളും തങ്ങളുടെ വീടും കാറും ആഡംബര ജീവിതവും നിലനിർത്തേണ്ടത് വിശ്വാസികളുടെ കടമയാണ് എന്ന് ദൈവവചനത്തെ ദുർവ്യാഖ്യാനം ചെയ്തു പഠിപ്പിക്കുന്നു.
ദൈവവചനത്തെ കുറിച്ചുള്ള അറിവില്ലായ്മ മാത്രമല്ല ജോലി ചെയ്യാതെ പെട്ടെന്നു പണമുണ്ടാക്കാനുള്ള പല 'വിശ്വാസി'കളുടെയും ദ്രവ്യാഗ്രഹവും ഈ അവസ്ഥയ്ക്ക് ഒരു വലിയ കാരണമാണ്. ഇത്തരക്കാർക്ക് ആഡംബര ജീവിതത്തിനു പണം കൊടുക്കുന്നവരെ ദൈവം ഭൗതികമായി അനുഗ്രഹിക്കും എന്നുള്ള തെറ്റിദ്ധാരണയിൽ ദ്രവ്യാഗ്രഹികളായ പലരും സാമ്പത്തിക അനുഗ്രഹം ലഭിക്കാൻ ഇവർക്ക് പണം കൊടുക്കുന്നു. ചുരുക്കത്തിൽ അതിബുദ്ധിമാന്മാരായ ദ്രവ്യദാസന്മാരായ നേതാക്കൾ വിഡ്ഢികളും ദ്രവ്യാഗ്രഹികളുമായ അണികളെ ചൂഷണം ചെയ്യുന്നു.
=============================================================
ചോദ്യം 3 . ലേവ്യപുരോഹിതന്മാർക്കു ജോലി ചെയ്യാതെ ജനത്തിൻ്റെ ദശാംശം കൊണ്ട് ഉപജീവിക്കുവാൻ അധികാരം ഉണ്ടായിരുന്നല്ലോ , അതിനാൽ ഇന്നുള്ള പാസ്റ്റർമാർക്കും ആ അധികാരം ഇല്ലേ ?
============================================================
ഉത്തരം : ജോലി ചെയ്യാതെ വിശ്വാസികളുടെ ചിലവിൽ മാത്രം ജീവിക്കുവാനുള്ള ന്യായമായി പലരും എടുക്കുന്നത് ലേവ്യ പുരോഹിതന്മാരുടെ ഉദാഹരണമാണ് എന്നാൽ ലേവ്യപൗരോഹിത്വവും അനുബന്ധ പൗരോഹിത്വ ശുശ്രൂഷകളും, ദശാംശ വ്യവസ്ഥി തിയും യേശുക്രിസ്തുവിൻ്റെ ക്രൂശുമരണത്തോടെ നീക്കപ്പെട്ടു. പുതിയനിയമസഭയുടെ മൂപ്പന്മാർ ലേവ്യപൗരോഹിത്വ ത്തിൻ്റെ പിന്തു ടർച്ചക്കാർ അല്ല
പഴയ നിയമത്തിലെ ലേവ്യ പുരോഹിതന്മാർക്ക് മറ്റുള്ള ഇസ്രായല്യരുടെ ദശാംശത്താലും, വഴിപാടിനാലും ജീവിക്കാനുള്ള അവകാശം ഉണ്ടായിരുന്നു. അവർക്കു ഭൂമി കൃഷി ചെയ്യാൻ ഇല്ലാത്തതിന് പകരമായി ബാക്കിയുള്ള എല്ലാ ഇസ്രായേല്യരും തങ്ങളുടെ തങ്ങളുടെ ലാഭത്തിന്‍റെ പത്തിലൊന്ന് (വിളകൾ അല്ലെങ്കിൽ മൃഗങ്ങൾ) ലേവ്യ പുരോഹിതന്മാരുടെ ജീവിതച്ചിലവിനും, ദേവാലയ ത്തിലെ പൗരോഹിത്വ ശുശ്രൂഷക്കുള്ള പ്രതിഫലമായും നൽകേണം എന്നുള്ളത് നിയമമായിരുന്നു
എന്നാൽ യേശുക്രിസ്തുവിൻ്റെ ക്രൂശുമരണത്തോടെ ഭൗതിക ദേവാലയത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു . അതോടൊപ്പം ലേവ്യ പൗരോഹിത്യവും അതിൻ്റെ ഭാഗമായ ദശാംശ രീതിയും നീക്കപ്പെട്ടു.ഇന്ന് വീണ്ടും ദൈവമക്കളുടെ കൂട്ടം ആയ ദൈവസഭ ആണ് ആത്മീക ദേവാലയം , അത് പോലെ വീണ്ടും ജനിച്ച എല്ലാ വിശ്വാസികളും ദൈവസഭയിൽ അവരവരുടെ ശുശ്രൂഷകൾ നിർവഹിക്കുന്ന പുരോഹിതന്മാർ ആണ്. അവരിൽ നിന്നും സഭാ പരിപാലനത്തിന് ദൈവത്താൽ നിയമിക്കപ്പെട്ടവർ ആണ് മൂപ്പന്മാർ.അല്ലാതെ മൂപ്പന്മാർക്കു മാത്രമായി പ്രത്യേക പൗരോഹിത്യം ഇല്ല.(എബ്രായർ 4:16; 8:11; 10:19;7:5, 12 1 പത്രോസ് 2: 5; വെളിപ്പാടു 1: 6, റോമർ 7: 4)
പഴയനിയമ പൗരോഹിത്യത്തിൻ്റെ പിൻതുടർച്ചയോ അത് പിന്തുടരുന്ന എപ്പിസ്കോപ്പൽ സഭകളിലെ ‘ശുശ്രൂഷാ പൗരോഹിത്യമോ’ ഇന്നുള്ളതു പോലെ സംഘടനകൾ നിയമിക്കുന്ന ഏകാംഗ പാസ്റ്റർ വ്യവസ്ഥിതിയോ ആദിമസഭയിൽ ഇല്ലായിരുന്നു.അതിനാൽ തന്നെ ദശാംശം വാങ്ങുവാനുള്ള അവകാശവും ഇന്ന് നിലനിൽക്കുന്നില്ല
===================================================================
ചോദ്യം 4 : ഒരു പ്രാദേശിക ദൈവസഭയിലെ ആത്മീകവും , ഭൗതികവുമായ എല്ലാ കാര്യത്തിനും ഉത്തരവാദിത്വം ഉള്ള വ്യക്തി എന്ന നിലയിൽ ഒരു പാസ്റ്റർക്കു ശുശ്രൂഷയോടൊപ്പം ഭൗതിക ജോലി ചെയ്യാൻ സാധ്യമാണോ ?
===================================================================
ഉത്തരം :ഒരു പ്രാദേശിക ദൈവസഭയിലെ ആത്മീകവും , ഭൗതികവുമായ എല്ലാ കാര്യത്തിനും ഉത്തരവാദിത്വം സഭയുടെ മൂപ്പനു മാത്രമല്ല . ആദിമ സഭയുടെ ഘടനയും പ്രവർത്തനരീതിയും എങ്ങനെയായിരുന്നു എന്നറിയാത്തതിനാൽ ഉയരുന്ന ഒരു ചോദ്യം ആണ് ഇത് .
ആദിമസഭയിൽ ഏറ്റവും ചുരുങ്ങിയത് രണ്ടു പേർ എങ്കിലും ഓരോ പ്രാദേശികസഭകളിലും അജപാലനത്തിനു മൂപ്പന്മാരായി ഉണ്ടായിരുന്നു.അവര്‍ ഉത്തരവാദിത്വങ്ങൾ പങ്കു വച്ചിരുന്നു. അതു പോലെ വിവിധ കൃപാവര പ്രാപ്തരായ ഒന്നില ധികം ശുശ്രൂഷകൻമാരും ഓരോ സഭയിലുമുണ്ടായിരുന്നു. അതിനാൽ സഭയിലെ എല്ലാ കാര്യങ്ങളും, ആത്മീയവും ഭൗതികവുമായ എല്ലാ ശുശ്രൂഷയും ഒരേയൊരു പാസ്റ്ററുടെയോ പുരോഹിതൻ്റെയോ മാത്രം ചുമതലയിലായിരുന്നില്ല
ഇന്നുള്ള സഭകളില്‍ എല്ലാ ആത്മീയ ശുശ്രൂഷകളും പാസ്റ്റർ അഥവാ പുരോഹിതൻ എന്ന ഏക വ്യക്തി തന്നെയാണ് ചെയ്യുന്നത്. സഭായോഗം പ്രാര്‍ത്ഥിച്ചു തുടങ്ങുന്നത് മുതൽ വചനശുശ്രൂഷ ഉൾപ്പെടെ ആശീർവാദം വരെ എല്ലാ ആത്മീയ ശുശ്രൂഷകളും ഇദ്ദേഹം തന്നെ ആണ് ചെയ്യുന്നത്.
ഇതു മാത്രമല്ല വചനത്തിൽ ഇല്ലാത്ത ഭൗതിക ശുശ്രൂഷകൾ - ഉദാഹരണത്തിന് വീടിന് കുറ്റിയടിക്കൽ, കട്ടിളവെപ്പ്, ഉദ്ഘാടനം, ശിശു പ്രതിഷ്ഠ, വാഹന പ്രതിഷ്ഠ, ഭവന പ്രതിഷ്ഠ, വിവാഹം, സംസ്കാരം എന്നുവേണ്ട വിശ്വാസികളുടെ ജീവിതത്തിലെ സമസ്ത മേഖലകളിലും നടക്കുന്ന ചെറുതും വലുതുമായ എല്ലാ ആത്മീയ ഭൗതിക ശുശ്രൂഷകളും നടത്തുവാൻ അധികാരപ്പെട്ടവർ ഇവർ മാത്രമാണ്.
എന്നാല്‍ ആദിമ സഭയില്‍ അങ്ങനെ ആയിരുന്നില്ല. സഭ ഒരു ശരീരം പോലെ കൂട്ടായി പ്രവർത്തിക്കുകയും, രാജകീയ പുരോഹിതന്മാരായ എല്ലാവരും ശുശ്രൂഷകൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതിൻ്റെ മേൽനോട്ടം ആയിരുന്നു മൂപ്പന്മാരുടെ പ്രധാന ചുമതല. പുതിയ നിയമ ദൈവസഭയിലെ ശുശ്രൂഷകൾ ഒന്നും തന്നെ ഒരു പക്ഷത്തുനിന്ന് മാത്രം നിർവഹിക്കപ്പെടുന്ന വൺവേ സമ്പ്രദായം അല്ല മറിച്ച് അന്യോന്യം നിർവഹിക്കപ്പെടുന്നതാണ്. ഈ യാഥാർത്ഥ്യം ആണ് അപ്പൊസ്തലനായ പത്രോസ് ലേഖനത്തിൽ കൂടി നമ്മെ ഓർമ്മപ്പെടുത്തുന്നത്.
ഓരോരുത്തനു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ട് അന്യോന്യം ശുശ്രൂഷിപ്പിൻ. (1പത്രോസ് 4: 10 11)
ഈ കാരണങ്ങളാൽ പ്രാദേശിക സഭയിൽ മാത്രം ഒതുങ്ങുന്ന ശുശ്രൂഷ ചെയ്യുന്ന മൂപ്പന്മാരും, ശുശ്രൂഷകൻമാരും സഭയിലെ ചുമതലകൾ വഹിക്കുന്നതിനോടൊപ്പം ഭൗതിക ജോലിയും ചെയ്യുക എന്നത് ദൈവവചനാനുസൃതവും അപ്പോസ്തലന്മാർ അവർക്ക് കൊടുത്ത മാതൃകയും പ്രായോഗികവും ആകുന്നു