Articles

വിറ്റു കളഞ്ഞ ജന്മാവകാശവും നഷ്ടപ്പെട്ടു പോയ അനുഗ്രഹവും

Date Added : 03-12-2023

ഹെബ്രായ ലേഖനം അദ്ധ്യായം 12:16,17

വിറ്റു കളഞ്ഞ  ജന്മാവകാശവും നഷ്ടപ്പെട്ടു പോയ അനുഗ്രഹവും 

എബ്രാ. 12:16-17 നിങ്ങളിൽ ആരുംതന്നെ ദുർമാർഗിയോ, ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ആദ്യജാതനുള്ള അവകാശങ്ങൾ വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരരുത്. ഏശാവ് അതുകഴിഞ്ഞ് സ്വപിതാവിൽനിന്ന് തന്റെ അവകാശമായ അനുഗ്രഹം പ്രാപിക്കുവാൻ ആഗ്രഹിച്ചു; എന്നാൽ അയാൾ കരഞ്ഞപേക്ഷിച്ചിട്ടും അനുതപിക്കുവാൻ അവസരം കിട്ടാഞ്ഞതുകൊണ്ട് അയാളുടെ അപേക്ഷ നിഷേധിക്കപ്പെട്ടു എന്നുള്ളത് നിങ്ങൾക്ക് അറിയാമല്ലോ.

മുൻപുള്ള പഠനത്തിൽ നാം ഹെബ്രായ ലേഖനം  അദ്ധ്യായം 12 1-17 വരെയുള്ള വാക്യങ്ങൾ ആയിരുന്നു പഠനവിധേയമാക്കിയത്. 

ആമുഖത്തിൽ സൂചിപ്പിച്ചതു പോലെ വിശ്വാസത്താൽ മുന്നോട്ട് പോകുന്നവർക്കുള്ള പ്രോത്സാഹനങ്ങളും, വിശ്വാസത്തിൽ ഉറച്ചു നിൽക്കാനും സ്ഥിരതയോടെ മുന്നോട്ട് ഓടാനുമുള്ള  ധൈര്യപ്പെടുത്തലും, ഉപദേശങ്ങളും, ഉദ്‌ബോധനങ്ങളും അതോടൊപ്പം തന്നെ  പിന്മാറി പോകുന്നവർക്കുള്ള ശാസനകളും,താക്കീതുകളും, മുന്നറിയിപ്പുകളും,അപായ സൂചനകളും നിറഞ്ഞതാണ് ലേഖനത്തിന്‍റെ രചനാ ശൈലി

പതിനൊന്നാം  അധ്യായത്തിൽ വിശ്വാസത്താൽ മുന്നോട്ട് ഓട്ടം ഓടിയ  വിശ്വാസ വീരന്മാരെപ്പറ്റി  വിവരിച്ചശേഷം,പന്ത്രണ്ടാം അധ്യായത്തിൽ  നമ്മുടെ വിശ്വാസത്തിൻ്റെ നായകനും അതിനെ പൂര്‍ത്തി വരുത്തുന്നവനുമായ യേശുക്രിസ്തുവിലേക്കു നോക്കി ക്രിസ്തീയ ജീവിതം എന്ന ഓട്ടം  സ്ഥിരതയോടെ ഓടി പൂർത്തിയാക്കുവാൻ  എഴുത്തുകാരൻ ഉദ്ബോധിപ്പിക്കുന്നു.

തുടർന്ന് ഈ ഓട്ടത്തിൽ സ്ഥിരത ഉണ്ടാകുവാൻ ദൈവം തരുന്ന ശിക്ഷണങ്ങളെ കുറിച്ച് ലേഖകൻ പഠിപ്പിക്കുന്നു. ദൈവീക ശിക്ഷണത്തോടുള്ള പ്രതികരണം ആണ് ഒരുവൻ്റെ ക്രിസ്തീയ ജീവിതത്തിൻ്റെ വളർച്ചയെ തീരുമാനിക്കുന്നത്.

ശിക്ഷണത്തിൻ്റെ  ഗുണം മനസ്സിലാക്കി അതിനു കീഴടങ്ങുന്നവർക്കു അതിനാൽ അഭ്യാസം ലഭികുകയും അവരുടെ കാലുകൾ ഉറപ്പിക്കപ്പെടുകയും അവർക്കു  നീതി എന്ന സമാധാനഫലം ലഭിക്കുകയും ചെയ്യും. എന്നാൽ ശിക്ഷണത്തോടു എതിർത്തു നിൽക്കുന്നവർ പിന്മാറ്റത്തിലേക്കു പോകുകയും ഒടുവിൽ തള്ളപ്പെടുകയും ചെയ്യും.   

ഈ വിഷയം അവസാനിപ്പിക്കുന്നതിന് മുൻപ് അത്തരത്തിൽ പിന്മാറ്റത്തിലേക്കു പോയി ഒടുവിൽ  ഓട്ടത്തിൽ നിന്നും പുറത്തായിപ്പോയ ഒരുവനെ പഴയ നിയമത്തിൽ നിന്നും ചൂണ്ടിക്കാണിച്ചു കൊണ്ട് ലേഖകൻ മുന്നറിയിപ്പ് തരുന്നു. ഒരു ഊണിനു തൻ്റെ ജന്മാവകാശം വിറ്റു കളഞ്ഞ ഏശാവ് ആണ് ആ പിന്മാറ്റക്കാരൻ.

ഏശാവ് തള്ളിക്കളഞ്ഞ ജന്മാവകാശം എന്നത് ജീവനുള്ള ദൈവത്തെ തള്ളിക്കളയുന്നതിനു തുല്യമായിരുന്നു എന്ന് ലേഖകൻ പറയുന്നു. ജന്മാവകാശം തള്ളിക്കളഞ്ഞതിലൂടെ തനിക്കു നഷ്ടപ്പെട്ട അനുഗ്രഹം തിരികെ ലഭിക്കുന്നതിന് വേണ്ടി താൻ പിന്നീട്  കണ്ണീരോടെ അപേക്ഷിക്കുന്നു. എന്നാൽ തനിക്കു മനസാന്തരപ്പെടുവാൻ കഴിയുന്നില്ല, അതിനാൽ താൻ തള്ളപ്പെട്ടവൻ ആയിത്തീരുന്നു.  

ഈ വിഷയം നാം വളരെ ഗൗരവത്തോടെ മനസ്സിലാക്കേണ്ടതാകയാൽ കൂടുതൽ വിശദീകരിക്കുവാൻ ആഗ്രഹിക്കുന്നു.

ദൈവീക അനുഗ്രഹം പ്രാപിക്കുവാനുള്ള ഓട്ടത്തിൽ പങ്കെടുക്കുന്ന രണ്ടു പേരായി നമുക്ക് ഏശാവിനെയും യാക്കോബിനെയും കാണുവാൻ കഴിയും. ഓട്ടത്തിൽ മുൻപിൽ വരുവാനുള്ള  ശ്രമം പോലെ ഏശാവിന്റെ കുതികാൽ പിടിച്ചു കൊണ്ടാണ് യാക്കോബ് റബേക്കയുടെ ഉദരത്തിൽ നിന്നും പുറത്തു വരുന്നത്.

ദൈവം അബ്രഹാമിനും  അബ്രഹാമിൻ്റെ  ഏക ജാതനായ ഇസഹാക്കിനും ദൈവം വ്യക്തിപരമായി കൊടുത്ത ഒരു വാഗ്ദത്തവും അനുഗ്രഹവുമായിരുന്നു  " നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകല കുടുംബങ്ങളും അനുഗ്രഹിക്കപ്പെടും" എന്നത് . (ഉല്പ. 22:8 ഉല്പ. 26:5)

തുടർന്ന് അനുഗ്രഹത്തിന് ഇസഹാക്കിൽ നിന്നും ആദ്യജാതനായി ജനിക്കുന്നവൻ ആണ് സ്വാഭാവികമായ അവകാശി ആകേണ്ടത്. (ആവർത്തനം  21 :17) 

റബേക്കയിൽ നിന്നും ദൈവം മുന്നറിയിച്ചത് പോലെ ഇരട്ടകൾ ആയിരുന്നു ജനിച്ചത്. എന്നാൽ അതിൽ  ഏശാവ് ആദ്യം പുറത്തു വന്നതിനാൽ ആദ്യജാതൻ എന്ന ജന്മാവകാശം ഏശാവിനു സ്വാഭാവികമായി ലഭിക്കുന്നു. അതിനാൽ തന്നെ അബ്രഹാമിൻ്റെ അനുഗ്രഹത്തിനും സ്വാഭാവികമായി ഏശാവ് തന്നെയാണ് അവകാശി  ആകേണ്ടത്.

നാം തിരുവെഴുത്തു പഠിക്കുമ്പോൾ സ്വാഭാവികമായി യോഗ്യത ഇല്ലെങ്കിലും യാക്കോബ് ഈ അനുഗ്രഹം വളരെ  വിലമതിച്ചു എന്നും, അനുഗ്രഹം ലഭിക്കുവാൻ ആത്യധികമായി ആഗ്രഹിച്ചിരുന്നു എന്നും മനസ്സിലാകും.

യാക്കോബ് ഈ ആഗ്രഹം ഒരിക്കലും അവസാനിപ്പിക്കുന്നില്ല, ഒടുവിൽ ഉപായത്തിലൂടെ  യാക്കോബ് ആദ്യജാതൻ എന്ന ജന്മാവകാശം കൈക്കലാക്കുന്നു.

ഈ ഭാഗം പഴയ നിയമത്തിൽ ഇപ്രകാരം ആണ് വിവരിക്കുന്നത് ഉല്പ. 25-29 -34  

ഒരിക്കൽ യാക്കോബ് ഒരു പായസം വച്ചു; ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു; അവൻ വളരെ ക്ഷീണിതനായിരുന്നു.  ഏശാവ് യാക്കോബിനോട്: “ആ ചുവന്ന പായസം കുറെ എനിക്ക് തരേണം; ഞാൻ വളരെ ക്ഷീണിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അതു കൊണ്ട്  അവന് ഏദോം (ചുവന്നവൻ) എന്നു പേരായി. 

“നിന്റെ ജ്യേഷ്ഠാവകാശം ഇന്ന് എനിക്ക് വില്‍ക്കുക” എന്നു യാക്കോബ് പറഞ്ഞു. 

അതിന് ഏശാവ്: “ഞാൻ മരിക്കേണ്ടിവരുമല്ലോ ; ഈ ജ്യേഷ്ഠാവകാശം എനിക്ക് എന്തിന് എന്നു പറഞ്ഞു. “ഇന്ന് എന്നോട് സത്യം ചെയ്ക” എന്നു യാക്കോബ് പറഞ്ഞു. അവൻ അവനോട് സത്യംചെയ്തു; തന്റെ ജ്യേഷ്ഠാവകാശം യാക്കോബിനു വിറ്റു. യാക്കോബ് ഏശാവിന് അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു; അവൻ ഭക്ഷിച്ചു പാനംചെയ്ത്, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു.

ഈ ഭാഗമാണ് ഹെബ്രായലേഖകൻ  വിവരിക്കുന്നത്. അവിടെ  ഒരു ഊണിനു വേണ്ടി തൻ്റെ ജന്മാവകാശത്തെ വിറ്റു കളഞ്ഞവൻ എന്നാണ് ലേഖകൻ ഏശാവിനെ വിശേഷിപ്പിക്കുന്നത്.

അതായതു താൽക്കാലികമായതിനു വേണ്ടി നിത്യമായതിനെയും, ദൃശ്യമായതിനു വേണ്ടി അദൃശ്യമായതിനെയും,ഇപ്പോഴുന്നതിനു വേണ്ടി വരുവാനുള്ളവയെയും, താൽക്കാലിക സുഖത്തിനു വേണ്ടി നിത്യമായ വാഗ്ദത്തത്തെയും, ജഡീകമായതിനു വേണ്ടി ആത്മീകമായതിനെയും വിറ്റു കളഞ്ഞവൻ ആണ് ഏശാവ്. ഏശാവിൻ്റെ സ്വന്തം  തിരഞ്ഞെടുപ്പ് ആയിരുന്നു അത്. 

ആത്മീക ഓട്ടത്തിൽ പഴയനിയമ വിശ്വാസവീരന്മാർ നേരെ തിരിച്ചുള്ള തിരഞ്ഞെടുപ്പുകൾ നടത്തിയവരാണ്. മോശ പാപത്തിന്റെ താൽക്കാലിക സുഖത്തെക്കാൾ , ദൈവജനത്തോടുള്ള കഷ്ടതയും , അബ്രഹാം  താല്കാലികമായ നഗരത്തിനു പകരം  പകരം നിത്യമായതിനെയും തിരഞ്ഞെടുത്തു എന്ന് ലേഖകൻ ചൂണ്ടിക്കാണിക്കുന്നു.

ക്രിസ്തീയ ജീവിതമാകുന്ന ഈ ഓട്ടത്തിൽ അനുദിനം നമ്മുടെ മുൻപിൽ ഇതുപോലെയുള്ള തിരഞ്ഞെടുപ്പുകൾ വരുന്നു.  വിശ്വാസത്താൽ അദൃശ്യവും, നിത്യമായതും , ആത്മീകമായതുമായ  കാര്യങ്ങളിൽ ദൃഷ്ടി ഉറപ്പിച്ചു ദൈവീക തിരഞ്ഞെടുപ്പുകൾ നടത്തുന്നവർക്ക് മാത്രമേ സ്ഥിരതയോടെ ഈ ഓട്ടം പൂർത്തീകരിച്ചു ലക്ഷ്യ സ്ഥാനത്തു എത്താൻ  കഴിയുകയുള്ളൂ. 

എന്നാൽ നാം പൊതുവെ ശ്രദ്ധിക്കാതെ പോകുന്ന വേറൊരു ഗൗരവതരമായ കാര്യം ഇവിടെ ലേഖകൻ പറയുന്നു.

ഏശാവ് താത്കാലിക ഭോഗമായ പായസത്തിനു വേണ്ടി വിറ്റു കളഞ്ഞത് തൻ്റെ ആദ്യജാതൻ എന്ന ജന്മാവകാശമായിരുന്നു. എന്നാൽ അതിനു ശേഷവും പിതാവിൽ നിന്നുള്ള തനിക്കു  അനുഗ്രഹം ലഭിക്കും എന്ന് ഏശാവ് വിശ്വസിക്കുകയും അതിനു  ആഗ്രഹിക്കുകയും ചെയ്തു.

ഏശാവ് നിത്യമായ ജന്മാവകാശം തള്ളിക്കളഞ്ഞ് താൽക്കാലികമായ പായസം തിരഞ്ഞെടുത്തപ്പോൾ അതോടൊപ്പം നഷ്ടപ്പെടുന്നത്  അബ്രഹാമിൽ നിന്നുള്ള ദൈവത്തിൻ്റെ  നിത്യമായ  അനുഗ്രഹം ആണ് എന്ന് അവനു മനസ്സിലാക്കുവാൻ കഴിയുന്നില്ല.

അതായതു ജന്മാവകാശവും, അനുഗ്രഹവും രണ്ടു കാര്യങ്ങൾ ആണ് എങ്കിലും രണ്ടും അഭേദ്യമായ കാര്യങ്ങൾ ആണ്. ഒന്ന് തള്ളിക്കളയുമ്പോൾ അടുത്തത് അതോടൊപ്പം നഷ്ടപ്പെടുന്നു.

എന്നാൽ ഇത് മനസ്സിലാക്കാത്തതിനാൽ ആണ് "ഏശാവ് പിന്നത്തേതിൽ സ്വപിതാവിന്റെ അനുഗ്രഹം അവകാശമാക്കാൻ ആഗ്രഹിച്ചിട്ടും അയാൾ പുറന്തള്ളപ്പെട്ടു. കണ്ണുനീരോടെ അപേക്ഷിച്ചെങ്കിലും മനസാന്തരപ്പെടാൻ കഴിഞ്ഞില്ല എന്നും  തനിക്കു കൈവിട്ടുപോയത് തിരികെ നേടാൻ അവസരം ലഭിച്ചില്ല എന്നും നിങ്ങൾക്കറിയാമല്ലോ"എന്ന് ലേഖകൻ ഓർമ്മിപ്പിക്കുന്നത്.

ഈ സംഭവം ഉല്പത്തി പുസ്തകത്തിൽ ഇങ്ങനെ വിവരിക്കുന്നു.

ഉല്പ. 27 :36 -38 “ശരി, യാക്കോബ് എന്നല്ലോ അവന്റെ പേര്; ഈ രണ്ടാം പ്രാവശ്യവും അവൻ എന്നെ ചതിച്ചു; അവൻ എന്റെ ജന്മാവകാശം അപഹരിച്ചിരിക്കുന്നു; ഇപ്പോൾ ഇതാ, എന്റെ അനുഗ്രഹവും തട്ടിയെടുത്തിരിക്കുന്നു” എന്ന് അവൻ പറഞ്ഞു

പിന്നെ അവൻ: “അങ്ങ്, എനിക്ക് ഒരനുഗ്രഹംപോലും കരുതിവെച്ചിട്ടില്ലയോ?” എന്നു ചോദിച്ചു ഏശാവ് അപ്പനോട്: “അപ്പാ, അങ്ങേക്ക് ഒറ്റ അനുഗ്രഹമേ ഉള്ളോ? എന്നെയുംകൂടെ അനുഗ്രഹിക്കണമേ, അപ്പാ” എന്നു പറഞ്ഞ് ഉറക്കെ കരഞ്ഞു

ഏശാവ് കരഞ്ഞു അപേക്ഷിച്ചിട്ടും എന്ത് കൊണ്ടാണ് തള്ളപ്പെട്ടതു  എന്ന് പലർക്കും സംശയം തോന്നൽ സാധ്യതയുണ്ട്. അതിനുള്ള കാരണം ഹെബ്രായ ലേഖകൻ തന്നെ പറയുന്നു. തനിക്കു മനസാന്തരപ്പെടാൻ കഴിഞ്ഞില്ല. 

കരച്ചിലുകൾ  എല്ലാം മാനസാന്തരമല്ല, എല്ലാ മനസാന്തരത്തിലും കരച്ചിൽ ഉണ്ടാവണം എന്നുമില്ല. കുറ്റബോധത്തിൽ നിന്നും, നഷ്ടബോധത്തിൽ നിന്നും കരച്ചിൽ ഉണ്ടാകാം. എന്നാൽ മാനസ്സാന്തരം എന്നത് അതല്ല. ഏശാവിന്റെ കരച്ചിൽ നഷ്ടബോധത്തിൽ നിന്നുള്ളതായിരുന്നു. 

ഈ സംഭവത്തിന് ശേഷമാണു ദൈവം തൻ്റെ വാഗ്ദത്തം യാക്കോബിന്‌ ഉറപ്പിക്കുന്നത്.ഉല്പ. 28:14 നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും വ്യാപിക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകല കുടുംബങ്ങളും അനുഗ്രഹിക്കപ്പെടും

ദൈവത്തിൻ്റെ  വചനത്തോടും,ദൈവീക ശിക്ഷണങ്ങളോടും മനപൂർവ്വമാണ്   തുടർച്ചയായും   എതിർത്ത് നിൽക്കുന്നവർ ഒടുവിൽ വിശ്വാസം ത്യജിക്കുന്നവർ  ആയിത്തീരുമെന്നും  അവരെ പിന്നീട് മാനസാന്തരത്തിലേക്കു പുതുക്കാൻ ആവില്ല എന്നും ലേഖകൻ മുൻ അധ്യായങ്ങളിൽ മുന്നറിയിപ്പ് കൊടുത്തിരുന്നു. എബ്രാ. 6:6 

ദൈവം ഇതേ കാര്യം  വിശ്വാസികൾക്കുള്ള മുന്നറിയിപ്പായി വീണ്ടും  ആവർത്തിക്കുന്നു.

വെളിപ്പാട് 3: 11 “ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിക്കേണ്ടതിന് നിനക്കുള്ളതു മുറുകെപ്പിടിക്കുക."

വിശ്വാസത്തിന്റെ സ്ഥിരതയോടെയുള്ള , നമുക്ക് മുന്നേ  ഓടിയവരുടെ വിവരണവും, ഓട്ടത്തിൽ  വിട്ടു കളയേണ്ട കാര്യങ്ങളും നമ്മുടെ മുന്നോടിയും,  ഓട്ടം നമ്മിൽ ആരംഭിച്ചവനും, നമ്മുടെ  വിശ്വാസത്തിൻ്റെ നായകനും പൂര്‍ത്തി വരുത്തുന്നവനുമായ യേശുവിൽ നോക്കി ഓടുന്നതിനെക്കുറിച്ചും, ഓട്ടത്തിൽ ആവശ്യമായ ശിക്ഷണത്തെക്കുറിച്ചും  എല്ലാം വിവരിച്ച ശേഷം ലേഖകൻ  ലേഖകൻ ഏശാവിനെ ചൂണ്ടിക്കാണിച്ചു കൊണ്ട്  വളരെ ഗൗരവതരമായ ഈ  മുന്നറിയിപ്പ് തരുന്നു.

താൽക്കാലികമായ  ചില ലാഭത്തിനു വേണ്ടിയുള്ള തെറ്റായ  തിരഞ്ഞെടുപ്പുകൾ , നമ്മുടെ ഓട്ടത്തിന്റെ സ്ഥിരതയെയും ചിലപ്പോൾ ലക്ഷ്യസ്ഥാനത്തെ വരെയും എന്നെന്നേക്കുമായി  മാറ്റിക്കളയാം എന്ന മുന്നറിയിപ്പാണ് ഏശാവിൻ്റെ ഉദാഹരണത്തിലൂടെ ലേഖകൻ തരുന്നത്.