ദൈവത്തിന്‍റെ സ്വരൂപവും, സാദൃശ്യവും

വായനഭാഗം:ഉല്പത്തി 1 :26,27
അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; ഇങ്ങനെ ദൈവം തന്‍റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്‍റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
ചിന്താ ഭാഗം :ദൈവം തന്‍റെ സാദൃശ്യത്തില്‍ , തന്‍റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു
ദൈവം തന്‍റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു എന്ന് ദൈവവചനം പറയുന്നു. എന്താണ് യഥാര്‍ത്ഥത്തില്‍ ദൈവസ്വരൂപം എന്നത് കൊണ്ട് ഇവിടെ ഉദേശിക്കുന്നത്?
ദൈവത്തിനു കയ്യും കാലും ശരീരവും ഉണ്ടായിരുന്നു അത് കൊണ്ട് മനുഷ്യനെയും കയ്യും കാലും ശരീരവും ഉള്ളവനായി സൃഷ്ടിച്ചു എന്നല്ല ആ വാക്യത്തിന്‍റെ അര്‍ത്ഥം. അങ്ങനെയെങ്കില്‍ മൃഗങ്ങളെയും ദൈവ സ്വരൂപത്തിലാണ് സൃഷ്ടിച്ചത് എന്ന് പറയേണ്ടി വരും.അതിനാല്‍ മനുഷ്യന്‍റെ ശാരീരിക രൂപത്തെ അല്ല ദൈവത്തിന്‍റെ സ്വരൂപം എന്ന് ഇവിടെ ഉദേശിക്കുന്നത്.
ദൈവ സ്വരൂപം എന്നത് മനുഷ്യന്‍റെ ദേഹിയും അല്ല (ഇച്ഛ,വികാരം,വിചാരം,വിവേചന ശക്തി,തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് എന്നിവ). കാരണം മൃഗങ്ങള്‍ക്കും ദേഹി ഉണ്ട്.
ദൈവവചനം നാം ശ്രദ്ധിച്ചു പഠിക്കുമ്പോള്‍ ദൈവസ്വരൂപം (image) എന്നത് ദൈവത്തിന്‍റെ സ്വഭാവത്തെ,ദൈവീക ജീവനെ കാണിക്കാനാണ് പറയുന്നത് എന്ന് നമുക്ക് മനസിലാകും.( റോമര്‍ 8:29, 2 കൊരിന്ത്യര്‍ 3:18, കൊലോസ്യര്‍ 3:10 )
അതെ, ദൈവം പ്രധാനമായും തന്‍റെ സ്വഭാവത്തെ, ജീവനെ വെളിപ്പെടുത്താനാണ് മനുഷ്യനെ സൃഷ്ടിച്ചത്. ദൈവ സ്വരൂപം വെളിപ്പെടുത്താനുള്ള മാധ്യമമായി , ദൈവം ബാക്കിയുള്ള സൃഷ്ടികളില്‍ ഒന്നും സൃഷ്ടിക്കാത്ത ഒന്ന് മനുഷ്യനില്‍ സൃഷ്ടിച്ചു. അതിനെയാണ് ദൈവവചനത്തില്‍ മനുഷ്യന്‍റെ ആത്മാവ് എന്ന് പറയുന്നത്.
എങ്ങനെയാണു ദൈവം തന്‍റെ സ്വരൂപത്തെ, സ്വഭാവത്തെ മനുഷ്യനില്‍ കൂടി വെളിപ്പെടുത്തിയിരുന്നത് ? സദൃശ്യവാക്യങ്ങൾ 20:27 പറയുന്നതു മനുഷ്യന്‍റെ ആത്മാവ് ദൈവത്തിന്‍റെ വിളക്കാണ്എന്നാണ്. വിളക്കിനു സ്വയമായി പ്രകാശം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല. ഒരു വിളക്കിനെ പ്രകാശിപ്പിക്കുന്നത് എണ്ണയാണ്. എണ്ണയുമായുള്ള അഭേദ്യമായ ബന്ധത്തില്‍ മാത്രമേ വിളക്കിനു പ്രകാശിക്കാന്‍ കഴിയൂ.
എന്നാല്‍ ദൈവത്തിന്‍റെ ആത്മാവിനെ എണ്ണയോടാണ് ദൈവവചനം തുടര്‍ച്ചയായി ഉപമിച്ചിരിക്കുന്നത്. ദൈവം ആത്മാവാകുന്നു, ആത്മാവായ ദൈവവുമായി ബന്ധപ്പെടാന്‍ മനുഷ്യന്‍റെ ആത്മാവിന് മാത്രമേ കഴിയുകയുള്ളൂ. മനുഷ്യനു തന്‍റെ ദേഹിയിലൂടെയോ, ശരീരം കൊണ്ടോ ദൈവത്തെ ബന്ധപ്പെടാന്‍ കഴിയില്ല. ദൈവത്തിന്‍റെ ആത്മാവ് മനുഷ്യന്‍റെ ആത്മാവുമായി ബന്ധപ്പെടുകയും, മനുഷ്യന്‍റെ ദേഹിയെ (ഇച്ഛ,വികാരം, വിചാരങ്ങള്‍) നിയന്ത്രിക്കുകയും അങ്ങനെ മനുഷ്യനില്‍ കൂടി ദൈവത്തിന്‍റെ സ്വരൂപത്തെ (സ്വഭാവത്തെ ) എണ്ണ ഒരു വിളക്കിനെ പ്രകാശിക്കുന്നത് പോലെ വെളിപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു.
മത്തായി 5:14-16 നിങ്ങള്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു. വിളക്കു കത്തിച്ചു പറയിന്‍ കീഴല്ല തണ്ടിന്മേലത്രെ വെക്കുന്നതു, അപ്പോള്‍ അതു വീട്ടിലുള്ള എല്ലാവര്‍ക്കും പ്രകാശിക്കുന്നു.അങ്ങനെ തന്നേ മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്ക.
ഒരു വിളക്ക് എണ്ണയുമായി ഉള്ളതുപോലെയുള്ള ആത്മബന്ധത്തില്‍ തന്‍റെ സ്വരൂപത്തെ (സ്വഭാവത്തെ) വെളിപ്പെടുത്തിയിരുന്ന മനുഷ്യനെ നോക്കിയിട്ടാണ് ദൈവം “വളരെ നല്ലത്” എന്ന് പറഞ്ഞത്. കാരണം ദൈവം ഒരുവന്‍ മാത്രമേ നല്ലവന്‍ ആയിട്ടുള്ളൂ നന്മയുടെ ഉറവിടമായ ദൈവതിന്‍റെ സ്വരൂപത്തെ വെളിപ്പെടുതുകയായിരുന്നു പാപം ചെയ്യുന്നതിനു മുന്‍പുള്ള ആദം (ഉല്പത്തി 1:31, യാക്കോബ് 1:17, ലൂകോസ് 18:19).
ഇത് നമുക്ക് എങ്ങനെയാണ് പ്രസക്തമാകുന്നത്? നാം കണ്ടത് പോലെ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്തിന്‍റെ പരമപ്രധാനമായ ഉദ്ദേശം, തന്‍റെ സ്വരൂപത്തെ , സ്വഭാവത്തെ വെളിപ്പെടുത്തുക എന്നതായിരുന്നു.എന്നാല്‍ പിശാചിന്‍റെ വഞ്ചനയുടെ ഫലമായി ആദം ദൈവീകപദ്ധതിയില്‍ നിന്നും വീണു പോയി, ദൈവതേജസ്സു നഷ്ടപ്പെട്ടവന്‍ ആയിതീര്‍ന്നു. എന്നാല്‍ യേശുക്രിസ്തുവില്‍ ഒരു പുതിയ സൃഷ്ടിയായി തീര്‍ന്ന നമ്മെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശം നാം തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ചു തന്‍റെ സ്വരൂപതോട് നമ്മെ അനുരൂപമാകുക എന്നത് തന്നെയാണ്.
റോമര്‍ 8: 29 അവന്‍ മുന്നറിഞ്ഞവരെ തന്റെ പുത്രന്‍ അനേകം സഹോദരന്മാരില്‍ ആദ്യജാതന്‍ ആകേണ്ടതിന്നു അവന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാന്‍ മുന്നിയമിച്ചുമിരിക്കുന്നു.
2 കൊരിന്ത്യര്‍ 3: .18 എന്നാല്‍ മൂടുപടം നീങ്ങിയ മുഖത്തു കര്‍ത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കര്‍ത്താവിന്റെ ദാനമായി തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ചു അതേ സ്വരൂപമായി രൂപാന്തരപ്പെടുന്നു.
എന്നാല്‍ നാം കണ്ടത് പോലെ, എണ്ണയുമായുള്ള അഭേദ്യമായ ബന്ധത്തില്‍ അല്ലാതെ വിളക്കിനു പ്രകാശിക്കാന്‍ കഴിയാത്തത് പോലെ, യേശുക്രിസ്തുവുമായുള്ള അഭേദ്യമായ അത്മബന്ധത്തില്‍ അല്ലാതെ നമുക്ക് ഒരിക്കലും സ്വയമായി ദൈവസ്വഭാവം പുറപെടുവിക്കുവാന്‍ കഴിയില്ല. കര്‍ത്താവ് അത് വളരെ വ്യക്തമായി പറയുന്നു.
യോഹന്നാന്‍ 15:4, 5 എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല.
ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല.
ഇത് വായിക്കുന്ന പ്രിയപ്പെട്ടവരെ, ദൈവം മനുഷ്യനെ ആദിയില്‍ സൃഷ്ടിച്ചതും , വീണു പോയ മനുഷ്യനെ വീണ്ടെടുത്ത് പുതിയ സൃഷ്ടി ആക്കിയതും ദൈവത്തിന്‍റെ സ്വരൂപത്തെ വെളിപ്പെടുത്തുക എന്ന പരമപ്രധാനമായ ലക്ഷ്യത്തോടെയാണ്. എന്നാല്‍ കര്‍ത്താവുമായി, കൊമ്പു മുന്തിരിവള്ളിയില്‍ വസിക്കുന്നത് പോലെ, വിളക്ക് എണ്ണയുമായി ബന്ധപ്പെട്ടിരിക്കുന്നത് പോലെയുള്ള ആശ്രയ ബന്ധത്തില്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. അതിനായി ദൈവം നിങ്ങളെ സഹായിക്കട്ടെ.
ബ്രദർ ജിനു നൈനാൻ