Articles

ദൈവത്തിന്റെ ഇസ്രായേലിനായുള്ള പദ്ധതി മനസ്സിലാക്കൽ: സയണിസത്തോടും യഹൂദവിരോധത്തോടുമുള്ള ക്രിസ

Date Added : 23-05-2021

ഇസ്രായേലിനെക്കുറിച്ചുള്ള ദൈവീക പദ്ധതി : സയണിസത്തോടും യഹൂദവിരോധത്തോടുമുള്ള ക്രിസ്തീയ പ്രതികരണം

ജിനു നൈനാൻ 

 =================================================

 

ലോക ചരിത്രത്തിൽ രണ്ടു വിരുദ്ധ ധ്രുവങ്ങളിൽ നില്കുന്ന രണ്ടു ആശയങ്ങൾ ആണ് സയണിണിസവും, ആൻ്റി സെമിറ്റിസവും. ( സയണിസം എന്നത് അതിൻ്റെ യഥാർത്ഥ അർത്ഥത്തിൽ തെറ്റായ കാര്യമല്ല ,  ഇസ്രായേൽ പ്രദേശം യഹൂദന്മാർക്കു അവകാശപ്പെട്ടതാണ് എന്ന ആശയം സാധ്യമാക്കുവാൻ ഉടലെടുത്ത ഒരു പ്രസ്ഥാനം ആണ് സയണിസ്റ്റു പ്രസ്ഥാനം, എന്നാൽ ഇന്ന് അത് അന്ധമായ ഇസ്രായേൽ പിന്തുണയെ കാണിക്കുവാൻ പലരും ഉപയോഗിക്കുന്ന പേരാണ്  ) ആൻ്റി സെമിറ്റിസം എന്നത് എല്ലാക്കാലത്തും  അന്ധമായ യഹൂദ വിരോധമാണ്.

 

ക്രിസ്തീയ ലോകത്തിലും ഇത്തരത്തിൽ രണ്ടു കൂട്ടർ ഉണ്ട്. ഇസ്രായേലിൽ ഏതു നടന്നാലും, ഈ കൂട്ടർ ഉണർന്നു എഴുനേറ്റു രണ്ടു പക്ഷത്താകും.

 

ദൈവവചനത്തിൻ്റെ   അടിസ്ഥാനത്തിൽ കാര്യങ്ങളെ സ്വതന്ത്രമായി പലരും വിശകലനം ചെയ്യാറില്ല എന്നത് സങ്കടകരമാണ്.  ഒരു ക്ലോക്കിലെ പെൻഡുലം പോലെ ഏതെങ്കിലും  ഒരു ഭാഗത്തേക്ക് പോകുന്ന ഉപദേശങ്ങൾ ആണ് ക്രിസ്തീയ വിശ്വാസികൾ പലരും പിന്തുടരുന്നത്.

 

ഇന്ന് ക്രിസ്തീയ ലോകത്തു, പ്രത്യേകിച്ച് പെന്തെകൊസ്തു സഭകളിൽ  ക്രിസ്ത്യൻ സയണിസ്റ്റുകൾ  ആണ് കൂടുതൽ, ഇസ്രായേൽ രാജ്യം തെറ്റ് ചെയ്താലും അവർ അതിനെ ന്യായീകരിക്കും, ഇസ്രായേലിൽ ഒരു ബോംബ് വീണാൽ,അല്ലെങ്കിൽ പലസ്തീനിൽ ഒരു ആക്രമണം നടന്നാൽ ഇവർ ബൈബിൾ പ്രവചന വ്യാഖ്യാനങ്ങൾ ആരംഭിക്കും, കർത്താവിൻ്റെ വരവിനെ പറ്റി വാചാലന്മാർ ആകും, പ്രവചന വ്യാഖ്യാനങ്ങൾ തുടങ്ങും, എതിർ ക്രിസ്തുവിനെ കണ്ടു പിടിക്കും, 666 വ്യാഖ്യാനിക്കും.യിസ്രായേൽ യുദ്ധം ജയിക്കാനായി ക്രിസ്ത്യാനികൾ പ്രാർത്ഥിക്കേണം എന്നും, നാം യിസ്രായേലിനെ യുദ്ധത്തിൽ പ്രാർത്ഥനയാൽ പിന്തുണക്കണമെന്നും വരെ പ്രസംഗിക്കും. മരിച്ചു വീഴുന്ന നിരപരാധികളായ  സാധാരണക്കാരോടും, കുഞ്ഞുങ്ങളോട് പോലും വംശീയ വേർതിരിവ് കാണിക്കും.

 

കർത്താവിൻ്റെ വരവിനു മുൻപ് ഒരു അടയാളവും, ബാക്കിയില്ല എന്ന് പറയുന്നവർ ഇതെല്ലാം കർത്താവ്  വരുന്നതിൻ്റെ  അടയാളങ്ങൾ ആക്കും. എന്നാൽ പ്രശ്നങ്ങൾ  കഴിയുന്നതോടെ കർത്താവിൻ്റെ വരവിനുള്ള  ഇവരുടെ ഒരുക്കവും പ്രസംഗവും  തീരും.ദൈവവചനമോ, ചരിത്രമോ മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങൾ അല്ല, പകരം വൈകാരികമായ ഇസ്രായേൽ പ്രേമം മാത്രമാണ് ഒട്ടു മിക്കതും.

 

( ഇസ്രയേലുമായി ബന്ധപ്പെട്ടു ആധികാരികമായ ചരിത്രപരമായ പഠനങ്ങളും, വിശകലനങ്ങളും ചെയ്യുന്ന ശരിയായ  ദൈവശാസ്ത്രജ്ഞന്മാർ  ഉണ്ട്. അവരെ  പറ്റിയല്ല ഇത് പറയുന്നത്, കാണുന്നതിനെ എല്ലാം വ്യാഖ്യാനിച്ചു  വഴിക്കാക്കുന്ന  പ്രവചന വ്യാഖ്യാന വീരന്മാരെ പറ്റിയാണ് )

 

മറുഭാഗത്തു ചിലർ  ആൻ്റി സെമിറ്റിക്കുകൾ ആണ്, അവർ പറയുന്നത് ക്രിസ്തുവിനെ ഇസ്രായേൽ തള്ളിയതോടെ , ദൈവവും ഇസ്രയേലിനെ തള്ളിക്കളഞ്ഞു, പുത്രനെ തള്ളിയവരെ പിതാവ് തള്ളിക്കളഞ്ഞു, ഇനി ദൈവത്തിനു ജാതി എന്ന നിലയിൽ ഇസ്രയേലുമായി ഒരു ബന്ധവുമില്ല, ഇന്ന് ദൈവം ദൈവസഭയെ ഇസ്രയേലുമായി മാറ്റി പുനഃസ്ഥാപിച്ചു .ഇസ്രായേൽ ജാതി  ദൈവകോപത്തിനും, ശാപത്തിനും കീഴിലാണ്. അവർക്കു വന്ന ദുരിതങ്ങൾ എല്ലാം തന്നെ അതിനാൽ ആണ്  ഉണ്ടായതു എന്ന റീപ്ലേസ്‌മെന്റ് തിയോളജി പഠിപ്പിക്കുന്നവർ. 

 

രണ്ടും രണ്ടു വിരുദ്ധ ധ്രുവങ്ങളിലെ ഉപദേശങ്ങൾ  ആണ് എങ്കിലും, വളരെ അപകടകരവും അനേക  ക്രിസ്ത്യാനികളെ അനാവശ്യമായ ജൂത വിരോധ ത്തിലേക്കു നയിച്ച ആൻ്റി സെമിറ്റിക്‌ ആയ ഒരു ദൈവ ശാസ്ത്രവും  ആണ് റീപ്ലേസ്‌മെന്റ് തിയോളജി .ദൗർഭാഗ്യവശാൽ, ക്രിസ്തീയ ചരിത്രത്തിൽ പലരും പഠിപ്പിച്ചിട്ടുള്ളതും, ഇന്നും പഠിപ്പിക്കുന്നതുമായ ഒരു തെറ്റായ ദൈവശാസ്ത്രം ആണിത്

 

=================================================

 

തെറ്റായ ദൈവശാസ്ത്രങ്ങള്‍ ഉണ്ടാകുന്ന ദൂരവ്യാപക അപകടങ്ങള്‍

 

=================================================

 

ഇത്തരം തെറ്റായ ഉപദേശങ്ങൾ നിരുദ്രവകാരികൾ ആണ് എന്ന് തോന്നുമെങ്കിലും ചരിത്രത്തിൽ ദൂരവ്യാപകമായ അപകടങ്ങൾ ഉണ്ടാക്കിയിട്ടുള്ളതാണ്. പലപ്പോഴും, തെറ്റായ ദൈവശാസ്ത്രങ്ങള്‍ ഉണ്ടാകുന്ന ദൂരവ്യാപക അപകടങ്ങള്‍, അത് പഠിപ്പിക്കുന്ന വര്‍ക്കും, പ്രചരിപ്പിക്കുന്നവര്‍ക്കും പോലും, ചിന്തിക്കാന്‍ കഴിയാത്തതാണ്.

 

റോമര്‍ 9-11 വരെയുള്ള അദ്ധ്യായങ്ങള്‍ ശരിയായി മനസിലാക്കാന്‍ പലര്‍ക്കും കഴിയതെയിരുന്നതിനാല്‍ ഉണ്ടായ Replacement Theology സഭാ ചരിത്രത്തിലും, ലോക ചരിത്രത്തിലും അനേകമായ ദോഷങ്ങൾ ഉണ്ടാക്കിയിട്ടുള്ളതുമായ  ഒന്നാണ്.

 

ദൈവത്തിൻ്റെ ആദ്യത്തെ പദ്ധതി (Plan A) യഹൂദരെ തിരഞ്ഞെടുക്കുക എന്നുള്ളതായിരുന്നു എന്നും ആ പദ്ധതി പരാജയപ്പെട്ടപ്പോൾ ദൈവം പുതിയ പദ്ധതി പ്രകാരം (Plan B), യഹൂദനെ തള്ളിക്കളഞ്ഞു എന്നും, യഹൂദർക്ക് പകരമായി ജാതികളെ തിരഞ്ഞെടുത്തു എന്നുള്ളതുമാണ് ഈ സിദ്ധാന്തം. ചരിത്രത്തില്‍ കടുത്ത യഹൂദവിരോധത്തിലേക്കു അനേകരെ നയിച്ചിട്ടുള്ളതാണ്‌ ഇത്.

 

കത്തോലിക്ക സഭാപിതക്കന്മാര്‍ അയ Barnnabas, Ireniues, origen, John Chrysostom തുടങ്ങിയവരും പിന്നീടു വന്ന  saint Augustine എന്നിവരും ഈ ദൈവശാസ്ത്രം വിശ്വസിക്കുകയും, പഠിപ്പിക്കുകയും ചെയ്തിരുന്നു.

 

എന്നാല്‍ saint Augustineൻ്റെ ഉപദേശങ്ങളാല്‍ സ്വാധീനിക്കപ്പെട്ട, പിന്നീടു നവീകരണ പ്രസ്ഥാങ്ങളുടെ തുടക്കക്കാരൻ ആയ ജർമ്മനിയിലെ മാർട്ടിൻ ലൂഥർ ആയി രുന്നു ഈ ഉപദേശം ഏറ്റവും, തീഷ്ണമായി വിശ്വസിക്കുകയും,പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തി. മാർട്ടിൻ ലൂഥ ർ യാഹൂദന്മാര്‍ക്ക് എതിരെ എഴുതിയ പുസ്തകങ്ങള്‍ ആ ണ്  On the Jews and their lies, Warning against Jews, Vom Schem Hamphoras ( german) എന്നിവ

 

 ഈ മൂന്നു  പുസ്തകങ്ങളിലും ദൈവം യഹൂദരെ തള്ളിക്കളഞ്ഞിരിക്കുന്നു അവർ ഭൂമിയിൽ നിന്ന് ഉന്മൂലനം ചെയ്യേണ്ടപ്പെടെണ്ടവര്‍ ആണ്  എന്നും പറഞ്ഞിരിക്കു ന്നു. ജര്‍മ്മന്‍ ദൈവശാസ്ത്ജ്ഞന്‍ ആയിരുന്ന  മാർട്ടിൻ ലൂഥർ തികഞ്ഞ ഒരു യഹൂദ വിരോധി (Anti semitic) ആയി രുന്നു. അദ്ദേഹത്തിൻ്റെ യഹൂദവിരുദ്ധ എഴുത്തുകൾ, പുസ്തകങ്ങൾ എന്നിവ പിന്നീട് നാനൂറു വര്‍ഷങ്ങള്‍ക്കു ശേഷം ജർമ്മനിയിൽ അധികാരത്തിൽ വന്ന ഹിറ്റ്ലറെ പോലും സ്വാധീനിച്ചു എന്ന് ചരിത്രം പറയുന്നു.

 

ഹിറ്റ്ലറിൻ്റെ (കു)പ്രസിദ്ധ ആത്മകഥയായ ‘മൈൻ കാഫി’ൽ, മാർട്ടിൻ ലൂഥറെ ‘ജര്‍മ്മനിയുടെ മഹാനായ നവോദ്ധാന നായകൻ’ എന്നാണ് താന്‍ വിശേഷിപ്പിക്കു ന്നത്. (Mein Kampf page number: 213).

 

മാർട്ടിൻ ലൂഥറുടെ ജൂതവിരുദ്ധ പുസ്തകങ്ങൾ, പ്രത്യേകി ച്ചു ‘യഹൂദരും അവരുടെ നുണകളും’ എന്ന പുസ്തകം നാസികൾ, യഹൂദ ഉന്മൂലന കാലത്ത് പുനഃപ്രസിദ്ധീ കരിച്ചു പ്രചരിപ്പിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു.

 

യഹൂദജാതിയെ മുഴുവനായും ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു ഹിറ്റ്ലറിൻ്റെ യും നാസികളുടെയും ലക്ഷ്യം.ആര്യവംശമാണ് ലോകത്തിലെ ഏറ്റവും ശ്രേഷ്ടമായ വംശമെന്നും അവരാണ് ഈ ലോകത്തെ ഭരിക്കേണ്ട തെന്നും യഹൂദജാതി ലോകത്തിലെ ഏറ്റവും അധമ മായ വംശമാണെന്നും അവർ  പൂർണ്ണമായും ഉന്മൂലനം ചെയ്യപ്പെടേണ്ടുന്നവരാണെന്നുമുള്ള “നാസിസം’ എന്ന പ്രത്യയശാസ്ത്രമാണ് അവരെ ഇതിലേക്ക് നയിച്ചത് .

 

ഈ യഹൂദവംശഹത്യയോട് അന്നത്തെ കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് ( പ്രധാനമായും ലൂഥറന്‍) സഭകള്‍ പൊതുവേ നിസ്സംഗതയോടെയാണ് പ്രതികരിച്ചത് എന്നതും ഈ വിഷയവുമായി ബന്ധപ്പെട്ടു   നാം ഗൗരവമായി പഠിക്കേണ്ട വിഷയം ആണ്.

 

അതിൻ്റെ കാരണം യഹൂദനെ ദൈവം തള്ളിക്കളഞ്ഞു എന്നും അതിനാല്‍ യഹൂദരുടെമേൽ ദൈവം ചൊരിയുന്ന ശിക്ഷയാണ് ഈ കൊടിയ പീഡനങ്ങളെന്നുമുള്ള Replacement Theory പഠിപ്പിക്കപ്പെട്ടിരുന്നതു കൊണ്ടു തന്നെയാണ് .

 

നാം ചരിത്രം നിഷ്പക്ഷമായി പഠിച്ചാൽ, ക്രിസ്തുവിന് ശേഷമുള്ള ഇരുപതു നൂറ്റാണ്ടുകളിൽ,കുരിശു യുദ്ധങ്ങളിൽ അടക്കം  യഹൂദ ജാതിയെ ഏറ്റവും അധികം പീഡിപ്പിച്ചത് നാസികളോ, ഇസ്‌ലാം മതവിശ്വാസികളോ അല്ല, ക്രിസ്തീയ മതനേതൃത്വം തന്നെയാണ് എന്ന് സമ്മതിക്കേണ്ടി വരും. അതിൽ കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് മത നേതൃത്വം ഒരുപോലെ ഉത്തരവാദികൾ ആണ്. അതിനു കാരണം ദൈവം ഇസ്രയേലിനെ തള്ളിക്കളഞ്ഞു, പകരം ദൈവസഭയെ തിരഞ്ഞെടുത്തു എന്ന തെറ്റായ ആൻ്റി സെമിറ്റിക്  വ്യാഖ്യാനം ആണ്

 

വിഷയത്തിലേക്കു വരാം, ക്രിസ്തീയ വിശ്വാസികൾ ഇങ്ങനെയുള്ള വിഷയങ്ങളിൽ എന്ത് നിലപാട് ആണ് എടുക്കേണ്ടത്?  യിസ്രായേൽ യുദ്ധങ്ങൾ  ജയിക്കാനായി ക്രിസ്ത്യാനികൾ പ്രാർത്ഥിക്കുകയും, നാം യിസ്രായേലിനെ യുദ്ധത്തിൽ പ്രാർത്ഥനയാൽ പിന്തുണയ്ക്കുകയും വേണമോ, അതോ ദൈവത്തെ  തള്ളിക്കളഞ്ഞ ഇസ്രായേലിനു ദൈവം കൊടുക്കുന്ന ശിക്ഷയായി ഇസ്രായേലിനു ഉണ്ടാകുന്ന തിരിച്ചടികൾ   കാണണമോ?

 

ബൈബിൾ അടിസ്ഥാനത്തിൽ  രണ്ടു സിദ്ധാന്തങ്ങളും ഒരു പോലെ എതിർക്കപ്പെടേണ്ടതാണ്. ക്രിസ്തീയ വിശ്വാസികൾ ഒരുപോലെ രണ്ടിൽ നിന്നും മാറി നിൽക്കേണ്ടവർ ആണ്.

 

=================================================

 

ഭൗതിക വാഗ്ദത്തവും, ആത്മീക വാഗ്ദത്തവും

 

=================================================

 

എന്നാൽ എന്താണ് ദൈവവചനം ഈ വിഷയത്തിൽ പഠിപ്പിക്കുന്നത്? വളരെ വിശദമായി പറയേണ്ട വിഷയം ആണ് എങ്കിലും ചുരുക്കമായി പറയാൻ ആണ് ശ്രമിക്കുന്നത്.

 

ഈ വിഷയം ദൈവ വചനത്തിൽ അടിസ്ഥാനത്തിൽ പഠിക്കുമ്പോൾ നമുക്ക് ജാതികളുടെയും, യഹൂദന്മാരുടെയും  പിതാവായ അബ്രഹാമിന് ദൈവം കൊടുത്ത ഒരു വാഗ്ദത്തം  വിശദമായി പഠിക്കേണ്ടി വരും.കാരണം അവിടെ നിന്നാണ് ഇതിനെല്ലാം ആരംഭം.

 

ഉല്പത്തി പുസ്തകം ഇരുപത്തിരണ്ടാമത്തെ അധ്യായത്തിൽ  ദൈവം അബ്രഹാമിനെ അനുഗ്രഹിക്കുമ്പോൾ ഇപ്രകാരം പറയുന്നു

 

ഉല്പത്തി22 : 17ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിൻ്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിൻ്റെ സന്തതി ശത്രുക്കളുടെ പട്ടണവാതിലുകൾ കൈവശമാക്കും. 18 നീ എൻ്റെ വാക്ക് അനുസരിച്ചതുകൊണ്ട് നിൻ്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും

 

ഈ അനുഗ്രഹത്തിൻ്റെ ആദ്യഭാഗത്തു,17 ആം വാക്യത്തിൽ  അബ്രഹാമിൻ്റെ സന്തതിയായി വരുന്ന ഇസ്രായേൽ എന്ന ജാതിയെ പറ്റിയുള്ള ഭൗതികമായ പ്രവചനം ആണ്.

 

എന്നാൽ  അടുത്ത ഭാഗത്തേക്ക് വരുമ്പോൾ ഭൗതികത്തേക്കാൾ ഉപരി ആത്മീയമായ ഒരു പ്രവചനം  കാണുന്നു. അതിപ്രകാരമാണ് നിൻ്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.  അബ്രഹാമിനെ സന്തതി ആയ ഇസ്രായേൽ വഴി ഭൂമിയിലെ സകല ജാതികൾക്കും ഭൗതികമായ അനുഗ്രഹം ഉണ്ടാകും എന്ന് ഇതിനൊരു അർത്ഥമുണ്ട്

 

ആ പ്രവചനത്തിൻ്റെ   പൂർത്തീകരണമായി  ഇസ്രായേൽ എന്ന ജാതി വഴി ലോകം ഭൗതികമായി അനുഗ്രഹിക്കപ്പെട്ടു.   കലാപ രമായും, ശാസ്ത്രപരമായും, സാമ്പത്തികമായും, സാഹിത്യപരമായും ലോകം ഇസ്രായേലിൽ കൂടി അനുഗഹിക്കപ്പെട്ടു എന്നുള്ള ത് എന്നുള്ളത് ഒരു ചരിത്രസത്യമാണ്. ലോക ജനസംഖ്യയിൽ 0.2% വരുന്ന യഹൂദന്മാർക്കാണ്  നോബൽ സമ്മാനത്തിലെ  20 % ലഭിച്ചത്. ഇതെല്ലം  യാദൃശ്ചികം ആണ് എന്ന് പറയുന്നവർ, ദൈവവചനവും, ചരിത്രവും അറിയാത്തവർ ആയിരിക്കും.

 

എന്നാൽ ഭൗതിക അനുഗ്രഹത്തെക്കാൾ  ഉപരിയായി അബ്രഹാമിൻ്റെ  സന്തതിയായി ഇസ്രായേലിൽ നിന്ന് തന്നെ വരുന്ന യഹൂദ നായ യേശുക്രിസ്തു എന്ന വാഗ്ദത്ത സന്തതിയിലൂടെ  ഭൂമിയിലെ സകല ജാതികൾക്കും  ഒരു ആത്മീയ അനുഗ്രഹം ഉണ്ടാകും  എന്നു ള്ളതാണ് ഇ ഭാഗത്തെ പ്രധാന വിഷയം.

 

അവിടെ പറയുന്ന വാഗ്ദത്ത സന്തതി യേശുക്രിസ്തു ആണ് എന്നും  ആ സന്തതിയിൽ കൂടി സകല ജാതികളിലേക്കും  വരുന്ന അനുഗ്രഹം എന്നുള്ളത് പരിശുദ്ധാത്മാവിൽ കൂടിയുള്ള പുത്രത്വം ആണ് എന്നും പൗലോസ് ഗലാത്യ ലേഖനം മൂന്നാമത്തെ അധ്യായത്തിൽ  വിശദീകരിക്കുന്നു.

 

ഗലാത്യർ 3 :17 എന്നാൽ അബ്രാഹാമിനും അവൻ്റെ സന്തതിയ്ക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്ന് അനേകരെക്കുറിച്ചല്ല, എന്നാൽ നിൻ്റെ സന്തതിയ്ക്കും എന്ന് ഏകനെക്കുറിച്ചത്രേ പറയുന്നത്; അത് ക്രിസ്തു തന്നെ.

 

ഗലാത്യർ 3:14അബ്രാഹാമിന്മേലുള്ള അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്ക് വരേണ്ടതിന് നാം ആത്മാവെന്ന വാഗ്ദത്തം വിശ്വാസത്താൽ പ്രാപിക്കുവാൻ തന്നെ.

 

ഗലാത്യർ 4 :6 നിങ്ങൾ മക്കൾ ആകകൊണ്ട് അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രൻ്റെ  ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു. അതുകൊണ്ട് നീ ഇനി അടിമയല്ല പുത്രനത്രെ: നീ പുത്രനെങ്കിലോ ദൈവത്താൽ അവകാശിയും ആകുന്നു

 

അതായത് ദൈവത്തിൻ്റെ പദ്ധതി ലോകം ഇസ്രായേലിൽ കൂടി ഭൗതികമായി അനുഗ്രഹിക്കപ്പെടുക എന്നതു മാത്രമായിരുന്നില്ല. പകരം  ഇസ്രായേലിൽ  കൂടി യേശുക്രിസ്തു വരികയും, ഇസ്രായേൽ യേശുക്രിസ്തുവിൽ കൂടി ആത്മീകമായി അനുഗ്രഹിക്കപ്പെ ടുകയും, പിന്നീട്  ഇസ്രായേലിൽ  കൂടി സകലജാതികളും യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ  നിത്യജീവൻ പ്രാപിച്ചു, അനുഗ്രഹിക്കപ്പെടുകയും  ചെയ്യണം എന്നുള്ളതായിരുന്നു.

 

എന്നാൽ  ഈ ആത്മീയമായ അനുഗ്രഹം ഇസ്രായേൽ ജാതി എന്ന നിലയിൽ പ്രാപിക്കുവാൻ കഴിഞ്ഞില്ല. യേശുക്രിസ്തു സ്വന്തം ജലത്തിലേക്ക് ഇസ്രായേലിലേക്ക് വന്നുവെങ്കിലും ഇസ്രായേൽ ഒരു ജാതി എന്ന നിലയിൽ അവരുടെ ഒട്ടുമിക്ക ആൾക്കാരും യേശുക്രിസ്തുവിനെ തള്ളിക്കളഞ്ഞു.

 

ദൈവീക ഗൃഹം പണിയുവാൻ ദൈവം തിരഞ്ഞെടുത്ത ഇസ്രായേൽ മതനേതൃത്വം പൂർണ്ണമായും ഇസ്രായേൽ  ജനത ഭൂരിപക്ഷവും  ദൈവത്തിൻ്റെ മൂലക്കല്ലായ ക്രിസ്തു എന്ന ജീവനുള്ള പാറയെ തള്ളിക്കളഞ്ഞു, അതിൽ തട്ടി ഇടറി റോമർ 9 :30-33,1പത്രോസ് 2:4-8

 

=================================================

 

ദൈവം ഇസ്രയേൽ എന്ന ജാതിയെ പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല

 

=================================================

 

എന്നാൽ ഇവിടെ ഒരു പ്രധാന കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്, ഇത് മനസ്സിലാകാത്തതിനാൽ ആണ് അനേക വ്യക്തികൾ ദൈവവചന വിരുദ്ധമായ ആൻ്റി സെമറ്റിക് ഉപദേശം,  പ്ലാൻ ബി ഉപദേശം  പഠിപ്പിക്കുന്നത്. 

 

നാം വ്യക്തമായി മനസ്സിലാക്കേണ്ടത്,  ഇസ്രായേൽ ബഹുഭൂരിപക്ഷവും ദൈവത്തെ തള്ളിക്കളഞ്ഞു എങ്കിലും ദൈവം അവരെ പൂർണമായും തള്ളിക്കളഞ്ഞില്ല എന്നതാണ് .  ദൈവം അവരെ തള്ളിക്കളഞ്ഞില്ല എന്ന് മാത്രമല്ല. ദൈവീക പദ്ധതി മാറ്റിയുമി ല്ല.അവരിൽ യേശുക്രിസ്തുവിൽ വിശ്വസിച്ച യഹൂദരെ ദൈവം മക്കളായി സ്വീകരിക്കുകയും അവരിൽ കൂടി സുവിശേഷം ജാതിയിലേക്ക് പകരപ്പെടുകയും ചെയ്തു.

 

മത്താ. 21 ൽ കർത്താവ് പറഞ്ഞ 'മുന്തിരിത്തോട്ടത്തിലെ ദുഷ്ടനായ വേലക്കാരുടെ'  ഉപമയുടെ തെറ്റായ വ്യഖ്യാനം അനേകരെ ഈ വിഷയത്തിൽ ദൈവം യഹൂദ ജനതയെ അപ്പാടെ തള്ളിക്കളഞ്ഞു എന്ന തെറ്റിദ്ധാരണയിൽലും കടുത്ത  യഹൂദ വിരോധത്തിലേക്കും  നയിച്ചിട്ടുണ്ട് .

 

മത്താ. 21 42 യേശു അവരോട്:“വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു;ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു”എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ? 43അതുകൊണ്ട് ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്ന് എടുത്തു അതിന്‍റെ ഫലം കൊടുക്കുന്ന ജാതികള്‍ക്ക് കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 44ഈ കല്ലിന്മേൽ വീഴുന്നവൻ കഷണങ്ങളായി ചിതറിപ്പോകും; ഇത് ആരുടെമേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.

 

ഈ ഉപമയുടെ അവസാനം കർത്താവ് തള്ളിക്കളഞ്ഞത് യഹൂദ ജാതിയെ മുഴുവനും ആണ് എന്നുള്ള തെറ്റിദ്ധാരണയാണ്  പലർക്കുമുള്ളതു .  എന്നാൽ കർത്താവ് ഉദേശിച്ചത്‌ ആരെയാണ് എന്ന് അത് കേട്ട് നിന്നവർക്ക് മനസ്സിലായി . മത്തായി അത് ഇങ്ങനെയാണ് എഴുതുന്നത്

 

45അവന്‍റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശന്മാരും കേട്ടിട്ടു, തങ്ങളെക്കുറിച്ച് പറയുന്നു എന്നു അറിഞ്ഞ്, അവനെ പിടിപ്പാൻ അന്വേഷിച്ചു;

 

അതായതു ദൈവഭവനം പണിയാൻ ദൈവം തിരഞ്ഞെടുത്ത യഹൂദ മതനേതൃത്വം ആയ മഹാപുരോഹിതന്മാരും പരീശന്മാരും ആണ് കർത്താവിനെ പ്രഥമമായി  തള്ളിക്കളഞ്ഞത് , കർത്താവും തള്ളിക്കളഞ്ഞത് ആ മത പുരോഹിത നേതൃത്വത്തിനെയും അതോടൊപ്പം തന്നെ മശിഹയായി അംഗീകരിയ്ക്കാതിരുന്ന യഹൂദ ജനത്തെയും മാത്രമാണ് .  

 

എന്നാൽ അവിടെ തന്നെ  യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന യഹൂദന്മാരായ ഒരു സമൂഹത്തെ കാണാൻ കഴിയും .ആ ശേഷിപ്പായ യഹൂദരെയും അവരോടൊപ്പം  മറ്റു ജാതികളെയും  കൂടിച്ചേർത്ത്, ദൈവം  ദൈവസഭ എന്ന ആത്മീയ മന്ദിരം യേശുക്രിസ്തുവന്ന  മൂലക്കല്ലിന്മേൽ  തന്നെ പണിയുകയും  ചെയ്തു. യേശുക്രിസ്‌തുവിൻ്റെ 12 ശിഷ്യന്മാരും, മൂവായിരം പേര് ചേർന്ന ആദിമ ദൈവ സഭയും, പൂർണ്ണമായും യഹൂദസഭയായിരുന്നു. അവരിലൂടെയാണ് സുവിശേഷം ജാതികളിൽ എത്തിയത്. ദൈവസഭയുടെ അടിസ്ഥാന കല്ലുകൾ ആയ അപ്പോസ്തോലന്മാർ എല്ലാവരും യഹൂദന്മാർ തന്നെയായിരുന്നു .

 

അതായതു  ദൈവം കൃപയാൽ യഹൂദന്മാരിൽ  തന്നെയുള്ള ഒരു ശേഷിപ്പിനെ നിലനിർത്തുകയും അവരോടു കൂടെ വിജാതിയർ വിശ്വാസത്താൽ ദൈവീക പദ്ധതിയിൽ നീതീകരിക്കപ്പെടുകയും ചെയ്തു. ദൈവീക ഗൃഹം പണിയുവാൻ ദൈവം തിരഞ്ഞെടുത്ത ഇസ്രായേൽ മത നേതൃത്വം  ദൈവത്തിൻ്റെ മൂലക്കല്ലായ ക്രിസ്തു എന്ന ജീവനുള്ള പാറയെ തള്ളിക്കളഞ്ഞു, അതിൽ തട്ടി ഇടറി. എങ്കിലും  അവർ തള്ളിക്കളഞ്ഞ കല്ലിന്മേൽ വിശ്വസിച്ചു യഹൂദരും, ജാതികളും  ജീവൻ പ്രാപിച്ചു. അവർ ആത്മീകഗൃഹമായും, രാജകീയ പുരോഹിതവർഗ്ഗമായും പണിയപ്പെട്ടു.

 

=================================================

 

ആത്മീക വാഗ്ദത്തങ്ങൾ  ദൈവസഭയിലൂടെ മാത്രം

 

=================================================

 

അതിനാൽ  ഇന്ന് ദൈവത്തിൻ്റെ എല്ലാ ആത്മീക  അനുഗ്രഹങ്ങളും യേശുക്രിസ്തുവിൽ കൂടി തൻ്റെ  മക്കൾ ആയവർക്ക് , യഹൂദൻ എന്നോ വിജാതീയൻ എന്നോ വ്യത്യാസം ഇല്ലാതെ ദൈവസഭ എന്ന  ശരീരത്തിൻ്റെ   ഭാഗമായവർക്ക് മാത്രമാണ്. അവർക്കാണ് നിത്യജീവൻ; അവർക്കാണ് സ്വർഗ്ഗത്തിലെ സകല ആത്മീയ അനുഗ്രഹങ്ങളും. ഈ നിത്യജീവനും, ആത്മീയ അനുഗ്രഹങ്ങൾക്കും  യേശുവിൽ വിശ്വസിക്കാത്ത യഹൂദനോ , ഇസ്രായേൽ ജാതിക്കോ  ഒരവകാശവുമില്ല. ( എഫെസ്യർ 1 :2 )

 

അതായത് യേശുക്രിസ്തുവിൽ   വിശ്വസിക്കാത്ത  ഇസ്രായേൽ ജാതി ഭൗമികമായ യുദ്ധം ജയിച്ചാലും തോറ്റാലും അവർ ക്രിസ്തുവിൽ വരാത്തിടത്തോടത്തോളം നരകത്തിലേക്കാണ് പോകുന്നത്. യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ദൈവമക്കൾക്കും  യേശുവിൽ വിശ്വസിക്കാത്ത യഹൂദനും തമ്മിൽ യാതൊരു ആത്മീയ ബന്ധവുമില്ല.

 

=====================================================

 

ഇസ്രയേലിനെകുറിച്ചുള്ള ഭൗമിക വാഗ്ദത്തങ്ങൾ നിലനിൽക്കുന്നു

 

======================================================

 

എന്നാൽ നാം അതോടൊപ്പം മനസ്സിലാക്കേണ്ടത്, ദൈവത്തിനു ഇസ്രായേൽ ജാതിയെ പറ്റി ഭൂമിയിൽ ഒരു പദ്ധതി നിലനിൽക്കുന്നു എന്നതാണ്. കാരണം ദൈവത്തെ തള്ളിക്കളഞ്ഞ ഇസ്രയേലിനെ ദൈവം തള്ളിക്കളഞ്ഞിട്ടില്ല. പൗലോസ് അത് അസന്നിഗ്ദ്ധമായി വ്യക്തമാക്കുന്നു. ഇസ്രായേൽ അവിശ്വസ്‌തരായെങ്കിലും അബ്രഹാമിനോട് ദൈവം ചെയ്ത  ഉടമ്പടി ദൈവം ലംഖിക്കുകയില്ല. കാരണം ദൈവം തൻ്റെ  വിളിയെയും, തിരഞ്ഞെടുപ്പിനെയും കുറിച്ച് അനുതപിക്കുന്നില്ല.

 

റോമർ 3: 3ചില യഹൂദർ വിശ്വസിച്ചില്ല എങ്കിൽ എന്ത്, അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതയ്ക്ക് നീക്കം വരുമോ? നിശ്ചയമായും ഇല്ല

 

റോമർ 11 :1 ഞാൻ ചോദിക്കട്ടെ, അപ്പോൾ ദൈവം തൻ്റെ ജനത്തെ ഉപേക്ഷിച്ചു എന്നാണോ? നിശ്ചയമായും അല്ല. അബ്രഹാമിൻ്റെ പിന്മുറക്കാരനായി, ബെന്യാ മിൻഗോത്രത്തിൽ ജനിച്ച ഞാനും ഒരു ഇസ്രായേല്യനാ ണല്ലോ. ദൈവം മുന്നറിഞ്ഞ സ്വന്തം ജനത്തെ അവിടന്ന് ഉപേക്ഷിച്ചിട്ടില്ല.

 

അതായത് ദൈവത്തിൻ്റെ ഭൂമിയിലെ  പദ്ധതിയിൽ ഇസ്രായേൽ എന്ന ജാതി നിലനിൽക്കേണ്ടതും, അവർ സ്വന്ത രാജ്യത്തിലേക്കു മടങ്ങി വരേണ്ടതും,  ആത്യന്തികമായി അവർ യേശുക്രിസ്തുലേക്ക് മടങ്ങി വരേണ്ടതും  ദൈവീക പദ്ധതിയിൽ ഉള്ളതാണ്.

 

ദൈവം തൻ്റെ വാഗ്ദത്തങ്ങളിൽ വിശ്വസ്തൻ ആണ് അതിനാൽ ആണ് ലോകത്തിൽ ഒരു ജാതിയും നേരിടാത്ത പോലെയുള്ള കൊടിയ പീഡനങ്ങൾ നേരിട്ടിട്ടും ,  ലോകത്തിൻ്റെ നാനാ ദിക്കിലേക്കും ചിതറിക്കപ്പെട്ടിട്ടും അവർ നശിച്ചു പോകാതെ ഒരു ജാതിയായി നിലനിന്നതും ,  ദൈവം അബ്രഹാമിലൂടെ അവർക്കു കൊടുത്ത ദേശത്തേക്കു അവർ മടങ്ങിവന്നതും, ഇന്നും അനേക  രാജ്യങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചിട്ടും ശക്തരായി നിലനിൽക്കുന്നതും .

 

നാം നിഷ്പക്ഷമായി ലോകചരിത്രം പഠിച്ചാൽ , ഇസ്രയേലിനെ നശിപ്പിക്കുവാൻ ശ്രമിച്ച എല്ലാ ജാതികളും , രാജ്യങ്ങളും ,  ലോക നേതാക്കളും നശിച്ചു പോയി എന്നും ഇസ്രായേൽ അത്ഭുതകരമായി എല്ലാ പീഡനങ്ങളെയും അതിജീവിച്ചു നിലനിൽക്കുന്നു എന്നും കാണാൻ കഴിയും . ഇജിപ്റ്റിലെ ഫറവോ മുതൽ, ജർമനിയിലെ ഹിറ്റ്ലർ വരെയുള്ള ശക്തരായ ഏകാധിപതികളും പിറന്നു വീണ അന്ന് തന്നെ ചുറ്റുമുള്ള ശക്തരായ  ആറ് അറബി  രാജ്യങ്ങൾ ഒരുമിച്ച് മുടിച്ചു കളയാൻ ശ്രമിച്ചിട്ടും, ഇന്നും അവരുടെ നടുവിൽ ഇസ്രായേൽ  ഒറ്റയ്ക്ക് നിലനിക്കുന്നു അവർ  എങ്കിൽ അതിനു കാരണം ദൈവം അവരോടു ചെയ്ത വാഗ്ദത്തത്തിൽ വിശ്വസ്തൻ ആയതു കൊണ്ട് മാത്രമാണ് .

 

ഈ ഒരു കാരണത്താൽ ഇസ്രായേൽ എന്ന ജാതിയെ പൂർണ്ണമായും നശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പൈശാചികമായ ഉറവിടത്തിൽ നിന്നാണ് എന്ന് പറയേണ്ടി വരും . അതിനാൽ തന്നെ ഇസ്ലാമിക തീവ്രവാദവും ,  ജൂത വിരോധവും ഒരേ ഉറവിടത്തിൽ നിന്നും വരുന്നതും ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങളും ആണ്.  ഒരു ക്രിസ്തീയ വിശ്വാസി രണ്ടിനെയും ഒരുപോലെ എതിർക്കേണ്ടതാണ് .

 

=====================================================

 

ഇസ്രായേലിൻ്റെ ആത്മീയ മടങ്ങിവരവ് ദൈവീക പദ്ധതി

 

=====================================================

 

ഇസ്രയേലിനോടുള്ള ദൈവതിൻ്റെ ഭൗതികമായ വാഗ്ദത്തം നിലനിൽക്കുന്നു എന്ന് മാത്രമല്ല അവരുടെ ആത്മീകമായ മടങ്ങിവരവും ദൈവവചനം പഠിപ്പിക്കുന്നു .   റോമൻ 11: 14-24 വരെയുള്ള വാക്യങ്ങളില്‍ പൌലോസ് റോമയിലെ വിജാതീയരായ വിശ്വസികളോടു ഒരു അതിപ്രധാന കാര്യം വിശദീകരിക്കുന്നു. യിസ്രായേലിനെ ദൈവം തള്ളിക്കളഞ്ഞു പകരമായി ജാതികളെ തിരഞ്ഞെടുത്തു എന്നുള്ള തെറ്റിദ്ധാരണയില്‍ നിങ്ങള്‍ നിഗളിക്കരുത്, ഞെളിയരുത്.

 

ഇസ്രായേൽ, സ്വാഭാവികമായി ദൈവത്തിൻ്റെ നാട്ടൊലിവ് ആയിരുന്നു എങ്കിലും അവരിൽ ചിലർ അവിശ്വാസത്താ ൽ വെട്ടിക്കളയപ്പെട്ടു. സ്വാഭാവികമായി കാട്ടൊലിവ് ആയിരുന്ന വിജാതീയരെ വിശ്വാസത്താൽ അതിൽ ഒട്ടിച്ചു ചേർക്കപ്പെട്ടു.

 

എന്നാല്‍ കാട്ടോലിവ് ആയിരുന്ന  വിജാതീയ വിശ്വാസികള്‍ സ്വഭാവികകൊമ്പുകളായ ഇസ്രായേലിൻ്റെ ഇടയില്‍ ആണ് ഒട്ടിച്ചു ചെര്‍ക്കപ്പെട്ടിരിക്കുന്നത്. ദൈവം സ്വാഭാവിക കൊമ്പുകളെ തള്ളിക്കളഞ്ഞിട്ടില്ല. അവരില്‍ ചിലര്‍ അവിശ്വാസത്താല്‍ ഒടിഞ്ഞു പോകുകയാണ് ഉണ്ടായതു.

 

എന്നാല്‍ വിശ്വാസത്തില്‍ നില്‍ക്കുന്ന രണ്ടു കൂട്ടരെയും ചുമക്കുന്നത് വേരായ ക്രിസ്തുവാണ്. അല്ലാതെ കൊമ്പുകള്‍ തനിയെ നില്‍ക്കുകയോ, വേരിനെ ചുമക്കുകയോ അല്ല. ഇത് ദൈവത്തിൻ്റെ ദയയാണ് എന്ന് മനസ്സിലാക്കി താഴ്മയോടെ,വിശ്വാസത്തില്‍ നിലനിന്നാല്‍ ദൈവം ജാതീയ വിശ്വാസികളോട് ദയ തുടര്‍ന്നും കാണിക്കും.ഇല്ല എങ്കില്‍ സ്വഭാവിക കൊമ്പുകളായ യഹൂദരെ ആദരിക്കാതിരുന്ന ദൈവത്തിനു   ജാതീയ വിശ്വാസിക ളെയും വെട്ടിക്കളയാന്‍ കഴിയും എന്ന മുന്നറിയിപ്പ് ന ല്‍കുന്നു. 

 

എന്നാൽ ഒരിക്കൽ ദൈവം ഇസ്രായേൽ എന്ന നാട്ടോലിവിൻ്റെ സ്വാഭാവിക കൊമ്പുകളെ അവരുടെ സ്വന്തമായ ഒലിവുമരത്തില്‍, ക്രിസ്തുവില്‍ വീണ്ടും ഒട്ടിച്ചു ചേർക്കും എന്നാണ് ദൈവീക ഉടമ്പടി. ഇത് പൗലോസ് തുടർന്ന് വിശദീകരിക്കുന്നു

 

 റോമർ 11:24 സ്വഭാവത്താൽ കാട്ടൊലിവായ മര ത്തിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തി ന് വിരോധമായി നല്ല ഒലിവു മരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവിക കൊമ്പുകളായ ഈ യഹൂദ രെ അവരുടെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി തിരികെ ഒട്ടിക്കും.

 

ഇസ്രയേലിൽ ഒരു വലിയ വിഭാഗം മാത്രമാണ് കഠിനപ്പെട്ടിരിക്കുന്നതു എന്നും, മാത്രമല്ല അത് താൽക്കാലികം ആണ് എന്നും, ദൈവീക പദ്ധതിയുടെ പൂർത്തീകരണമായി ജാതികൾ പൂർണ്ണമായും ചേരുന്നത് വരെ മാത്രമാണ് അത് എന്നും പൗലോസ് വിശദീകരിക്കുന്നു. ജാതികളുടെ പൂര്‍ണ്ണസംഖ്യ തികയുമ്പോള്‍ ഇസ്രയേല്‍ ജാതി മുഴുവനായി രക്ഷിക്കപ്പെടും എന്നും, അങ്ങനെ ദൈവം അബ്രഹാമിനോട് ചെയ്ത ഉടമ്പടി പൂർണ്ണമായും നിറവേറും  എന്നും പൌലോസ് വിശദീകരിക്കുന്നു.

 

 റോമർ 11 25,26 സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്ക് തന്നേ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു: അതായത് യിസ്രായേലിൽ ഒരു ഭാഗം മാത്രമേ കാഠിന്യമായിരിക്കുന്നുള്ളു. അതും ജാതികൾ പൂർണ്ണമായി ചേരുന്നതുവരെ മാത്രം. അങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിയ്ക്ക പ്പെടും.

 

 “വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽ നിന്നു അഭക്തിയെ മാറ്റും. ഞാൻ അവരുടെ പാപങ്ങളെ എടുത്തു നീക്കു മ്പോൾ ഇതു ഞാൻ അവരോട് ചെയ്യുന്ന ഉടമ്പടി” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ

 

 പൗലോസ് റോമാ ലേഖനത്തിൽ ഈ വിഷയം വിശദീകരിച്ചു അവസാനിപ്പിക്കുന്നത് ഈ വാക്കുകളിലാണ്.

 

 റോമർ-11:30 ഒരു കാലത്ത് ദൈവത്തോട് അനു സരണ ഇല്ലാത്തവരായിരുന്ന നിങ്ങൾക്ക് അവരു ടെ അനുസരണക്കേടു നിമിത്തം ഇപ്പോൾ കരു ണ ലഭിച്ചിരിക്കുന്നു. അതുപോലെ, ദൈവം നിങ്ങളോടു കാണിച്ച അതേ കരുണ അവർക്കും ലഭിക്കേണ്ടതിന് അവരും ഇപ്പോൾ അനുസരണ കെട്ടവരായിത്തീർന്നിരിക്കുന്നു.

 

ജാതികളോട് ദൈവം കാണിച്ച അതെ കരുണ അനുസരണം കെട്ടവരായ ഇസ്രയേലിനും ഒരിക്കൽ ലഭിക്കും. അതായതു ഇസ്രയേലിൻ്റെ അവിശ്വാസത്താലും ഹൃദയകാഠിന്യത്താലും ജാതികൾക്കു രക്ഷ വന്നു എങ്കിൽ, ജാതികളിലൂടെ ഒരിക്കൽ ഇസ്രയേലും വിശ്വാസത്താൽ തിരികെ ദൈവീക പദ്ധതിയിൽ എത്തിച്ചേരും. ഒരിക്കൽ ഇസ്രായേൽ എന്ന ജാതിയുടെ ഹൃദയകഠിനത മാറുകയും, ദൈവം അവരോടു കരുണ കാണിച്ചു അവരെ വീണ്ടും സ്വീകരിക്കുകയും ചെയ്യും

 

======================================================================================

 

ചുരുക്കത്തിൽ ദൈവത്തിൻ്റെ  രാജ്യം  ദൈവസഭയാണ്.ദൈവത്തിൻ്റെ ആത്മീക പദ്ധതികൾ  നടക്കുന്നത് ദൈവത്തിൻ്റെ മക്കൾ ആയ സഭയിലൂടെയാണ്. യേശുക്രിസ്തുവിൽ വിശ്വസിക്കാത്ത  ഇസ്രായേലും ക്രിസ്തുവിൽ വിശ്വസിക്കുന്ന സഭയും തമ്മിൽ യാതൊരു ആത്മീയ ബന്ധവുമില്ല.

 

അതിനാൽ തന്നെ ഇസ്രായേൽ രാഷ്ട്രം  ഏർപ്പെടുന്ന യുദ്ധത്തിനുവേണ്ടി ക്രിസ്തീയ വിശ്വാസികൾ പ്രാർത്ഥിക്കുകയും ഇസ്രായേൽ ജയിക്കാൻ വേണ്ടി പിന്തുണ ചെയ്യുകയും ചെയ്യുന്നതിന്  ആത്മീകമായി ഒരു  അടിസ്ഥാനവുമില്ല ദൈവ മക്കൾക്കു പോരാട്ടമുള്ളതു ജഡരക്തങ്ങളോട് അല്ല ( എഫെസ്യർ  6 :12 )

 

എന്തോ ആത്മീകമായ കാര്യം ചെയുന്നു എന്ന ചിന്തയിൽ രാഷ്ട്രീയ യുദ്ധങ്ങൾക്കു പിന്തുണ കൊടുക്കുന്നതിൽ ഒരു കഥയുമില്ല. ( രാഷ്ട്രീയമോ, ചരിത്രപമോ ആയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഏതൊരു വ്യക്തിക്കും സ്വതന്ത്രമായ  നിലപാടുകൾ  എടുക്കാം,സത്യത്തിന്റെയും നീതിയുടെയും ഭാഗത്തു നിൽക്കുന്ന  ആരെയും പിന്തുണക്കാം , എന്നാൽ അതിനു ആത്മീയതയുമായി ബന്ധമില്ല)

 

എന്നാൽ  ദൈവം  എബ്രഹാമിൽ കൂടി തിരഞ്ഞെടുത്ത  യഹൂദ ജാതിയെ ഒരു കാലത്തും പൂർണ്ണമായി ഉപേക്ഷിച്ചിട്ടില്ല . തന്നിൽ വിശ്വസിച്ച ശേഷിപ്പായ അവരിൽ കൂടി   ദൈവം  ദൈവസഭ എന്ന മന്ദിരത്തിന്റെ അടിസ്ഥാനം ഇട്ടു . തന്നെ തള്ളിക്കളഞ്ഞ  ഇസ്രയേലിനെ പറ്റിയും  ദൈവത്തിനു ഭൂമിയിൽ പദ്ധതി ഉണ്ട് അതിനാൽ ദൈവം അവരെ ഭൂമിയിൽ നിലനിർത്തിയിരുന്നു .  അതിൽ അവരുടെ മടങ്ങിവരവും, ഒടുവിൽ ആത്മീക പുനഃ സ്ഥാപനവും അടങ്ങിയിരിക്കുന്നു.  അതിനാൽ യേശുക്രിസ്തുവിനെ തള്ളിക്കളഞ്ഞതു കൊണ്ട്   ദൈവം അവരെ പൂർണ്ണമായും തള്ളിക്കളഞ്ഞു എന്നും,  ദൈവിക പദ്ധതി സഭയെ പറ്റി മാത്രമാണ് ഉള്ളത്  എന്നും പറയുന്നത്  വേറൊരു തരത്തിലുള്ള തെറ്റായ ഉപദേശമാണ്. ഇത്തരം രണ്ട് വിപരീത ദിശകളിൽ ഉള്ള  ഉപദേശങ്ങളിൽ  നിന്നും നാം വിട്ടു മാറേണ്ടതാണ്.

 

ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ദൈവവചന പഠന പരമ്പര ഈ ലിങ്കിൽ ലഭ്യമാണ്

https://www.youtube.com/playlist?list=PLznX8ttOA9CNi5x-iDYr5YzQ1tp-RL8Xi

ഈ വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം ( റോമർ 9-11 പദാനുപദ വ്യാഖ്യാനം ഈ ലിങ്കിൽ നിന്നും ലഭ്യമാണ് )

http://www.cakchurch.com/pdf-downloads/Romans_9__20__5__2021_upload.pdf