ഹെബ്രായ ലേഖന പഠനം അദ്ധ്യായം 5 യേശുക്രിസ്തു: കഷ്ടാനുഭവങ്ങളിലും, അനുസരണത്തിലും പരിപൂര്‍ണ്ണന്‍
ഹെബ്രായ ലേഖന പഠനം അദ്ധ്യായം 5
യേശുക്രിസ്തു: കഷ്ടാനുഭവങ്ങളിലും, അനുസരണത്തിലും പരിപൂര്‍ണ്ണന്‍ ആയിതീര്‍ന്ന മഹാപുരോഹിതൻ
അദ്ധ്യായം 5 എന്നത് 4-ാം അദ്ധ്യായത്തിലെ അതേ വിഷയത്തിന്‍റെ തുടർച്ചയാണ്; എബ്രായ ലേഖനത്തിലെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടുള്ളതും, തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളതുമായ ഒരു ആയ അധ്യായമാണ് ഇത്. ഈ അധ്യായം മുതല്‍ ലേഖകന്‍ കട്ടിയായ അഹാരത്തിലേക്ക്, അഥവാ ആദ്യപാഠങ്ങങ്ങളില്‍ നിന്നും പരിജ്ഞാന പൂര്‍ത്തിയിലേക്ക് കടക്കുന്ന വിഷയങ്ങള്‍ വിവരിക്കുകയാണ്. അതുകൊണ്ട് നമുക്ക് ഈ അധ്യായം ശ്രദ്ധാപൂർവം പരിശോധിക്കാം.
വാക്യം 1മനുഷ്യരുടെ ഇടയില്‍നിന്ന് എടുക്കുന്ന ഏതു മഹാപുരോഹിതനും
പാപങ്ങള്‍ക്കായി വഴിപാടും യാഗവും അര്‍പ്പിപ്പാന്‍ ദൈവകാര്യത്തില്‍
മനുഷ്യര്‍ക്കുവേണ്ടി നിയമിക്കപ്പെടുന്നു
ഇവിടെ എഴുത്തുകാരൻ; മനുഷ്യരിൽ നിന്നും തിരഞ്ഞെടുക്കുന്ന മഹാപുരോഹിതന്‍റെയും (ലേവ്യാപുരോഹിതന്മാരുടെയും) ദൈവത്താൽ നിയോഗിക്കപ്പെട്ട നിത്യപുരോഹിതന്‍റെയും തമ്മിലുള്ള സാമ്യതയാണ് വിശദീകരിക്കുന്നത്.തുടര്‍ന്നുള്ള വാക്യങ്ങളില്‍ ഇവര്‍ തമ്മിലുള്ള വ്യത്യാസവും വിവരിക്കുന്നു.
വാക്യം 2, 3 താനും ബലഹീനത പൂണ്ടവനാകയാല്‍ അറിവില്ലാത്തവരോടും വഴി
തെറ്റിപ്പോകുന്നവരോടും സഹതാപം കാണിപ്പാന്‍ കഴിയുന്നവനും ബലഹീനതനിമിത്തം
ജനത്തിനുവേണ്ടി എന്നപോലെ തനിക്കു വേണ്ടിയും പാപയാഗം അര്‍പ്പിക്കേണ്ടവന്‍ ആകുന്നു.
ലേവ്യ പുരോഹിതന്മാർക്കു പാപികളോടുകൂടെ സൌമ്യതയോടെ ഇടപെടുവാനും സഹതാപം കാണിക്കുവാനും കഴിയും കഴിയും, അതിനു കാരണം താനും പാപം ഉള്ളവനാണ് എന്നതാണ്. തനിക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതും വണ്ണം ബലഹീനതകൾക്ക് അവർ വിധേയരായിരുന്നു .അതുകൊണ്ട് തന്നെ അവൻ ജനത്തിനു വേണ്ടിയും തനിക്കുവേണ്ടിയും പാപങ്ങൾക്കായി യാഗങ്ങൾ അർപ്പിക്കേണ്ടതാണ്.
മുന്‍ അധ്യായത്തില്‍ നാം കണ്ടത് പോലെ യേശുക്രിസ്തുവും സകലത്തിലും പരീക്ഷിക്കപ്പെട്ടതിനാല്‍ നമ്മോടു സഹതാപം കാണിക്കുവാന്‍ കഴിയും എന്നാല്‍ പഴയ നിയമ പുരോഹിതന്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്‍തനായി നമ്മുടെ മഹാപുരോഹിതനായ ക്രിസ്തുവിനു തനിക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ട ആവശ്യം ഇല്ലായിരുന്നു കാരണം അവൻ എല്ലാ വിധത്തിലും പാപമില്ലാത്തവനും പരിപൂർണ്ണതയുള്ളവനു മായിരുന്നു.
അതുകൊണ്ടാണ് പുതിയ ഉടമ്പടി പഴയതിനേക്കാൾ എല്ലാ വിധത്തിലും ഏറ്റവും മികവുറ്റതകുന്നത് . നമുക്ക് വേണ്ടി മധ്യസ്ഥനായി സ്വർഗത്തിൽ ഉള്ളത് സകലത്തിലും നമുക്ക് തുല്യം പരീക്ഷിക്കപ്പെട്ടു എങ്കിലും പാപമില്ലാത്തവനായ തികഞ്ഞവനായ, പരിപൂർണ്ണതയുള്ളവനായ മഹാപുരോഹിതനാണ്.
വാക്യം 4 എന്നാല്‍ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവേ എടുക്കുന്നില്ല
മഹാപുരോഹിത ശുശ്രൂഷ, ദൈവം നൽകുന്ന നിയമനമാണ്. ലേവ്യ പുരോഹിതന്മാർക്ക് പോലും ദൈവദത്ത നിയമനം വഴി മാത്രമേ ചെയ്യാൻ പുരോഹിതൻ ആകുവാൻ കഴിയുമായിരുന്നുള്ളൂ. ലേവ്യ ക്രമത്തിലെ ആദ്യ പുരോഹിതനായ അഹരോനും അങ്ങനെ നിയമിതന്‍ ആയതാണ്.
വാക്യം 5 അവ്വണ്ണം ക്രിസ്തുവും മഹാപുരോഹിതന്‍ ആകുവാനുള്ള മഹത്ത്വം സ്വതവേ എടുത്തിട്ടില്ല;
“നീ എന്‍റെ പുത്രന്‍; ഇന്ന് ഞാന്‍ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്ന് അവനോട് അരുളിച്ചെയ്തവന്‍ അവനു
കൊടുത്തതത്രേ
അത് പോലെ തന്നെ മഹാപുരോഹിതന്‍റെ സ്ഥാനത്തേക്ക് യേശു തന്നെത്തന്നെ ഉയർത്തിയതല്ല. ആ സ്ഥാനം ഏറ്റെടുക്കുവാൻ കഴിയുമായിരുന്ന, അതിനു യോഗ്യതയുള്ള ഒരേയൊരു വ്യക്തി താൻ മാത്രം ആയിരുന്നുവെങ്കിലും, ക്രിസ്തു ആ മഹത്വം സ്വതവേ എടുത്തതല്ല, ദൈവം അവനു ആ മഹത്ത്വം നൽകിയതാണ് എന്ന് ലേഖകൻ വ്യക്തമാക്കുന്നു.
മഹാപുരോഹിതനായി യേശുക്രിസ്തുവിനെ ഉറപ്പിച്ചു കൊണ്ടുള്ള ദൈവീക പ്രഖ്യാപനമാണ് “നീ എന്‍റെ പുത്രന്‍; ഇന്ന് ഞാന്‍ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്ന വാക്യം.
നാം ഒന്നാം അധ്യായത്തിൽ കണ്ടതുപോലെ; ഈ പ്രഖ്യാപനം , പഴയ നിയമ പിതാക്കന്മാർക്കു ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തെക്കുറിച്ചു ദൈവം നൽകിയ വാഗ്ദാനം നിറവേറ്റപ്പെടുന്നതാണ് എന്ന് നമുക്ക് കാണാം ( പ്രവൃത്തികൾ 13:32, 33).
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് ; യഹോവ സാക്ഷികൾ പഠിപ്പിക്കുന്നതുപോലെ ഇത് നിത്യതയിൽ യേശു ജനിച്ചതിനെക്കുറിച്ചു പറയുന്നതല്ല ; ആ ഉപദേശത്തിന് തിരുവെഴുത്തിൽ ഒരു അടിസ്ഥാനവുമില്ല.മാത്രമല്ല, "ഇന്ന്" എന്ന വാക്ക് നിത്യതയല്ല, സമയത്തെ കാണിക്കുന്നതാണ്.
യേശുവിന്‍റെ മരണത്തിൽ നിന്നുള്ള പുനരുത്ഥാനത്തെയാണ് " ജനിപ്പിച്ചിരിക്കുന്നു " എന്ന് ഇവിടെ പരാമർശിക്കുന്നത്, അതുകൊണ്ടാണ് യേശുവിനെ മരിച്ചവരിൽ നിന്ന് ആദ്യജാതൻ എന്ന് വിളിച്ചിരിക്കുന്നത് (വെളിപ്പാട് 1: 5).
മരിച്ചവരിൽ നിന്ന് ആദ്യമായി ജനിച്ചവൻ എന്ന നിലയിൽ, അവൻ മരണത്തിൽനിന്ന് ഉയർപ്പിക്കപ്പെട്ട വിശ്വാസികളുടെ , തന്‍റെ ശരീരമായ,സഭയുടെ ശരീരത്തിന്‍റെ ശിരസ്സായിത്തീർന്നു എന്നും ദൈവവചനം വ്യക്തമാക്കുന്നു . (കൊലൊസ്സ്യർ 1:18, എഫെസ്യർ 2: 1)
വാക്യം 6 അങ്ങനെ മറ്റൊരേടത്തും: “നീ മല്ക്കീസേദെക്കിന്‍റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതന്‍”
എന്നു പറയുന്നു.
പുതിയ നിയമത്തില്‍ ഏറ്റവും അധികം അവര്‍ത്തിക്കപ്പെടുന്ന; യേശുക്രിസ്തുവിനെ മഹാ പുരോഹിതനായി അവതരിപ്പിക്കുന്ന മറ്റൊരു പഴയ നിയമ ഉദ്ധരണിയാണ് ഈ വാക്യവും.
ദൈവം യേശുക്രിസ്തുവിനെ നമ്മുടെ മഹാപുരോഹിതനായി പ്രഖ്യാപിച്ചു എന്ന് മാത്രമല്ല, മൽക്കീസേദക്കിന്‍റെ ക്രമപ്രകാരം ഉള്ള ‘എന്നേക്കും ഒരു പുരോഹിതന്‍’ എന്ന സ്ഥാനവും നൽകി എന്ന് ഈ വാക്യം വ്യക്തമാക്കുന്നു.
( മൽക്കീസേദക്കിന്‍റെ ക്രമപ്രകാരം ഉള്ള പൌരോഹിത്വതിന്‍റെ പ്രത്യേകതകള്‍ വിശദമായി അടുത്ത അധ്യായങ്ങളില്‍ ലേഖകന്‍ വിവരിക്കുന്നു )
ഇതും ക്രിസ്തുവിന്‍റെ പുനരുത്ഥാനവുമായി ബന്ധപ്പെട്ടു നിറവേറ്റപ്പെടുന്ന മറ്റൊരു പ്രവചനം ആണ്. 110 ആം സങ്കീർത്തനത്തിലെ നാലാം വാക്യം ആണ് ലേഖകന്‍ ഇവിടെ ഉദ്ധരിക്കുന്നത്. തന്‍റെ മരണത്തിലൂടെ പാപപരിഹാരം വരുത്തിയശേഷം ഉയിർത്തെഴുന്നേറ്റു വലത്തുഭാഗത്ത് ഇരിക്കുന്ന പുത്രനോട് പിതാവ് പറയുന്ന വാക്യമാണ് ഇത്.
110 ആം സങ്കീർത്തനത്തിലെ ഒന്നാം വാക്യം പുതിയ നിയമത്തിൽ ഉടനീളം ഉദ്ധരിച്ചിട്ടുണ്ട്. എങ്കിലും, നാലാം വാക്യം ഹെബ്രായ ലേഖനത്തിൽ മാത്രമാണ് ഉദ്ധരിച്ചിട്ടുള്ളതും വ്യാഖ്യാനിച്ചിട്ടുള്ളതും.
ആ വാക്യത്തിന്‍റെ പടിപടിയായുള്ള വിശദീകരണത്തിലൂടെയാണ് ലേഖനം പുരോഗമിക്കുന്നത്. മാത്രമല്ല ലേഖനത്തിലെ ഏഴാം അധ്യായത്തിലെ മൽക്കീസേദക്കിന്‍റെ ക്രമപ്രകാരം ഉള്ള പൌരോഹിത്വത്തിന്‍റെ വിശദീകരണം പൂർണ്ണമായും 110 ആം സങ്കീർത്തനത്തിലെ 4 ആം വാക്യത്തിന്‍റെ വ്യാഖ്യാനമാണ്
തന്‍റെ മരണ പുനരുദ്ധാനങ്ങളിൽ കൂടി യേശുക്രിസ്തു മഹാപുരോഹിത ശുശ്രൂഷ ആരംഭിച്ചതായി ഈ വാക്യങ്ങൾ വ്യക്തമായി തെളിയിക്കുന്നു.
വാക്യം 7 ക്രിസ്തു ഈ ലോകത്തിൽ ജീവിച്ചിരുന്ന കാലത്ത് തന്നെ മരണത്തിൽനിന്നു രക്ഷിക്കാൻ കഴിയുന്നവനോട്
ഉച്ചത്തിലുള്ള നിലവിളിയോടും കണ്ണുനീരോടുംകൂടെ പ്രാർത്ഥനയും, അഭയയാചനയും നടത്തുകയും ചെയ്തു
എബ്രായ ലേഖനത്തിലെ ഏറ്റവും വിവാദപരമായ വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുള്ള ആയ ഒരു വാക്യം ഇതാണ്. എന്നാൽ ഈ ലേഖനത്തിന്‍റെ പശ്ചാത്തലവും ലേഖകൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യവും മനസ്സിലാക്കിയാൽ ലേഖകന്‍ എഴുതുന്നത് എന്താണ് എന്ന് നമുക്ക് മനസിലാക്കാം.
ഈ വാക്യത്തെക്കുറിച്ച് വ്യത്യസ്തമായ വിശദീകരണങ്ങൾ ഉണ്ട്. അതിനാൽ നമുക്ക് ശ്രദ്ധാപൂർവ്വം വിവിധ വ്യാഖ്യാനങ്ങളെ പരിശോധിക്കുകയും അതിൽ തിരുവെഴുത്തിനോട് ഏറ്റവും യോജിക്കുന്ന വ്യാഖ്യാനം എന്താണ് എന്ന് മനസ്സിലാക്കുകയും ചെയ്യാം.
ഒരു വ്യാഖ്യാനം ഇങ്ങനെയാണ് ; ഈ വാക്യം തന്നെ മരണത്തിൽ നിന്നും രക്ഷിക്കാൻ യേശു പ്രാർഥിക്കുകയല്ല. പകരം തന്നില്‍ വിശ്വസിക്കനുള്ളവര്‍ക്ക് വേണ്ടി , അവരുടെ പകരക്കാരനായി താൻ കഴിക്കുന്ന മഹാപുരോഹിത ശുശ്രൂഷാണ് ഇത് എന്നതാണ്.
ഈ വ്യാഖ്യാനം വചന വിരുദ്ധവും പ്രഥമ ദൃഷ്ടിയില്‍ തന്നെ തള്ളിക്കളയാവുന്നതുമാണ്. കാരണം ഈ വാക്യം വ്യക്തമായിതന്നെ യേശു മരണത്തിൽ നിന്ന് തന്നെ രക്ഷിക്കാൻ കഴിയുന്ന ദൈവത്തോട് പ്രാർത്ഥിച്ചു എന്ന് പറയുന്നു. അതുകൊണ്ട് ഈ വാക്യത്തിലെ പ്രാർത്ഥന യേശുവിനെ പറ്റിയല്ല എന്ന വ്യാഖ്യാനം ഈ വാക്യത്തിന് നേരിട്ട് തന്നെ വിരുദ്ധമാണ്.
മാത്രമല്ല, ഇത് യേശു മഹാപുരോഹിതൻ എന്ന നിലയിൽ സ്വര്‍ഗത്തില്‍ നിർവ്വഹിക്കുന്ന മദ്ധ്യസ്ഥ പ്രാർഥനയല്ല . മറിച്ചു ഭൂമിയിൽ ആയിരുന്നപ്പോൾ യേശുവിന്‍റെ വ്യക്തിപരമായ പ്രാർഥനയായിരുന്നു എന്ന് എന്നത് വ്യക്തമാണ്.
ഇത് യേശുവിന്‍റെ തന്നെക്കുറിച്ചുള്ള പ്രാർഥന തന്നെയാണ് എന്ന് ഈ വാക്യത്തിൽ തന്നെ വ്യക്തമാകുന്നതിനാൽ ഈ സംഭവം എബ്രായ എഴുത്തുകാരൻ എന്തിനെക്കുറിച്ചാണ് പറയുന്നത് എന്ന് നാം കൂടുതലായി പരിശോധിക്കേണ്ടതുണ്ട്.
ഈ വാക്യത്തെക്കുറിച്ചുള്ള മറ്റൊരു വ്യാഖ്യാനം "തന്‍റെ ഐഹികജീവകാലത്തു, അഥവാ ലോകത്തിൽ ജീവിച്ചിരുന്ന കാലത്ത് " എന്ന് പരാമർശിക്കപ്പെട്ടിട്ടുള്ളതിനാൽ, ഈ വാക്യം യേശുക്രിസ്‌തുവിന്‍റെ ജീവിതകാലം മുഴുവൻ ഉള്ള, പാപത്തോടുള്ള പോരാട്ടത്തെ, പാപത്താൽ ആത്മീക മരണം സംഭവിക്കാതെയിരിക്കുവാനുള്ള പ്രാർത്ഥനയെ പരാമർശിക്കുന്നതാണ് എന്നതാണ്.
യേശുക്രിസ്തു ജീവിതത്തില്‍ ഉടനീളം ഉച്ചത്തിലുള്ള നിലവിളിയോടും കണ്ണുനീരോടും കൂടെ പ്രാർത്ഥനയും, അഭയയാചനയും ദൈവത്തോട് കഴിച്ചു എന്നത് ശരിയായിരിക്കാം. എന്നാല്‍ ഈ വാക്യം അതിനെക്കുറിച്ച് പറയുന്നത് അവാൻ സാധ്യതയില്ല, തന്‍റെ ഐഹികജീവകാലത്തു (In the days of His flesh) എന്നതിന് താൻ ഭൂമിയിൽ ജീവിച്ചിരുന്ന എല്ലാ ദിവസവും എന്ന് അർത്ഥമില്ല, തന്‍റെ ജീവിതകാലത്തെ ഏതെങ്കിലും സംഭവത്തെ പിന്നീട് പറയുമ്പോഴും പറയുമ്പോഴും അങ്ങനെ പറയാവുന്നതാണ്. (ഉൽപത്തി 14: 1, 26: 1, 30:14 എന്നിവയിൽ സമാനമായ പദപ്രയോഗങ്ങൾ ശ്രദ്ധിക്കുക).
മാത്രമല്ല ഇവിടെ ലേഖകന്‍ പറയാന്‍ ശ്രമിക്കുന്നത് യേശുക്രിസ്തുവിന്‍റെ കഷ്ടാനുഭവങ്ങളിലൂടെയും അനുസരണത്തിന്‍റെ പൂര്‍ണ്ണതയിലും കൂടെയുള്ള മഹാ പൌരോഹിത്വവുമായി ബന്ധമുള്ള വിഷയങ്ങളാണ്.
നാം തിരുവെഴുത്തുകൾ തിരുവെഴുത്തോപയോഗിച്ച് താരതമ്യം ചെയ്തു പരിശോധിക്കുകയാണ് എങ്കിൽ;ഇവിടെ പ്രത്യേകമായി പരാമർശിക്കുന്ന യേശുവിന്‍റെ പ്രാർത്ഥനയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള കാര്യങ്ങൾ (പ്രാർത്ഥന,ഉറച്ച നിലവിളി, കണ്ണുനീർ,അപേക്ഷ, അഭയയാചന) കൃത്യമായി നാം കാണുന്നത് ഗത്സമനയിലെ യേശുവിന്‍റെ പ്രാർത്ഥനയിലാണ്.
മർക്കൊസ് 14: 33 പിന്നെ അവന്‍ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി: എന്‍റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാര്‍ത്ത് ഉണര്‍ന്നിരിപ്പിന്‍ എന്ന് അവരോടു പറഞ്ഞു. പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു; കഴിയും എങ്കില്‍ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാര്‍ഥിച്ചു: അബ്ബാ, പിതാവേ, നിനക്ക് എല്ലാം കഴിയും; ഈ പാനപാത്രം എങ്കല്‍നിന്നു നീക്കേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു. അവന്‍ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാര്‍ഥിച്ചു
മത്തായി 26: 44 അവരെ വിട്ടു മൂന്നാമതും പോയി ആ വചനംതന്നെ ചൊല്ലി പ്രാര്‍ഥിച്ചു
ലൂക്കോസ് 26: 44 പിന്നെ അവന്‍ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാര്‍ഥിച്ചു; അവന്‍റെ വിയര്‍പ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.
ഈ വാക്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമുക്ക് മനസ്സിലാക്കാവുന്നതു, യേശുക്രിസ്തു ഉറച്ച നിലവിളിയോടെയും, കണ്ണുനീരോടെയും പ്രാർഥിച്ചത് മനുഷ്യവർഗ്ഗത്തിന്‍റെ പാപം എന്ന പാനപാത്രം ഏറ്റെടുക്കുവാൻ പോകുന്ന സാഹചര്യത്തിലാണ്. ആ പാനപാത്രത്തിൽ, നമുക്ക് വേണ്ടി പാപമാക്കപ്പെടുമ്പോൾ, പാപത്തിന്‍റെ ശമ്പളമായ മരണം ഉൾപ്പെട്ടിരുന്നു.
യേശുക്രിസ്തുവിന്‍റെ കഷ്ടനുഭവങ്ങള്‍ ക്രൂശിലെ ശാരീരിക കഷ്ടതെക്കാളും, ശാരീരിക മരണത്തെക്കാളും എല്ലാം കവിയുന്നതാണ്. യേശു കഴിയുമെങ്കിൽ ഒഴിവാക്കുവാൻ ആവശ്യപ്പെടുന്ന പാനപാത്രം , പ്രധാനമായും മനുഷ്യവർഗ്ഗത്തിന്‍റെ പാപം ഏറ്റെടുത്തു പാപമായിത്തീരുമ്പോൾ ഉണ്ടാകുന്ന പിതാവുമായുള്ള വേർപാട് ആണ്.
പലരും ചിന്തിക്കന്നതുപോലെ ക്രൂശിലെ ശാരീരിക പീഡകളെയും ശാരീരിക മരണത്തെയും മാത്രം ഓര്‍ത്തിട്ടല്ല, യേശുക്രിസ്തു വിയര്‍പ്പു രക്തമാകും വണ്ണം ഹൃദയവേദനയോടെ പ്രാര്‍ഥിച്ചതും, മൂന്ന് വട്ടം പിതാവിനോട് കഴിയുമെങ്കില്‍ ഈ പാനപാത്രം നീക്കിതരേണമേ എന്ന് അപേക്ഷിച്ചതും.
ദൈവത്തോടുള്ള കൂട്ടായ്മയില്‍ നിന്നുമുള്ള വേര്‍പാട് ഒഴിവാക്കാന്‍ കഴിയുമോ എന്നാണ് കര്‍ത്താവു ചോദിച്ചത്.പക്ഷെ ആ പാനപാത്രം താന്‍ ഏറ്റെടുത്തില്ല എങ്കിൽ ദൈവവുമായി നിത്യമായി വേര്‍പെടാന്‍ പോകുന്ന എന്നെയും നിങ്ങളെയും ഓര്‍ത്തു കൊണ്ടാണ് കര്‍ത്താവു ആ പാനപാത്രം, ദൈവീക ശിക്ഷാവിധി നമുക്ക് വേണ്ടി വേദനയോടെ ഏറ്റെടുത്തത്. അത് കൊണ്ടാണ് ഇന്ന് ക്രിസ്തുയേശുവിലുള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ലാത്തതു ( റോമര്‍ 8:3).
മനുഷ്യവർഗ്ഗത്തിന്‍റെ വീണ്ടെടുപ്പിനായി യേശു നൽകിയ വിലയില്‍ തീർച്ചയായും തന്‍റെ ശാരീരിക പീഡനങ്ങളും ശാരീരിക മരണവും ഉള്‍പ്പെട്ടിരുന്നു എങ്കിലും ആ വില കേവലം ശാരീരിക പീഡനങ്ങളേക്കാളും ശാരീരിക മരണത്തേക്കാളും വളരെ ഉയർന്നതാണ്. അതിനാലാണ് നമ്മെ വീണ്ടെടുത്തിരിക്കുന്നത്, പൊന്ന്, വെള്ളി, മുതലായ നശിച്ചുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്‍റെ വിലയേറിയ രക്തം കൊണ്ടത്രേ എന്ന് പത്രോസ് പറയുന്നത് (1 പത്രോ 1:18).
നമുക്ക് വേണ്ടി പാപമായപ്പോൾ കത്താവ് ഏറ്റവും വിലമതിച്ചിരുന്ന പിതാവിന്‍റെ സാന്നിധ്യത്തിൽ നിന്നും ക്രിസ്തു കൈവിടപ്പെട്ടു. നാം നീതിമാനായിത്തീരേണ്ടതിന് അവൻ അക്ഷരാർത്ഥത്തിൽ നമുക്ക് വേണ്ടി പാപമായിത്തീർന്നു (2 കൊരി. 5:21), നാം അനുഗ്രഹിക്കപ്പെട്ടവര്‍ ആകേണ്ടതിനു ക്രിസ്തു ക്രൂശില്‍ ശാപമായിത്തീർന്നു ( ഗലാത്യര്‍ 3:13) . നാം സ്വര്‍ഗത്തിലെ സകല ആത്മീയ സമ്പത്തിനാലും സമ്പന്നര്‍ ആകേണ്ടതിനു ക്രിസ്തു ദരിദ്രന്‍ ആയിത്തീര്‍ന്നു (2 കൊരിന്ത്യര്‍ 8:9) .നമ്മെ ദൈവത്തോട് അടുപ്പിക്കുവാന്‍ പുത്രന്‍ പിതാവിനാല്‍ കൈവിടപ്പെട്ടു.
വാക്യം 7 ദൈവത്തോടുള്ള ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കുകയും ചെയ്തു
എന്നാൽ യേശുവിന്‍റെ പ്രാത്ഥനക്കു ഉത്തരം ലഭിച്ചു എന്ന് വാക്യം ഒരു പക്ഷെ സംശയമുളവാക്കാം, ആ സംശയത്തിന് കാരണം പ്രാർത്ഥനയുടെ ഉത്തരത്തെ സംബന്ധിച്ചുള്ള നമ്മുടെ പൊതുവായ തെറ്റിദ്ധാരണയാണ്. പ്രാർഥനയ്ക്കുള്ള ഉത്തരം എന്നത് എല്ലായ്പ്പോഴും അനുകൂലം ആകണം എന്നില്ല എന്ന് നാം മനസ്സിലാക്കണം.
യേശുവിനെപ്പോലെ തന്നെ പൗലോസും മൂന്നു പ്രാവശ്യം ഒരേ കാര്യത്തിന് വേണ്ടി പ്രാർത്ഥിച്ചു, എന്നാൽ ദൈവത്തിന്‍റെ ഉത്തരം " എന്‍റെ കൃപ നിനക്ക് മതി" എന്നതായിരുന്നു. അതിനാൽ തന്നെ പരിശോധനയെ അതിജീവിക്കുവാൻ സഹായിക്കുന്ന ദൈവകൃപ പ്രാർഥനയ്ക്കുള്ള ഉത്തരമാണ്.
തന്‍റെ പ്രാർഥനയ്ക്കുള്ള ഉത്തരമായി ദൈവം ദൂതനെ അയച്ചു യേശുവിനെ ശക്തിപ്പെടുത്തിയതായി നാം കാണുന്നു.
ലൂക്കോസ് 26: 43 അവൻ മുട്ടുകുത്തി പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ: പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്‍റെ ഇഷ്ടമല്ല നിന്‍റെ ഇഷ്ടംതന്നെയാകട്ടെ എന്നു പ്രാർത്ഥിച്ചു. സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി അവനെ ശക്തിപ്പെടുത്തുകയും ചെയ്തു.
അതുകൊണ്ട്, ഈ വാക്യത്തിൽ എബ്രായർ എഴുത്തുകാരൻ ഉയർത്തിക്കാട്ടുന്ന സംഭവം യേശുവിന്‍റെ ഐഹിക ജീവിതകാലത്തെ ഗത്സമനയിലെ പ്രാർത്ഥനയാണ് എന്നതാണ് തിരുവെഴുത്തിനോട് ഏറ്റവും ചേർന്ന് നിൽക്കുന്ന വ്യാഖ്യാനം എന്ന് നമുക്ക് മനസ്സിലാക്കാം.
വാക്യം 8 താൻ ദൈവപുത്രൻ ആണെങ്കിലും, കഷ്ടാനുഭവങ്ങളിലൂടെ അനുസരണം പഠിച്ച് പരിപൂർണ്ണനായി,
തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണവുമായിത്തീർന്നു മൽക്കീസേദെക്കിനെ പോലെയുള്ള
മഹാപുരോഹിതൻ എന്ന് ദൈവത്താൽ നാമകരണം ചെയ്യപ്പെട്ടും ഇരിക്കുന്നു.
ഈ വാക്യത്തിൽ ഹെബ്രായ ലേഖകൻ വ്യക്തമാക്കുന്നത് യേശുക്രിസ്തു ദൈവപുത്രൻ ആണെങ്കിലും അവൻ കഷ്ടാനുഭവങ്ങളിലൂടെ അനുസരണം പഠിച്ച് പരിപൂർണ്ണനായതിലൂടെയാണ് മൽക്കീസേദെക്കിനെ പോലെയുള്ള മഹാപുരോഹിതൻ എന്ന് ദൈവത്താൽ നാമകരണം ചെയ്യപ്പെട്ടതു എന്നതാണ്.
അതായതു ക്രിസ്തു ഈ ഭൂമിയിൽ പൂർത്തീകരിക്കേണ്ട കഷ്ടതയും തികക്കേണ്ട അനുസരണവും പൂർത്തിയാക്കിയതിലൂടെ, തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതൻ ആകുകയും, മഹാപുരോഹിതനായി നിയമിക്കപ്പെടുകയും ആയിരുന്നു എന്നാണ് ലേഖകൻ സമർത്ഥിക്കുന്നത്. ക്രിസ്തുവിന്‍റെ അനുസരണം പൂർണ്ണമായതു അവന്‍റെ മരണത്തിൽ ആണ് എന്ന് ദൈവവചനം പറയുന്നു. (ഫിലിപ്പിയർ 2: 6-11).
യേശുക്രിസ്തുവിന്‍റെ മരണ സമയത്തെ സംഭവങ്ങളുടെ ഏകദേശ രൂപം ഇങ്ങനെയാണ്.
മത്തായി 27: 45 ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി. ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.
യോഹന്നാന്‍ 19: 28 അതിന്‍റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ട്..... യേശു പുളിച്ച വീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായിച്ച് ആത്മാവിനെ ഏല്പിച്ചുകൊടുത്തു.
മത്തായി 27:50,51 യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. അപ്പോൾ മന്ദിരത്തിലെ തിരശ്ശില മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി;
ഇതില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്, യേശുക്രിസ്തു ലോകത്തിന്‍റെ പാപം ഏറ്റെടുത്തപ്പോള്‍ , അവന്‍ ദൈവത്തോടുള്ള കൂട്ടായ്മയില്‍ നിന്നും കൈവിടപ്പെടുകയും, തന്‍റെ ആത്മാവിനെ പിതാവിന്‍റെ കൈയ്യില്‍ ഏല്‍പ്പിക്കുകയും, പ്രാണനെ വിട്ടു ശാരീരികമായി മരണം വരിക്കുകയും ചെയ്തു , അങ്ങനെ അവൻ സകലവും നിവർത്തിച്ചപ്പോള്‍ മന്ദിരത്തിലെ തിരശ്ശില മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി.
അതായതു യേശുക്രിസ്തു സകലവും നിവർത്തിക്കുന്നത് തന്‍റെ അനുസരണം പൂര്‍ത്തിയാകുന്നത്, തന്‍റെ ശാരീരിക മരണത്തിലാണ്. തന്നെത്താൻ താഴ്ത്തി മരണത്തോളം, ക്രൂശിലെ മരണത്തോളം അവന്‍ അനുസരണം ഉള്ളവന്‍ ആയിത്തീര്‍ന്നു (ഫിലിപ്പിയര്‍ 2: 5). നമുക്ക് വേണ്ടി അനുസരത്തിന്‍റെ ജീവനുള്ള പുതുവഴി തുറക്കുവാന്‍ താന്‍ തന്‍റെ ദേഹം എന്ന തിരശീല ചിന്തി.
അപ്പോള്‍ ദൈവം ദേവാലയ തിരശീല ചിന്തിക്കൊണ്ട് ലെവ്യ പൌരോഹിത്യം അവസാനിപ്പിക്കുകയും, യേശുക്രിസ്തു തന്‍റെ രക്തവുമായി സ്വര്‍ഗീയ വിശുദ്ധ മന്ദിരത്തിലേക്ക് പ്രവേശിച്ചു മല്ക്കീസേദെക്കിന്‍റെ ക്രമപ്രകാരം മഹാപുരോഹിതനായി ശുശ്രൂഷ ആരംഭിക്കുകയും ചെയ്തു.
ഈ വാക്യത്തില്‍ ശ്രദ്ധിക്കേണ്ട വേറൊരു വിഷയം; ക്രിസ്തു ദൈവപുത്രൻ ആണെങ്കിലും, കഷ്ടാനുഭവങ്ങളിലൂടെ അനുസ രണം പഠിച്ച് പരിപൂർണ്ണനായി എന്നാണ് പറയുന്നത്, അതിനര്‍ത്ഥം ക്രിസ്തുവില്‍ എന്തെങ്കിലും അപൂര്‍ണ്ണത ഉണ്ടായി രുന്നു, എന്നല്ല
ഈ ലോകത്തില്‍ ജനിക്കുന്ന എല്ലാവരും പാപം മൂലം വീഴ്ച വന്നവര്‍ അഥവാ അപൂര്‍ണ്ണരാണ്.എന്നാല്‍ യേശുക്രിസ്തു ഈ ഭൂമിയിൽ ജനിച്ചപ്പോൾ തന്നെ പാപമില്ലാത്ത പരിശുദ്ധൻ അഥവാ പരിപൂർണ്ണൻ ആണ്.
അതിനാല്‍ ഇവിടെ പരാമര്‍ശിക്കുന്ന, കര്‍ത്താവ് പ്രാപിച്ച പൂര്‍ണ്ണത, സ്വഭാവത്തിലെ പൂര്‍ണ്ണതയല്ല മറിച്ചു, അനുസരണത്തിലെ പൂര്‍ണ്ണതയാണ്. ക്രിസ്തു തന്‍റെ കഷ്ടതയും, അനുസരണവും പൂർത്തീകരിച്ചതു ക്രൂശിലെ മരണത്തിൽ ആണ്.
അഥവാ ക്രിസ്തു വ്യക്തി എന്ന നിലയിൽ ജനനത്തില്‍ തന്നെ പാപമില്ലാത്ത പരിപൂര്‍ണ്ണന്‍ ആയിരുന്നു. എങ്കിലും അനുസരണത്തിൽ തികഞ്ഞത് (അനുസരണം പൂർത്തീകരിച്ചത് ) തന്‍റെ മരണത്തിൽ ആണ്. അങ്ങനെ അവൻ ദൈവത്തിന്‍റെ വലതു ഭാഗത്തേക്ക് ഉയർത്തപ്പെടുകയും തന്‍റെ വലതു ഭാഗത്തു ഇരുന്നു കൊണ്ട് മഹാപുരോഹിതൻ എന്ന നിലയിൽ പക്ഷപാദം ചെയ്യുകയും ചെയ്യുന്നു.(ഫിലിപ്പിയർ 2: 6-11, എഫെസ്യർ 1:19, 20)
ക്രിസ്തു പാപമില്ലാത്ത പരിപൂര്‍ണ്ണന്‍ ആയതിനാല്‍, അവന്‍റെ പരിപൂര്‍ണ്ണ യാഗത്തിലൂടെ അവനില്‍ വിശ്വസിക്കുമ്പോള്‍ നാം പരിപൂര്‍ണ്ണര്‍ ആയിത്തീരുന്നു. (എബ്രായർ - അദ്ധ്യായം 10:10,14)
എന്നാല്‍ ക്രിസ്തു അനുസരണത്തില്‍ പൂര്‍ണ്ണന്‍ ആയിതീര്‍ന്നതിനാല്‍ തന്നെ അനുസരിക്കുന്ന ഏവർക്കും അവന്‍ നിത്യരക്ഷയുടെ നായകന്‍ ആയിത്തീര്‍ന്നു . (എബ്രായർ - അദ്ധ്യായം 2:10,5:8)
11 ഇതിനെക്കുറിച്ച് ഞങ്ങൾക്കു പറയുവാന്‍ വളരെയുണ്ട്. എന്നാൽ അവ നിങ്ങൾക്കു വേണ്ടവണ്ണം ഗ്രഹിക്കുവാന്‍ ത്രാണിയില്ലാത്തതുകൊണ്ട്, വിശദീകരിക്കുവാന്‍ വിഷമമാണ്. 12ഇതിനകം നിങ്ങൾ ഉപദേഷ്ടാക്കൾ ആകേണ്ടതായിരുന്നു. എന്നിട്ടും ദൈവത്തിന്‍റെ സന്ദേശത്തിലെ ആദ്യപാഠങ്ങൾപോലും ആരെങ്കിലും നിങ്ങൾക്കു പറഞ്ഞുതരേണ്ടിയിരിക്കുന്നു. കട്ടിയുള്ള ആഹാരമല്ല, പാലാണ് ഇപ്പോഴും നിങ്ങൾക്ക് ആവശ്യം. 3 പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ.
മല്ക്കീസേദെക്കിന്‍റെ ക്രമപ്രകാരം ഉള്ള യേശുക്രിസ്തുവിന്‍റെ മഹാപുരോഹിത ശുശ്രൂഷയെ പറ്റിയും, താന്‍ അനുസരത്തില്‍ കൂടി തികഞ്ഞവന്‍ അയതിനെക്കുറിച്ചും, തന്‍റെ ശരീരയാഗത്തെകുറിച്ചും വളരെയധികം പറയുവാൻ ലേഖകൻ ആഗ്രഹിക്കുന്നു. എന്നാൽ അത് കട്ടിയുള്ള ആഹാരമാണ്. ദൈവത്തിന്‍റെ സന്ദേശത്തിലെ ആദ്യ പാഠങ്ങൾ മാത്രംഗ്രഹിച്ചിരിക്കുന്ന ശൈശവാവസ്ഥയിലുള്ള വായനക്കാർക്ക് അത് ഗ്രഹിക്കാൻ ബുദ്ധിമുട്ടാണ് എന്നത് ലേഖകൻ ചൂണ്ടികാണിക്കുന്നു.
14 കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു
വായനക്കാര്‍ പ്രാഥമിക പാഠങ്ങള്‍ മാത്രം പഠിക്കുന്ന , പാല്‍ കുടിക്കുന്ന ശിശുക്കള്‍ ആയിരിക്കാതെ നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവരാകുവാന്‍ ലേഖകന്‍ ആഗ്രഹിക്കുന്നു.ലേഖകന്‍ ഇവിടെ പറയുന്നത്,ന്യായപ്രമാണത്തിലെ കല്‍പ്പനകള്‍ പോലെ കേവലം നന്മയും, തിന്മയും അക്ഷരങ്ങളില്‍ തിരിച്ചറിയുവാന്‍ അല്ല. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരായി യഥാര്‍ത്ഥ നന്മയും തിന്മയും ദൈവത്തില്‍ നിന്നും മനസ്സിലാക്കുന്ന ഇന്ദ്രിയങ്ങള്‍ ഉള്ളവര്‍ ആയിതീരുവാന്‍ ആണ്. വായക്കാർ ശൈശവാവസ്ഥയിൽ ഉള്ളവർ ആണെങ്കിലും, ലേഖകൻ യേശുക്രിസ്തുവിന്‍റെ മഹാപുരോഹിത ശുശ്രൂഷയെ പറ്റി ആദ്യപാഠങ്ങങ്ങളില്‍ നിന്നും പരിജ്ഞാന പൂര്‍ത്തിയിലേക്ക് കടക്കുന്ന വിഷയങ്ങള്‍ കൂടുതലായി അടുത്ത അധ്യായങ്ങളിൽ വിവരിക്കുന്നു.
താഴെയുള്ള ലിങ്കുകളിൽ ഈ പഠനം പൂർണ്ണമായും ലഭ്യമാണ്.
ജിനു നൈനാൻ